26 April Friday

മൂലധന രാഷ്ട്രീയത്തിന്റെ നിർമിതികൾ

അഡ്വ. കെ അനിൽകുമാർUpdated: Monday Jun 20, 2022

മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് ഇരുപത്തെട്ട് ദിവസത്തെ ജയിൽവാസം അനുഭവിച്ച ആര്യൻ ഖാൻ എൻസിബി സമർപ്പിച്ച കുറ്റപത്ര പട്ടികയിൽ പ്രതിയല്ല. ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമായ ഷാരുഖ് ഖാന്റെ മകനെന്ന നിലയിൽ മാത്രമല്ല, അവർ ഉൾക്കൊള്ളുന്ന മതത്തിന്റെ ഛായയിൽക്കൂടി ആ മതക്കാരെല്ലാം ഇത്തരം ലഹരി ഇടപാടുകാർക്ക് മുന്നിട്ടു നിൽക്കുന്നവരാണെന്ന പ്രതീതി പടർത്താൻ സംഘപരിവാർ ഉപയോഗിച്ച ബിംബങ്ങളിലൊന്നു കൂടിയായിരുന്നു ഈ മയക്കുമരുന്ന് കേസ്. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ആര്യന്റെ പക്കൽനിന്ന്‌ കണ്ടെത്തിയെന്ന പ്രഥമവിവര റിപ്പോർട്ടിന്മേൽ  നാലാഴ്ച ജയിലിൽ കിടക്കേണ്ടിവന്ന ഒരാൾ പിന്നീട് തെളിവില്ലാത്തതിനാൽ  കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കപ്പെടുമ്പോൾ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ന്യൂനപക്ഷങ്ങളിൽപ്പെടുന്നവർ കള്ളക്കേസുകളിൽ ഉൾപ്പെടുത്തപ്പെടുന്നതും    നീണ്ട ജയിൽവാസത്തിനുശേഷം അന്വേഷണ ഏജൻസികളോ  വിചാരണക്കോടതികളോ തെളിവില്ലാതെ ഒഴിവാക്കുന്നത് ആദ്യ സംഭവമല്ല. മധ്യപ്രദേശിൽ ഭോപാൽ ബിജെപി എംപിയായ പ്രഗ്യാസിങ്‌ ഠാക്കൂർ പ്രതിയായിരുന്ന മലേഗാവ് ബോംബ് സ്ഫോടന കേസിലും മുസ്ലിം യുവാക്കളാണ്  തടവിൽ കഴിഞ്ഞിരുന്നത്.  മുസ്ലിം മതക്കാർ ബോംബ് വച്ചതാണെന്ന പ്രതീതി പരത്താൻ, സംഘപരിവാർ നടത്തിയ നാടകമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഭരണകൂടം മതരാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാകുമ്പോൾ ഏതു ദിശയിലേക്കാണ് അന്വേഷണ ഏജൻസികൾ നീങ്ങുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

വ്യാജങ്ങളുടെ നിർമിതി ഏകപക്ഷീയമല്ല. ആലപ്പുഴയിൽ ഒരു റാലിയിൽ കുട്ടിയെ തോളിൽ കയറ്റി, നിരവധിപേർ മുദ്രാവാക്യം വിളിക്കുകയും  പറഞ്ഞുപഠിപ്പിച്ച വിദ്വേഷ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുക്കുന്നതും കണ്ടു. സംഘപരിവാറിന്  സഹായകരമായ നല്ലൊരു വിഭവമായി അത് മാറി. കാവിപ്പട ഹിന്ദു–-ക്രിസ്ത്യൻ മതവിഭാഗങ്ങളെ ഭയപ്പെടുത്തിയും  പ്രലോഭിപ്പിച്ചും മതലഹരി പടർത്തിയും തങ്ങളുടെ ചിറകിനടിയിലാക്കണമെന്ന് ആഗ്രഹിക്കുന്നു. അത്തരക്കാർക്കിടയിൽ "നിങ്ങളുടെ കാലന്മാർ’ വരുന്നത് കണ്ടോ എന്ന ചോദ്യമുയർത്തുന്ന ദൃശ്യമായി അതു മാറി. ഒരു കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം തങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന മതപരമായ ഒരു ഭൂരിപക്ഷത്തിന്റെ അടിത്തറയെ ബലപ്പെടുത്തുന്നതിനുള്ള പശയായി സംഘപരിവാർ ഉപയോഗിക്കുകയാണ്. ന്യൂനപക്ഷ മതതീവ്രവാദം എങ്ങനെ ഇന്ത്യൻ ഫാസിസ്റ്റുകൾക്ക് സഹായകരമാകുന്നുവെന്നതിന് ഈ സംഭവം തെളിവാണ്.

