01 October Sunday

സനാതനഹിന്ദുവും സംഘപരിവാർ അജൻഡയും - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2023

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രസ്താവിച്ച വാർത്ത മാധ്യമങ്ങളിൽ വരികയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ കഴുത്തുവെട്ടിയാൽ കോടികൾ ഇനാമായി നൽകാമെന്ന് അയോധ്യയിലെ ജഗദ്ഗുരു പരമഹൻസ് ആചാര്യ എന്ന സന്യാസി  പ്രഖ്യാപിക്കുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരും ഈ സാഹചര്യത്തിൽ  ഇടപെട്ട് ഹിന്ദുവിരുദ്ധമായ പ്രസ്താവനകളാണ് ഉദയനിധിയുടേതെന്നും പ്രചരിപ്പിക്കുന്ന നിലയുണ്ടായി. യ

തമിഴ്നാട്ടിൽ  അടുത്തകാലത്തായി നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വേണം ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ വിലയിരുത്താൻ. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ സർക്കാർ നടത്തുന്ന അന്നദാനത്തിൽ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തിൽപ്പെട്ടവരെ ജീവനക്കാർ കമ്പുകൊണ്ട് അടിച്ചോടിച്ചു. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയിൽ നൽകാമെന്നും നിർദേശിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട തമിഴ്നാട് സർക്കാർ സംഭവത്തിൽ ഇടപെടുകയും മന്ത്രി ഇവർക്കൊപ്പം ക്ഷേത്രത്തിൽ വന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. തമിഴ്നാട് സർക്കാർ നടപ്പാക്കിയ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയിൽ ദളിത് സ്ത്രീ ഭക്ഷണം പാചകം ചെയ്യുന്നുവെന്നതിന്റെ പേരിൽ ബഹിഷ്കരിക്കുന്ന നടപടിയുണ്ടായി. ഇക്കാര്യത്തിലും തമിഴ്നാട് സർക്കാർ ഇടപെട്ടു. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടുവേണം ഈ ചർച്ചയെ സമീപിക്കാൻ.

സനാതന ധർമത്തിനെതിരെയുള്ള നീക്കം ഹിന്ദുമതത്തിനെതിരായുള്ളതാണെന്നാണ് ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നവർ പറയുന്നത്. ചാതുർവർണ്യമെന്നത് സനാതനഹിന്ദു എന്ന കാഴ്ചപ്പാടിന്റെ ഭാഗമല്ലെന്നുള്ള അവകാശവാദമാണ് മറ്റു ചിലർ മുന്നോട്ടുവയ്ക്കുന്നത്. സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച ഗാന്ധിജി ചാതുർവർണ്യത്തെ ഒരു തൊഴിൽ വിഭജനത്തിന്റെ ഭാഗമെന്ന നിലയിൽ കണ്ട് അംഗീകരിച്ചിരുന്നു. അതായത് സനാതന വിശ്വാസത്തിന്റെ ഭാഗമായാണ്‌ ചാതുർവർണ്യത്തെ ഗാന്ധിജി വിലയിരുത്തിയത്. ഹിന്ദുമതത്തിനകത്തെ ചാതുർവർണ്യവും അതിന്റെ തുടർച്ചയിൽ  ഉയർന്നുവന്ന ജാതിവ്യവസ്ഥയും സൃഷ്ടിച്ച മനുഷ്യത്വരഹിതമായ സമീപനങ്ങളെ മറികടക്കുന്നതിനുള്ള ഇടപെടലാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തവർ പ്രധാനമായും നടത്തിയത്.

