29 March Friday

ഒരുഭാഗത്ത് നരമേധം, മറുഭാഗത്ത് ‘സംവാദം’

എ എം ഷിനാസ്Updated: Wednesday Feb 22, 2023

ഈ മാസം പത്തൊമ്പതിനാണ് 79 ക്രൈസ്തവസഭയുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർമന്തറിൽ വൻ പ്രതിഷേധസംഗമം നടന്നത്. ഇന്ത്യയിൽ പല ഭാഗങ്ങളിൽ പൊതുവിലും യുപി, ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, ജാർഖണ്ഡ്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിശേഷിച്ചും ക്രൈസ്തവർക്കും അവരുടെ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഹിന്ദുത്വഫാസിസം ഞരമ്പുകളിൽ തിളയ്ക്കുന്ന രണോൽസുക സംഘടനകൾ ഉത്തരോത്തരം നടത്തുന്ന ആക്രമണങ്ങൾക്കെതിരെയായിരുന്നു രാജ്യതലസ്ഥാനത്ത് ‘പ്രാർഥനാസംഗമം’ എന്ന പേരിൽ  പ്രക്ഷോഭസമ്മേളനം സംഘടിപ്പിച്ചത്. ‘അടിച്ചമർത്താം, ഇല്ലാതാക്കാനാകില്ല’ എന്ന പ്രതിരോധ സന്ദേശമുയർത്തി നടത്തിയ ഈ ക്രൈസ്തവ കൂട്ടായ്മ, സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ  ക്രൈസ്തവസംഘടനകൾ നടത്തിയ അഖിലേന്ത്യാതലത്തിലുള്ള അഞ്ചാമത്തെ സമരമുഖമത്രെ. 2022ൽമാത്രം ഇന്ത്യയിൽ ക്രൈസ്തവരെ നിരങ്കുശം വേട്ടയാടിയ അറുനൂറോളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രേഖാപ്രകാരമുള്ള പരാതികളെല്ലാം അതത് സർക്കാരിനും പൊലീസിനും മുമ്പിൽ ജലരേഖയായി കലാശിച്ചുവെന്നും ക്രൈസ്തവസംഘടനകൾ പറയുന്നു.

ജന്തർമന്തർ റാലിക്ക് ഏതാനും ദിവസം മുമ്പാണ് ഹരിയാന– -രാജസ്ഥാൻ അതിർത്തിയിൽ പശുക്കടത്ത് ആരോപിച്ച് ബജ്റംഗദളിന്റെ ഗോരക്ഷാസേന രണ്ട് മുസ്ലിം യുവാക്കളെ കാറിലിട്ട് ചുട്ടുകൊന്നത്. ഇവരെ നിഷ്ഠുരമായി മർദിച്ച് ജീവച്ഛവമാക്കി അക്രമികൾ പൊലീസ് സ്റ്റേഷനിൽ  കൊണ്ടുപോയിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് 200 കിലോമീറ്റർ അകലെ ചുട്ടുകരിച്ച നിലയിലാണ് രാജസ്ഥാൻ സ്വദേശികളായ ജുനൈദിന്റെയും നസീറിന്റെയും മൃതദേഹാവശിഷ്ടം കണ്ടെത്തുന്നത്. ഇതിനു തൊട്ടുമുമ്പ് ഹരിയാനയിലെ നൂഹ് മേഖലയിൽ വാരിസ് എന്ന ചെറുപ്പക്കാരനെ പശുക്കടത്ത് ആരോപിച്ച് പട്ടാപ്പകൽ  അടിച്ചുകൊന്നിരുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളും ദളിതരും ഇടവിടാതെയുള്ള ഹിന്ദുത്വവേട്ടയ്ക്ക് ഇരകളാക്കപ്പെടുന്ന ഈ സന്ദർഭത്തിലാണ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ചില മുസ്ലിം സംഘടനകളും ആർഎസ്എസും നടത്തിയ സമീപകാല ചർച്ചകൾ ഗൗരവപൂർണമായ ചില ചോദ്യങ്ങൾ ഉയർത്തുന്നത്. ‘സംവാദപ്രക്രിയ’ എന്നാണ് ആർഎസ്എസ് ഈ ചർച്ചകളെ വിശേഷിപ്പിക്കുന്നത്. ഒരു ഭാഗത്ത് നാനാനാമങ്ങളിൽ  പ്രവർത്തിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് സേനകളുടെ നരമേധവും മറുഭാഗത്ത് അതേ ഫാസിസത്തിന്റെ വിശ്വരൂപമായ  ആർഎസ്എസുമായുള്ള ‘സംവാദ’വും വിരോധാഭാസപരവും വിചിത്രവും പരിഹാസ്യവുമാണ്.

