01 December Friday

ഹിന്ദുത്വയുടെ പുതിയ പോർമുഖങ്ങൾ

അഡ്വ. കെ അനിൽകുമാർUpdated: Monday Feb 13, 2023

ഗാന്ധിവധക്കേസിലെ പ്രതിയായിരുന്ന വി ഡി സവർക്കർ ഇന്ത്യയുടെ മതരാഷ്ട്ര നിർമിതിക്ക് നൽകിയ പേരാണ് "ഹിന്ദുത്വ". ഒരു നൂറ്റാണ്ട് അപ്പുറം അവതരിപ്പിക്കപ്പെട്ട അതിന് മുന്നോട്ടുപോകണമെങ്കിൽ  പാർലമെന്റ് മാത്രം കൈപ്പിടിയിലായാൽ പോരായെന്ന കേന്ദ്ര ഭരണനേതൃത്വത്തിന്റെ നിയമബോധത്തിൽനിന്നാണ് ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തിനെതിരായ യുദ്ധം തീവ്രമാക്കിയിരിക്കുന്നത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള മോദി സർക്കാർ അധികാരത്തിലെത്തി ഒരു ദശകത്തോട് അടുത്തിട്ടും രാജ്യസഭയിൽ കേവല ഭൂരിപക്ഷം നേടാനാകാത്തത് ഇന്ത്യൻ ഭരണഘടനയെ ഭേദഗതിയിലൂടെ മറികടക്കാനുള്ള വഴികളിൽ സംഘപരിവാറിനെ തടസ്സപ്പെടുത്തിയിട്ടുണ്ട്. നിയമസഭകളിൽ ബിജെപി നേരിടുന്ന കടുത്ത വെല്ലുവിളി തന്നെയാണ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിച്ചുനിർത്തുന്ന ഒരു ഘടകം. പാർലമെന്റ് കൈപ്പിടിയിലായാലും ഭരണഘടനയുടെ അടിസ്ഥാനശിലകളിൽ കൈവയ്‌ക്കാനുള്ള അധികാരം ഇന്ത്യൻ പാർലമെന്റിന്‌ ഇല്ലെന്ന് 1973ലെ കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. അതിനേക്കാൾ വലിയ ഭരണഘടനാ ബെഞ്ചിനു മാത്രമേ മതനിരപേക്ഷത ഉൾപ്പെടെയുള്ള അടിസ്ഥാനശിലകളെ മാറ്റിമറിക്കാനാകൂ. അതിനാൽ ഹിന്ദുരാഷ്ട്ര നിർമിതിയുടെ മുഖ്യ തടസ്സമായി കേശവാനന്ദ ഭാരതി കേസിലെ വിധിയെ സംഘപരിവാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാലാണ് സുപ്രീംകോടതിക്കും ഈ വിധിക്കും കൊളീജിയം സംവിധാനത്തിനുമെതിരെ  ഉപരാഷ്ട്രപതി ജഗദീപ് ധൻഖറും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും നിയമമന്ത്രി കിരൺ റിജിജുവും പുതിയ പോർമുഖം തുറന്നിരിക്കുന്നത്.

