18 May Wednesday

സിനിമയും മുതലാളിത്ത- ഹിന്ദുത്വ അജൻഡയും

വി കെ ജോസഫ്Updated: Tuesday Jan 18, 2022


"എല്ലാ  കലയിലുംവച്ച് ഏറ്റവും പ്രധാനപ്പെട്ടതും ആധുനികവുമായ സിനിമയാണ് ഇരുപതാം നൂറ്റാണ്ടിന്റെ കല’ എന്ന് ലെനിൻ പറഞ്ഞതെത്ര ശരിയാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ വളർച്ചയുടെ എല്ലാഘട്ടത്തിലും ലോകമെങ്ങും ഉയർന്നുവന്ന ചലച്ചിത്രകാരന്മാരിലേറെയും (സിനിമ വളരെ പ്രധാനപ്പെട്ട ആധുനിക കലയാണെന്ന് മനസ്സിലാക്കിയവർ) മുതലാളിത്തത്തിന്റെ മനുഷ്യവിരുദ്ധത നിറഞ്ഞ ഇരുണ്ട ഭൂഖണ്ഡത്തിന്റെ  എതിർദിശയിൽ തിരസ്കൃതരും പീഡിതരുമായ മനുഷ്യർക്കൊപ്പം മാനവികതയുടെ മഹാസ്വപ്നങ്ങളുടെ വിളക്ക് തെളിച്ചുകൊണ്ട്  തങ്ങളുടെ രചനകളുമായി നിലയുറപ്പിച്ചു.

കലയും സംസ്കാരവും സാധാരണ മനുഷ്യരിൽനിന്നും സമൂഹത്തിൽനിന്നും വേറിട്ട് നിൽക്കുന്നതാകരുതെന്ന് പുരോഗമനപക്ഷത്ത്‌ നിലയുറപ്പിച്ച ഈ കലാകാരന്മാർ തീരുമാനിച്ചിരുന്നു. സിനിമ ഏറ്റവും കൂടുതൽ മനുഷ്യരിലേക്കെത്തുന്നു എന്നുള്ളതുകൊണ്ട് ഭരണകൂടങ്ങൾ അതിനെ ഭയപ്പെടുകയും അവരുടെ നിയന്ത്രണത്തിന് വിധേയമാക്കുകയും ചെയ്യുകയാണ്‌. അതുകൊണ്ടുതന്നെയാണ്  ചരിത്രത്തെയും സംസ്കാരത്തെയും ഭയപ്പെടുന്ന സംഘപരിവാർ ഇപ്പോഴും സാംസ്കാരിക ബൗദ്ധിക മണ്ഡലങ്ങളെ ഭയപ്പെടുത്താനും കീഴ്പ്പെടുത്താനും തകർക്കാനും ശ്രമിക്കുന്നത്.

ബിജെപി സർക്കാർ അധികാരത്തിലെത്തിയ നാൾമുതൽ അവർ എല്ലാ സാംസ്കാരിക സ്ഥാപനത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വരുതിയിലാക്കാനും ഹിന്ദുത്വ അജൻഡകൾക്കനുസരിച്ച് ഉടച്ചുവാർക്കാനും ശ്രമിക്കുന്നുണ്ട്‌.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരോഗമനപരവും ആധുനികവുമായ സ്വഭാവത്തെ തകർക്കുന്നതിനും ഹിന്ദുത്വ അജൻഡയനുസരിച്ച് ചലച്ചിത്രപ്രവർത്തകരെ വാർത്തെടുക്കുന്നതിനും വേണ്ടിയാണ് സംഘപരിവാറുകാരനായ ഗജേന്ദ്ര ചൗഹാനെ തലപ്പത്ത് പ്രതിഷ്ഠിച്ചത്‌. ഹരിയാനയിലെ റോത്തക്കിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ ഒരു പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട്. ഗജേന്ദ്ര ചൗഹാനെ വൈസ് ചാൻസലറാക്കിക്കൊണ്ട് സംഘപരിവാർ ആശയങ്ങൾക്കനുസൃതമായി ചിന്തിക്കുകയും സിനിമയുണ്ടാക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കാനാണ് ശ്രമം.

