19 April Friday

കണ്ണീർക്കൃഷിയാകരുത്‌ റബർ

വത്സൻ പനോളിUpdated: Thursday May 25, 2023

ഉപയോഗത്തിൽ ലോകത്ത് രണ്ടാം സ്ഥാനവും ഉൽപ്പാദനത്തിൽ നാലാം സ്ഥാനവുമുള്ള ഇന്ത്യയിൽ റബറിന്റെ 82 ശതമാനവും കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്നതാണ്. ടയറിനോ മറ്റ് റബർ ഉൽപ്പന്നങ്ങൾക്കോ ഒരിക്കലും വില കുറയുന്നില്ലെങ്കിലും കർഷകർക്ക് ന്യായവില ലഭിക്കുന്നില്ല. ഇപ്പോൾ ഉൽപ്പാദനച്ചെലവുപോലും ലഭിക്കുന്നില്ല. 2016നു ശേഷം ഉൽപ്പാദനച്ചെലവ് കണക്കാക്കാൻ പാടില്ലെന്ന്‌ കേന്ദ്ര സർക്കാർ റബർ ബോർഡിനോട്‌ നിർദേശിച്ചു. വൻവ്യവസായികൾ ഓട്ടോമോട്ടീവ് റബർ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ എന്ന സംഘടനയുണ്ടാക്കി കർഷകരെ കൊള്ളയടിക്കുന്നതിന് കേന്ദ്രം കൂട്ടുനിൽക്കുന്നു. അതിന്റെ ഫലമായി സ്വഭാവിക റബറിന്റെ വില 120–-135 രൂപയിലേയ്ക്ക് കൂപ്പുകുത്തി. ഈ അനീതി അവസാനിപ്പിക്കാൻ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുപകരം കർഷകരെ ജാമ്യവസ്തുവാക്കി വിലപേശുന്നത് വിലത്തകർച്ചയ്ക്കുത്തരവാദികളെ മറച്ചുപിടിക്കാനാണ്.

കരിനിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ ശക്തമായ പോരാട്ടത്തിനു മുമ്പിൽ മോദിക്ക് നിരുപാധികം മാപ്പുപറയേണ്ടിവന്നു. ലോകത്തിനു മാതൃകയായ ഈ ചരിത്രപാഠം ഉൾക്കൊള്ളാതെയാണ് ചിലർ റബറിന് 300 രൂപ വില തന്നാൽ വോട്ടുതരാമെന്ന വിലപേശൽ നടത്തുന്നത്. ഏതാണ്ട് 12 ലക്ഷം ചെറുകിട, ഇടത്തരം കർഷകരും രണ്ടു ലക്ഷത്തോളം ടാപ്പിങ്‌ തൊഴിലാളികളും ഇരുപത്തയ്യായിരത്തോളം ചെറുകിട കച്ചവടക്കാരും അനുബന്ധമേഖലയിൽ ഒരുലക്ഷത്തിലധികം തൊഴിലാളികളും ഈ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. കേരളത്തിൽ ആകെ കൃഷിഭൂമിയിൽ 22 ശതമാനവും റബറാണ്.

