21 January Friday

വേണം രണ്ടാം നവോത്ഥാനം - സച്ചിദാനന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021

ഭാഷാടിസ്ഥാനത്തിൽ കേരളം പിറവിയെടുത്തിട്ട്  65 വർഷം തികഞ്ഞു. ആവർത്തിക്കുന്ന പരിസ്ഥിതി  ദുരന്തങ്ങളുടെയും അകലാൻ മടിക്കുന്ന മഹാമാരിയുടെയും  ആശങ്കകൾക്കിടയിലും കേരളത്തിനിത് വാർഷികമാണ്‌. അതിജീവനത്തിന്റെയും മാനവികതയുടെയും തുരുത്തായി കേരളം എന്നും തലയുയർത്തി നിൽക്കുക തന്നെ ചെയ്യും. കേരളം ആധുനിക ജനാധിപത്യ മതനിരപേക്ഷ  സമൂഹമാകാൻ നടത്തിയത്‌ വലിയ പ്രയത്നങ്ങളാണ്‌. അതിൻെറ ആകെത്തുകയായിരുന്നു ‘നവോത്ഥാനം’ എന്ന പേരിൽ അറിയപ്പെട്ടത്. അത് സമുദായപരിഷ്കരണം, ദേശീയവിമോചനം, സാമൂഹ്യസമത്വം  ഇവയെ യഥാക്രമം മുന്നിൽ നിർത്തുന്ന മൂന്നു ഘട്ടത്തിലൂടെ കടന്നുപോയി. വൈയക്തികസാഹസികതകളുടെ ആദ്യകാലം പിന്നീട്  സാമൂഹ്യപ്രസ്ഥാനങ്ങളുടെ മഹാജാഗ്രതകൾക്ക്‌ വഴി മാറി.

നവോത്ഥാനം കേരളത്തിൽ ആരംഭിക്കുന്നത് സമുദായങ്ങൾക്കകത്തെ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ രൂപത്തിലാണ് – ഉപജാതികൾ ഇല്ലാതാക്കുക, അനാചാരങ്ങളെ നിരുത്സാഹപ്പെടുത്തുക, കൂട്ടുകുടുംബം, മരുമക്കത്തായം തുടങ്ങിയ സമ്പ്രദായങ്ങൾ പുനഃപരിശോധിക്കുക, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക  ഇവയെല്ലാമായിരുന്നു ഈ പ്രസ്ഥാനങ്ങളുടെ മുഖ്യപരിപാടികൾ. അന്ന് ഉയർന്നുവന്ന സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിൽനിന്നു തന്നെയാണ് കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌, സോഷ്യലിസ്റ്റ്‌, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ  ഉരുത്തിരിഞ്ഞു വന്നത്. മലയാളിയുടെ ദൈനംദിനം ജനാധിപത്യപരമായ സംഘർഷങ്ങൾക്കും പരിഹാരങ്ങൾക്കുമുള്ള ഒരിടമായി വികസിച്ചു.

ഒപ്പം സാഹിത്യം പഴയ ചിട്ടകളെ ചോദ്യംചെയ്തുകൊണ്ട്  ദൈനംദിനത്തെ പ്രതിനിധാനം ചെയ്യാനുള്ള വേദിയായി മാറി. ഇംഗ്ലീഷ് വിദ്യാഭ്യാസവും, അച്ചടിയുടെ – പ്രിന്റ്‌ ക്യാപ്പിറ്റലിസത്തിന്റെ- വരവും, മിഷണറിമാരിലൂടെ മലയാളം നേടിയ പുതിയ വളർച്ചയും നിഘണ്ടു, വ്യാകരണം, ബൈബിൾ ഗദ്യം, ഗദ്യത്തിന്റെ ചിട്ടപ്പെടുത്തലും, സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നുമുണ്ടായ പരിഭാഷകളിലൂടെ  ഉരുത്തിരിഞ്ഞു വന്ന നിരൂപണ മാനദണ്ഡങ്ങളും വിദ്യാഭ്യാസപരവും സാഹിത്യോന്മുഖവുമായ പ്രസിദ്ധീകരണങ്ങളും സ്ത്രീകേന്ദ്രിതമായ മാസികകളും ഗദ്യത്തിനും സാഹിത്യത്തിനും സ്വാതന്ത്ര്യ വിചാരങ്ങൾക്കും പുതിയ ഇടങ്ങളും മാനങ്ങളും നൽകി.

ഈ പരിവർത്തനങ്ങൾ തന്നെയാണ്‌, പുതിയ രാഷ്ട്രീയ ജാഗ്രതയോടൊപ്പം, മലയാളത്തിലെ  ജീവത്സാഹിത്യപ്രസ്ഥാനവും  സാധ്യമാക്കിയത്. സാഹിത്യത്തെ അത് സമകാലീന സമൂഹത്തിന്നഭിമുഖം നിർത്തി. വിധിവിശ്വാസം കൈയൊഴിഞ്ഞു, ദാരിദ്ര്യം ചൂഷണത്തിന്റെ ഫലമാണെന്ന് കാണിച്ചു. വർഗവ്യവസ്ഥ എന്ന യാഥാർഥ്യം അംഗീകരിച്ചു. നാടുവാഴിത്തവും സംഘടിതമതത്തിന്റെ സ്ഥാപിത താൽപ്പര്യങ്ങളുമായുള്ള രഹസ്യബന്ധങ്ങൾ മറ നീക്കിക്കാണിച്ചു. മുമ്പ്‌ സാഹിത്യത്തിൽനിന്ന് ഒഴിച്ചു നിർത്തപ്പെട്ടിരുന്ന വിഭാഗങ്ങൾക്ക് അതിൽ സ്ഥാനം നൽകി.

