28 September Thursday

കേൾക്കുന്നില്ലേ, ജറുസലേം പുത്രിമാരുടെ ചോദ്യം - എം എം പൗലോസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 20, 2023


അരമനയിലേക്ക് ബിജെപി പോകുന്നതിൽ ഭയമുണ്ട്. ഭയം തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച്‌ അല്ല; മതനിരപേക്ഷ ഇന്ത്യയെക്കുറിച്ചാണ്. ഭാവിയെക്കുറിച്ച് മാത്രമല്ല ആശങ്ക. ഇന്ത്യയിൽ ആശങ്ക ഭൂതകാലത്തിൽനിന്ന് തുടങ്ങുന്നു. പ്രാചീനേന്ത്യ പൊതുവിലും  ഗുപ്തഭരണകാലം വിശേഷിച്ചും സുവർണയുഗമായിരുന്നെന്നും അതിനുശേഷം 1206 സിഇയിൽ സുൽത്താനേറ്റ് ഭരണം സ്ഥാപിതമായതുമുതൽ മുഗൾ ഭരണത്തിന്റെ ഒടുക്കംവരെ ഇന്ത്യ അഭിമുഖീകരിച്ചത് അധഃപതനവും അരാജകത്വവും ജീർണതയും ഹിംസയുമാണെന്നുമാണ് ഹിന്ദുത്വഭാഷ്യം. ഗുപ്തന്മാരുടെ കാലത്തിനുശേഷം ഇന്ത്യക്ക്‌ ചരിത്രമില്ലെന്നാണ്‌ ഇവരുടെ പ്രഖ്യാപനം. 

ഏതാണ്ട് 1000 വർഷത്തെ ഇന്ത്യയുടെ ഭൂതകാലജീവിതം സഭാരേഖകളിൽനിന്നെന്നപോലെ സിലബസിൽനിന്ന് നീക്കുന്നു. വരുംതലമുറ പഠിക്കേണ്ടെന്ന് ഭരണകൂടം കൽപ്പിക്കുന്നതിൽ ചാൾസ് ഡാർവിനുണ്ട്, ജീവന്റെ ഉൽപ്പത്തിയുണ്ട്, നഥുറാം ഗോഡ്സെയുണ്ട്. എങ്ങോട്ടേക്കാണ് ഇവർ ഇന്ത്യയെ കൊണ്ടുപോകുന്നത്. കുരിശ് താങ്ങി മുതുകുവളഞ്ഞ്, ചാട്ടവാറടിയേറ്റ് തേങ്ങിത്തേങ്ങിപ്പോകുന്ന യേശുവിനോട് ജറുസലേം പുത്രിമാർ മാറത്തടിച്ചു ചോദിച്ചതും ഇതേ ചോദ്യമായിരുന്നു; ‘മകനെ... ഇവർ നിന്നെ എങ്ങോട്ടേക്ക് കൊണ്ടുപോകുന്നു?' യേശുവിനെ കൊണ്ടുപോയത് കാൽവരിയിലേക്ക്, ഇന്ത്യയെ കൊണ്ടുപോകുന്നത് ഗൗതം അദാനിയുടെ കാൽക്കീഴിലേക്ക്. അദാനിക്ക് പുനരുത്ഥാനവും ആർദ്രതയ്ക്ക് കുരിശുമരണവും വിധിക്കുന്നവരാണ് അരമനയിലെ അനുഗ്രഹം തേടിപ്പോകുന്നത്.

ഇന്ത്യയിൽ വിശക്കുന്നവരുടെ എണ്ണം കൂടിവരുന്നു. വിശക്കുന്ന 121 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യ 107–-ാമതാണ്‌. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ പരിശോധിച്ച് ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ 191 രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യ 132–-ാം സ്ഥാനത്താണ്. ഇന്ത്യയേക്കാൾ മുന്നിലാണ് ബംഗ്ലാദേശും ഭൂട്ടാനും. തൊഴിലവസരങ്ങൾ കൂടിയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ അനുഭവം മറ്റൊരുവഴിക്ക് നീങ്ങുന്നു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ 35,821 ഒഴിവിലേക്ക് അപേക്ഷിച്ചത് ഒന്നേകാൽലക്ഷംപേർ. ഹിമാചൽപ്രദേശ് സെക്രട്ടറിയറ്റിലെ 42 ശിപായികളുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് 18,000. ഇതിൽ ഡോക്ടറേറ്റ്‌ ഉള്ളവർ നൂറുകണക്കിനായിരുന്നു.