വ്യവസായികളുടെ സംഘടനയാണ് ഓട്ടോമോട്ടീവ് റബർ മാനുഫാക്ചേഴ്സ് അസോസിയേഷൻ (ആത്മ). മോദി ഭരണത്തിൽ വിപണി ഇവരുടെ സമ്പൂർണ നിയന്ത്രണത്തിലാണ്. നികുതി വെട്ടിക്കാനുള്ള വഴികൾ കേന്ദ്ര സർക്കാർ തന്നെ വ്യവസായികൾക്ക് തുറന്നുകൊടുക്കുന്നു. മറ്റൊരു കള്ളക്കളി കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയാണ്. റബറിൽ മറ്റു രാസവസ്തുകൾ ചേർത്ത് കോമ്പൗണ്ട് റബറാക്കുന്നു. അതിന്‌ കേവലം 10 ശതമാനം മാത്രമാണ്  ഇറക്കുമതിച്ചുങ്കം. ഗാട്ട് കരാറിനുശേഷം അന്താരാഷ്ട്ര വിപണിയുടെ 80 ശതമാനം പോലും ഇന്ത്യൻ കമ്പോളത്തിൽ റബറിനു വിലയില്ല.
ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ടയറിന്റെ 95 ശതമാനവും ഇവിടെത്തന്നെയാണ് ഉപയോഗിക്കുന്നത്. ന്യായമായ വില ലഭിച്ചാൽ ഇന്ത്യക്കാവശ്യമായ മുഴുവൻ റബറും ഉൽപ്പാദിപ്പിക്കുവാൻ കേരളത്തിലെ കർഷകർക്ക് കഴിയും. റബർ കൃഷിയല്ലെന്നും വ്യവസായമാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ കണ്ടെത്തൽ. റബർ വ്യാവസായിക ഉൽപ്പന്നമാണെന്നും കൃഷിക്കാർക്ക്‌ താങ്ങുവില നൽകാൻ കഴിയില്ലെന്നുമാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പ്രഖ്യാപിച്ചത്. മറ്റെല്ലാ  രാജ്യങ്ങളിലും റബർ കാർഷികോൽപ്പന്നമാണ്. ആ രാജ്യങ്ങളിൽ കൃഷിക്കുള്ള എല്ലാ ആനുകൂല്യവും ലഭിക്കുന്നുണ്ട്. കേന്ദ്രം താങ്ങുവില പ്രഖ്യാപിച്ച 25 വിളകളിൽ റബറിനെ ഉൾപ്പെടുത്താത്തത് കടുത്ത വിവേചനമാണ്.


 

റബർ ബോർഡിന്റെ ആസ്ഥാനംപോലും കേരളത്തിൽനിന്ന്‌ മാറ്റാൻ ബി ജെപി സർക്കാർ തയ്യാറെടുക്കുകയാണ്. 26 അംഗ റബർ ബോർഡിൽ എട്ടുപേരും കേരളത്തിൽ നിന്നുള്ളവരും അതിൽ ആറു പേർ റബർ കർഷകരുമായിരുന്നു. ഇറക്കുമതി നിയന്ത്രിക്കാൻ ബോർഡിന്‌ അധികാരുമുണ്ടായിരുന്നു. വില നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരുപരിധിവരെ ബോർഡിനു കഴിയുമായിരുന്നു. ബിജെപി അധികാരത്തിൽ വരുന്നതിനുമുമ്പ്  ബോർഡിന്റെ പ്രവർത്തന ഫണ്ടായി ഓരോ വർഷവും 220 കോടി രൂപവരെ അനുവദിച്ചിരുന്നു. 2015ലെ ബജറ്റിൽ 130 കോടി മാത്രമാണ് നൽകിയത്. ഈ തുക ശമ്പളത്തിനും പെൻഷനും മാത്രമേ തികയുകയുള്ളൂ. അതോടെ ബോർഡിന്റെ പ്രവർത്തനം നിലച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻകീഴിൽ പ്രവർത്തിക്കുന്ന കാർഷികവികസന ബോർഡുകൾ കാലഹരണപ്പെട്ടെന്നും അധികപ്പറ്റാണെന്നും നിതി ആയോഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. വാണിജ്യവിളകളുടെ വികസനത്തിൽ ഗവേഷണം സ്വകാര്യമേഖലയെ ഏൽപ്പിക്കാനാണ് കേന്ദ്രനീക്കം. ഇതനുസരിച്ചു രൂപംകൊടുത്ത റബർ ആക്ട് 22 റബർ ബോർഡ് സമൂലമായ അഴിച്ചുപണിക്ക് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാം അഗ്രിബിസിനസ്‌ കോർപറേറ്റുകളെ ഏൽപ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. കർഷകർ അവരുമായി കരാറുണ്ടാക്കി സങ്കേതികവിദ്യയും വായ്പയും അവരിൽനിന്നു വാങ്ങണം. റബർ ആക്ട് 22 കർഷകരുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കും.

