30 January Monday

നിലംപൊത്തുന്ന ജനാധികാരം

സുനില്‍ പി ഇളയിടംUpdated: Monday Oct 24, 2022

ഫാസിസത്തിന്റെ സ്വഭാവവിശദീകരണം നടത്തിയ മിക്കവാറും സാമൂഹ്യചിന്തകർ ഏറ്റവുമധികം ഊന്നൽ നൽകിയിട്ടുള്ളത് അതിന്റെ തീവ്ര ദേശീയസ്വഭാവത്തിനാണ്. അതിതീവ്ര ദേശീയതയെ മറയാക്കി സമൂഹത്തെ വിഭജിക്കുകയും രാജ്യത്തിനകത്തുതന്നെ ആഭ്യന്തരശത്രുക്കളെ കൃത്രിമമായി സൃഷ്ടിക്കുകയുമാണ് ഫാസിസം ചെയ്യുന്നതെന്ന് പ്രമുഖരായ സാമൂഹ്യശാസ്ത്രജ്ഞർ പലരൂപത്തിൽ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ സൈനികവൽക്കരണത്തിനും ജനാധിപത്യഹിംസയ്ക്കും ഈ തീവ്ര ദേശീയത വ്യാപകമായി ഉപയോഗിക്കപ്പെടുമെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ, ഫാസിസത്തിന്റെ അവതാരകരിലൊരാളായ മുസോളിനി അതിന്റെ അടിസ്ഥാനപ്രമാണങ്ങൾ വിശദീകരിക്കുന്ന സന്ദർഭത്തിൽ ഇതിൽനിന്ന് വ്യത്യസ്തമായ മറ്റൊരാശയത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. ഫാസിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ ((Doctrines of Fascism) എന്ന രചനയിൽ "മൂലധനവും ഭരണകൂടവും തമ്മിലുള്ള സമ്പൂർണമായ ഐക്യം' എന്ന് ഫാസിസത്തെ മുസോളിനി വിശദീകരിക്കുന്നതു കാണാം. മുതലാളിത്തവുമായി ഫാസിസത്തിനുള്ള നാഭീനാളബന്ധത്തെ വെളിപ്പെടുത്തുന്ന ഒരു വിശദീകരണമാണത്.

മൂലധനതാൽപ്പര്യത്തിന്‌  കീഴടങ്ങുമ്പോൾ

സാധാരണനിലയിൽ ജനാധിപത്യഭരണകൂടത്തിന് മൂലധനതാൽപ്പര്യങ്ങളുമായി നൂറുശതമാനം ഐക്യം കൈവരുക സാധ്യമല്ല. മൂലധനശക്തികൾ എല്ലായ്‌പ്പോഴും അമിതമായ ലാഭത്തിനും കേവലമായ മൂലധനവളർച്ചയ്ക്കും വേണ്ടിമാത്രം നിലകൊള്ളുന്നവയായതിനാൽ അതും ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളും തമ്മിൽ എപ്പോഴും വലിയ അകലമുണ്ടായിരിക്കും. മൂലധനതാൽപ്പര്യങ്ങൾക്ക് ഭരണകൂടം ഏകപക്ഷീയമായി കീഴടങ്ങിയാൽ അത് വലിയ ജനരോഷത്തിന് കാരണമാകും. പലപ്പോഴും അത് ആ ഭരണകൂടത്തിന്റെ നിലംപൊത്തലിലേക്ക് നയിക്കുകയും ചെയ്യും.