 

തൊഴിലില്ലാത്തവരുടെ നിരക്ക് ഇപ്പോഴും അസുഖകരമായ 6.57 ശതമാനത്തിൽ. എന്നിട്ടും, അഭിമാനിക്കാൻ പ്രധാനമന്ത്രി ആഹ്വാനംചെയ്തു.
ഇസ്രയേലിലെ ഹെയ്ഫ തുറമുഖം ഗൗതം അദാനി വിലയ്‌ക്കു വാങ്ങിയത്രെ. 120 കോടി ഡോളറിന് ഇസ്രയേലിലെ ഈ രണ്ടാമത്തെ വലിയ തുറമുഖം അദാനി വാങ്ങിയതിനെ ‘അതിബൃഹത്തായ ചുവടുവയ്പ്'എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്‌. ‘രാമന്റെ രാജ്യം'ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിലൂടെയും ഇന്ത്യയിൽ വരാമല്ലോ. ഇസ്രയേൽ ഇപ്പോൾ ‘വംശീയ ജനാധിപത്യ'ത്തിന്റെ പാഠശാല. സംസ്കാരത്തിലും പൊതുവേദികളിലും ജൂതൻമാരുടെ ആധിപത്യം. നീതിന്യായ വ്യവസ്ഥയെയും മാറ്റിയെഴുതാൻ നെതന്യാഹു ഈയിടെ ഒരുങ്ങി. നാലു മാസമായി അവിടെ ജനങ്ങൾ തെരുവിലായിരുന്നു. ഒടുവിൽ നെതന്യാഹു തൽക്കാലം പിന്മാറി. നെതന്യാഹുവിനെ പാഠപുസ്തകമാക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി.

അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ആരാണ് അത്താണി. നെതന്യാഹു? അദാനി? വീർ സവർക്കർ? നാഥുറാം ഗോഡ്സെ? ഗോൾവാൾക്കർ?.  ഇന്ത്യയുടെ സമ്പത്തിന്റെ 60 ശതമാനവും കൈയടക്കിയിരിക്കുന്നത് അഞ്ചു ശതമാനം അതിസമ്പന്നർ. 67 കോടി മനുഷ്യരുടെ കൈയിലുള്ളത് രാജ്യത്തിന്റെ ഒരു ശതമാനംമാത്രം സമ്പത്ത്. ഇന്ത്യക്ക്‌ 119 ശതകോടീശ്വരന്മാർ. ശതകോടീശ്വരന്മാരുടെ വരുമാനം ഒരു പതിറ്റാണ്ടിനിടയിൽ പത്തിരട്ടി വർധിച്ചു.

ശരാശരി ഇന്ത്യക്കാരന് ആവശ്യമുള്ള ചികിത്സപോലും കിട്ടുന്നില്ല. ചികിത്സാ ചെലവ് താങ്ങാനാകാതെ ജനകോടികൾ. കോവിഡിന്റെ കാലത്തുപോലും സമ്പത്തിന്റെ ഒഴുക്ക് തടയപ്പെട്ടില്ല. ഇക്കാലത്ത് ഇന്ത്യയിൽ പുതുതായി 55 പേർ ശതകോടീശ്വരന്മാരുടെ പട്ടികയിൽ എത്തി. ആ സമയംതന്നെ 23 കോടി ജനങ്ങൾ ദരിദ്രരായി. 636 പേർ ഓക്സിജൻ കിട്ടാതെ മരിച്ചു. ഓക്സിജൻ സിലിണ്ടറിന്റെ വില 8000 രൂപയിൽനിന്ന് 60,000 കടന്നു. അപ്പോൾ പ്രധാനമന്ത്രിയെ കാണാനില്ലായിരുന്നു.

അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ആരാണ് അത്താണി. അവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നവരോ. ഭീകരവാദികളെന്ന് വിളിക്കുന്നവരോ. മാവോയിസ്റ്റുകളെന്ന് വിളിക്കുന്നവരോ. ‘തുക്ഡെ തുക്ഡെ ഗ്യാങ്' എന്നുവിളിക്കുന്നവരോ?