ചാതുർവർണ്യത്തിന്റെ അടിസ്ഥാനമായ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നത് ഋഗ്വേദത്തിലാണ്. ഇതിൽ വിരാട്‌പുരുഷന്റെ തലയിൽനിന്നും ബ്രാഹ്മണനും കൈകളിൽനിന്ന് ക്ഷത്രിയനും ഊരുക്കളിൽനിന്ന് വൈശ്യനും കാലടിയിൽനിന്ന് ശൂദ്രനും ഉണ്ടായി എന്ന കാഴ്ചപ്പാടാണ്‌ മുന്നോട്ടുവയ്ക്കുന്നത്. ഇതിനകത്ത് പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾ വരുന്നതുമില്ല. ബ്രാഹ്മണ മേധാവിത്വം കൊടികുത്തിവാണിരുന്ന കാലത്ത് അവർ പ്രചരിപ്പിച്ച ആശയഗതിക്കെതിരെ ബുദ്ധൻ ശക്തമായ നിലപാട് സ്വീകരിച്ചു. ബ്രാഹ്മണർ അവരവരുടെ അമ്മമാർ പ്രസവിച്ചാണ് ഉണ്ടാകുന്നതെന്നും മാത്രമല്ല, അവർക്കെല്ലാം ആർത്തവം ഉണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വിരാട്‌ പുരുഷനെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ കാഴ്ചപ്പാട് ഗോൾവാൾക്കറും വിചാരധാരയിൽ ചേർക്കുന്നുണ്ട്. ചാതുർവർണ്യ വ്യവസ്ഥയെയും അതിന്റെ ഭാഗമായി രൂപപ്പെട്ട ജാതിവ്യവസ്ഥയെയും ശക്തമായി പിന്തുണയ്ക്കുകയാണ് ഗോൾവാൾക്കർ ചെയ്തത്. ജാതിവ്യവസ്ഥകൾ ദുർബലപ്പെട്ടതാണ് ഇന്ത്യ വിദേശ ആക്രമണത്തിന് വിധേയമായത് എന്നുപോലും അതിൽ രേഖപ്പെടുത്തുന്നുണ്ട്.


 

ഗാന്ധിജി സനാതനഹിന്ദു എന്നനിലയിൽ ചാതുർവർണ്യവ്യവസ്ഥയെ തൊഴിൽവിഭജനമായി കണ്ടിരുന്നു. തൊഴിൽ വിഭജനം എന്നനിലയിൽ കണ്ട് ചാതുർവർണ്യം രൂപപ്പെട്ട രീതിയെ അംഗീകരിക്കുകയും അതേസമയം അതിന്റെ ഭാഗമായി രൂപപ്പെടുന്ന ഉച്ചനീചത്വങ്ങളെ എതിർക്കുകയും ചെയ്യുന്ന കാഴ്ചപ്പാടായിരുന്നു ഗാന്ധിജിയുടേത്. അയിത്തത്തിനെതിരായി നിലപാടെടുത്ത ഗാന്ധിജിക്ക് പുണെ മുനിസിപ്പാലിറ്റി സ്വീകരണം നൽകിയപ്പോൾ സനാതനികൾ എന്ന് അവകാശപ്പെടുന്ന വിഭാഗം ബോംബ് എറിയുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. എല്ലാ തൊഴിലുകൾക്കും അതിന്റേതായ മഹത്വമുണ്ടെന്നു പറഞ്ഞ് തൊഴിൽ വിഭജനത്തിന്റെ കീഴ്‌മേൽ ബന്ധങ്ങളെ മറികടക്കാൻ ഗാന്ധിജി ശ്രമിക്കുന്നുണ്ട്. കക്കൂസ് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എല്ലാവരും ചെയ്യണമെന്ന കാഴ്ചപ്പാടിനു പിന്നിലുള്ളത് ഇതാണ്. ചാതുർവർണ്യത്തിന്റെ നിർവചനങ്ങളിൽപ്പെടാത്ത പട്ടികജാതി / പട്ടികവർഗക്കാരെ ‘ദൈവത്തിന്റെ ജനങ്ങൾ’ എന്ന അർഥം വരുന്ന ഹരിജനങ്ങൾ എന്നുവിളിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അവസാനകാലമാകുമ്പോഴേക്കും ജാതീയതയ്‌ക്കെതിരെ കൂടുതൽ ശക്തമായ നിലപാടുകളിലേക്ക് ഗാന്ധിജി എത്തിച്ചേരുന്നുണ്ട്.

