29 March Friday

എന്തുകൊണ്ട് റബർവില ഇടിയുന്നു

ജോർജ് ജോസഫ്Updated: Wednesday Mar 29, 2023

റബർ വിലയിടിവ്  അതിന്റെ സ്വാഭാവികമായ വാണിജ്യ താൽപ്പര്യങ്ങൾക്ക്  ഉപരിയായി ഒരു രാഷ്ട്രീയ വിവാദമായി പരിണമിച്ചിരിക്കുകയാണിപ്പോൾ.  നിലവിൽ കിലോഗ്രാമിന് 147 രൂപ വിലയുള്ള ആർഎസ്എസ്  നാല് ഗ്രേഡ് റബറിന്റെ വില 300 രൂപയാക്കിയാൽ ബിജെപിക്ക് കേരളത്തിൽനിന്ന് ഒരു എംപിയില്ലാത്തതിന്റെ വിഷമം പരിഹരിച്ച് തരാമെന്നാണ്  തലശേരി രൂപതാ ആർച്ച് ബിഷപ്പിന്റെ വാഗ്ദാനം.  റബർ വിലയിടിവിന്റെ പിന്നിലെ വസ്തുതകൾ ഈ പശ്ചാത്തലത്തിൽ പരിശോധിക്കപ്പെടേണ്ടത്  ഒരു അനിവാര്യതയാണ്. 

2010ൽ ആസിയാൻ കരാറിൽ ഇന്ത്യ കക്ഷിയായി മാറുന്നതോടെ റബർ ഇറക്കുമതിയിൽ ഉണ്ടായ വർധനയാണ്  ഇന്ത്യൻ റബർ മാർക്കറ്റിനെ പതനത്തിലേക്ക് നയിച്ചത്. 2009–-10 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ മൊത്തം റബർ ഉൽപ്പാദനം 831, 400 ടണ്ണും ഇറക്കുമതി 177, 130 ടണ്ണും ആയിരുന്നത് തൊട്ടടുത്ത വർഷം യഥാക്രമം 861, 950 ടണ്ണും 190, 692 ടണ്ണുമായി ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇറക്കുമതി കുത്തനെ ഉയരുന്നു എന്നതാണ് റബർ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.  2012-–-13 സാമ്പത്തിക വർഷംമുതൽ കാണുന്ന മറ്റൊരു പ്രത്യേകത സ്വാഭാവിക റബറിന്റെ ഉൽപ്പാദനം ഇന്ത്യയിൽ വൻതോതിൽ കുറയുന്നുവെന്നതാണ്.  (പട്ടിക കാണുക)

ആസിയാൻ കരാറിൽ ഇന്ത്യ ഒപ്പുവച്ചതോടെ ലോകത്തെ മുൻനിര റബർ ഉൽപ്പാദക രാജ്യങ്ങളുടെ ഒരു പ്രമുഖ മാർക്കറ്റായി ഇന്ത്യ മാറുകയായിരുന്നു.  പ്രതിവർഷം 13 ലക്ഷം ടൺ റബർ ഉപയോഗിക്കുന്ന ഇന്ത്യ,  ഉപഭോഗത്തിൽ ചൈനയ്‌ക്ക്  പിന്നിൽ രണ്ടാം സ്ഥാനത്താണ്.  2021–--22ലെ കണക്കുകൾ അനുസരിച്ച് മൊത്തം ഉപഭോഗത്തിന്റെ ഏതാണ്ട് 70 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതി ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ റബർ വില തകർച്ച നേരിടാൻ തുടങ്ങി.  അതോടെ  ഉൽപ്പാദന രംഗത്തുനിന്നും റബർ കർഷകരുടെ പിൻവാങ്ങലും ആരംഭിച്ചു. ഈ പശ്ചാത്തലത്തിലാണ്,  ഒരു ദശലക്ഷം ടണ്ണോളം ഉയർന്ന ആഭ്യന്തര ഉൽപ്പാദനം  10 വർഷംകൊണ്ട് 25 ശതമാനം ഇടിഞ്ഞത്.

