'ചിലിയുടെ മുക്കിലും മൂലയിലും സാൽവദോർ അലൻഡെ ഇന്നും ജീവിച്ചിരിക്കുന്നു. അദ്ദേഹം നടന്നുതീർക്കാത്ത ഇടവഴികൾ, അദേഹത്തിന്റെ ഓർമകൾ ശേഷിക്കാത്ത തെരുവുമൂലകൾ ഈ രാജ്യത്തില്ല. പെട്ടെന്നായിരിക്കും ഒരാൾ അവർ അലൻഡെ ഒരിക്കൽ ഇരുന്ന കസേര കാണിച്ചുതരുന്നത്. അദ്ദേഹത്തിന് ഹസ്തദാനം നൽകിയിട്ടുണ്ടെന്ന് അഭിമാനിക്കുന്ന ഒരാൾ. ഡോക്ടർ ആയിരുന്ന സാൽവദോർ മുറ്റത്തെ ചെടിയിൽനിന്ന് പറിച്ചെടുത്ത ഇലകൾ ചേർത്തുണ്ടാക്കിയ ചായകുടിച്ചു ചുമ മാറിയ വേറൊരാൾ. ചെസ്സ് കളിയിൽ അദ്ദേഹത്തോട് പരാജയപ്പെട്ടയാളെ കണ്ടു. നിങ്ങൾ അലൻഡെ അനുയായി ആയിരുന്നോ എന്നു ചോദിച്ചാൽ, 'ഇപ്പോഴും ആണ്' എന്ന ഉറച്ച മറുപടികൾ. പിനോച്ചെയുടെ ഏകാധിപത്യ ഭരണത്തിലും വീട്ടിലെ കന്യാമറിയത്തിന്റെ ചിത്രത്തിനടിയിൽ അലൻഡെയുടെ ചിത്രം സൂക്ഷിക്കുന്ന വീട്ടമ്മമാർ. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സംസാരിച്ച ഒരേയൊരു പ്രസിഡന്റ് ആയിരുന്നു അദ്ദേഹം എന്നോർക്കുന്ന സ്ത്രീകൾ.'
1985ൽ സ്വരാജ്യത്ത് രഹസ്യ സന്ദർശനം നടത്തിയ ചിലിയൻ സിനിമാ സംവിധായകൻ മിഗ്വേൽ ലിറ്റിൻ, പിറ്റേവർഷം നൊബേൽ സമ്മാന ജേതാവായ സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന് നൽകിയ അഭിമുഖത്തിൽനിന്നാണിത്. 1973ലെ അട്ടിമറിക്കുശേഷം 'ഒരിക്കലും തിരിച്ചുവരരുത്' എന്ന മുന്നറിയിപ്പോടെ പിനൊച്ചേ സൈന്യം നാടുകടത്തിയ 5000 പേരിൽ ഒരാളായിരുന്നു ലിറ്റിൻ. ഉറുഗ്വേയിൽനിന്നുള്ള വ്യാപാരി എന്ന വ്യാജേന ആറാഴ്ച ലിറ്റിൻ ചിലിയിൽ തങ്ങി. രാജ്യമാകമാനം ഓടിനടന്നു ദൃശ്യങ്ങൾ ചിത്രീകരിച്ചു. സാധാരണക്കാരുടെ ഓർമകൾ പകർത്തി. അന്ന് പ്രസിഡന്റായിരുന്ന പിനൊച്ചേയുടെ സ്വകാര്യ ഓഫീസിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ വരെ പകർത്തി. ഇവ പിന്നീട് ചലച്ചിത്രങ്ങളായി പിറവികൊണ്ടു.
എന്തുകൊണ്ടായിരിക്കും അലൻഡെ ഒരേസമയം ചിലിയൻ ജനതയുടെ ഹൃദയവികാരവും അമേരിക്കയുടെ ഒടുങ്ങാത്ത ചെന്നിക്കുത്തുമായി മാറിയത്? ഉത്തരം ഒന്നേയുള്ളൂ. പ്രകൃതിവിഭവങ്ങളാൽ സമ്പന്നവും, എന്നാൽ പണത്തിൽ പിന്നാക്കാവുമായ രാജ്യത്തെ സുസ്ഥിര വികസനത്തിന്റെ പാതയിൽ എത്തിക്കാൻ കൃത്യമായ കർമപദ്ധതിയോടെയാണ് അലൻഡെ 1970ൽ അധികാരത്തിൽ ഏറിയത്. ലാറ്റിനമേരിക്കയുടെ പ്രകൃതിസമ്പത്തു ചൂഷണം ചെയ്യുന്ന അമേരിക്കൻ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികൾ നടത്തിയ ബഹുജനപ്രക്ഷോഭം നയിച്ചാണ് അദ്ദേഹം ചിലിയൻ രാഷ്ട്രീയത്തിൽ ഉയർന്നുവന്നതുതന്നെ.
അലൻഡെയുടെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾ തന്നെ സുദീർഘമായൊരു കഥയാണ്. പെറു അതിർത്തിയിൽന്ന് പാന്റഗോണിയ വരെ ഏതാണ്ട് എല്ലാ പാർലമെന്റ് സീറ്റിൽനിന്നും മത്സരിച്ചു. ഇങ്ങനെപോയാൽ തന്റെ കുഴിമാടത്തിൽ, ചിലിയുടെ ഭാവി പ്രസിഡന്റായ അലൻഡെ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്ന് എഴുതേണ്ടി വരുമെന്ന് അദ്ദേഹംതന്നെ തമാശ പറയുമായിരുന്നു. പലവട്ടം സെനറ്റർ ആയി. പ്രസിഡന്റ് പദവിയിലേക്കുള്ള നാലാം മത്സരത്തിലാണ് വിജയം കണ്ടത്. രാജ്യത്തിന്റെ മുക്കും മൂലയും അദ്ദേഹത്തിന് അറിയാമായിരുന്നു. അവിടെയെല്ലാം പരിചയങ്ങൾ ഉണ്ടായിരുന്നു. ജനതയുടെ പ്രശ്നങ്ങൾ, പ്രതീക്ഷകൾ, നിരാശകൾ.. ഇവയെല്ലാം അദ്ദേഹത്തോളം അറിഞ്ഞ മറ്റൊരു നേതാവ് ഉണ്ടായിരുന്നില്ല. അമേരിക്കൻ കുത്തകകൾ കൈവശം വച്ചിരുന്ന ചിലിയിലെ ചെമ്പു വ്യവസായം അദ്ദേഹം ദേശസാൽക്കരിച്ചു. തൊഴിൽസമരങ്ങളെ അദ്ദേഹം അനുഭാവപൂർവം കണ്ടു. പണിമുടക്കുകൾ അവസരമാക്കി മാറ്റി. പല ഭീമൻ അമേരിക്കൻ സ്ഥാപനങ്ങളെയും ദേശസാൽക്കരിച്ചു. ഫോർഡിന്റെ 60 ലക്ഷം ഡോളർ വിലമതിക്കുന്ന സ്ഥാപനം ചിലി സർക്കാരിന്റേതായി. കമ്മ്യൂണിസ്റ്റ് ഭരണം ആരംഭിച്ചു
ഒരുവർഷത്തിനുള്ളില്തന്നെ ചിലിയിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ കുത്തക കമ്പനികളുടെ മൂലധനം 7500 ലക്ഷം ഡോളറിൽനിന്ന് 500 ലക്ഷം ഡോളറായി കുറഞ്ഞു. ഇതിനെതിരെ അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന നിക്സൺ നിശിത വിമർശവുമായി രംഗത്തെത്തി.
ചിലിയിൽ സാൽവദോർ ഭൂപരിഷ്കരണം നടപ്പാക്കി. ഒരു വർഷത്തിനുള്ളിൽ 50 ലക്ഷം ഏക്കർ തൊഴിലാളികൾക്ക് പതിച്ചു നൽകി. 45 ശതമാനം വേതന വർധനവ് നടപ്പാക്കി. ചിലിയൻ കോടതികളെ സോവിയറ്റ് മാതൃകയിലുള്ള ജനകീയ കോടതികളാകൻ ശ്രമിച്ചു.
ലാറ്റിനമേരിക്കയിൽ അമേരിക്കൻ വിരുദ്ധനീക്കത്തിന് ഫിദൽ കാസ്ട്രോയെക്കാൾ ഫലപ്രദമായി നേതൃത്വം അലൻഡെയ്ക്ക് ആയിരിക്കുമെന്ന് അമേരിക്ക ഭയന്നു. രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡന്റായി അധികാരത്തിലേറും മുമ്പ് മുതൽ അദ്ദേഹത്തെ അട്ടിമറിക്കാനുള്ള കരുനീക്കങ്ങൾ തുടങ്ങി. അവസാനം 1973 സെപ്റ്റംബർ 11ന് പിനൊച്ചേ സൈന്യത്തെ ഉപയോഗിച്ച് വകവരുത്തും വരെ അത് തുടർന്നു. അലെൻഡെയോട് രാജിവയ്ക്കാനും പ്രസിഡന്റിന്റെ കൊട്ടാരം ഒഴിയാനും സൈന്യം നാലുവട്ടം ആവശ്യപ്പെട്ടു. അദ്ദേഹം തയ്യാറായില്ല. ആക്രമണം ഉറപ്പായപ്പോൾ എല്ലാവരെയും പറഞ്ഞുവിട്ട്, കൈയിൽ തോക്കുമായി കൊട്ടാരത്തിൽ ആ അറുപത്തഞ്ചുകാരൻ ഒറ്റയ്ക്ക് കാത്തിരുന്നതായി രേഖകൾ പറയുന്നു.
