04 May Saturday

സമസ്തയിൽ സംഭവിക്കുന്നത് ;
 മുസ്ലിംലീഗിലും

കാസിം ഇരിക്കൂർUpdated: Thursday Oct 19, 2023

കേരളത്തിൽ മുസ്ലിംലീഗ് രൂപംകൊള്ളുന്നതിന് ഒരു പതിറ്റാണ്ടു മുമ്പ് പ്രവർത്തനമാരംഭിച്ച പണ്ഡിതസഭയാണ് ‘സമസ്ത’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ 1926ൽ കോഴിക്കോട് ടൗൺ ഹാളിൽ ചേർന്ന സുന്നി പണ്ഡിത സംഗമത്തിലായിരുന്നു സമസ്തയുടെ പിറവി. ഇന്നത്തെ മുസ്ലിംലീഗിന്റെ സ്വാതന്ത്ര്യപൂർവ രൂപമായ സർവേന്ത്യ മുസ്ലിംലീഗാകട്ടെ 1938ലാണ് മലബാറിൽ പ്രവർത്തനമാരംഭിക്കുന്നത്. സമസ്ത ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെയോ രാഷ്ട്രീയ വിചാരധാരയുടെയോ സ്വപ്‌ന സന്തതിയല്ല. സമസ്തയ്‌ക്ക് ഒരു രാഷ്ട്രീയപാർടിയോടും വിധേയത്വമോ വിരോധമോ ഇല്ല. മത, സാംസ്‌കാരിക, പ്രബോധന, വിദ്യാഭ്യാസ മണ്ഡലങ്ങളാണ് അതിന്റെ കർമമേഖല. എന്നിട്ടും സമസ്ത മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലാണെന്ന തെറ്റായ ധാരണ പരത്താൻ ഐക്യകേരള രൂപീകരണംമുതൽ ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. സമസ്തയുടെ തലപ്പത്ത് മുഹമ്മദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ തുടങ്ങിയ ലീഗ് നേതാക്കളുടെ സജീവ സാന്നിധ്യമാണ് ഇമ്മട്ടിലുള്ള പ്രചാരണങ്ങൾക്ക് ഉപോദ്ബലകമായി വർത്തിച്ചത്.

സുന്നി പ്രസ്ഥാനങ്ങളിൽ നേരത്തേ പ്രവർത്തിച്ചു തുടങ്ങിയ ബാഫഖി തങ്ങളെ, യഥാർഥത്തിൽ സമസ്ത മുസ്ലിംലീഗിന് സംഭാവന ചെയ്യുകയായിരുന്നു. വിഭജനാനന്തരം മുഹമ്മദ് സത്താർ സേട്ട് കറാച്ചിയിലേക്ക് വണ്ടി കയറിയപ്പോൾ വന്ന ഒഴിവിലേക്ക് 1948ൽ മലബാർ മുസ്ലിംലീഗിന്റെ സാരഥ്യം ബാഫഖി തങ്ങളെ ഏൽപ്പിക്കുന്നത് ഭൂരിഭാഗം വരുന്ന സുന്നികളെ മുസ്ലിംലീഗിനോട് അടുപ്പിക്കാൻ വേണ്ടിയാണ്. മുജാഹിദ് നേതാവായ കെ എം മൗലവിയാണ്, ബാഫഖി തങ്ങളെപ്പോലെ അറിയപ്പെടുന്ന ഒരു സുന്നി നേതാവായിരിക്കണം പാർടിയുടെ തലപ്പത്തെന്ന് നിഷ്‌കർഷിച്ചതത്രെ.
ബാഫഖി തങ്ങളാകട്ടെ സമസ്തയുടെ തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കാൻ ശുഷ്‌കാന്തി കാട്ടിയെന്നു മാത്രമല്ല, മുസ്ലിംലീഗിനെ സമസ്തയുടെ വഴിക്ക് നടത്തിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അങ്ങനെയാണ് എം ഇ എസ്, ഇസ്ലാം ആൻഡ്‌ മോഡേൺ ഏജ് സൊസൈറ്റി എന്നീ സംഘടനകളുടെ മതപരമായ കാഴ്ചപ്പാടിനോട് സമസ്ത പണ്ഡിതന്മാർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ മുസ്ലിംലീഗ് നേതൃത്വത്തെക്കൊണ്ട് അതംഗീകരിപ്പിക്കുന്നതിൽ വിജയിച്ചത്. ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ 1970 ഒക്‌ടോബർ 17ന് സമസ്ത മുശാവറ (കൂടിയാലോചന സമിതി) പാസാക്കിയ എം ഇ എസിന് എതിരായ പ്രമേയം അംഗീകരിക്കുകയും ആ സംഘടനയുമായുള്ള ബന്ധം വേർപ്പെടുത്താൻ ആഹ്വാനം ചെയ്യുകയുമുണ്ടായി. തെരഞ്ഞെടുപ്പിൽ സുന്നികളെ അല്ലാത്തവരെ സ്ഥാനാർഥികളാക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടാൻമാത്രം സമസ്തയ്‌ക്ക് അക്കാലത്ത് ലീഗിന്റെമേൽ ആധിപത്യമുണ്ടായിരുന്നു. അതേസമയം, മുസ്ലിംലീഗും സമസ്തയും ഒന്നാണെന്നും പാർടിയുടെ ഇംഗിതങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥമായ ഒരു പണ്ഡിതവേദിയാണ് സമസ്തയെന്നും ഒരു വിഭാഗം ലീഗ് നേതാക്കൾ വാദിക്കുകയും ആ വഴിക്ക് സമ്മർദങ്ങൾ ചെലുത്താൻ ശ്രമിക്കുകയും ചെയ്തു. സംഘടനയുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന് സമസ്ത അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ‘സമസ്തയ്‌ക്ക് ഒരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാർടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാകരുത്.’ (1979 നവംബർ 29ന് ഉള്ളാൾ കുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗത്തിന്റെ പ്രമേയം)

