25 April Thursday

സനാതനധർമമോ മനുഷ്യധർമമോ

ആർ എസ് ബാബുUpdated: Saturday Dec 11, 2021

കമ്യൂണിസമോ മനുഷ്യനോ ആദ്യം എന്നൊരു ചോദ്യം കമ്യൂണിസ്റ്റ് പാർടി സംസ്ഥാന സമ്മേളനത്തിലെ  സാംസ്കാരിക സമ്മേളനത്തിൽ മുമ്പൊരു സംവാദവിഷയമായി വന്നിരുന്നു. മനുഷ്യനാണ് ആദ്യമെന്ന് സാഹിത്യകാരൻ. കമ്യൂണിസം ന്യൂനം മനുഷ്യൻ സമം പൂജ്യമെന്ന് ഇ എം എസിന്റെ മറുപടി. അതിനെ ഓർമിപ്പിക്കുന്ന മറ്റൊരു തർക്കത്തിനും സംവാദത്തിനും എസ്എൻഡിപി യോഗ നേതൃത്വത്തിലെ വെള്ളാപ്പള്ളി നടേശന്റെ രജത ജൂബിലി ആഘോഷസമ്മേളനം ചേർത്തലയിൽ സാക്ഷിയായി.

അന്ന് കമ്യൂണിസവും മനുഷ്യനുമായിരുന്നു തർക്കകേന്ദ്രമെങ്കിൽ ഇന്ന് ശ്രീനാരായണധർമം ഹിന്ദുത്വമോ മാനവികതയോ എന്നതായി. ശ്രീനാരായണ ഗുരുവിന്റെയും എസ്എൻഡിപി യോഗത്തിന്റെയും ധർമം ഏതെന്ന വിഷയത്തിൽ മുഖ്യമന്ത്രിയും കേന്ദ്ര സഹമന്ത്രിയും രണ്ട് ആശയ ചേരികളിലായി. സനാതനധർമമെന്ന് ബിജെപി നേതാവായ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വാദിച്ചു. അതായത് ആർഷഭാരത സംസ്കാരത്തിൽ അധിഷ്ഠിതമായ ഹിന്ദുത്വ പോഷണമെന്ന സനാതനധർമം. തന്റെ നിലപാട് സമർഥിക്കാൻ രണ്ട് ചരിത്രസംഭവങ്ങളെ തെറ്റായി കൂട്ടുപിടിച്ചു. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ സനാതന ധർമത്തെയാണ് ശ്രീനാരായണ ഗുരു അരക്കിട്ടുറപ്പിച്ചതെന്നായിരുന്നു വി മുരളീധരന്റെ അഭിപ്രായം.

എന്നാൽ, ഇത് ചരിത്രത്തെ നിരാകരിക്കുന്നതാണെന്നും ശ്രീനാരായണധർമം സനാതന ധർമമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തി. ഒരു കൂട്ടർക്ക് ആരാധിക്കാൻ അവകാശമില്ലാത്ത കാലത്ത് ദൈവങ്ങളെപ്പോലും വേർതിരിച്ചിരുന്ന സമ്പ്രദായത്തെയാണ് ശിവപ്രതിഷ്ഠയിലൂടെ ഗുരു പൊളിച്ചതെന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി. ഗുരുനാമത്തിന്റെ മറവിൽ ആർഎസ്എസിന്റെ ഹിന്ദുത്വ ആശയം ഒളിച്ചുകടത്താനുള്ള മുരളീധരന്റെ ഹീനമായ ശ്രമമാണ് തത്സമയം മുഖ്യമന്ത്രി തുറന്നുകാട്ടിയത്. പ്രകൃതിയുടെ അതേ ശക്തിയെന്ന നിലയിലാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതെന്നും അത് സനാതന ധർമവിശ്വാസം ഉറപ്പിക്കാനാണെന്നുമാണ് ബിജെപി മന്ത്രിയുടെ നിഗമനം. ഇത്തരം അഭിപ്രായം കേൾക്കുന്ന ആരെങ്കിലും മുരളീധരൻ ഇത്രകാലം വസിച്ചത് കേരളത്തിൽ തന്നെയായിരുന്നോ എന്ന് സംശയിച്ചാൽ അവരെ പഴിപറയേണ്ടതില്ല. ഗുരുവിനെ കേവലമൊരു ഹിന്ദുസന്യാസിയായി ചുരുക്കാൻ അല്ലെങ്കിൽ മറ്റൊരു യോഗി ആദിത്യനാഥാക്കി തരംതാഴ്ത്താനുള്ള വിചാരധാരയാണ്‌ ഇത്.

അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ഗുരു സനാതനധർമമാണ് അരക്കിട്ടുറപ്പിച്ചതെന്ന മുരളീധരന്റെ വാദം വി ഡി സവർക്കറുടെയും ഗോൾവാൾക്കറുടെയും വിചാരധാരകളിൽനിന്നും ഊറിക്കൂടിയതാണ്.