സ്വാമി വിവേകാനന്ദൻ ചാതുർവർണ്യവും ജാതിവ്യവസ്ഥയും സൃഷ്ടിച്ച രീതികളെ മറികടക്കാനുള്ള നിലപാട് സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത് ശൂദ്രഭരണമാണെന്നും അത് മറ്റേത് വ്യവസ്ഥകളേക്കാളും മെച്ചപ്പെട്ടതാണെന്നും വിവേകാനന്ദൻ പറയുന്നത്. കച്ചവടത്തിലും വ്യവസായത്തിലും ഊന്നിനിൽക്കുന്ന മുതലാളിത്ത കാലത്തെ വൈശ്യരുടെ ഭരണമായാണ് അദ്ദേഹം കണ്ടത്. ഹിന്ദുവിശ്വാസികളായി ഇരിക്കുമ്പോൾത്തന്നെ അതിനകത്തെ ജാതിവിവേചനങ്ങളെ മറികടക്കുന്നതിന് തങ്ങളുടേതായ ഇടപെടൽ ഇവർ നടത്തുന്നുണ്ട്.

തമിഴ്നാട്ടിലെ ജാതീയമായ അടിച്ചമർത്തലിനെ സനാതന ഹിന്ദുവിന്റെ പേരുപറഞ്ഞ് ന്യായീകരിക്കുന്ന ശ്രമങ്ങൾക്കെതിരെയാണ് ഉദയനിധി സ്റ്റാലിൻ തമിഴ്നാട് റൈറ്റേഴ്സ് ഫോറത്തിൽ പ്രസംഗിച്ചത്. ഈ പ്രഖ്യാപനം ഹിന്ദുമതത്തിനെതിരായാണെന്ന് വ്യാഖ്യാനിക്കാനാണ് ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ തമിഴ്നാട്ടിൽ ഉയരുന്ന പ്രതിരോധത്തെ ദുർബലപ്പെടുത്താൻ കഴിയുമോ എന്ന രാഷ്ട്രീയ അജൻഡയാണ് ഈ വിവാദത്തിനു പിന്നിലുള്ളത്. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച പെരിയോരുടെ ആശയങ്ങളിൽനിന്നാണ് ദ്രാവിഡ പ്രസ്ഥാനങ്ങൾ ഊർജം സ്വീകരിച്ചത്.

മനുഷ്യരെ മനുഷ്യരായി കണ്ട് യോജിപ്പിച്ച് മുന്നോട്ടുപോകുന്നതിനുള്ള ആശയ പശ്ചാത്തലം രൂപപ്പെടുത്തുകയായിരുന്നു നവോത്ഥാന പ്രസ്ഥാനങ്ങൾ. മതത്തെ ആധുനിക ലോകത്തിന്റെ വികാസവുമായി ബന്ധപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ചത്.

ഗാന്ധിജിയെ വധിക്കുന്നതിന് ഗോഡ്സേ പറഞ്ഞ ഒരു പ്രധാന കാരണം ഗാന്ധിജി ഹിന്ദുമതത്തെ അഹിംസ എന്ന ആശയവുമായി ബന്ധപ്പെടുത്തി അതിന്റെ സമരോത്സുകതയെ ഇല്ലാതാക്കി എന്നതായിരുന്നു. ബഹുസ്വരതയെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന മതമായാണ് ഗാന്ധിജിയും വിവേകാനന്ദനുമെല്ലാം ഹിന്ദുമതത്തെ വിഭാവനം ചെയ്തത്. അതുകൊണ്ടാണ് ഷിക്കാഗോ പ്രസംഗത്തിൽ ബഹുസ്വരതയാണ് നാടിന്റെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞത്. ഹിന്ദുമത വിശ്വാസിയല്ലാത്ത ആളുകൾക്ക് മോക്ഷം കിട്ടില്ലെന്ന് ഹിന്ദുപുരാണങ്ങളിൽ എവിടെയെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാണിക്കാൻ വെല്ലുവിളിച്ചത് ഈ പശ്ചാത്തലത്തിലാണ്. എല്ലാ മതഗ്രന്ഥങ്ങളും പ്രാർഥനാ യോഗങ്ങളിൽ കൊണ്ടുവന്ന ഗാന്ധിജിയുടെ നിലപാട് ഇതിനു സമാനമായിരുന്നു. നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച കാഴ്ചപ്പാട് ജാതീയമായ എല്ലാ ഉച്ചനീചത്വങ്ങളെയും ചാതുർവർണ്യത്തെയും ഉന്മൂലനംചെയ്ത് മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നു പ്രഖ്യാപിച്ച് സഹോദരൻ അയ്യപ്പൻ ദൈവനിഷേധം നടത്തുന്നു എന്ന കാര്യം ശ്രീനാരായണ ഗുരുവിനോട് ആരോ അറിയിച്ചു, അതിന് ശ്രീനാരായണ ഗുരു നൽകിയ മറുപടി അയ്യപ്പന്റെ പ്രവൃത്തിയിൽ ദൈവമുണ്ടെന്നായിരുന്നു. സ്വാമി വിവേകാനന്ദൻ വിശക്കുന്നവന് വേദാന്തമല്ല ഭക്ഷണമാണ് വേണ്ടതെന്ന് പ്രഖ്യാപിച്ചു, ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് ആരെങ്കിലും വിലപറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. വൈവിധ്യങ്ങളെ ഉൾക്കൊണ്ട് ചരിത്രത്തിന്റെ മുന്നോട്ടുപോക്കിൽ  രൂപപ്പെട്ട ഹിന്ദുമതത്തെ ഏകശിലാ രൂപമാക്കി മാറ്റാനുള്ള ഇടപെടലാണ് ഹിന്ദുത്വശക്തികൾ നടത്തുന്നത്.