ഈ വൈരുധ്യത്തെ മറികടന്ന് മൂലധനതാൽപ്പര്യങ്ങളെ സമ്പൂർണമായി പിന്തുണയ്ക്കുന്നതിന് ഫാസിസം സ്വീകരിക്കുന്ന മറകൂടിയാണ് അതിതീവ്ര ദേശീയതയും ആഭ്യന്തരശത്രുക്കളെന്ന ആശയവും. ഇത്തരം പ്രമേയങ്ങളെ രാഷ്ട്രീയസംവാദങ്ങളുടെ കേന്ദ്രത്തിൽ ഉറപ്പിച്ചു നിർത്താനായാൽ, ജനജീവിതത്തെ നിർണായകമായി ബാധിക്കുന്ന സാമ്പത്തികചൂഷണം ചർച്ചയിൽനിന്ന് പിൻവാങ്ങും. മൂലധനശക്തികളും ഭരണകൂടവും കൈകോർത്തു നടത്തുന്ന കൊടിയ സാമ്പത്തികചൂഷണം ജനങ്ങൾക്കിടയിൽ ഉളവാക്കുന്ന രോഷത്തെ വഴിതിരിച്ചുവിടാൻ ഇതവരെ സഹായിക്കും. ഭീമാകാരമായ മുതലാളിത്തചൂഷണത്തിന്റെ ഇരകൾ അതിനു പിന്നിലെ യഥാർഥ പ്രതിയെ കാണാതെപോകും. ആഭ്യന്തരശത്രുക്കളായി ഫാസിസ്റ്റുകൾ അവതരിപ്പിക്കുന്ന ന്യൂനപക്ഷങ്ങളും ഇതര വംശ– -വർണ വിഭാഗങ്ങളുമാണ് പ്രതിസന്ധികൾക്ക് കാരണമെന്ന് നിരന്തരമായി ഫാസിസ്റ്റുകൾ വാദിച്ചുറപ്പിക്കും. പൊതുജീവിതവും സാമൂഹ്യസംവാദങ്ങളും ഇങ്ങനെ വെട്ടിപ്പിളർക്കപ്പെടുന്നതോടെ മൂലധനശക്തികൾക്കുമുന്നിലുള്ള ഭരണകൂടത്തിന്റെ സമ്പൂർണമായ കീഴടങ്ങൽ രാഷ്ട്രീയജീവിതത്തിൽ പ്രധാന പ്രമേയമല്ലാതാകും.

സാമ്പത്തികത്തളർച്ചയും ശതകോടീശ്വരൻമാരും


സമീപകാല ഇന്ത്യയുടെ ചരിത്രത്തിലേക്ക് വെറുതെ കണ്ണോടിച്ചാൽപ്പോലും ഈ ഗതിപരിണാമത്തിന്റെ ചിത്രങ്ങൾ നമുക്ക് കാണാനാകും. ജനാധികാരത്തിൽ അധിഷ്ഠിതമായ രാഷ്ട്രമെന്ന ആശയം റദ്ദാകുന്നതിന്റെയും മൂലധനശക്തികളും ഭരണകൂടവും തമ്മിലുള്ള സമ്പൂർണ ഐക്യമെന്ന മുസോളിനിയുടെ ഫാസിസ്റ്റ് നിർവചനം നടപ്പാകുന്നതിന്റെയും ചിത്രമാണ് അത് നമുക്കു മുന്നിൽ തുറന്നുവയ്ക്കുന്നത്. ഫാസിസ്റ്റ് സാമ്പത്തികയുക്തിയുടെ വിനാശകരമായ നിർവഹണസ്ഥാനമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നതിന്റെ ചിത്രം. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി വളർന്നുവെന്ന് ഭരണകൂടം വലിയതോതിൽ മേനിപറയുന്ന കാലമാണിത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾക്കു പിന്നിൽ അഞ്ചാംസ്ഥാനത്തേക്ക് ഇന്ത്യ എത്തിയിരിക്കുന്നുവെന്നും അത് പുരോഗതിയുടെ വലിയ അടയാളമാണെന്നും ഭരണകൂടശക്തികൾ മേനിനടിക്കുന്നുണ്ട്. എന്നാൽ, ഇതിനിടയിൽ സമ്പത്തിന്റെ കാര്യത്തിൽ അഞ്ചാംസ്ഥാനത്തുള്ള ഇന്ത്യ പ്രതിശീർഷവരുമാനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ 145–-ാം സ്ഥാനത്താണെന്ന തീവ്രവൈരുധ്യം മറച്ചുവയ്ക്കപ്പെടുന്നു. 1928 ഡോളറാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാനം. അതിധനികരുടെ സമ്പത്ത് ഭീമമായി വളരുമ്പോഴും ജനങ്ങൾ ദരിദ്രരായി തുടരുന്നു എന്നർഥം. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ എഴുപത്തേഴ് ശതമാനവും പത്തുശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ധനികനായ അദാനിയുടെ പ്രതിദിന വരുമാനവർധന 1612 കോടി രൂപയായിരുന്നു എന്നോർക്കണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അദാനിയുടെ സ്വത്തിലുണ്ടായത് 1440 ശതമാനം വളർച്ചയാണ്. ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ എണ്ണം ഏപ്രിലിൽ 166 ആയി ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയും ആഗോളതലത്തിലെ സാമ്പത്തികമാന്ദ്യമൊന്നും അതിസമ്പന്നരുടെ പെരുപ്പത്തെയോ അവരുടെ സമ്പത്തിന്റെ വളർച്ചയെയോ ബാധിച്ചിട്ടില്ല. ഓക്സ്ഫാമിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഒരു ദശകത്തിൽ അതിധനികരുടെ സമ്പത്ത് പത്തുമടങ്ങായി വർധിച്ചു.