2019ൽ ദാറു ഉലൂം ദയൂബന്ദിന്റെ പ്രിൻസിപ്പൽ അർഷദ് മദനി മോഹൻ ഭാഗവതുമായി ചർച്ച നടത്തിയത് ഒരു തുടക്കമായിരുന്നു. പിന്നീട് 2022 ആഗസ്‌തിൽ  മുൻ ബ്യൂറോക്രാറ്റുകളും മുസ്ലിം പൗരപ്രമുഖരുമായ ചിലരും ആർഎസ്എസ് സർസംഘചാലകിനെ കണ്ട് ചർച്ചയ്ക്ക് മുതിർന്നു. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ് വൈ  ഖുറേഷി, മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്, അലിഗഢ്‌ സർവകലാശാല മുൻ വൈസ്ചാൻസലർ സമീർ ഷാ, ബിസിനസുകാരനായ സയീദ് ഷെർവാണി എന്നിവരാണ് ആ ചർച്ചയിൽ  ഭാഗഭാക്കായത്. അതിനേക്കാൾ ‘ഗംഭീര’മായ കൂടിക്കാഴ്ച നടന്നത് അഖിലേന്ത്യ ഇമാം സംഘടനയുടെ മേധാവിയായ ഉമർ അഹമദ് ഇല്യാസിയുടെ ഡൽഹി കസ്തുർബാ ഗാന്ധിമാർഗിലെ പള്ളിയങ്കണത്തിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മോഹൻ ഭാഗവത് നടത്തിയ ‘സംവാദസല്ലാപ’മാണ്. ഇത് സൗഹൃദസല്ലാപം മാത്രമായിരുന്നു എന്നതിന്റെ നിദർശനം, ചർച്ചയ്ക്കു പിറകെ മോഹൻ ഭാഗവതിനെപ്പറ്റി ഇല്യാസ് നടത്തിയ സ്തുതിവർണനകളാണ്. ആർഎസ്എസ് മേധാവി സാക്ഷാൽ ‘രാഷ്ട്രപതി’ മാത്രമല്ല, ‘രാഷ്ട്രഋഷി’ കൂടിയാണെന്നായിരുന്നു ഇല്യാസിയുടെ വാഴ്ത്ത ൽ.

അതുകഴിഞ്ഞാണ് ഈവർഷം ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ജം ഇയ്യത്തുൽ  ഉലമായെ ഹിന്ദ്, ദാറു ഉലൂം ദയൂബന്ദ്, അജ്മീർ ദർഗ, ചില ഷിയാ സംഘടനകൾ എന്നിവ ആർഎസ്എസുമായുള്ള സംവാദപ്രക്രിയയിൽ അത്യുൽസാഹത്തോടെ പങ്കുചേർന്നത്. ഇന്ത്യയിലെ മുസ്ലിം ജനസാമാന്യത്തിന്റെ  വിശാല പ്രാതിനിധ്യമില്ലാത്ത സംഘടനകളാണ് ഇവയൊക്കെ. വേറൊരു വശത്ത് മതനിരപേക്ഷ മൂല്യങ്ങളിൽ  അടിയുറച്ചുനിൽക്കുന്ന അസംഘടിതരായ നല്ലൊരു വിഭാഗം മുസ്ലിങ്ങളുണ്ട്. പാർലമെന്റിലും നിയമസഭകളിലും പുറത്തുമുള്ള ന്യൂനപക്ഷ സംഘടനകളുമുണ്ട്. അവരെയൊന്നും ഈ ചർച്ചകളിൽ കണ്ടില്ല.