ഇന്ത്യയെ അപേക്ഷിച്ച് വിദേശ വിപണികളിൽ വില കുറവാണെന്നതുമൂലം ടയർ,  ടയർ ഇതര വ്യവസായികൾ ഇറക്കുമതി റബറിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. 25 ശതമാനം അടിസ്ഥാന തീരുവയും 5 ശതമാനം അധിക തീരുവയും 10 ശതമാനം സർചാർജുമാണ് റബർ ഇറക്കുമതിക്ക് ചുമത്തുന്നത് . വിദേശ മാർക്കറ്റുകളിൽ പല ഗ്രേഡുകൾക്കും വില പലപ്പോഴും ഏറെ താഴ്ന്നതാകയാൽ ഡ്യൂട്ടി നൽകി ഇറക്കുമതി ചെയ്യുന്നത് വ്യവസായികൾക്ക് ലാഭകരമാണ്.  അതുകൊണ്ട്  ഇറക്കുമതി നിയന്ത്രിക്കുകയും തീരുവ ഉയർത്തുകയുമാണ് ആഭ്യന്തര മാർക്കറ്റിൽ വില കൂടുന്നതിനും  കേന്ദ്ര സർക്കാർ ചെയ്യേണ്ടത്. എന്നാൽ കർഷകരുടെ നിരന്തരമുള്ള ഈ ആവശ്യത്തിന് പുല്ലുവില പോലും കേന്ദ്ര സർക്കാർ കൽപ്പിക്കുന്നില്ല.  രണ്ടു വിഭാഗങ്ങളെ ബിജെപി സർക്കാരിന് ഒട്ടും പഥ്യമല്ല എന്നത് ഇതഃപര്യന്തമുള്ള സർക്കാരിന്റെ നയസമീപനങ്ങളിൽനിന്നും നിയമ നിർമാണങ്ങളിൽനിന്നും നമുക്ക് വ്യക്തമാകുന്നുണ്ട്.  കർഷകരും തൊഴിലാളികളുമാണ് ഈ രണ്ടു വിഭാഗം.  ഇന്ത്യയിലെ എല്ലാത്തരം കർഷകരുടെയും പ്രശ്നങ്ങളെ അവഗണിക്കുന്ന മോദി സർക്കാർ നല്ലൊരു പങ്ക് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്ന കേരളത്തിലെ റബർ കർഷകരുടെ പ്രശ്നം അനുഭാവപൂർവം പരിഗണിക്കും എന്ന് കരുതുന്നതിനേക്കാൾ മൗഢ്യം വേറെയുണ്ടോ. 

റബർ അധിഷ്ഠിത വ്യവസായികളുടെ സംഘടനയായ ഓൾ ഇന്ത്യ റബർ ഇൻഡസ്ട്രീസ് അസോസിയേഷനും ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷനും ആവശ്യപ്പെടുന്ന പ്രധാനകാര്യം റബറിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ്. അതിന് അവർ പറയുന്ന ന്യായം ടയർ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിദേശ മാർക്കറ്റിൽ മത്സരിക്കുന്നതിന് പ്രധാന അസംസ്‌കൃത വസ്തുവായ റബർ രാജ്യാന്തര മാർക്കറ്റ് വിലയ്ക്ക് ലഭ്യമാകണമെന്നാണ്.  കേന്ദ്ര സർക്കാർ മുഖവിലയ്‌ക്കെടുക്കുന്നത് വ്യവസായികൾ ഉന്നയിക്കുന്ന ഈ ആവശ്യമാണ് .  കേരളത്തിൽനിന്നും ഒരു എം പി ഉണ്ടാകണമെന്നതിനേക്കാൾ കോർപറേറ്റ് താൽപ്പര്യ സംരക്ഷണമാണ് ബിജെപി ഭരണത്തിന്റെ ലക്ഷ്യമെന്ന്  മനസ്സിലാക്കാനുള്ള മിനിമം ലോജിക്കുപോലും 300 രൂപ ഡീലുമായി എത്തിയവർക്ക് ഇല്ലാതെ പോയതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