2018–-19 കാലത്ത് അതിന്റെ മൂല്യം 24,42,200 കോടി രൂപയാണ്! പുതിയ സമ്പത്തിന്റെ 73 ശതമാനവും അതിസമ്പന്നരുടെ കൈകളിലെത്തുമ്പോൾ ജനസംഖ്യയുടെ നേർപകുതി വരുന്ന 67 കോടി മനുഷ്യരുടെ സമ്പത്ത് വളരുന്നത് ഒരു ശതമാനമാണ്! സമ്പത്തിന്റെ പെരുപ്പത്തോടൊപ്പം അസമത്വവും അതിഭീമമായി പെരുകുന്നു. കോർപറേറ്റ് മൂലധനത്തിന്റെ പിന്നണിപ്പാട്ടുകാർ മാത്രമായി മാറിയ ഫാസിസ്റ്റ് ഭരണകൂടം ആഴമേറിയ ഈ വൈരുധ്യത്തെ വർഗീയവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പുകകൊണ്ട് മൂടുകയും ചെയ്യുന്നു! മൂലധനതാൽപ്പര്യങ്ങളും ഭരണകൂടവും തമ്മിലുള്ള സമ്പൂർണ ഐക്യം അങ്ങനെ സാക്ഷാൽകൃതമാകുകയും ചെയ്യുന്നു.

സൂചികകളിൽ തെളിയുന്ന രാജ്യം

വൻതോതിലുള്ള മൂലധനവളർച്ചയുടെ ഈ സന്ദർഭത്തിലും സാധാരണ മനുഷ്യരുടെ ജീവിതത്തിന് എന്തു സംഭവിക്കുന്നു എന്നതിലേക്ക് വെളിച്ചംവീശുന്ന കണക്കുകൾ മറുപുറത്തുണ്ട്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായിരിക്കെത്തന്നെ, ആഗോളപട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 107 ആണ്. 121 രാജ്യത്തെ മുൻനിർത്തി തയ്യാറാക്കിയ പട്ടികയാണത്. 20 കോടി ജനങ്ങൾ പ്രാഥമിക ഭക്ഷണലഭ്യതയില്ലാത്തവരായി ഇപ്പോൾ ഇന്ത്യയിലുണ്ട്. ഭക്ഷ്യ അരക്ഷിതത്തിന്റെ കാര്യത്തിൽ ‘ഗുരുതരം' എന്ന വിഭാഗത്തിലാണ് ഇപ്പോൾ ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.