"രാജ്യത്തെ ജഡ്ജിമാർ തെരഞ്ഞെടുക്കപ്പെടുന്നവരല്ല, പാർലമെന്റ്‌ അംഗങ്ങൾ ജനവിധിയിലൂടെ സ്ഥാനങ്ങളിൽ എത്തുന്നവരാണ്’ എന്ന് നിയമമന്ത്രി കിരൺ റിജിജു സുപ്രീംകോടതിയെ ഓർമിപ്പിച്ചു. പാർലമെന്റ്‌ പാസാക്കുന്ന  നിയമങ്ങളുടെ സാധുത പരിശോധിക്കുന്ന  സുപ്രീംകോടതിയുടെ അധികാരത്തെയാണ് അവർ വെല്ലുവിളിക്കുന്നത്. കൊളീജിയം സംവിധാനത്തിലൂടെ ജഡ്ജിമാർ നിയമിക്കപ്പെടുന്ന വ്യവസ്ഥ നടപ്പാക്കിയ ജഡ്ജി നിയമനം സംബന്ധിച്ച കേസിലെ വിധി പാർലമെന്റിനെ ജുഡീഷ്യറി അട്ടിമറിച്ചതിന് തുല്യമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ പാർലമെന്റിന്റെ പരമാധികാരത്തിന് ഭീഷണിയാണ്, നിയമനിർമാണങ്ങൾ ഭരണഘടനാപരമാണെന്ന് പരിശോധിക്കാനുള്ള സുപ്രീംകോടതിയുടെ അധികാരമെന്ന് ആരോപിക്കുകയുണ്ടായി. "ജനങ്ങളുടെ ഇച്ഛ"യാണ് നിയമനിർമാണസഭകൾ നടപ്പാക്കുന്നതെന്നും കോടതി അതിൻമേൽ ഭരണഘടനാനുസൃതമാണോ എന്ന പരിശോധന നടത്തുന്നത്, "കൊളീജിയം വഴി ന്യായാധിപൻമാർ ആകുന്ന ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാത്ത വ്യക്തികൾ" ജനങ്ങളുടെ സമ്മിതിയെ അട്ടിമറിക്കുന്ന നിലയിലാണെന്നും ഉപരാഷ്ട്രപതി  ആഞ്ഞടിക്കുന്നു. പൗരത്വ നിയമഭേദഗതി ഭരണഘടനാനുസൃതമാണോ എന്ന പരിശോധനയ്‌ക്ക് സുപ്രീംകോടതി തയ്യാറാകാനിരിക്കെ, ഉപരാഷ്ട്രപതിയുടെ ആക്രമണം  ആർഎസ്എസ് അജൻഡയുടെ തുടർച്ചയാണ്.

മോദി സർക്കാർ അധികാരമേറ്റശേഷം 2014ൽ ജഡ്ജി നിയമനത്തിനായി  കമീഷൻ രൂപീകരിക്കുന്ന നിയമം പാർലമെന്റ്‌ അംഗീകരിച്ചിരുന്നു. കൊളീജിയം സംവിധാനത്തിലൂടെ ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന രീതിയെ തിരുത്താനാണ് നിയമനിർമാണമെന്നാണ് സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, കേന്ദ്ര നിയമ മന്ത്രിക്ക് ജഡ്ജിമാരുടെ  നിയമനത്തിൽ പങ്കാളിത്തം നൽകുന്നനിലയിൽ നിർമിക്കപ്പെട്ട നിയമം 2015ൽ സുപ്രീംകോടതി റദ്ദാക്കി. ഭരണകൂടങ്ങളുടെ ഇടപെടലുകൾ ഇല്ലാതെ  സ്വതന്ത്രമായൊരു സംവിധാനം മേൽക്കോടതികളിലെ ന്യായാധിപ നിയമനങ്ങൾക്ക് പാർലമെന്റിന് കൊണ്ടുവരാമെന്നാണ് വിധിയിൽനിന്ന് മനസ്സിലാകുന്നത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമില്ലാത്ത ഒരു നിയമനസംവിധാനം കൊണ്ടുവരാൻ മോദി തയ്യാറാകാത്തതിനാലാണ് പാർലമെന്റിൽ  ഭൂരിപക്ഷമുണ്ടായിട്ടും നിലവിലുള്ള  കൊളീജിയം തുടരുന്നത്. യഥാർഥത്തിൽ ഇപ്പോഴത്തെ കൊളീജിയം സംവിധാനം തുടരുന്നതിന്റെ ഉത്തരവാദികൾ കേന്ദ്ര സർക്കാർ മാത്രമാണ്. ഇത് മറച്ചുവച്ച് ഉപരാഷ്ട്രപതിയും നിയമ മന്ത്രിയും സുപ്രീംകോടതിക്കെതിരെ കളവ് പ്രചരിപ്പിച്ച് ഒളിയുദ്ധം  നടത്തുകയാണ്. എക്സിക്യൂട്ടീവ്  ഇടപെടൽ ഇല്ലാത്ത സ്വതന്ത്രമായ നിയമനസംവിധാനം ന്യായാധിപന്മാരെ കണ്ടെത്താൻ രൂപീകരിക്കപ്പെടണമെന്നത് രാജ്യത്തിന്റെ ഭരണഘടനാപരമായ ആവശ്യമാണ്. അത് നടപ്പാക്കാതെ ഭരണഘടനയെ അട്ടിമറിക്കാൻ തക്ക സഹായം നൽകുന്ന "കർസേവക"രായ ന്യായാധിപന്മാരെ മേൽക്കോടതികളിൽ ലഭ്യമാക്കുകയെന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ യുദ്ധമുഖം  തുറന്നിരിക്കുന്നത്. കൊളീജിയത്തിനും സുപ്രീംകോടതിക്കും എതിരെ യുദ്ധത്തിനിറങ്ങുന്നതിനുമുമ്പ് സ്വന്തം ചുമതല പാർലമെന്റ് വഴി നിർവഹിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കപ്പെടണം.