മൗദൂദിസത്തിൽനിന്നുള്ള പിൻനടത്തമോ യഥാർഥ മാനസാന്തരമോ അല്ല ഈ ജനാധിപത്യ, മതനിരപേക്ഷ, ബഹുസ്വരതാ പ്രണയത്തിനു പിന്നിൽ. നിലനിൽപ്പിനുവേണ്ടിയുള്ള അവസരവാദമാണ്.

ആർഎസ്എസിന്റെ ‘ഇസ്ലാമിക ചോയ്സ്’ ജമാഅത്തെ ഇസ്ലാമിയും ജമാഅത്തിന്റെ ‘ഹൈന്ദവ ചോയ്സ്’ ആർഎസ്എസും ആകുന്നതിൽ ലവലേശം ആശ്ചര്യമില്ല. കാരണം, രണ്ടും പ്രത്യയശാസ്ത്രതലത്തിൽ പകർപ്പുകളാണ്. ഈ മതരാഷ്ട്രീയ സ്വരൂപങ്ങൾ ലക്ഷ്യംവയ്‌ക്കുന്നത് താന്താങ്ങളുടെ ഭാവനയിലുള്ള മതരാഷ്ട്രങ്ങളാണ്. ജമാഅത്തെ ഇസ്ലാമി, അതിന്റെ താത്വികാചാര്യനായ മൗലാനാ മൗദൂദിയുടെ ജനാധിപത്യ–-മതനിരപേക്ഷ–- ദേശീയതാ വിരുദ്ധ ആശയസരണികളെ ഇന്നേവരെ തള്ളിപ്പറഞ്ഞിട്ടില്ല. മതനിരപേക്ഷതയും ജനാധിപത്യവും ദേശീയതയും ഇസ്ലാമികവിരുദ്ധ (ഇസ്ലാമിസ്റ്റ് വിരുദ്ധം)മാണെന്ന് ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാർ, സമീപകാലത്ത് സാഹചര്യസമ്മർദങ്ങളാൽ  ജനാധിപത്യത്തെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമെല്ലാം വാചാടോപം നടത്തുന്നുണ്ട് എന്നതും  വെൽഫയർ പാർടി പാർലമെന്ററി രാഷ്ട്രീയത്തിൽ പങ്കുകൊള്ളുന്നുണ്ട് എന്നതും ‘ഗതികെട്ടാൽ പുലി പുല്ലും തിന്നും’ എന്ന പരിതോവസ്ഥയായാണ് മിക്ക നിരീക്ഷകരും വിലയിരുത്തുന്നത്. മൗദൂദിസത്തിൽനിന്നുള്ള പിൻനടത്തമോ യഥാർഥ മാനസാന്തരമോ അല്ല ഈ ജനാധിപത്യ, മതനിരപേക്ഷ, ബഹുസ്വരതാ പ്രണയത്തിനു പിന്നിൽ. നിലനിൽപ്പിനുവേണ്ടിയുള്ള അവസരവാദമാണ്.