സമാനമായ സ്ഥിതി മിക്കവാറും എല്ലാ ജീവിതനിലവാര സൂചികകളിലും കാണാനാകും. 109 രാജ്യത്തെ മുൻനിർത്തി തയ്യാറാക്കിയ ആഗോള ദാരിദ്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 66 ആണ്. ഐക്യരാഷ്ട്ര സംഘടനയുടെ മാനവ വികസന സൂചികയിൽ 132–-ാം സ്ഥാനത്താണ് ഇന്ത്യയിപ്പോഴുള്ളത്. ജനജീവിതത്തിന്റെ പൊതുവായ സംതൃപ്തിയെ വിലയിരുത്തുന്ന ഐക്യരാഷ്ട്ര സംഘടനയുടെതന്നെ സന്തോഷ സൂചികയിൽ 139–-ാം സ്ഥാനത്തും (2021). സ്ത്രീസുരക്ഷാ സൂചികയിൽ 2020ൽ ഇന്ത്യയുടെ സ്ഥാനം 140 ആണ്. ലിംഗപദവിയിലെ അസമത്വം രേഖപ്പെടുത്തുന്ന ആഗോളതലത്തിലെ ജെൻഡർ ഗ്യാപ് ഇൻഡക്സ് അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം 140 ആണ്. 2014ലെ 114–-ാം സ്ഥാനത്തുനിന്നാണ് ഏഴുവർഷംകൊണ്ട് നമ്മൾ 140–-ാം സ്ഥാനത്തേക്ക് താണത്. 156 രാജ്യത്തെ മുൻനിർത്തി വേൾഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യക്ക്‌ ഈ 140–-ാം സ്ഥാനമുള്ളത് എന്നതുകൂടി ഇതോടൊപ്പം മനസ്സിലാക്കണം.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാനവമൂലധന സൂചികയിൽ 2013ൽ ഇന്ത്യ 78–-ാം സ്ഥാനത്തായിരുന്നു. നാലുവർഷം പിന്നിട്ട് 2017ൽ എത്തുമ്പോൾ അത് 103 ആയി. ലോകബാങ്കിന്റെ മാനവ മൂലധന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 116 ആണ് (2020). സുസ്ഥിരവികസന സൂചികയിൽ ഇന്ത്യ 2016ലെ 110–-ാം സ്ഥാനത്തുനിന്ന് 2020ൽ 116–-ാം സ്ഥാനത്തേക്ക് താണു. യുവജന വികസന സൂചികയിൽ 122–-ാം സ്ഥാനവും സമാധാന സൂചികയിൽ 135–-ാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്.

വ്യത്യസ്തങ്ങളായ ഈ ജീവിതസൂചികകൾ വെളിപ്പെടുത്തുന്ന സുപ്രധാനമായ ഒരു കാര്യമുണ്ട്. പിന്നിട്ട മൂന്ന് പതിറ്റാണ്ടിലെ അതിഭീമമായ മൂലധനവളർച്ച ഇന്ത്യയുടെ സാമാന്യജനതയുടെ ജീവിതനിലവാരത്തിൽ ഗുണപരമായ മാറ്റങ്ങളൊന്നും ഉളവാക്കിയില്ല. ദാരിദ്ര്യംമുതൽ യുവജനവികാസവും ലിംഗസമത്വവുംവരെയുള്ള മേഖലകളിൽ മുമ്പുള്ളതിനേക്കാൾ താണനിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തുകയാണ്. അതേസമയം മറുഭാഗത്ത് അതിഭീമമായ മൂലധനകേന്ദ്രീകരണം അരങ്ങേറുകയും ചെയ്യുന്നു. ഒരുവർഷം രാജ്യത്തുണ്ടാകുന്ന സമ്പത്തിന്റെ 73 ശതമാനവും അതിസമ്പന്നരായ ഒരുശതമാനത്തിന്റെ കൈയിലെത്തുന്നു എന്നതാണ് 2021ലെ ഓക്സ്ഫാം റിപ്പോർട്ട് പറയുന്നത്. അതേസമയം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ നേർപകുതി വരുന്ന 67 കോടി ജനങ്ങളുടെ സമ്പത്തിൽ ഉണ്ടായ വളർച്ച ഒരു ശതമാനം മാത്രവും. ലോകത്തെ തീവ്ര മുതലാളിത്ത രാജ്യങ്ങളിൽ അരങ്ങേറുന്നതിനേക്കാൾ തീവ്രവും മാരകവുമായ വേഗത്തിലാണ് ഇന്ത്യയിൽ ചുരുക്കം കുത്തകകളുടെ കൈയിലേക്ക് മൂലധനം കടന്നുകൂടുന്നത്.