ഒലിവുമലയിൽ ഇരിക്കുമ്പോൾ യേശു പറഞ്ഞു; ‘എനിക്കു വിശന്നു, നിങ്ങൾ ഭക്ഷണം തന്നില്ല. ദാഹിച്ചു, കുടിക്കാൻ തന്നില്ല. നഗ്നനായിരുന്നു, വസ്ത്രം തന്നില്ല. രോഗിയായിരുന്നു, ശുശ്രൂഷിച്ചില്ല.' വിശക്കുന്നവന് ആഹാരം കൊടുക്കുന്നത്, ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നത്, നഗ്നന് വസ്ത്രം കൊടുക്കുന്നത്, രോഗിക്ക് മരുന്നുകൊടുക്കുന്നത് എനിക്ക് തരുന്നതിനു തുല്യമാണെന്ന് യേശു അനുയായികളോടു പറഞ്ഞു. ഇന്ത്യയിലെ കോടാനുകോടി മനുഷ്യർ ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നിനും യാചിക്കുന്നു. മഹാമാരിയോട് പൊരുതിയ ആശാവർക്കർമാർ ജീവന്റെ സുരക്ഷയ്‌ക്കും ജീവിക്കാനുള്ള പണത്തിനുംവേണ്ടി തെരുവിലിറങ്ങി. ലക്ഷക്കണക്കിനു കർഷകർ മാസങ്ങളോളം മിനിമംവില ഉറപ്പാക്കാൻ തലസ്ഥാന നഗരിയിൽ കിടന്നു. അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും ആരാണ് അത്താണി. അവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്നവരോ. ഭീകരവാദികളെന്ന് വിളിക്കുന്നവരോ. മാവോയിസ്റ്റുകളെന്ന് വിളിക്കുന്നവരോ. ‘തുക്ഡെ തുക്ഡെ ഗ്യാങ്' എന്നുവിളിക്കുന്നവരോ?

മനുഷ്യരുടെ പാപമോചനത്തിനായി ‘ഇതാ എന്റെ രക്തം'എന്നാണ് കുരിശിൽ പിടഞ്ഞപ്പോൾ യേശു പറഞ്ഞത്. ഗുജറാത്തിലെ കൂട്ടക്കുരുതിയിലൂടെ ഭരണത്തിന്റെ പറുദീസയിലേക്ക് നടന്നവർ അരമനയിലേക്ക് വരുമ്പോൾ മടിയിൽ 30 വെള്ളിക്കാശിന്റെ തിളക്കമോ, അക്കൽദാമയുടെ ആധാരമോ? അരമനകളിലുള്ളത്‌ വിശ്വാസത്തിന്റെ ആചാര്യന്മാരാണ്, നാമനിർദേശപത്രിക സ്വീകരിക്കുന്ന റിട്ടേണിങ്‌ ഓഫീസർമാരല്ല.

ഒരു സന്ദർശനത്തിന്റെ ഒറ്റമൂലികൊണ്ട് ഉണങ്ങിപ്പോകുന്ന മുറിവാണോ ഇന്ത്യയുടെ ആത്മാവിൽ വർഗീയശക്തികൾ ഏൽപ്പിച്ചിട്ടുള്ളത്. എങ്കിൽ എത്രയോ നല്ലത്. മതനിരപേക്ഷതയെന്നത് ഒരു സ്റ്റേജ് പെർഫോമൻസല്ല. അയൽക്കാരന്റെ മതത്തെ വെറുക്കാൻ പഠിപ്പിക്കുന്നവർ, അവരുടെ ഭക്ഷണത്തെ വിലക്കുന്നവർ, അവരുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നവർ ഒരുകൈ ഉടവാളിൽ ഉറപ്പിച്ചുപിടിച്ചാണ് മറുകൈ നീട്ടുന്നത്. പ്രണയത്തിൽ ലൗ ജിഹാദ് കണ്ടവർ, കൊറോണ വൈറസിൽ മതം കണ്ടവർ വരുന്നു അരമനകൾ തേടി. അടിസ്ഥാനപരമായ വീക്ഷണത്തിൽ ഇപ്പോഴും മാറ്റംവരുത്താത്തവരുടെ സന്ദർശനപ്പെരുമ ശവപ്പെട്ടിയിൽ സമർപ്പിക്കുന്ന ആദരാഞ്ജലിപ്പൂക്കളല്ലാതെ മറ്റെന്താണ്.

സീസറും ദൈവവും ഒന്നല്ല. വോട്ടു ചെയ്യുന്നത് ഏറ്റവും നല്ല ദൈവത്തെ കണ്ടെത്താനല്ല, ഏറ്റവും മികച്ച ഭരണത്തിനുവേണ്ടിയാണ്.