നവോത്ഥാന ആശയങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് പെരിയോർ എന്നുവിളിക്കപ്പെടുന്ന ഇ വി  രാമസ്വാമി നായ്ക്കർ തമിഴ്നാട്ടിൽ പ്രവർത്തിച്ചത്. വൈക്കം സത്യഗ്രഹത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. മനുഷ്യരെ പരസ്പരം അകറ്റുന്ന ആശയഗതിയെന്ന നിലയിൽ ജാതിവ്യവസ്ഥയ്ക്കും അതിന് അടിസ്ഥാനമായി ചേർന്ന ചാതുർവർണ്യ സമ്പ്രദായങ്ങൾക്കെതിരെയുമുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

മനുഷ്യരെ മനുഷ്യരായി കണ്ട് യോജിപ്പിച്ച് മുന്നോട്ടുപോകുന്നതിനുള്ള ആശയ പശ്ചാത്തലം രൂപപ്പെടുത്തുകയായിരുന്നു നവോത്ഥാന പ്രസ്ഥാനങ്ങൾ. മതത്തെ ആധുനിക ലോകത്തിന്റെ വികാസവുമായി ബന്ധപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ചത്. ആ വഴികളിലൂടെയാണ് ശ്രീനാരായണ ഗുരുവും അയ്യൻകാളിയും ചട്ടമ്പിസ്വാമികളും പെരിയോരും ജ്യോതിഫൂലെയുമെല്ലാം നടന്നുനീങ്ങിയത്. മനുഷ്യരെ പരസ്പരം തൊട്ടറിയുന്ന ഒരു ലോകത്തിന് വഴിവെട്ടുകയായിരുന്നു ഇവർ. ഇവർ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നത് മനുഷ്യനെയായിരുന്നു അല്ലാതെ, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമല്ല. മതത്തിന്റെ മനുഷ്യസ്നേഹപരമായ മൂല്യങ്ങളായിരുന്നു നവോത്ഥാന നായകർക്ക് പൊതുവിൽ വഴികാട്ടിയായത്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി മതത്തിന്റെ മനുഷ്യസ്നേഹപരമായ മുഖങ്ങൾ കൈയൊഴിഞ്ഞ് പരസ്പരം സംഘർഷം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള മതരാഷ്ട്രവാദികളുടെ ഇടപെടലാണ് ഇപ്പോൾ നടത്തുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന പ്രതിരോധകേന്ദ്രമായി മാറിയിരിക്കുന്ന തമിഴ്നാടിന്റെ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളാണ് ഈ വിവാദങ്ങൾക്ക് പിന്നിലുള്ളത്. സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ ഉയർന്നുവരുന്ന ‘ഇന്ത്യ’ എന്ന വിശാല മുന്നേറ്റത്തെ മതവിരുദ്ധമെന്ന് സ്ഥാപിക്കാൻ പറ്റുമോ എന്ന നീക്കവും ഇതിന്റെ പിന്നിലുണ്ടെന്ന് തിരിച്ചറിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top