മാധ്യമങ്ങളുടെ ഇടം

സമ്പത്തിന്റെ മേഖലയിൽ നടക്കുന്ന ഈ ക്രിമിനൽ കൊള്ളയ്ക്ക് അങ്ങേയറ്റം തുണനിൽക്കുന്ന മറ്റൊരു ഘടകംകൂടി മേൽപ്പറഞ്ഞ സൂചികകളിലുണ്ട്. അത് പത്രസ്വാതന്ത്ര്യത്തിന്റേതാണ്. ആഗോളമാധ്യമസ്വാതന്ത്ര്യ സൂചികയിൽ 2021ൽ ഇന്ത്യയുടെ സ്ഥാനം 180 ആണ്! ഫാസിസ്റ്റ് പ്രകൃതം കൈവരിച്ച ഭരണകൂടവും മൂലധനക്കുത്തകകളും കൈകോർത്തുനിന്ന് മാധ്യമങ്ങളെ വിഴുങ്ങിക്കഴിഞ്ഞു എന്നർഥം. അതുകൊണ്ടുതന്നെ ജീവിതയാഥാർഥ്യങ്ങളുടെ നേർച്ചിത്രങ്ങളൊന്നും തെളിയാത്ത ശബ്ദഘോഷങ്ങളുടെ ലോകമായി മാധ്യമമണ്ഡലം മാറിക്കഴിഞ്ഞിരിക്കുന്നു. അതിഭീമമായ അധികാരകേന്ദ്രീകരണങ്ങളും ഭരണഘടനാ വിരുദ്ധതയും മനുഷ്യാവകാശധ്വംസനങ്ങളും ജനാധിപത്യഹിംസയും നിർബാധം അരങ്ങേറുമ്പോൾ അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത മാധ്യമമണ്ഡലമാണ് ഇപ്പോഴുള്ളത്. പ്രൊഫ. ഇർഫാൻ ഹബീബിനെപ്പോലൊരു മഹാമനീഷിയെ ‘ഗുണ്ട'യെന്ന് വിശേഷിപ്പിക്കുന്നതിനെ നിശ്ശബ്ദമായി പിൻപറ്റാനും ബിരിയാണിച്ചെമ്പിന്റെ കുഴിമാടം തിരയാനും പുറപ്പെടുന്ന മാധ്യമലോകം ഈ സന്ദർഭത്തിന്റെ ഉൽപ്പന്നമാണ്. ജനാധിപത്യത്തിന്റെ നാലാംതൂൺ എന്നതിൽനിന്ന് ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും കോർപറേറ്റ് മൂലധനത്തിന്റെയും കാവലാൾ എന്ന പദവിയിലേക്ക് മാധ്യമലോകം കൂപ്പുകുത്തി. മാധ്യമസ്വാതന്ത്ര്യസൂചികയിലെ ഇന്ത്യയുടെ 180–-ാം സ്ഥാനത്തിന്റെ അർഥം ഇതാണ്.

ഇങ്ങനെ മനസ്സിലാക്കിയാൽ മൂലധനവളർച്ചയും സാമാന്യജനതയുടെ ജീവിതവികാസവും തമ്മിലുള്ള അതിഭീമമായ വിടവാണ് കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ വികസിച്ചുവന്നതെന്ന് വ്യക്തമാകും. രാജ്യം അവിടത്തെ ജനങ്ങളല്ല, മറിച്ച് അവിടെയുള്ള അതിസമ്പന്നർ മാത്രമാണെന്ന നിലയിലേക്ക് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ നാം എത്തിച്ചേർന്നിരിക്കുന്നു. മുതലാളിത്ത വളർച്ചയുടെ സർവനാശകമായ ഈ സ്വഭാവത്തെക്കൂടിയാണ് ഇന്ത്യയിലെ വർഗീയഫാസിസം പ്രതിനിധാനംചെയ്യുന്നത്‌. ഫാസിസ്റ്റ് വിരുദ്ധ സമരങ്ങൾ അനിവാര്യമായും കോർപറേറ്റ് കൊള്ളയ്ക്കെതിരായ സമരങ്ങൾ കൂടിയായിത്തീരുന്നതും അതുകൊണ്ടാണ്. നിലംപൊത്തുന്ന രാജ്യത്തെയും നിലംപൊത്തുന്ന ജനാധിപത്യത്തെയും വീണ്ടെടുക്കാനുള്ള ഏക പോംവഴിയും ഈ സമരങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top