11 August Thursday

തലകുനിഞ്ഞ 8 വർഷം - ടി ചന്ദ്രമോഹൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാർ സൃഷ്ടിക്കുന്ന വർഗീയ സംഘർഷങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, തകരുന്ന സമ്പദ്‌വ്യവസ്ഥ, മൂല്യം ഇടിയുന്ന രൂപ, കുതിച്ചുയരുന്ന വിലക്കയറ്റം, അപകടത്തിലേക്ക്‌ നീങ്ങുന്ന ഭക്ഷ്യസുരക്ഷ, വർധിച്ചുവരുന്ന അസമത്വവും പട്ടിണിയും ദാരിദ്ര്യവും   മനുഷ്യാവകാശലംഘനങ്ങളും ആൾക്കൂട്ടക്കൊലകളും   യുഎൻ മനുഷ്യാവകാശ ഏജൻസികളിൽനിന്ന്‌ ഉൾപ്പെടെയുള്ള വിമർശങ്ങൾ... മോദി സർക്കാർ എട്ടു വർഷം പൂർത്തിയാക്കുമ്പോൾ കടുത്ത അനിശ്ചിതത്വത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌.  നരേന്ദ്ര മോദി സർക്കാരും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും  നടപ്പാക്കുന്നത്‌ വർഗീയ, ജനവിരുദ്ധ, സ്വകാര്യവൽക്കരണ അജൻഡ മാത്രം. ഇതിനു മറയിടാൻ പ്രധാനമന്ത്രി തന്നെ നുണപ്രചാരണം നടത്തുന്നു. എട്ടു വർഷത്തിനിടെ രാജ്യത്ത്‌ ഏതെങ്കിലും പൗരന്‌ സർക്കാരിനെയോർത്ത്‌ തലകുനിക്കേണ്ടിവന്ന ഒന്നും അബദ്ധത്തിൽ പോലും ചെയ്‌തിട്ടില്ലെന്നാണ്‌ കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി അവകാശപ്പെട്ടത്‌. എന്നാൽ, എട്ടു വർഷത്തിനിടയിൽ ഉയർന്നുവന്ന ഓരോ സംഭവത്തിലും രാജ്യം സാർവദേശീയ തലത്തിൽ അപമാനിക്കപ്പെട്ടു, പൗരന്മാർ തലകുനിക്കപ്പെട്ടു. യഥാർഥത്തിൽ കൂട്ടക്കൊലയുടെയും വർഗീയതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും അഴിമതിയുടെയും കോർപറേറ്റ്‌ കൊള്ളയുടെയും എട്ടു വർഷമാണ്‌ ആഘോഷിക്കുന്നത്‌.

ഒന്നാം മോദി സർക്കാർ പല മേഖലയിലും വർഗീയവൽക്കരണവും സ്വകാര്യവൽക്കരണവും ശക്തിപ്പെടുത്തിയെങ്കിൽ രണ്ടാംമോദി സർക്കാർ ഇത്‌ എല്ലാ മേഖലയിലേക്കും വ്യാപിപ്പിച്ചു. വർഗീയ അജൻഡ നടപ്പാക്കുക, സമ്പദ്‌വ്യവസ്ഥയുടെ സമ്പൂർണ നിയന്ത്രണം തങ്ങളുടെ ഇഷ്ടക്കാരായ സ്വദേശ, വിദേശ കുത്തകകളെ ഏൽപ്പിക്കുകയെന്ന ഇരട്ട ലക്ഷ്യത്തോടെയാണ്‌ ഓരോ ദിവസവും പ്രവർത്തിക്കുന്നത്‌. വിദ്യാഭ്യാസമേഖലയിൽ ശാസ്‌ത്രചിന്തകൾക്ക്‌ പകരം കെട്ടുകഥകൾ ഉയർത്തിക്കൊണ്ടുവരികയാണ്‌.  ഇന്ത്യയുടെ ഫെഡറൽ സംവിധാനവും മതനിരപേക്ഷതയും സാമ്പത്തിക സ്വാശ്രയത്വവും തകർത്തു. ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കി, മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമഭേദഗതി, മുത്തലാഖ്‌ നിരോധന നിയമം, തൊഴിൽ കോഡുകൾ, കാർഷികനിയമങ്ങൾ, വൈദ്യുതി ബിൽ, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ ലൈൻ, തുടർച്ചയായ ഇന്ധനവില വർധന, പൊതുമേഖലയുടെ സ്വകാര്യവൽക്കരണം തുടങ്ങിയ നടപടിയെല്ലാം ജനവിരുദ്ധമാണ്‌.