എങ്കിലും  ഇന്ന് നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിന്റെ നന്മകൾ ഉൾക്കൊണ്ടു കൊണ്ടുതന്നെ  നമുക്ക് അൽപ്പം വിമർശനാത്മകമായിക്കൂടി കാണേണ്ടതുണ്ട്.  അഹിന്ദു–ദളിത്‌ പരിഷ്കർത്താക്കൾക്ക് വേണ്ടത്ര പ്രാമാണ്യം ലഭിക്കാതെ പോയത്, ശൂദ്ര പരിരക്ഷയ്ക്കുപോലും വേദങ്ങളെ കൂട്ടുപിടിക്കുക വഴി  വേദാധികാരം ഊട്ടിയുറപ്പിച്ചത്, സ്ത്രീകളുടെ തൊഴിലും അത് വഴിയുള്ള സ്വാതന്ത്ര്യവും എന്ന ആശയത്തിൽ ഊന്നാതെ അവരെ വിദ്യാസമ്പന്നരായ ഭർത്താവുമായി ഒപ്പത്തിനൊപ്പം സല്ലപിക്കാൻ കഴിയുന്നവരുമായ   വീട്ടമ്മമാരായി മാത്രം സങ്കൽപ്പിച്ചത്‌ -ഇവ നമുക്ക് പിൻകാഴ്ചയിലൂടെ തിരിച്ചറിയാൻ കഴിയുന്നുണ്ട്.

വർഗീയതയുടെ വളർച്ചയും കാണേണ്ടതുണ്ട്‌. വർഗീയതയെന്നാൽ ആത്മീയത നഷ്ടപ്പെട്ട മതബോധമാണ്. ജാതികൾ വിലപേശൽ ശക്തികളായതോടെ അവയ്ക്ക് സമുദായപരിഷ്കരണബോധം നഷ്ടമായി, ഊന്നൽ സാമ്പത്തികനേട്ടത്തിൽ മാത്രമായി. ഈ അവസ്ഥയിൽ, ആത്മാവ് കൈമോശം വന്ന ജാതിസംഘടനകളെ ഹിന്ദു വർഗീയതയിലേക്ക് നയിക്കുക നേതാക്കൾക്ക് അനായാസമായി. കാരണം, ‘ഹിന്ദു’ എന്ന കൂടുതൽ വലിയ നിർമിതിക്ക് കൂടുതൽ രാഷ്ട്രീയശേഷി ഉണ്ടെന്നതുതന്നെ. ഹിന്ദുത്വ ശക്തികളാകട്ടെ ദേശീയതലത്തിൽ കുതന്ത്രങ്ങൾ ഉപയോഗിച്ച് മതലഹളകൾ സൃഷ്ടിച്ചും ബാബ്‌റി മസ്ജിദും ഗുജറാത്തും പോലുള്ള ‘സംഭവങ്ങൾ’ വഴിയും ന്യൂനപക്ഷങ്ങളെ  അപരവൽക്കരിച്ചുകൊണ്ട് അതിവേഗം വളരുകയും ചെയ്തു. ഒപ്പം കേരളമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒരിക്കലും ‘ഹിന്ദുക്കൾ’ എന്ന് വിളിക്കപ്പെടാതെ മാറ്റി നിർത്തപ്പെട്ടിരുന്ന  ആദിവാസിജനവിഭാഗങ്ങളെ ‘ഹിന്ദു’വൽക്കരിച്ചുകൊണ്ടും ‘പിന്നോക്ക’ വിഭാഗങ്ങൾക്ക് വടക്കേ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത നവാചാരങ്ങളിലൂടെ  സാമൂഹ്യമാന്യത നൽകിക്കൊണ്ടും, ഓണത്തെ ‘വാമനജയന്തി’യാക്കിക്കൊണ്ടും പ്രാദേശിക വർഗീയലഹളകൾ സൃഷ്ടിച്ചുകൊണ്ടും പ്രസംഗങ്ങളിലും പ്രസ്താവനകളിലുംകൂടി  മതസൗഹാർദ്ദം അസാധ്യമാക്കിക്കൊണ്ടും ഹൈന്ദവരാഷ്ട്രീയം വളർന്നു. പരിസ്ഥിതി വിനാശകമായ വികസനം പലപ്പോഴും ധനികരെ ഗുണഭോക്താക്കളാക്കുന്നു, ഇതിൽ നഷ്ടം  സഹിക്കുന്നതോ ദരിദ്രരായ സാധാരണക്കാരും. വായുവിലെ വിഷവും കടലിലെ വിഷവും മണലൂറ്റ് മൂലമുണ്ടാകുന്ന വരൾച്ചയും പാറ ഖനനം മൂലമുണ്ടാകുന്ന മലയിടിച്ചിലും വനനശീകരണം മൂലമുണ്ടാകുന്ന കാലാവസ്ഥാമാറ്റവുമെല്ലാം  ഏറ്റവും ബാധിക്കുന്നത് താഴെത്തട്ടിലുള്ള ആദിവാസികളെയും മീൻപിടുത്തക്കാരെയും കർഷകരെയും മറ്റുമാണ്. 

