11 June Sunday

തലശേരിയെന്ന പ്രതിരോധപാഠം

പി ദിനേശൻUpdated: Tuesday Dec 28, 2021

കലാപത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക്‌ അന്നത്തെ എംഎൽഎ പിണറായി വിജയൻ സഹായം വിതരണം ചെയ്യുന്നു

തലശേരി കലാപത്തിന്റെ പൊള്ളുന്ന ഓർമയ്‌ക്ക്‌ അമ്പതു വർഷം. ഇതുപോലൊരു ഡിസംബറിലാണ്‌ മതവെറിയുടെ ചോരതിളപ്പിച്ച്‌ ആർഎസ്‌എസ്‌ തലശേരിയെ കത്തിക്കാനിറങ്ങിയത്‌. പള്ളികൾക്കും മുസ്ലിംഭവനങ്ങൾക്കും കാവൽനിന്നും സമാധാനത്തിനായി മുന്നിട്ടിറങ്ങിയും സിപിഐ എം കലാപത്തെ പ്രതിരോധിച്ചു. കലാപത്തിൽ ജീവിത സമ്പാദ്യമാകെ നഷ്‌ടപ്പെട്ടവരും  വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടവരുമുണ്ട്‌. കൂത്തുപറമ്പിനടുത്ത്‌ മെരുവമ്പായി പള്ളിക്ക്‌ കാവൽനിന്ന യു കെ കുഞ്ഞിരാമനെന്ന സിപിഐ എം നേതാവ്‌ ആർഎസ്‌എസ്‌ കൊലക്കത്തിക്കിരയായി. തലശേരി കലാപത്തിനും  യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വത്തിനും അമ്പതാണ്ട്‌ പൂർത്തിയാകുകയാണ്‌.

ഡിസംബർ 28ന്‌ രാത്രി തലശേരി മേലൂട്ട്‌ മടപ്പുരയിലേക്കുള്ള കലശഘോഷയാത്രയ്‌ക്ക്‌ നൂർജഹാൻ ഹോട്ടലിൽനിന്ന്‌ ചെരുപ്പെറിഞ്ഞെന്ന കള്ളക്കഥയിലാണ്‌ കലാപത്തിന്റെ തീപ്പൊരി പാറിയത്‌. ഹോട്ടൽ അടിച്ചുതകർത്തു. ഹോട്ടൽ ഉടമയുടെ മകനെയും സഹായികളെയും മർദിച്ചു. ഘോഷയാത്രയിലുണ്ടായിരുന്നവർ നാരങ്ങാപ്പുറംപള്ളിയും മദ്രസയും അയ്യലത്ത്‌ പള്ളിയും പാരഡൈസ്‌ ഹോട്ടലും ആക്രമിച്ചു. നേരം പുലരും മുമ്പേ പ്രത്യാക്രമണമുണ്ടായി.  ശ്രീരാമസ്വാമിക്ഷേത്രം കത്തിച്ചുവെന്നും ഹിന്ദുസ്‌ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മാറിടം മുറിച്ചുവെന്നുമുള്ള സംഭ്രമജനകമായ കെട്ടുകഥകൾ ഗ്രാമങ്ങളിൽ വിദ്വേഷത്തിന്റെ വിത്തുപാകി.

ലഹള വളരെ പെട്ടെന്ന്‌ സമീപ പ്രദേശങ്ങളിലേക്ക്‌ വ്യാപിച്ചു.  മുസ്ലിംവിരുദ്ധവികാരം ആളിപ്പടർത്താൻ ജനസംഘവും ആർഎസ്‌എസും ശ്രമിച്ചു. അറിഞ്ഞോ അറിയാതെയോ ആദ്യദിവസങ്ങളിൽ കലാപത്തിന്റെ ഭാഗമായവരുണ്ട്‌.  വീടുകളും കടകളും ജനസംഘക്കാരും കോൺഗ്രസുകാരും കൊള്ളയടിച്ചു. ഭരണകൂടവും പൊലീസും കാഴ്‌ചക്കാരായപ്പോൾ അക്രമികൾ അഴിഞ്ഞാടി. മാളിയേക്കൽ ഉൾപ്പെടെയുള്ള തറവാടുകളിൽ അഭയാർഥികൾ അന്തിയുറങ്ങി.  സകലതും നഷ്‌ടപ്പെട്ട മുസ്ലിം സഹോദരങ്ങൾക്ക്‌ അഭയമായ ഹിന്ദുഭവനങ്ങളും അനവധി. സിപിഐ എം വളന്റിയർമാർ വീടുകൾക്കും ആരാധനാലയങ്ങൾക്കും കാവൽ നിന്നു.
1971 ഡിസംബർ 29, 30,31 ജനുവരി ഒന്ന്‌ തീയതികളിലായിരുന്നു കലാപം.  ഏഴ്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ 569 അക്രമസംഭവമുണ്ടായി. തലശേരി–-334, ചൊക്ലി–-47, കൂത്തുപറമ്പ്‌–-51, പാനൂർ–-62, എടക്കാട്‌–-12, കണ്ണൂർ–-ഒന്ന്‌, മട്ടന്നൂർ–-മൂന്ന്‌, ധർമടം–-59 എന്നിങ്ങനെ. 480 അക്രമത്തിന്റെ ഇരകൾ മുസ്ലിങ്ങളായിരുന്നു. 80 സംഭവത്തിൽ ഹിന്ദുക്കളും ആക്രമിക്കപ്പെട്ടു. മുസ്ലിങ്ങളുടെ 147 കട തകർക്കുകയും 63 പള്ളിയും ഹിന്ദുക്കളുടെ 72 കടയും ആക്രമിക്കപ്പെട്ടു.