സെൻസർ ബോർഡിനെ ഉപയോഗിച്ചുകൊണ്ട് സിനിമകളുടെ സ്വതന്ത്രവും ജനാധിപത്യപരവും ആധുനികവുമായ ആവിഷ്കാരങ്ങളെ വിലക്കാൻ തുടങ്ങി. ഒടിടി പ്ലാറ്റ്ഫോമുകളിൽ സംഘപരിവാർ ആശയങ്ങളെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സിനിമകളും സീരീസുകളും പ്രത്യക്ഷപ്പെട്ടു. അതിന് ഇന്ത്യക്കകത്തും പുറത്തും വലിയ സ്വീകാര്യത ലഭ്യമാകുകയും ചെയ്തപ്പോഴാണ് അതിന് നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ഇപ്പോൾ ഏറ്റവും അപകടകരവും പ്രതിലോമകരവുമായ ചില നടപടികളിലേക്ക് പോകുകയാണ്.

പല പരിമിതികളും ദൗർബല്യങ്ങളും ഉണ്ടെങ്കിലും ചലച്ചിത്രരംഗത്ത് പലതരം ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്ന സ്വതന്ത്ര സ്ഥാപനങ്ങളായ നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ, ഫിലിംസ് ഡിവിഷൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ എന്നിവയെ പ്രായോഗികമായി ഇല്ലാതാക്കിക്കൊണ്ട് നാഷണൽ ഫിലിം ഡെവലപ്മെന്റ്‌ കോർപറേഷനിൽ ലയിപ്പിക്കാനുള്ള ഉത്തരവ് ഇറക്കി. ഇതിന്റെയെല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ സംഘപരിവാർ ആശയങ്ങളോട് കൂറുള്ള ഒരു ഓഫീസറെയും നിയമിച്ചു. ഈ തീരുമാനങ്ങളിലേക്കെത്തുന്നതിനുവേണ്ടി ബിജെപി സർക്കാരിനൊപ്പം നിൽക്കുന്ന ഭൂരിപക്ഷം  ആളുകളെ ഉൾപ്പെടുത്തി രണ്ടു വർഷംമുമ്പ് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിർദേശങ്ങളാണ് നടപ്പാക്കുന്നതെന്ന് സർക്കാർ പറയുന്നു. എന്നാൽ, വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ആ റിപ്പോർട്ട് പരസ്യമാക്കിയിട്ടില്ല. ഈ സ്ഥാപനങ്ങളൊക്കെ സർക്കാരിന്റെ പണം മുടിക്കുന്ന, ഉൽപ്പാദനപരമല്ലാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നു പറഞ്ഞാണ്‌ എല്ലാം എൻഎഫ്‌ഡിസിയുടെ കീഴിലാക്കുന്നത്‌. ലാഭാധിഷ്ഠിതമായി പ്രവർത്തിക്കാനായി കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് എൻഎഫ്‌ഡിസി. ഈ സ്ഥാപനത്തിന് എങ്ങനെയാണ് ലാഭേച്ഛയില്ലാതെ,  സാമൂഹ്യാവബോധ നിർമിതിയെയും സംസ്കാരത്തെയും ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞ ചലച്ചിത്ര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളാനാകുക.

1964ൽ രൂപീകരിച്ച ഫിലിം ആർക്കൈവ്സ് ശേഖരിച്ച് സൂക്ഷിച്ച ഇന്ത്യൻ ക്ലാസിക് സിനിമകളും ലോകസിനിമകളും പ്രദർശിപ്പിച്ചുകൊണ്ടാണ് ഫിലിം സൊസൈറ്റികൾ ദൃശ്യസാക്ഷരതയുടെ  പ്രകാശമാനമായ ആകാശങ്ങളെ വികസിപ്പിച്ചത്. അത് സാമൂഹ്യബോധവും ചരിത്രബോധവും കലാമൂല്യവുമുള്ള സിനിമകളും പുതിയ ചലച്ചിത്രകാരന്മാരും ഉണ്ടാകാൻ സഹായിച്ചു. ഇന്ത്യയിൽ നിർമിക്കപ്പെടുന്ന മുഴുവൻ സിനിമയും സിനിമാ സംബന്ധമായ ഗ്രന്ഥങ്ങളും ജേർണലുകളും സംഭരിച്ച് സംരക്ഷിക്കുന്ന ദൗത്യം നിർവഹിച്ചിരുന്നതും ഫിലിം ആർക്കൈവ്സാണ്. 