ദൈവത്തിന്  മനുഷ്യന്റെ കുപ്പായം ഒരുപക്ഷെ ഇണങ്ങിയേക്കാം. എന്നാൽ, മനുഷ്യന് ഒരിക്കലും ദൈവത്തിന്റെ കുപ്പായം ഇണങ്ങില്ല. രാജാവും പ്രവാചകനും എന്നും രണ്ടാണ്. മരുഭൂമിയിൽനിന്ന് സത്യം വിളിച്ചുപറയുന്നവനാണ് പ്രവാചകൻ. സിംഹാസനത്തിൽ അമർന്നിരിക്കുന്നവനാണ് രാജാവ്. ഇതിന്റെ കൃത്യമായ വേർതിരിവ് വേദപുസ്തകത്തിൽ യേശുക്രിസ്തു പറയുന്നു, ‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും'. സീസറും ദൈവവും ഒന്നല്ല. വോട്ടു ചെയ്യുന്നത് ഏറ്റവും നല്ല ദൈവത്തെ കണ്ടെത്താനല്ല, ഏറ്റവും മികച്ച ഭരണത്തിനുവേണ്ടിയാണ്.

ആത്മീയതയിലൂന്നി മതനിരപേക്ഷ ഹിന്ദുവിനെ സൃഷ്ടിക്കുകയായിരുന്നു മഹാത്മാഗാന്ധി. രാഷ്ട്രീയത്തിലെ അത്യസാധാരണമായ പരീക്ഷണമായിരുന്നു അത്. അധികാരത്തിലൂന്നി വർഗീയ ഹിന്ദുവിനെ സൃഷ്ടിക്കുകയായിരുന്നു ഹിന്ദുത്വശക്തികൾ. ഇറ്റലിയിലെ ഫാസിസ്റ്റ് സർവകലാശാലകളിൽ ഇതിന് മാതൃകകളുണ്ടായിരുന്നു. അവരുടെ വേഷവിതാനം പകർത്തി, അവരുടെ മനഃശാസ്ത്രം പകർത്തി, അവരുടെ ബോധനരീതി പകർത്തി ‘ആർഷഭാരതം'എന്നപേരിൽ അവതരിപ്പിച്ചു. ഈ ‘ആർഷഭാരതത്തിന്റെ' ധർമഭടൻ മഹാത്മാവിനോട് ചേർന്നുനിന്ന് ആ നെഞ്ചിലേക്ക് നിറയൊഴിച്ചു. ക്രിസ്ത്യാനി ആക്രമിക്കപ്പെടുമ്പോൾ, മുസ്ലിം ആക്രമിക്കപ്പെടുമ്പോൾ, ദളിതർ ആക്രമിക്കപ്പെടുമ്പോൾ, സിഖുകാർ ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യയാണ് ആക്രമിക്കപ്പെടുന്നത്. കാലങ്ങളായി ഇവിടെ ജനിച്ചുവളർന്നവരുടെ തലമുറയാണ് ആക്രമിക്കപ്പെടുന്നത്.

ഇവിടത്തെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള, ഇവിടത്തെ റേഷൻ കാർഡിൽ പേരുള്ള പൗരന്മാരാണ് ആക്രമിക്കപ്പെടുന്നത്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഒരു രാഷ്ട്രമാണ് പരാജയപ്പെടുന്നത്. രാഷ്ട്രം നയിക്കുന്നവരാണ് സമൂഹത്തെ ഛിന്നഭിന്നമാക്കുന്നത്. ഈ രാജ്യത്തിന്റെ അസ്ഥിവാരത്തിൽ മഹാത്മാവിന്റെ സ്പന്ദിക്കുന്ന ചിതാഭസ്മമുണ്ട്. വെടിയേറ്റ് മരിച്ചപ്പോൾ ആ ദുർബല ശരീരത്തിൽനിന്നും അവസാനമായി വീണ വാക്കുകൾ ‘ഹേ... റാം' എന്നായിരുന്നു. അയോധ്യയിലെ പള്ളിയുടെ അവസാന താഴികക്കുടവും പതിക്കുമ്പോൾ കർസേവകർ ആർത്തുവിളിച്ചതും രാമന്റെ പേരിലാണ് ‘ജയ് ശ്രീറാം'. ഏത് രാമനാണ് ശരി. ഏത് രാമരാജ്യമാണ് വരേണ്ടത്. ഗാന്ധിയുടെ ചോരയ്‌ക്ക് ആരുടെ ചോരയുമായാണ് സാമ്യം? കുരിശിൽ പിടഞ്ഞ ക്രിസ്തുവിന്റെ ചോര, കുരുതിക്കളങ്ങളിലെ കുറുനരികളുടെ നാവിലൂറുന്ന ചോര... അരമനകളിലേക്ക്‌ സംഘപരിവാർ സംഘങ്ങൾ എത്തുമ്പോൾ എല്ലാവരും ഇതെല്ലാം ഓർത്തിരുന്നെങ്കിൽ ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top