കലാപസന്നദ്ധരായി നിന്ന സായുധസംഘങ്ങളുടെ മുന്നിലേക്ക്‌ സമാധാന ആഹ്വാനവുമായി ആദ്യമെത്തിയത്‌ കൂത്തുപറമ്പ്‌ എംഎൽഎയായിരുന്ന പിണറായി വിജയനും സഖാക്കളുമാണ്‌.  കൊളശേരി വഴി ചോനാടത്ത്‌ എത്തിയപ്പോൾ ഒരുവിധത്തിലും മുന്നോട്ട്‌ പോകാൻ കഴിയാത്ത കുഴപ്പമാണെന്ന്‌ പ്രവർത്തകർ പറഞ്ഞു. മരിക്കേണ്ടി വന്നാൽ അതിനും തയ്യാറാണ്‌ ഞങ്ങളെന്നും മുന്നോട്ട്‌ പോകുമെന്നും പിണറായി തീർത്തു പറഞ്ഞു.  മൈക്ക്‌ ഉപയോഗിക്കാൻ അനുമതിയില്ലാത്തതിനാൽ മെഗാഫോണിലായിരുന്നു സംസാരം. ശ്രീരാമക്ഷേത്രത്തിന്‌ ഒന്നും പറ്റിയിട്ടില്ല.  പെൺകുട്ടികളെ ബലാൽസംഗം ചെയ്‌തുവെന്നത്‌ വാസ്‌തവ വിരുദ്ധമാണെന്നും മെഗാഫോണിലൂടെ ആകുന്നത്ര ഉച്ചത്തിൽ പിണറായി പറഞ്ഞു. ടി സി ഉമ്മർ, പി വിജയൻ, പാട്യംരാജൻ, _കെ ഇ ഗംഗാധരൻ, കെ വി ബാലൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുൻ എംഎൽഎ എം വി രാജഗോപാലന്റെ (രാജുമാസ്‌റ്റർ) നേതൃത്വത്തിൽ മാടപ്പീടികയിലും പരിസരങ്ങളിലും കലാപം പടരുന്നത്‌ തടയാൻ സിപിഐ എം മുന്നിട്ടിറങ്ങി.

തലശേരിയിൽ ലഹള ആരംഭിച്ചപ്പോൾ തിരുവനന്തപുരത്ത്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി ചേരുകയായിരുന്നു. സ്ഥിതിഗതികൾ രൂക്ഷമാണെന്നറിഞ്ഞതോടെ യോഗം നിർത്തിവച്ച്‌ 29ന്‌ അഴീക്കോടൻ, എം കെ കേളു, എം വി രാഘവൻ, പാട്യംഗോപാലൻ,  ഒ ഭരതൻ എന്നിവർ തലശേരിയിലേക്ക്‌ തിരിച്ചു. 30ന്‌ രാവിലെമുതൽ ലഹളബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. പല സ്ഥലത്തും ലഹളക്കാരുടെ ഭീഷണിയുണ്ടായി. ആത്മത്യാഗം ചെയ്‌തും സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പ്രസ്‌താവന വന്നു.