അഴിമതിയിലൂടെ സൃഷ്ടിച്ച കള്ളപ്പണം പിടിച്ചെടുത്ത്‌ ഓരോ വ്യക്തിയുടെയും ബാങ്ക്‌ അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും ലിറ്ററിന്‌ 50 രൂപയ്‌ക്ക്‌ പെട്രോളും ഡീസലും ലഭ്യമാക്കുമെന്നും പറഞ്ഞാണ്‌ 2014 മേയിൽ മോദി സർക്കാർ അധികാരത്തിൽ വന്നത്‌.  എന്നാൽ, അധികാരത്തിലേറിയതുമുതൽ ഖജനാവ്‌ നിറയ്‌ക്കാൻ  ജനങ്ങളെ ഞെക്കിപ്പിഴിയുകയായിരുന്നു.  കള്ളപ്പണം പിടിച്ചെടുത്തില്ലെന്നു മാത്രമല്ല, രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛവിലയ്‌ക്ക്‌ കോർപറേറ്റുകൾക്ക്‌ വിറ്റ്‌ രാഷ്ട്രസമ്പത്ത്‌ കൊള്ളയടിക്കുകയായിരുന്നു.  മോദി ഗുജറാത്തിൽ സൃഷ്ടിച്ചെടുത്ത കോർപറേറ്റ്‌–-വർഗീയ സഖ്യത്തിലൂടെ രാഷ്ട്രഘടനയിൽത്തന്നെ മാറ്റംവരുത്താനാണ്‌  ശ്രമിക്കുന്നത്‌.  ബഹുസ്വരത കൈവിട്ട്‌ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കമാണ്‌ നടത്തുന്നത്‌. ന്യൂനപക്ഷങ്ങൾക്കുനേരെ രാജ്യവ്യാപകമായി കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ നടക്കുന്ന ആക്രമണങ്ങളും ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങളും ഇതിന്റെ ഭാഗമാണ്‌. രാജ്യത്തിന്റെ സർവസമ്പത്തും ആസ്‌തികളും കോർപറേറ്റ്‌ കുത്തകകളുടെ മുന്നിൽ അടിയറവച്ചു. 


 

അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുകയാണ്‌ ഇന്ത്യൻ രൂപ. മോദി അധികാരത്തിൽ വരുമ്പോൾ ഡോളറിനെതിരെ 58.44 രൂപയായിരുന്ന രൂപയുടെ മൂല്യം.  എട്ടു വർഷത്തിനുശേഷം 77.69 രൂപയായി ഇടിഞ്ഞു. എട്ടു വർഷത്തിനിടെ 19 രൂപയുടെ ഇത്രയും വലിയ ഇടിവ്‌ മുമ്പുണ്ടായിട്ടില്ല. ദിനംപ്രതി വിലക്കയറ്റം രൂക്ഷമാകുമ്പോൾ വിദേശനാണയ ശേഖരവും കുറയുന്നു. നോട്ടുനിരോധനവും ജിഎസ്‌ടിയും കോവിഡ്‌ മഹാമാരിയും സൃഷ്ടിച്ച ആഘാതത്തിൽനിന്നും തിരിച്ചുകയറാനാകാത്ത സമ്പദ്‌വ്യവസ്ഥ കൂടുതൽ കുഴപ്പത്തിലേക്കാണ്‌ നീങ്ങുന്നത്‌. 

കോവിഡ്‌ മഹാമാരി പടർന്ന്‌ പൊടുന്നനെ രാജ്യത്തെ അടച്ചുപൂട്ടിയപ്പോൾ നഗരങ്ങളിൽനിന്നു ലക്ഷക്കണക്കിന്‌ കുടുംബം ഭക്ഷണംപോലും ഇല്ലാതെ സ്വന്തം ഗ്രാമങ്ങളിലേക്ക്‌ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കേണ്ടിവന്നത്‌ എല്ലാവരുടെയും തലകുനിപ്പിച്ച സംഭവമാണ്‌. നിരവധി പേർ കുടിവെള്ളംപോലും കിട്ടാതെ വഴിയിൽ മരിച്ചുവീണ ദയനീയ കാഴ്‌ചയിൽ വിറങ്ങലിച്ചു. രാജ്യം വിഭജിക്കപ്പെട്ടതിനുശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പലായനമായിരുന്നു 2020 മാർച്ച്‌, ഏപ്രിൽ മാസത്തിലുണ്ടായത്‌. 2021 ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ജീവവായു ലഭിക്കാതെ ആയിരങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ പിടഞ്ഞുമരിച്ചതും സംസ്‌കരിക്കാൻ സ്ഥലമില്ലാതെ മൃതദേഹങ്ങൾ നദികളിലേക്ക്  വലിച്ചെറിഞ്ഞ കാഴ്‌ചകളും ഓരോ ഇന്ത്യക്കാരന്റെയും തല കുനിപ്പിച്ചുവെന്നു മാത്രമല്ല, ലോക രാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യ നാണംകെടുകയും ചെയ്‌തു. 2014നു ശേഷം രാജ്യത്ത്‌ ദാരിദ്ര്യം കുത്തനെ വർധിച്ചു.  ഇന്ത്യയിൽ ദാരിദ്ര്യനിർണയം ആരംഭിച്ചതിനുശേഷം ആദ്യമായാണ് വർധന. 1973 മുതൽ 2012 വരെ കുറഞ്ഞുവരികയായിരുന്ന ദാരിദ്ര്യത്തിന്റെ തോതാണ്‌  വർധിച്ചത്‌. ഗ്രാമങ്ങളിൽ ദരിദ്രർ 2012ൽ 21.7 കോടിയായിരുന്നത്‌ 2019-–-20ൽ 27 കോടിയായും നഗരങ്ങളിലേത്‌ 5.3 കോടിയിൽനിന്ന്‌ 7.1 കോടിയായും ഉയർന്നു. മുമ്പൊരിക്കലുമില്ലാത്ത തരത്തിലുള്ള മോശപ്പെട്ട അസമത്വത്തിന്റെ നാടായി ഇന്ത്യയെ മാറ്റിയെടുത്തുവെന്നതാണ്‌ മോദി ഭരണത്തിന്റെ നേട്ടം.