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം
കേരളത്തിൽ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ അടിത്തറ കെട്ടിപ്പൊക്കിയിരിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധതയിലാണ്. ബിജെപിയോടും ആർഎസ്എസിനോടും ഇല്ലാത്ത വിരോധമാണ് ഇടതുപക്ഷത്തോട് പൊതുവെയും സിപിഐ എമ്മിനോട് വിശേഷിച്ചും ചില ലീഗ് നേതാക്കൾ  വച്ചുപുലർത്തുന്നത്. പ്രത്യയശാസ്ത്രപരമായ കമ്യൂണിസം മതനിരാസമാണെന്നും വിശ്വാസികൾക്ക് കമ്യൂണിസ്റ്റുകളുമായി യോജിക്കാൻ സാധ്യമല്ലെന്നും ലീഗ് നേതൃത്വവും ചുരുക്കം പണ്ഡിതന്മാരും ചില ബുദ്ധിജീവി നാട്യക്കാരും ഇന്നും പാടി നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

കമ്യൂണിസ്റ്റ് വിരുദ്ധത മുസ്ലിങ്ങളിലും ക്രൈസ്‌തവരിലും കുത്തിവച്ചത് സാമ്രാജ്യത്വശക്തികളാണ്. മുസ്ലിം ലോകത്ത് കമ്യൂണിസ്റ്റ് വിരുദ്ധ ആശയഗതി വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച സലഫിസം ഒരു സാമ്രാജ്യത്വ സൃഷ്ടിയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ  സമ്മതിക്കുകയുണ്ടായി. ശക്തമായ എതിർപ്പിനിടയിലും കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിനിടയിൽ കമ്യൂണിസ്റ്റ് പാർടികൾക്ക് സ്വാധീനം നേടാൻ സാധിച്ചതിന്റെ കഥ ചരിത്രകാരൻ റോളാണ്ട് മില്ലർ ‘മാപ്പിള മുസ്ലിംസ് ഓഫ് കേരള’ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. മുസ്ലിംലീഗിന് വർഗീയതയുടെ അയിത്തം കൽപ്പിച്ച് സ്വാതന്ത്ര്യലബ്ധി തൊട്ട് രണ്ടു പതിറ്റാണ്ട്‌ കോൺഗ്രസ് അകറ്റിനിർത്തിയിട്ടും ഇടതുപക്ഷവുമായി കൈകോർക്കാൻ തയ്യാറാകാതിരുന്ന ലീഗ് നേതൃത്വത്തിന്റെ അബദ്ധത്തെക്കുറിച്ച് മുസ്ലിംലീഗിന്റെ മുതിർന്ന ദേശീയ നേതാവും ബുദ്ധിജീവിയുമായ റാസാ ഖാൻ ‘വാട്ട് പ്രൈസ് ഫോർ ഫ്രീഡം’ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.’ എന്നിട്ടും, മുസ്ലിങ്ങളോടുള്ള കമ്യൂണിസ്റ്റ് പാർടിയുടെ നിലപാട് സഹായകരവും പ്രോത്സാഹനജനകവുമായിരുന്നു. മലബാറിൽ മുസ്ലിങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നിട്ടും സർക്കാർ ഒരുതരത്തിലുള്ള ശത്രുതയും കാണിച്ചില്ല. യഥാർഥത്തിൽ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനുള്ള മനസ്സറിഞ്ഞുള്ള താൽപ്പര്യം കാണിക്കുകയാണ് ചെയ്തത്. കമ്യൂണിസത്തിന് എതിരെ ലീഗുകാർ ആവശ്യപ്പെട്ട ‘ഫത്‌വ’ നൽകാൻ ഇതുവരെ സമസ്ത തയ്യാറായിട്ടില്ല.  കമ്യൂണിസ്റ്റുകൾക്ക് വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് ഫത്‌വ നൽകിയാൽ നാളെ ലീഗ് അതിന്റെ നിലപാട് മാറ്റില്ലെന്ന് ആർക്ക് ഉറപ്പുനൽകാൻ സാധിക്കും.


 