ഫിലിംസ് ഡിവിഷൻ അതിന്റെ പരിമിതികളും കുറവുകളും നിലനിൽക്കുമ്പോൾത്തന്നെ സാംസ്കാരികവും ചരിത്രപരവുമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തെ പ്രചാരണത്തിനായി 1940ൽ രൂപം കൊടുത്ത ഫിലിം അഡ്വൈസറി ബോർഡിൽനിന്നാണ് 1948ൽ ഫിലിംസ് ഡിവിഷൻ രൂപീകരിച്ചത്. കോളനിവൽക്കരണത്തെ തൂത്തെറിഞ്ഞുകൊണ്ട് സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്ന പ്രവർത്തനങ്ങളുടെ നേർചിത്രങ്ങൾ രേഖപ്പെടുത്തിയ ചലച്ചിത്രങ്ങൾ നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയായിരുന്നു ഫിലിംസ് ഡിവിഷൻ.

ജവാഹർലാൽ നെഹ്‌റുവിന്റെ പ്രത്യേക താൽപ്പര്യപ്രകാരം രൂപീകരിച്ച്, 1954 മുതൽ കുട്ടികൾക്കുവേണ്ടി എല്ലാ ഇന്ത്യൻ ഭാഷയിലും സിനിമകൾ നിർമിക്കുകയും വിതരണം ചെയ്യുകയും കുട്ടികൾക്കുവേണ്ടി മാത്രമായി അന്തർദേശീയ ചലച്ചിത്ര മേളകൾ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ദൗത്യം ഇനി ആരേറ്റെടുക്കും. ഇത്രയും വർഷങ്ങൾക്കിടയിൽ 114 ഫീച്ചർ സിനിമയും 45 ഹ്രസ്വചിത്രവും 52 ചെറിയ ഡോക്യുമെന്ററിയും അവർ നിർമിച്ചിട്ടുണ്ട്. 1973 ലാണ് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ രൂപീകരിക്കുന്നത്. ഫിലിം ഫെസ്റ്റിവലുകളും ദേശീയ ചലച്ചിത്ര അവാർഡ് നിർണയവുമൊക്കെയാണതിന്റെ ചുമതല. 1975ലാണ് എൻഎഫ്‌ഡിസി ആരംഭിക്കുന്നത്. കലാമൂല്യമുള്ള സിനിമകൾ നിർമിക്കുന്നതിന് ചലച്ചിത്രകാരന്മാരെ സഹായിക്കുന്നതിനും അതിന്റെ വിതരണ–- പ്രദർശന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായാണ് സ്ഥാപനം തുടങ്ങിയത്.

തൊണ്ണൂറുകളിൽ കോൺഗ്രസ് സർക്കാർ ആഗോള മുതലാളിത്തത്തിന്റെ താൽപ്പര്യങ്ങൾക്കും ലാഭാധിഷ്ഠിത മൂല്യങ്ങൾക്കുംവേണ്ടി സ്വീകരിച്ച നയങ്ങൾമൂലം എൻഎഫ്‌ഡിസി അതിന്റെ ലക്ഷ്യങ്ങളിൽനിന്ന് വഴി മാറി കമ്പോളസിനിമയുടെ താൽപ്പര്യങ്ങൾക്കു വഴങ്ങി. ഇപ്പോൾ ബിജെപി സർക്കാർ കമ്പോളത്തിന്റെ ലാഭനഷ്ട കണക്കുകൾ നോക്കി എല്ലാം വിറ്റഴിക്കുകയോ പൂട്ടിക്കെട്ടുകയോ ആണ്‌. മുന്നൂറിലധികം സിനിമ എൻഎഫ്‌ഡിസിയുടെ പങ്കാളിത്തത്തോടെ നിർമിക്കപ്പെട്ടു. എഴുപതുകളിലെയും എൺപതുകളിലെയും നവസിനിമകളേറെയും നിർമിച്ചതും വിതരണം ചെയ്തതും എൻഎഫ്‌ഡിസിയാണ്. അതിൽ പലതും ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടവയാണ്. ഇന്ത്യൻ ഭാഷകളിലെ സമാന്തര സിനിമകൾ ഈ സ്ഥാപനം ഇല്ലായിരുന്നെങ്കിൽ ഇത്രയധികം വളർച്ച നേടില്ലായിരുന്നു. ഇന്ത്യയിലെ  പ്രശസ്തരായ ചലച്ചിത്രകാരന്മാരിൽ ഭൂരിപക്ഷവും എൻഎഫ്‌ഡിസിയുടെ സഹകരണത്തോടെയാണ് പല സിനിമകളും നിർമിച്ചത്. പക്ഷേ, ഇന്ന് സർക്കാർ നയങ്ങൾമൂലം എൻഎഫ്‌ഡിസി നല്ല സിനിമാ സംസ്കാരത്തിന് ഉതകാത്ത കച്ചവടസ്ഥാപനമായി മാറിക്കഴിഞ്ഞു.