ചർച്ചയിലുടനീളം ആർഎസ്എസ് മുൻ നിലപാടുകളും ആവശ്യങ്ങളും ആവർത്തിക്കുകയാണ് ചെയ്തത്. ബാബ്‌റി മസ്ജിദ് കർസേവകർ തകർത്തു തരിപ്പണമാക്കിയ സ്ഥാനത്തുതന്നെ രാമക്ഷേത്രം സാക്ഷാൽക്കരിക്കപ്പെട്ടു. ഇനി കാശിയിലെയും മഥുരയിലെയും പള്ളികൾകൂടി വേണമെന്നാണ് ആർഎസ്എസ് ചർച്ചയിൽ ആവശ്യപ്പെട്ടത്. കൂടാതെ ഗോവധംപോലുള്ള പതിവു പ്രശ്നങ്ങളും ഉയർത്തി. ഇന്ത്യ മാതൃഭൂമിയും പിതൃഭൂമിയും പുണ്യഭൂമിയും ആയവർ മാത്രമാണ് യഥാർഥ ഇന്ത്യക്കാരെന്ന സവർക്കർ പ്രമാണമോ ഇന്ത്യയുടെ ആഭ്യന്തരശത്രുക്കൾ യഥാക്രമം മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരുമാണെന്ന ഗോൾവാൾക്കറിന്റെ വിചാരധാരാ വീക്ഷണമോ ഇന്നേവരെ ആർഎസ്എസ് തള്ളിക്കളഞ്ഞിട്ടില്ല. മറിച്ച് ഈ ഫാസിസ്റ്റ് ആശയങ്ങളിൽ പൂർവാധികം അടിവരയിടുകയാണ് ചെയ്യുന്നത്.

വാസ്തവത്തിൽ ആർഎസ്എസുമായി ചർച്ചയ്ക്ക് സന്നദ്ധമായതോടെ മുസ്ലിം സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘടനകൾ രാജ്യത്തെ ഏറ്റവും യുദ്ധോൽസുകമായ ഫാസിസ്റ്റ് സ്വരൂപത്തിന് കീഴടങ്ങുകയാണ് ചെയ്തിരിക്കുന്നത്. അതുവഴി ആർഎസ്എസിന് രാഷ്ട്രീയ ലെജിറ്റിമസി ചാർത്തിനൽകുകയും ചെയ്യുന്നു.  സംഘപരിവാറിനെതിരെ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യശക്തികൾ നടത്തുന്ന പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതുമാണ് വൃഥാസ്ഥൂലവും ഫലശൂന്യവുമായ ഈ സല്ലാപം.
ന്യൂനപക്ഷ സമുദായത്തിനകത്ത് വിടവ് സൃഷ്ടിക്കാനും രാജ്യത്തെ മതനിരപേക്ഷ പോർമുഖത്തെ ക്ഷയിപ്പിക്കാനും ചില മുസ്ലിം സമുദായ സംഘടനകളെയെങ്കിലും തങ്ങൾ ഇച്ഛിക്കുന്ന വിട്ടുവീഴ്ചകൾക്ക് പ്രേരിപ്പിക്കാനുമാണ് ശ്രമം. ആശയപ്രപഞ്ചത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഉൽഭവസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് വേറൊരു പേടിയുമുണ്ട്. ഏതാനും മാസം മുമ്പാണ് രായ്ക്കുരാമാനം  കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ടിന്റെ സമുന്നത നേതാക്കളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. ഇതൊരു പേക്കിനാവായി ജമാഅത്തെ ഇസ്ലാമിയെ പിന്തുടരുന്നുണ്ട് എന്നുവേണം കരുതാൻ. 2047ൽ 25 വർഷത്തിനുശേഷം ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പദ്ധതി തയ്യാറാക്കിയെന്നതാണ് പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള കുറ്റപത്രത്തിലെ ഒരു മുഖ്യ ആരോപണം. ഇതിൽ അഭിരമിക്കുന്ന പോപ്പുലർ ഫ്രണ്ടുകാരും ഇത് തൊണ്ടതൊടാതെ വിഴുങ്ങുന്ന ഹിന്ദുത്വവാദികളും മൂഢസ്വർഗത്തിലാണെന്നുമാത്രം പറയട്ടെ.

(എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം 
അധ്യാപകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top