റബർ കൃഷി സംസ്ഥാന വിഷയമല്ലാതിരുന്നിട്ടും കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒരു കിലോക്ക്‌ 170 രൂപ താങ്ങുവില നൽകുന്നു. സംസ്ഥാന സർക്കാർ ഒരു രൂപപോലും നികുതി പിരിക്കുന്നില്ല. നികുതി വെട്ടിപ്പുകളെല്ലാം കഴിച്ചിട്ടും ഇറക്കുമതിയിലൂടെ 3000–-4000 കോടി രൂപ പ്രതിവർഷം കേന്ദ്രത്തിനു നികുതിയായി കിട്ടുന്നുണ്ട്. കേന്ദ്രബജറ്റിൽ വിലസ്ഥിരതാ ഫണ്ടും വകയിരുത്തിയിട്ടുണ്ട്. ഈ ഫണ്ടുകളിൽ നിന്ന് ഒന്നും കർഷകനു നൽകുന്നില്ല.

എല്ലാ വിഭാഗം ജനങ്ങളും റബർ കൃഷി ചെയ്യുന്നുണ്ടെന്ന കാര്യം വിസ്മരിച്ച് ഒരു പ്രത്യേക വിഭാഗം വോട്ടുനൽകി ഒരു എംപിയെ വിജയിപ്പിക്കാമെന്ന് എങ്ങനെ പറയാൻ കഴിയും. 300 രൂപയ്ക്ക് ഒരു എം പി എന്ന സമവാക്യം കീഴടങ്ങൽ മനോഭാവമാണ്. കർഷകരെ ഒന്നിച്ചണിനിരത്തി ഡൽഹി മാതൃകയിൽ പോരാട്ടം നടത്തുകയാണ് അടിയന്തര കടമ. അതിന്റ ഭാഗമായാണ്‌ കേരള കര്‍ഷകസംഘം റബർ കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉയർത്തി വ്യാഴം, വെള്ളി ദിവസങ്ങളിൽ രാപ്പകല്‍ സമരവും രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കുന്നത്‌.

മോദി സർക്കാർ രാഷ്ട്രീയ പകപോക്കലിനുവേണ്ടി കേരള സംസ്ഥാനത്തെത്തന്നെ തകർക്കാനാണ് ശ്രമിക്കുന്നത്. സാമ്പത്തികമായി ഞെരുക്കാൻ റബർ മേഖലയും ബിജെപി ബോധപൂർവം ഉപയോഗപ്പെടുത്തുന്നു.  ഇതെല്ലാം മനസ്സിലായിട്ടും ബോധപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനോ വേണ്ടി പാംപ്ലാനി പിതാവും ഏറ്റവും വലിയ റബർ വ്യവസായിയായ മനോരമ ഉൾപ്പെടുന്ന ചില മാധ്യമങ്ങളും വസ്തുതകൾ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. ആസിയൻ കരാർ ഒപ്പിട്ട്‌ റബറിന്റെ വിലത്തകർച്ചയ്ക്ക് തുടക്കംകുറിച്ച കോൺഗ്രസിനും പലതും ഒളിക്കാനുണ്ട്. രാജ്യത്തെ കർഷകരെല്ലാം നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇവിടെയും അതുമാത്രമാണ് പരിഹാരം. അതിന് കൃഷിയെ സ്നേഹിക്കുന്ന എല്ലാ കർഷകരുടെയും പൊതുസമൂഹത്തിന്റെയും വിശിഷ്യാ മുഴുവൻ റബർ കർഷകരുടെയും പിന്തുണയുണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top