ഇറക്കുമതി തീരുവ ഉയർത്തുന്നില്ലെങ്കിലും ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാരിന് കഴിയും.  ഇപ്പോൾ ഇന്ത്യയിലേക്കുള്ള റബർ ഇറക്കുമതിയുടെ  അളവിന്റെ കാര്യത്തിൽ ഒരു നിയന്ത്രണവുമില്ല.  ഗുണമേന്മയുടെ കാര്യത്തിലും പരിശോധനയില്ല.  ഇത്തരം ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ ഇറക്കുമതിയുടെ തോത് കുറയ്ക്കാൻ കഴിയും.  പല ഉൽപ്പാദക രാജ്യങ്ങളും അന്താരാഷ്ട്ര വിപണി പിടിക്കുന്നതിനായി വില വളരെ താഴ്ത്തി വിൽക്കുന്ന സാഹചര്യത്തിൽ ആന്റി ഡമ്പിങ് ഡ്യൂട്ടി ഏർപ്പെടുത്തുന്ന കാര്യവും കേന്ദ്രത്തിന് പരിഗണിക്കാവുന്നതാണ്. എന്നാൽ അത്തരത്തിൽ കർഷകർക്ക് ആശ്വാസം നൽകുന്ന ഒരു നീക്കവും യു പി എ സർക്കാരിന്റെ ഭാഗത്തുനിന്നോ,  ഇപ്പോൾ ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല.  അങ്ങനെ ചെയ്താൽ അത് ടയർ വ്യവസായ ലോബികൾക്ക്  അനിഷ്ടകരമാകുമെന്നതാണ് അവരെ അലട്ടുന്ന പ്രശ്നം.  മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിലെ കാർഷിക മേഖല തകർന്നടിയുന്ന ചിത്രം വ്യക്തമാണ്.  അപ്പോൾ കേരളത്തിലെ റബർ കർഷകരെ രക്ഷിക്കാൻ നരേന്ദ്ര മോദി പ്രത്യേക താൽപ്പര്യമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവരെ അസാമാന്യ സ്വപ്നജീവികളായിട്ടേ കാണാൻ കഴിയൂ.

റബറിന് താങ്ങുവില നൽകാൻ കഴിയില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്. റബർ ഒരു കാർഷിക വിളയല്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇത് കേന്ദ്രം നിഷേധിക്കുന്നത്. കാർഷിക വിളയായി പരിഗണിച്ചാൽ അത്തരത്തിലുള്ള ചില അനുകൂല്യങ്ങളെങ്കിലും കർഷകർക്ക് ലഭ്യമാകും. എന്നാൽ അതിനും കേന്ദ്ര സർക്കാർ സന്നദ്ധമാകുന്നില്ല. റബർ കൃഷിമേഖലയിൽ കർഷകർക്ക് സേവനങ്ങൾ നൽകുന്ന സ്ഥാപനമായ റബർ ബോർഡ് അടച്ചുപൂട്ടണമെന്നാണ് നിതി ആയോഗ് ശുപാർശ.  ഇത് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണ്.  നേരത്തേ ബോർഡിന്റെ ആസ്ഥാനം കോട്ടയത്തുനിന്നും മാറ്റാനായിരുന്നു നീക്കമെങ്കിൽ ഇപ്പോൾ സ്ഥാപനം തന്നെ ആവശ്യമില്ലെന്നതാണ് നിലപാട്. റബർ കർഷകരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ കുറഞ്ഞപക്ഷം റബർ ബോർഡ് നിലനിർത്തണമെന്ന ആവശ്യമെങ്കിലും കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.  രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ കർഷക വിരുദ്ധരായ സർക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്.  അവർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ തന്നെ അതിന്റെ ഏറ്റവും വലിയ തെളിവുകളാണ്. കോർപറേറ്റ്,  വ്യവസായ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന കേന്ദ്രനയങ്ങൾ തന്നെയാണ് റബർ അടക്കമുള്ള കാർഷിക മേഖലകളെ തളർത്തുന്നത്. എം പി വാഗ്ദാനമെന്ന ചൂണ്ടയിൽ കൊത്തുന്നതല്ല അവരുടെ വർഗ താൽപ്പര്യം. നസ്രേത്തിൽനിന്നും നന്മ വരില്ല എന്ന വാക്യമെങ്കിലും ബിജെപിക്ക് കേരളത്തിൽനിന്നും എംപിയെ വാങ്ങിക്കൊടുക്കാൻ തത്രപ്പെടുന്നവർ ഓർക്കേണ്ടതായിരുന്നു.

(സാമ്പത്തിക കാര്യ മാധ്യമ പ്രവർത്തകനാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top