ഭരണഘടനാപരമായ സ്വതന്ത്ര നിയമനസംവിധാനം വരുന്നതുവരെ ന്യായാധിപ നിയമനത്തിന് ഇപ്പോൾ ഏർപ്പെടുത്തപ്പെട്ട കൊളീജിയം സംവിധാനം കുറ്റമറ്റതല്ല. ഇന്ദിര ഗാന്ധിയുടെ കാലത്ത് മിനർവ മിൽസ് കേസിലും കേശവാനന്ദ ഭാരതി കേസിലും സുപ്രീംകോടതി നിയമതത്വങ്ങൾ ഉറപ്പിച്ച് എടുത്തത് ഭരണഘടനയുടെ അടിസ്ഥാനഘടനയെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് മറക്കാനാകുന്നതല്ല. അടിയന്തരാവസ്ഥയിലേക്ക്  എത്തിയ അമിതാധികാര വാഴ്ചയിൽ സ്വതന്ത്ര  നിലപാട് ഉയർത്തിപ്പിടിച്ച ന്യായാധിപർ ആക്രമിക്കപ്പെട്ടത് ചരിത്രത്തിലുണ്ട്. 1965ൽ പാകിസ്ഥാൻ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ്‌ ആയിരുന്ന എ ആർ കോർണലിസിന്റെ വിധിയിൽ പാക് ഭരണഘടനയുടെ അടിസ്ഥാനശിലയെ ഇല്ലാതെയാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, 1973ൽ പാക്‌ പാർലമെന്റ് ഇസ്ലാമിക ഭരണഘടനയിലേക്ക് നീങ്ങിയത് ഇന്ത്യക്കും ഒരു പാഠമാകണം. ഇസ്രയേലിൽ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷമായ ഒരു സർക്കാർ സങ്കുചിത ദേശീയവാദപരവും മതാധിഷ്ഠിതവുമായ രാഷ്ട്രനിർമാണ വഴികളിലാണ് സഞ്ചരിക്കുന്നത്. അവിടത്തെ സുപ്രീംകോടതിയെ ദുർബലപ്പെടുത്തുന്ന ഒരു കരട് നിയമം പുറത്തിറക്കിയിരിക്കുന്നു. രാജ്യത്തെ പാർലമെന്റിന് കേവല ഭൂരിപക്ഷം ഉപയോഗിച്ച് അവിടത്തെ ഭരണഘടനയെ മറികടക്കാനും സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന് ഇടപെടാനും കഴിയുന്ന വ്യവസ്ഥകളാണ് അതിലുള്ളത്. ജൂത മത രാഷ്ട്രീയത്തെ സാർവദേശിയ തലത്തിൽ പിൻപറ്റുന്ന ഇന്ത്യയെയും ഇസ്രയേലിന്റെ വഴിയേ നയിക്കാനാണ് മോദി ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ മതരാഷ്ട്ര ഭരണഘടന സൃഷ്ടിക്കാൻ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷംമാത്രം പോരാതെ വരുന്നു. "വഴക്കമുള്ള" ഒരു നീതിന്യായ സംവിധാനം രൂപപ്പെടുത്താനാണ് യൂണിയൻ സർക്കാർ ലക്ഷ്യമിടുന്നത്. മുന്നൂറിലേറെ ഒഴിവുകൾ വിവിധ ഹൈക്കോടതികളിൽ ഉണ്ടായിട്ടും ഓരോ ഒഴിവിലും കൊളീജിയം നൽകിയ നിർദേശങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ അടയിരിക്കുകയാണ്. സുപ്രീംകോടതി കർശന നിലപാടെടുത്തതിനെ തുടർന്ന് അഞ്ചു ജഡ്ജിമാരുടെ നിയമനം സുപ്രീംകോടതിയിൽ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടുണ്ട്. പിന്നീട് സുപ്രീംകോടതിയിൽ ഉണ്ടായിരുന്ന രണ്ട് ഒഴിവിൽ കോടതിയുടെ കർശന ഇടപെടലിനെത്തുടർന്നാണ് സർക്കാർ ജഡ്ജി നിയമനം പൂർത്തിയാക്കിയത്. കൊളീജിയം നിർദേശിച്ച പട്ടികയിലെ ഒരാളുടെ നാമനിർദേശം അദ്ദേഹം അഭിഭാഷകനായിരിക്കെ നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വിറ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ടെന്ന രഹസ്യ പൊലീസ് നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കി നിരാകരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.  എന്നാൽ, തമിഴ്നാട്ടിൽ ന്യൂനപക്ഷ മതങ്ങളെ ലാക്കാക്കി പച്ച ഭീകരരെന്നും വെള്ള ഭീകരരെന്നും ആക്ഷേപിച്ച ബിജെപി നേതാവായ വിക്ടോറിയ ഗൗരി എന്ന അഭിഭാഷകയെ ജഡ്ജിയാക്കുന്ന  കൊളീജിയം നൽകിയ നാമനിർദേശം സ്വീകരിക്കുകയും ചെയ്തു.

പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രിയും നിയമ മന്ത്രിയും നീതിപീഠങ്ങളെ ജഡ്ജി നിയമനത്തിന്റെ പേരിൽ വിമർശിക്കാൻ തുനിഞ്ഞത് കേന്ദ്ര ഭരണത്തിന്റെ കാർക്കശ്യം വെളിപ്പെടുത്തുന്നുണ്ട്.  ജഡ്ജി നിയമനത്തിൽ കൊളീജിയവുമായി കലഹിച്ചു പ്രതിസന്ധി സൃഷ്ടിക്കുക എന്നതല്ലാതെ സ്വതന്ത്ര ജുഡീഷ്യൽ നിയമന കമീഷൻ കൊണ്ടുവരുന്നതിന്‌ ഉദ്ദേശ്യമില്ലായെന്ന് നിയമ മന്ത്രി കിരൺ റിജിജു പാർലമെന്റിൽ വ്യക്തമാക്കുകയും ചെയ്തിരിക്കുകയുമാണ്.

ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന ഇന്ത്യയിൽ തസ്തികയിൽ നിയമനം നടത്താതെ ന്യായാധിപ  നിയമനത്തിലെ പ്രശ്നങ്ങൾ വിലപേശലിന്  ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ, എക്സിക്യൂട്ടീവിന് കിഴ്പ്പെട്ട പ്രതിബദ്ധരായ ഒരു നീതിന്യായ വ്യവസ്ഥയെയാണ് ലക്ഷ്യംവയ്‌ക്കുന്നത്. താൽക്കാലിക ഭരണലക്ഷ്യങ്ങൾക്കപ്പുറം  ആർഎസ്എസിന്റെ ദീർഘകാല അജൻഡയുടെ ഭാഗമായാണ് കേന്ദ്ര നീക്കമെന്ന് കാണാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top