ശതമാനക്കണക്കിൽ ഇരുപതും എൺപതും തമ്മിലുള്ള യുദ്ധമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ എന്നതാണ് ബിജെപിയുടെ ആഖ്യാനം. തൃക്കാക്കരയിലും അത് കേട്ടു. ഹിന്ദുമതക്കാരെ മാത്രമല്ല, ക്രിസ്തുമതക്കാരെക്കൂടി കാത്തുരക്ഷിക്കുന്നവർ തങ്ങളാണെന്ന ബിജെപിയുടെ  അവകാശവാദവും ഉയർന്നു. പി സി ജോർജിന്റെ മതവിദ്വേഷ പ്രസംഗങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം ബിജെപിയുടെ ഈ അജൻഡയാണ്. പക്ഷേ, ബിജെപിയുടെ ലക്ഷ്യത്തെ ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം എങ്ങനെ സഹായിച്ചെന്ന് നോക്കണം. അവിലും മലരും എന്നതിനൊപ്പം  കുന്തിരിക്കംകൂടി പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ കൂട്ടിച്ചേർക്കപ്പെട്ടു. അത് ക്രൈസ്തവ മതത്തെ മുസ്ലിം മതക്കാർ ലക്ഷ്യമിടുന്നതാണെന്നും  ഹിന്ദുക്കൾ മാത്രമല്ല ക്രിസ്ത്യാനികൾകൂടി അപകടത്തിലായതിനാൽ തങ്ങളിലേക്ക് വരണമെന്ന ബിജെപിയുടെ വാദത്തെയാണ് കുന്തിരിക്കപ്രയോഗം പിന്താങ്ങുന്നത്. പരസ്പരം എതിരിടുന്നതായി അഭിനയിക്കുന്ന ഇരു കൂട്ടരും ഒരേകാര്യം തങ്ങളുടെ വ്യത്യസ്തഭാഷകളിൽ അവതരിപ്പിക്കുന്ന വ്യാജ ദ്വന്ദങ്ങളാണെന്നതിന് മറ്റുതെളിവ് ആവശ്യമില്ല.

കുരിശുയുദ്ധകാലത്തെ മതസംഘട്ടനത്തിലേക്ക് ലോകത്തെ തിരികെ നയിക്കണമെന്നാഗ്രഹിക്കുന്നവർ ഏറെയാണ്. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പ്രതീകമായി അവതരിക്കുന്ന ഐഎസും താലിബാനും ഇതരമത രാഷ്ട്രീയക്കാരും വ്യാജ ദ്വന്ദങ്ങൾ ഉയർത്തി, ജനങ്ങളെ വിഭജിക്കുകയാണ്. അങ്ങനെ നാഗരികതകൾ തമ്മിലുള്ള സംഘർഷമാണ് ലോകത്തിന്റെ ഗതി നിർണയിക്കേണ്ടതെന്ന മുതലാളിത്ത പക്ഷപാതിയായ സാമുവൽ ഹണ്ടിങ്‌ടന്റെ സിദ്ധാന്തത്തിന്റെ നടത്തിപ്പുകാരായി എല്ലാ മത രാഷ്ട്രീയക്കാരും മാറിക്കൊണ്ടിരിക്കുന്നു. 

ഇന്ത്യയെ സംബന്ധിച്ച് ഈ വ്യാജദ്വന്ദ നിർമിതിയുടെ ചരിത്രം ആർഎസ്എസിൽനിന്നോ മൗദൂദിസത്തിൽനിന്നോ തുടങ്ങുന്നതല്ല. മുസ്ലിം എന്നത് ഹിന്ദു എന്ന മതത്തിന്റെ എതിർപദമായി ചരിത്രവൽക്കരിച്ച ബ്രിട്ടീഷ് ആഖ്യാനങ്ങളുടെ പൊതുബോധ നിർമിതിയിലാണ് ആർഎസ്എസും ഹിന്ദു മഹാസഭയുമൊക്കെ പിറന്നുവളർന്നത്. ഇന്ത്യയിൽ ഭരണം നടത്തിയിട്ടുള്ള ബ്രിട്ടീഷ് മേധാവിത്വത്തെ ചോദ്യംചെയ്ത ടിപ്പു സുൽത്താൻമുതൽ എല്ലാ മുസ്ലിം ഭരണാധികാരികളും ഹിന്ദുവിരുദ്ധരായി ചരിത്രാഖ്യാനങ്ങളിൽ മുദ്രകുത്തപ്പെടുന്നു.