അതിനുവേണ്ടി ഡോ. ബി ആർ അംബേദ്കറുടെ മതംമാറ്റത്തെയും മുരളീധരൻ കൂട്ടിക്കൊണ്ടുവരുന്നു. ഹിന്ദുമതത്തിലെ അവഗണനയിൽ സഹികെട്ട് അംബേദ്കർ ബുദ്ധമതം സ്വീകരിച്ചിരുന്നു. അംബേദ്കറുടെ മതംമാറ്റത്തെ ഗുരു തള്ളിക്കളഞ്ഞെന്ന് കേന്ദ്ര മന്ത്രി പറയുമ്പോൾ അതിൽ വിവരക്കേടും അർധസത്യവും കുടികൊള്ളുന്നു. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചെന്നത് വാസ്തവം. മൂന്നുലക്ഷത്തി അറുപത്തയ്യായിരം ദളിത് അനുയായികളുമായി അംബേദ്കർ ഹിന്ദുമതംവിട്ട് ബുദ്ധമതം സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് 1956 ഒക്ടോബർ പതിനാലിനാണ്. ഗുരു സമാധിയായതാകട്ടെ 1928 സെപ്തംബർ 20നും. അംബേദ്കറുടെ മതംമാറ്റത്തെ അതിനും 28 വർഷംമുമ്പ് അന്തരിച്ച ഗുരു തള്ളിക്കളഞ്ഞെന്ന മുരളീധരന്റെ അഭിപ്രായം കാലബോധമില്ലാത്ത വിവരക്കേടാണ്.

അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ഗുരു സനാതനധർമമാണ് അരക്കിട്ടുറപ്പിച്ചതെന്ന മുരളീധരന്റെ വാദം വി ഡി സവർക്കറുടെയും ഗോൾവാൾക്കറുടെയും വിചാരധാരകളിൽനിന്നും ഊറിക്കൂടിയതാണ്. ഗുരുവിന്റെ ആദ്യകാലത്ത് കുട്ടിച്ചാത്തൻ, കരിങ്കാളി, മാടൻ, മറുത തുടങ്ങിയ പ്രാകൃതദൈവങ്ങളെ ആരാധിക്കാനേ ഈഴവാദി പിന്നോക്ക സമുദായക്കാർക്ക് അവകാശമുണ്ടായിരുന്നുള്ളൂ. ആ ഘട്ടത്തിലാണ് അരുവിപ്പുറത്ത് ശിവനെ ഗുരു പ്രതിഷ്ഠിച്ചത്.  ഏത് ജാതിയിൽപ്പെട്ടവനും ക്ഷേത്രപ്രതിഷ്ഠയ്ക്ക് അവകാശമുണ്ടെന്ന പ്രഖ്യാപനമാണ് ഗുരു നടത്തിയത്.

മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലുമൊരു മതവിശ്വാസവുമായി നമുക്ക് ഒരു സംബന്ധവുമില്ല

ഗുരുവിന്റെ ചിന്തയും പ്രവൃത്തിയും സംഘപരിവാർ ആശയസംഹിതയ്ക്ക് നേർവിപരീതമാണ്. പള്ളത്ത് രാമൻ രചിച്ച, ക്രിസ്ത്യൻ–-ഈഴവ പ്രണയവിവാഹം കഥാതന്തുവായ സാഹിത്യകൃതി വായിച്ച ഗുരു കപ്പയും മീൻകറിയും നല്ല രുചിയും കൂട്ടുമാണല്ലോ എന്നാണ് പ്രതികരിച്ചത്. ഇങ്ങനെ പ്രണയവിവാഹത്തെ പ്രോത്സാഹിപ്പിച്ച സന്യാസിശ്രേഷ്ഠൻ എവിടെ, ലൗ ജിഹാദിന്റെ പേരിൽ ആക്രമണം നടത്തുന്ന ആർഎസ്എസ് എവിടെ? ഗുരുസൂക്തത്തിന് തിരുത്തൽ വരുത്തി ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന്' എന്ന് കുറിച്ച സഹോദരൻ അയ്യപ്പനെ തന്റെ ഉറ്റ ശിഷ്യനായിത്തന്നെ ഗുരു കണക്കാക്കിയിരുന്നു. മാംസാഹാരിയായ അയ്യപ്പൻ ശിവഗിരി മഠത്തിൽ വരുമ്പോൾ മീൻകറിയും ഇറച്ചിയും ഹോട്ടലിൽനിന്നും മഠത്തിന്റെ ചെലവിൽ വാങ്ങിക്കൊടുക്കാൻ ചട്ടംകെട്ടിയ നവോത്ഥാന നായകന്റെ പേര് ഉച്ചരിക്കാൻ, പശുവിറച്ചി കഴിച്ചെന്ന്‌ ആരോപിച്ച് മുസ്ലിങ്ങളെ വ്യാപകമായി കശാപ്പുചെയ്യുന്ന സംഘപരിവാർ നേതാവിന് എന്തവകാശം?