സുന്നികളുടെ ആധികാരിക സംഘടനയെ മുഴുവനായി വിഴുങ്ങാനുള്ള ലീഗിലെ ഒരു വിഭാഗം നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ ഫലശ്രുതിയാണ് 1989ൽ സമസ്തയിലുണ്ടായ പിളർപ്പ്. കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സമസ്തയും അതിന്റെ പോഷക ഘടകങ്ങളും കഴിഞ്ഞ 35 വർഷംകൊണ്ട് കരഗതമാക്കിയ വിസ്മയാവഹമായ നേട്ടങ്ങളും വിപ്ലവകരമായ മാറ്റങ്ങളും കേരളീയ മുസ്ലിം സമൂഹത്തിന്റെ  ചരിത്രംതന്നെ മാറ്റിയെഴുതി. സമുദായത്തിന്റെ അട്ടിപ്പേറവകാശം തങ്ങൾക്കാണെന്ന ലീഗിന്റെ അഹങ്കാരത്തിനും ധിക്കാരത്തിനുമേറ്റ പ്രഹരമായിരുന്നു കാന്തപുരത്തിന്റെ മുന്നേറ്റം. സമസ്തയെ തങ്ങളുടെ വരുതിയിൽ നിർത്തണമെന്നും സംഘടനയെ മുസ്ലിംലീഗിന്റെ റിക്രൂട്ടിങ് സെന്ററായി മാറ്റിയെടുക്കണമെന്നുമുള്ള ലീഗിന്റെ വാശിക്കുള്ള മറുപടിയായിരുന്നു ശംസുൽഉലുമ ഇ കെ അബൂബക്കർ മുസ്‌ല്യാരുടെയും കാന്തപുരത്തിന്റെയും നേതൃത്വത്തിൽ സമസ്തയുടെ 60–-ാം വാർഷികം 1985ൽ കോഴിക്കോട്ട്‌ കൊണ്ടാടിയത്. ലീഗ് നേതാക്കളെ മുഴുവൻ മാറ്റിനിർത്തി കോഴിക്കോടിനെ ഞെട്ടിച്ച സമ്മേളനവേദി പണ്ഡിതന്മാരുടെ പ്രഭാവവും കരുത്തും തെളിയിച്ചപ്പോൾ ലീഗ്‌നേതൃത്വത്തിന് പത്തി മടക്കേണ്ടിവന്നു. എറണാകുളത്തെ സുന്നി സമ്മേളനത്തിലേക്ക് ആരും പോകരുതെന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനം കേട്ട് ജനലക്ഷങ്ങൾ തെക്കോട്ടൊഴുകിയത് ലീഗിന്റെ സമുദായ കുത്തക തകർത്തായിരുന്നു. അതോടെ, വെകിളി പിടിച്ച ലീഗ് നേതൃത്വം ഇ കെ യ്‌ക്കും എ പിക്കുമെതിരെ അധിക്ഷേപങ്ങളും പരിഹാസ്യങ്ങളും വിതറി. മുസ്ലിംലീഗിന്റെ നേതാവായിരുന്ന സെയ്തുമ്മർ ബാഫഖി തങ്ങളുമായുള്ള ഇ കെയുടെ അടുപ്പമാണ് പട്ടിക്കാട്ജാമിഅ നൂരിയയ്യിൽനിന്ന് കോൺഗ്രസുകാരനായ ശംസുൽ ഉലമയെ പുകച്ചുചാടിക്കാൻ ലീഗ്‌നേതൃത്വത്തെ പ്രേരിപ്പിച്ചത്. അന്ന് അഖിലേന്ത്യാ ലീഗും ഇന്ന് ഇന്ത്യൻ നാഷണൽ ലീഗും ഇടതുപക്ഷത്തിന്റെ ഭാഗമായി നീങ്ങുന്നതും അധികാരപങ്കാളിത്തം നിർവഹിക്കുന്നതും ലീഗിന് സഹിക്കുന്നില്ല.