പ്രകൃതിയിലും സമൂഹത്തിലും നിരവധി വൈരുധ്യങ്ങൾ ഉണ്ട്. അതിൽ ചുരുക്കം വൈരുധ്യങ്ങൾ ശത്രുതാപരമായതാണ്. അടിമത്തകാലത്ത്  അടിമയും ഉടമയും തമ്മിലും ഫ്യൂഡലിസത്തിൽ ജന്മിയും കുടിയാനും പരസ്പരം പോരടിച്ച് രണ്ടു വ്യവസ്ഥയും തകരുകയുണ്ടായി. ഇന്നത്തെ മുതലാളിത്ത കാലത്താകട്ടെ വൻകിട കോർപറേറ്റ് മുതലാളിത്തവും തൊഴിലാളി-കർഷക വർഗങ്ങളും തമ്മിലുള്ള വൈരുധ്യമാണ് ശക്തിപ്പെടുന്നത്.  അത് കോർപറേറ്റ് മുതലാളിത്തത്തിന്റെ നാശത്തിലേക്കു നയിക്കുന്നതോടെ മാത്രമേ ചൂഷണത്തിന് അറുതി വരുകയുള്ളൂ. ജാതി, മതം, ഭാഷ, പ്രദേശം തുടങ്ങി നിരവധി  സ്വത്വങ്ങളെ അടിസ്ഥാനമാക്കിയ എല്ലാ വൈരുധ്യവും വ്യവസ്ഥകളും താൽക്കാലികവും ആത്യന്തികമായി പരിഹരിക്കപ്പെടുന്നതുമാണ്.

കാലവും ചരിത്രവും അവശേഷിപ്പിച്ച ഭിന്നതകളെ അതിലെ പ്രഭാവം ഉയർത്തി തീവ്രമാക്കൽ ഇന്ത്യയിൽ സംഭവിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മൂലധന താൽപ്പര്യങ്ങൾമൂലമാണ്. വൈദേശിക - ആഭ്യന്തര- മൂലധനത്തിന്റെ നടത്തിപ്പുകാരായ  കോർപറേറ്റുകൾക്കുവേണ്ടി കാവിവൽക്കരിക്കപ്പെട്ട  ഇന്നത്തെ ഇന്ത്യൻ ഭരണകൂടവും അതിന്റെ പ്രതിദ്വന്ദികളായി അഭിനയിക്കുന്ന ഇന്ത്യൻ താലിബാനിസവും സഹകരിക്കുന്നുവെന്നാണ് ആലപ്പുഴയിലെ കുന്തിരിക്ക പ്രയോഗത്തിൽ തെളിയുന്നത്. മൂലധനശക്തികളുടെ  ആഗോള  സ്വത്വത്തിന്റെ  പങ്കുകാരാണ് ഈ വ്യാജദ്വന്ദങ്ങളിൽപ്പെട്ട ഇരുകൂട്ടരും. വാജ്പേയി സർക്കാരിന്റെ കാലത്ത് മുല്ല ഒമർ ഉൾപ്പെടെയുള്ള ഭീകരവാദികളെ ഇന്ത്യൻ സൈനിക വിമാനത്തിൽ കയറ്റി കാണ്ഡഹാറിൽ കൊണ്ടുപോയി താലിബാന് കാഴ്ചവച്ച വീരന്മാരാണ്  സംഘപരിവാർ. മോദി സർക്കാർ ആകട്ടെ അഫ്ഗാൻ താലിബാനുമായി നയതന്ത്രച്ചർച്ചകളിലേക്ക് കടന്നിരിക്കുന്നു. 

ചാനൽ ചർച്ചയിൽ പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാക്കളായ നൂപുർ ശർമയെയും നവീൻ കുമാർ ജിൻഡാലിനെയും കാൺപുർ നഗരം കത്തി എരിഞ്ഞിട്ടും ബിജെപി  തള്ളിപ്പറഞ്ഞില്ല. നിരവധി രാജ്യങ്ങൾ പ്രതിഷേധം ഉയർത്തുകയും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന സൂചന നൽകുകയും ചെയ്തപ്പോൾ ഊരിയ വാൾ ഉറയിലിട്ട് മര്യാദക്കാരനായി കേന്ദ്ര സർക്കാർ മാറി.  മൂലധനശക്തികളുടെ ആഗോള സഹകരണത്തിന്റെ കൂട്ടുകച്ചവടക്കാർ രാജ്യത്തിനകത്തു നടത്തുന്ന വ്യാജയുദ്ധങ്ങളിൽ മതവിശ്വാസികൾ ഭ്രമിച്ചുവീഴരുത്. ഹിജാബ് ധരിക്കാതെ മാത്രമേ ക്ലാസ് മുറികളിലേക്ക് കയറ്റുകയുള്ളൂയെന്ന് കാവിപ്പട ശഠിക്കുമ്പോൾ  പെൺകുട്ടികൾ ക്ലാസ് മുറികളിലേക്കോ പണിശാലകളിലേക്കോ പോകേണ്ടതില്ല എന്നാണ് താലിബാൻ വാദിക്കുന്നത് . ഇവിടെ നടക്കുന്നത് പോരാട്ടമോ യുദ്ധമോ അല്ല. മറിച്ച്, മൂലധന രാഷ്ട്രീയത്തിന്റെ പാവകളി മാത്രമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top