ഇന്ത്യയുടെ സംസ്കാരത്തെയും കലാപാരമ്പര്യങ്ങളെയും ചരിത്രത്തെയും കലയെയും കലാകാരന്മാരെയും സംരക്ഷിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള ഈ സ്ഥാപനങ്ങൾ ഇല്ലാതാകണമെന്നാഗ്രഹിക്കുന്നവരുണ്ട്. കലയ്ക്കും സംസ്കാരത്തിനുമായി ചെലവഴിക്കുന്ന പണം ധൂർത്തും അനാവശ്യവുമാണെന്ന് കരുതുന്നവരാണവർ. ബിജെപി സർക്കാർ എല്ലാ രംഗത്തെയും കോർപറേറ്റ് മുതലാളിത്തത്തിന് തീറെഴുതിക്കൊടുക്കുന്നതുപോലെ ഇന്ത്യയുടെ ചലച്ചിത്ര സംസ്കാരത്തിന്റെയും സംരക്ഷണത്തിന്റെയും സ്ഥാപനങ്ങളെയും ഇല്ലാതാക്കുകയോ മുതലാളിത്ത താൽപ്പര്യങ്ങൾക്കും സംഘപരിവാർ അജൻഡകൾക്കും അനുസൃതമായി മാറ്റിത്തീർക്കുകയോ ചെയ്യുകയാണ്.

മുതലാളിത്തത്തിന്റെ ലാഭേച്ഛയ്ക്ക് കീഴ്പ്പെടുത്തി, സാമ്പത്തിക ലാഭമില്ലാത്ത എല്ലാ മാനവിക മൂല്യത്തെയും ഇല്ലായ്മ ചെയ്യുന്ന കോർപറേറ്റ്‌‌വൽക്കരണത്തിന്റെയും ഹിന്ദുത്വവൽക്കരണത്തിന്റെയും പ്രതിലോമകരമായ ഈ നടപടികളെ ജനാധിപത്യത്തിലും മറ്റ് മാനവിക മൂല്യങ്ങളിലും വിശ്വസിക്കുന്നവർ എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്. ഈ തീരുമാനങ്ങൾ കേവലം സിനിമാ മേഖലയെമാത്രം ബാധിക്കുന്ന ഒന്നല്ല.  സംസ്കാരത്തെയും ചരിത്രത്തെയും അവർക്കനുകൂലമായി നുണകൾകൊണ്ട് വക്രീകരിക്കുന്ന ബിജെപി സർക്കാർ വളരെ ആസൂത്രിതമായി നടപ്പാക്കുന്ന ദീർഘകാല പദ്ധതികളിൽ ഒന്നാണിത്. 

പാർലമെന്റിലും മാധ്യമങ്ങളിലും ഈ വിഷയം വലിയ ചർച്ച ആകുന്നതേയില്ല. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപിയാണ് കേന്ദ്ര സർക്കാരിന്‌ കത്തയച്ചത്. സർക്കാർ ഈ നടപടികളിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാർഥി യുവജന സംഘടനകളും കലാകാരന്മാരും എഴുത്തുകാരും ഫിലിം സൊസൈറ്റികളും ചലച്ചിത്ര സംഘടനകളും മറ്റ് സാംസ്കാരിക സംഘടനകളും പ്രവർത്തകരും രംഗത്ത് വരേണ്ടതുണ്ട്.

(ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറിയും  അന്താരാഷ്ട്ര ചലച്ചിത്ര നിരൂപക സംഘടന ഫിപ്രെസ്കിയുടെ ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top