ആഗോളീകരണം നമ്മുടെ കാലത്തെ ഏറ്റവും വലിയ ഹിംസയാണെന്ന്‌ ബോദ്രിയാദ് പറഞ്ഞത് അത് സാംസ്കാരികത്തനിമയെയും ഭാഷകളെയും നശിപ്പിക്കുന്നതുകൊണ്ടുകൂടിയാണ്. മലയാള ഭാഷയ്ക്ക് സർക്കാരിന്റെ പിന്തുണയും വിദ്യാഭ്യാസത്തിൽ സ്ഥാനവും  ലഭിച്ചിട്ടും ഇന്നും മാന്യത കുറവാണ്. ഭാഷകൾ മരിക്കുന്നത് ഇങ്ങനെയാണ്‌. ഒരു ഭാഷ ദുർബലമാകുമ്പോൾ ഒരു സംസ്കാരവും ലോക വീക്ഷണവും തന്നെയാണ് അസ്തമിക്കുന്നത്. ദളിതരുടെയും ആദിവാസികളുടെയും സ്ഥിതിയിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ പറഞ്ഞുകൂടാ. അവർക്ക് വേണ്ടിയുള്ള പദ്ധതികളുടെ ഗുണങ്ങൾ അവരിൽ എത്തിച്ചേരുന്നില്ല. പട്ടിണിയും നിരക്ഷരതയും അവരെ വേട്ടയാടുന്നു. ദളിതരുടെ ആത്മവീര്യം വർധിച്ചിട്ടുണ്ടെങ്കിലും- ജീവിതാവസ്ഥ വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ല. മുസ്ലിം ന്യൂനപക്ഷത്തിന്റെ നിലയും വ്യത്യസ്തമല്ല.

നമ്മുടെ ഉന്നത വിദ്യാഭ്യാസം അടിയന്തരമായും അഴിച്ചുപണിയണം. മുതലാളിത്തത്തിന്റെ കൂലിക്കാരെയും ആഗോളസാമ്രാജ്യത്തിന്റെ അടിമപ്പണിക്കാരെയും മാത്രം സൃഷ്ടിക്കാൻ പാകപ്പെടുത്തിയതാണ് അത്. സമഗ്ര വ്യക്തിത്വവികസനം അതിനു ഒരു ലക്ഷ്യംപോലുമല്ല. പുതിയ കേന്ദ്ര വിദ്യാഭ്യാസനയം അതിനെ വീണ്ടും പിന്നോട്ട് വലിക്കുന്നു. അനിയന്ത്രിതമായ സ്വകാര്യവൽക്കരണം വിദ്യാഭ്യാസത്തെ ഒരു കൂറ്റൻ വ്യവസായമാക്കിയിരിക്കുന്നു.

മാധ്യമങ്ങളുടെ അപചയം- അവയുടെ വാർത്താ നിർമിതിയിലെ മുൻവിധികൾ, ജനപ്രിയ പരമ്പരകൾ സൃഷ്ടിക്കുന്ന വിദ്വേഷം, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും സ്റ്റീരിയോടൈപ്പിങ്‌, ഒന്നും ഉൽപ്പാദിപ്പിക്കാതെ ഉപഭോഗത്തിൽ മുഴുകുന്ന കൺസ്യൂമർ സംസ്കാരം വളർത്തുകയും  ചെയ്യുന്ന അവയുടെ സമീപനത്തിൽ ഇത്‌ പ്രകടമാണ്. - നമ്മുടെ സംസ്കാരത്തെ ദുഷിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

ചുരുക്കത്തിൽ നമുക്ക് ഇന്ന് നവോത്ഥാനമൂല്യങ്ങളിൽനിന്ന് സാമ്പത്തികസമത്വം, നിയമങ്ങളുടെ മതനിരപേക്ഷതയും സമുദായത്തിലെ സർവമതസഹഭാവവും, ലിംഗനീതി, ശാസ്ത്രീയമനോഭാവം ഇവയെല്ലാം ഉൾപ്പെട്ട ആധുനിക ജനാധിപത്യമൂല്യങ്ങളിലേക്ക്‌ പുരോഗമിക്കേണ്ടതുണ്ട്. ഗാന്ധിജി, മാർക്സ്, നെഹ്‌റു, അംബേദ്‌കർ, ശ്രീനാരായണഗുരു, സ്ത്രീവിമോചനചിന്തകർ  തുടങ്ങിയവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ നവ നൈതികതയെ ശക്തിപ്പെടുത്തുകയാണ് നാം  ചെയ്യേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top