 

ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗങ്ങൾക്കും അവകാശങ്ങൾക്കുംനേരെ ഭരണകൂടം കിരാതവും സ്വേച്ഛാധിപത്യപരവുമായ ആക്രമണങ്ങൾ അഴിച്ചുവിട്ടത്‌ മോദി ഭരണത്തിലാണ്‌. കേന്ദ്രത്തിൽ നരേന്ദ്ര മോദിയും സംസ്ഥാനങ്ങളിൽ യോഗി ആദിത്യനാഥിനെപ്പോലുള്ളവരും നേതൃത്വം നൽകുന്ന സർക്കാരുകൾ ഭരണഘടനയെയും പൗരാവകാശങ്ങളെയും ജനാധിപത്യ, മതനിരപേക്ഷമൂല്യങ്ങളെയും ചവിട്ടിമെതിച്ചു മുന്നോട്ടുപോകുകയാണ്‌. ജനപ്രതിനിധികളെ ഒന്നാകെ വിലയ്‌ക്കെടുത്ത്‌ സർക്കാരുകളെ അട്ടിമറിക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച്‌  ഭരണാസ്ഥിരതയും ഭരണസ്‌തംഭനവും ഉണ്ടാക്കി. കോടതികൾ, തെരഞ്ഞെടുപ്പുകമീഷൻ, വിജിലൻസ്‌ കമീഷൻ, സിബിഐ, സിഎജി തുടങ്ങിയ  ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ചൊൽപ്പടിക്കുനിർത്തുന്നു. ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നിയമവിരുദ്ധമായ അറസ്‌റ്റും പീഡനങ്ങളുംകൊണ്ട്‌ ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയാണ്‌. ദളിത്‌–-ന്യൂനപക്ഷ വിഭാഗങ്ങളാണ്‌ ആൾക്കൂട്ടാക്രമണത്തിന്റെ ഇരകൾ. പൊതുജീവിതത്തെയും ജനാധിപത്യവ്യവസ്ഥയെയും തകർക്കുകയായിരുന്നു മോദി ഭരണം.

കശ്‌മീരിന്റെ പ്രത്യേക പദവിവും സംസ്ഥാനപദവിയും റദ്ദാക്കിയത്‌ ഇന്ത്യൻ ഭരണഘടനയ്‌ക്കുനേരെയുള്ള കടന്നാക്രമണമായിരുന്നു. ജമ്മുകശ്‌മീരിന്‌ ഭരണഘടനയുടെ 370–-ാം അനുച്ഛേദപ്രകാരം നൽകിയ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കി. പ്രതിപക്ഷ നേതാക്കളെയെല്ലാം തടവിലാക്കി താഴ്‌വരയെ തോക്കിൻമുനയിൽ നിർത്തിയശേഷമായിരുന്നു കശ്‌മീരിന്റെ സ്വത്വം ഇല്ലാതെയാക്കിയ നടപടി. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ മിന്നലാക്രമണമായാണ്‌ റദ്ദാക്കൽ വിലയിരുത്തപ്പെട്ടത്‌. സംസ്ഥാനത്തെ വിഭജിച്ച്‌ ജമ്മുകശ്‌മീർ, ലഡാക്ക്‌ എന്നീ കേന്ദ്രഭരണപ്രദേശങ്ങളാക്കി. ഇതിനുശേഷം കശ്‌മീരിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. മതാടിസ്ഥാനത്തിലുള്ള പൗരത്വഭേദഗതി നിയമം, മുസ്ലിംവിരുദ്ധ പ്രചാരണം ലക്ഷ്യമാക്കി മുത്തലാഖ്‌ ചൊല്ലുന്നത്‌ ക്രിമിനൽ കുറ്റമാക്കുന്ന നിയമം. ഉന്നാവോ‌, കത്വ, ഹാഥ്‌രസ്‌ സംഭവങ്ങൾ, പശുവിന്റെ പേരിലെ കൊലകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടുള്ള സംഘപരിവാർ നീക്കം  തുടങ്ങിയ എല്ലാ സംഭവത്തിലും മോദിയും അനുയായികളും ഒഴികെയുള്ളവർ തലകുനിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top