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയുടെ പ്രസിഡന്റ്‌ പദവി ഏറ്റെടുത്തതുമുതൽ ചരിത്രം മറ്റൊരു വഴിക്ക് ആവർത്തിക്കപ്പെടുകയാണ്. പണ്ഡിതസഭ എന്ന നിലയിൽ സമസ്തയ്‌ക്ക് സ്വന്തമായി അന്തസ്സാർന്ന അസ്തിത്വവും പ്രവർത്തന പാരമ്പര്യവും ആദർശനിഷ്ഠയും ഉണ്ടെന്നും ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ വാലായി പ്രവർത്തിക്കേണ്ട സംഘടനയല്ല സമസ്തയെന്നും ജിഫ്രി തങ്ങൾ ഉറച്ചുവിശ്വസിക്കുന്നതായി ആർക്കും വായിച്ചെടുക്കാനാകും. ഈ നിലപാട് ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ പിത്തലാട്ടങ്ങൾക്കു മുന്നിൽ മുട്ടുമടക്കുന്ന പ്രകൃതമല്ല ജിഫ്രി തങ്ങളുടേത്. സമസ്തയുടെ അമരത്ത് തങ്ങൾ വരുന്നത് തടയാൻ കുഞ്ഞാലിക്കുട്ടിയും മറ്റും കളിച്ച കളികളെല്ലാം പരാജയപ്പെടുത്തിയാണ് തങ്ങൾ ഇവിടെവരെ എത്തിയത്.  ലീഗ്‌നേതൃത്വത്തിന്റെ ദുശ്ശാഠ്യത്തിനു മുന്നിൽ അദ്ദേഹം നിർഭയനായി നിൽക്കുന്നുവെന്നാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ കാതൽ. പടലപ്പിണക്കങ്ങൾ ഉണ്ടാകുമ്പോൾ നിഷ്പക്ഷമായും അവധാനതയോടെയും കൈകാര്യം ചെയ്യേണ്ടത് പാണക്കാട്ടെ തങ്ങന്മാരാണ്. നിലവിലെ പ്രസിഡന്റ്‌ സാദിഖലി ശിഹാബിൽനിന്ന് കൂടുതലൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.  ജിഫ്രി തങ്ങളെ പരോക്ഷമായി പരിഹസിക്കുകയും ലീഗുകാരെ അദ്ദേഹത്തിനെതിരെ ഇളക്കിവിടുകയും ചെയ്യുന്ന പി എം എ  സലാമിന്റെ ശൈലി രംഗം വഷളാക്കുകയേയുള്ളൂ.

(ഐഎൻഎൽ സംസ്ഥാന ജനറൽ 
സെക്രട്ടറിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top