‘മനുഷ്യരുടെ വേഷം, ഭാഷ, മതം മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം പന്തിഭോജനവും വിവാഹവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല' എന്ന് ഗുരു പ്രഖ്യാപിച്ചിട്ടുണ്ട്. മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലുമൊരു മതവിശ്വാസവുമായി നമുക്ക് ഒരു സംബന്ധവുമില്ല. നാമായിട്ട് ഒരു പ്രത്യേക മതവും സൃഷ്ടിച്ചിട്ടില്ല. എല്ലാ മതവും നമുക്ക് സമ്മതമാണെന്നും ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള മതം ആചരിച്ചാൽ മതിയെന്നും ഗുരു വ്യക്തമാക്കി.

അയോധ്യയിൽ പള്ളി പൊളിച്ച, മഥുരയിലെ ഉൾപ്പെടെ 3000 പള്ളി പൊളിക്കാൻ നിൽക്കുന്ന ആർഎസ്എസിന്റെ സനാതനധർമമല്ല ഗുരുവിന്റേതെന്ന് ഇതിൽനിന്നു വ്യക്തമാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച മാനവികതയാണ് ഗുരുദർശനത്തിന്റെ കാതൽ.
ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച മതനിരപേക്ഷ ആശയം പ്രാവർത്തികമാക്കാൻ പ്രവർത്തിക്കുന്ന ഇന്ത്യയിലെ മാതൃകാ ഭരണമാണ് പിണറായി വിജയൻ സർക്കാരിന്റേത്. അതുകൊണ്ടാണ് ഇവിടെ വർഗീയ കലാപങ്ങൾ ഇല്ലാത്തത്. എന്നാൽ, ജാതി, മത ഭേദചിന്തയില്ലാത്ത സോദരത്വമെന്ന ഗുരുവിന്റെ ചിന്തയെ ആറടിമണ്ണിൽ കുഴിച്ചുമൂടുന്നതാണ് മോദി സർക്കാരിന്റെയും ബിജെപിയുടെ സംസ്ഥാന സർക്കാരുകളുടെയും ഭരണം. മുസ്ലിമാണോ കുടിയിറക്കപ്പെടും. അതാണ് അസമിൽ കണ്ടത്. യുപിയുടെ പ്രശ്നം മുസ്ലിമാണെന്ന് ആരോപിച്ച് ജനസംഖ്യാ നിയന്ത്രണനിയമംമുതൽ ഇക്കണോമിക് ജിഹാദ്വരെ പ്രഖ്യാപിച്ചിരിക്കുന്നു.

വി മുരളീധരന്റെ ഹിന്ദുത്വ അജൻഡയെ തുറന്നുകാട്ടി പിണറായി നടത്തിയത് ഭരണത്തിലെ പ്രതിബദ്ധതയുടെ ആശയപ്രകാശനമാണ്. ജാതിയില്ലാ സോദരത്വമാണ് 

ആർഎസ്എസിന്റെ വൈദിക സംസ്കാരത്തിൽ മനുസ്മൃതിയുടെയും ചാതുർവർണ്യത്തിന്റെയും ജീർണിച്ച ചിന്തകളാണ്. ഇവയ്ക്കെതിരെ ശബ്ദമുയർത്തിയ സ്വാമി വിവേകാനന്ദൻ മുതൽ ശ്രീനാരായണ ഗുരു വരെയുള്ളവരുടെ വിശാലമായ മാനവികബോധം ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും നടപ്പാക്കുകയാണ് പിണറായി നയിക്കുന്ന സർക്കാർ. വി മുരളീധരന്റെ ഹിന്ദുത്വ അജൻഡയെ തുറന്നുകാട്ടി പിണറായി നടത്തിയത് ഭരണത്തിലെ പ്രതിബദ്ധതയുടെ ആശയപ്രകാശനമാണ്. ജാതിയില്ലാ സോദരത്വമാണ്  ശ്രീനാരായണദർശനമെന്ന വസ്തുത ഇവിടെ അടിവരയിടുകയാണ്. ഒപ്പംമനുഷ്യർക്ക് മനുഷ്യത്വമെന്ന ജാതിയേ ഉള്ളൂ (മനുഷ്യാണാം മനുഷ്യത്വം) എന്ന ഓർമപ്പെടുത്തൽ ഹിന്ദുത്വ വർഗീയ കോയ്മകൾക്ക് നൽകുകയുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top