തന്റെ ജീവനൊടുക്കാൻ ഫാസിസ്റ്റ് ശക്തികൾ കുതിച്ചുവന്ന അവസാന മണിക്കൂറുകളിൽ, പട്ടാളം അവസാന റേഡിയോ സ്റ്റേഷനും ബോംബിട്ടു തകർക്കും മുമ്പ് അദ്ദേഹം തന്റെ ജനതയെ അവസാനമായി അഭിസംബോധന ചെയ്തു. താൻ രാജിവയ്ക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'ജനങ്ങളോടുള്ള എന്റെ കൂറിന് ജീവൻ വിലനല്കേണ്ടി വരും. എന്നാൽ, സാമൂഹിക മുന്നേറ്റങ്ങളെ അക്രമങ്ങളും ബലപ്രയോഗവും കൊണ്ട് തടയാനാകില്ല. ചരിത്രം നമ്മുടേതാണ്. ജനങ്ങളാണ് ചരിത്രം എഴുതുന്നത്. പോരാട്ടം തുടരുക. ഒറ്റുകാർക്കെതിരെ ചരിത്രത്തിന്റെ കോടതിയിൽ വിധിയെഴുത്തുണ്ടാകും. ഞാൻ എക്കാലവും നിങ്ങൾക്കൊപ്പമുണ്ടാകും. ചിലിയും ചിലിയൻ ജനതയും ചിലിയൻ തൊഴിലാളികളും നീണാൾ വാഴട്ടെ. ഇത് നിങ്ങൾക്കായി എന്റെ അവസാന സന്ദേശമാണ്.'
1908 ജൂൺ 26ന് തുറമുഖ നഗരമായ വലപ്രായിസോയിലാണ് സാൽവദോർ ഗില്ലെർമോ അലൻഡെ ഗോസെൻസ് ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛനാണ് രാജ്യത്തെ ആദ്യ സെക്കുലർ സ്‌കൂൾ സ്ഥാപിച്ചത്. സാൽവദോർ പഠിച്ചതും വളർന്നതും പോരാട്ടം ആരംഭിച്ചതുമെല്ലാം ഇവിടെത്തന്നെ. ഒടുവിൽ സൈന്യം അദ്ദേഹത്തെ മറവ് ചെയ്തതും ഇതേ നഗരത്തിൽ. അട്ടിമറി നടന്ന 1973 സെപ്റ്റംബർ 11 രാത്രി തന്നെ സൈന്യത്തിന്റെ പഴഞ്ചൻ വിമനത്തിൽ മൃതദേഹം അവിടെ എത്തിച്ചു. ഭാര്യ ഹോർടെൻസിയ ബസി, സഹോദരി ലോറ എന്നിവർക്ക് മാത്രമായിരുന്നു ഒപ്പം വരാൻ അനുമതി.
ലാ മൊണേദ കൊട്ടാരത്തിലേക്ക് കടന്നുകയറിയ ആദ്യ ബാച്ച് പട്ടാളക്കാരിൽ ഒരാൾ പിന്നീട് അമേരിക്കൻ മാധ്യമപ്രവർത്തകൻ തോമസ് ഹോസറിനോട് ഇങ്ങനെ വിവരിക്കുന്നു: പ്രസിഡന്റിന്റെ തല പിളർന്നിരുന്നു. തലച്ചോറിന്റെ ഭാഗങ്ങൾ തറയിലും ചുവരിലും ചിതറിത്തെറിച്ചിരുന്നു. അദ്ദേഹത്തെ അവസാനമായി കാണണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മൂടിക്കെട്ടിയ രൂപം മാത്രമാണ് കാണിച്ചത്. സംസ്കാര ചടങ്ങിൽ ഔദ്യോഗിക ബഹുമതികൾ ഏതുമുണ്ടായില്ല. ഹോർടെൻസിയ സമർപ്പിച്ച ഒരു പൂച്ചെണ്ട് മാത്രം. സമൂഹത്തിന്റെ കണ്ണിൽ നിന്നും, അങ്ങനെ ജനഹൃദയങ്ങളിൽ നിന്നും അവരുടെ പ്രസിഡന്റിനെ മായ്ച്ചുകളയാനായിരുന്നു സൈന്യത്തിന്റെ ശ്രമം. എന്നാൽ, ഈ അമ്പതാം രക്തസാക്ഷി ദിനത്തിലും, ഒരു തീർഥാടനം പോലെ, ചിലിയൻ ജനത അവരുടെ പ്രസിഡന്റിനെ കാണാൻ വലപ്രായിസോയിലെ ശവകുടീരത്തിലേക്ക് ഒഴുകിയെത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..