ഇ എം എസും എ കെ ജിയും തലശേരിയിൽ
കലാപമേഖലയിൽ ഇ എം എസും എ കെ ജിയും നടത്തിയ സന്ദർശനം ജനങ്ങൾക്ക്‌ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതായി. മട്ടാമ്പ്രത്ത്‌ ആക്രമിക്കപ്പെട്ട പള്ളി സന്ദർശിച്ച ഇ എം എസിനെ മതപണ്ഡിതന്മാരാണ്‌ സ്വീകരിച്ചത്‌. ചെരുപ്പഴിച്ച്‌ പള്ളിയിലേക്ക്‌ ഇ എം എസ്‌ കയറിയപ്പോൾ ‘‘ചെരുപ്പ്‌ അഴിക്കണമെന്നില്ല. പൊലീസുകാർ ബൂട്ടിട്ട്‌ കയറി പള്ളി അശുദ്ധമാക്കിയതാണെന്നായിരുന്നു'' ഖത്തീബിന്റെ വാക്കുകൾ.

ചികിത്സയിലായിരുന്ന എ കെ ജി അതൊന്നും വകവയ്‌ക്കാതെയാണ്‌ തലശേരിയിലേക്ക്‌ കുതിച്ചെത്തിയത്‌. അക്രമത്തിന്‌ ഇരയായ വീടുകളും കടകളും പള്ളികളും സന്ദർശിച്ചു. വിവിധ പ്രദേശങ്ങളിലെത്തി ജനങ്ങളോട്‌ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി സി എച്ച്‌ കണാരൻ എല്ലാ പരിപാടിയും മാറ്റിവച്ച്‌ ദിവസങ്ങളോളം ക്യാമ്പ്‌ ചെയ്‌തു. ഇ കെ നായനാർ ഉൾപ്പെടെയുള്ളവരും തലശേരിയിലെത്തി. _പ്രാദേശിക തലത്തിൽ സിപിഐ എം സ്‌ക്വാഡുകൾ രൂപീകരിച്ചു. ആർഎസ്‌എസുകാർ പ്രചരിപ്പിച്ച നുണകൾ തുറന്നുകാട്ടുകയും മുസ്ലിംവീടുകൾക്കും പള്ളികൾക്കും കാവൽ നിൽക്കുകയും ചെയ്‌തു.

പരീക്ഷണശാല
ഉത്തരമലബാറിന്റെ സാംസ്‌കാരിക ആസ്ഥാനമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട തലശേരിയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പകയുടെയും വിദ്വേഷത്തിന്റെയും ഏതാനുംദിവസങ്ങൾ മാത്രമായിരുന്നില്ല അത്‌. നാടിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു. ഉത്തരേന്ത്യയിലേതുപോലെ വർഗീയകലാപത്തിലൂടെ സ്വാധീനം ഉറപ്പിക്കാൻ സംഘപരിവാർ സംഘടനകൾ ആസൂത്രണം ചെയ്‌ത പരീക്ഷണം പക്ഷേ, വിജയിച്ചില്ല.  സിപിഐ എമ്മിന്റെ ശക്തമായ നിലപാടും മതനിരപേക്ഷ അടിത്തറയുമാണ്‌ കലാപം പടരാതെ കാത്തത്‌. കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ജസ്‌റ്റിസ്‌ വിതയത്തിൽ കമീഷൻതന്നെ സമാധാനത്തിനായി മുന്നിട്ടിറങ്ങിയ സിപിഐ എമ്മിന്റെ ഇടപെടൽ എടുത്തുപറഞ്ഞു.

കലശഘോഷയാത്രയ്‌ക്ക്‌ ചെരിപ്പേറെന്ന കെട്ടുകഥയാണ്‌ മതവികാരം ആളിക്കത്തിക്കാൻ ഉപയോഗിച്ചത്‌. ചെരിപ്പേറ്‌ തെളിയിക്കാൻ പൊലീസിന്‌ കഴിഞ്ഞില്ല. വിതയത്തിൽ കമീഷൻ റിപ്പോർട്ടിലും ഇക്കാര്യം പ്രത്യേകം പരാമർശിച്ചു. ഭരണകൂടവും പൊലീസും യഥാസമയം ഇടപെട്ടിരുന്നെങ്കിൽ അന്ന്‌ രാത്രിതന്നെ പരിഹരിക്കാനാകുന്ന പ്രശ്‌നം മാത്രമായിരുന്നു. ലഹളക്കാർക്ക്‌ അഴിഞ്ഞാടാൻ ഭരണകൂടം അവസരമൊരുക്കി.

വിദ്വേഷ മുദ്രാവാക്യത്തിലൂടെ തലശേരിയുടെ യശസ്സിനെ കളങ്കപ്പെടുത്താൻ കഴിഞ്ഞ ഡിസംബർ ഒന്നിന്‌ ആർഎസ്‌എസ്‌ ശ്രമിച്ചതും കേരളം കണ്ടു. വാങ്ക്‌ വിളി കേൾക്കില്ലെന്നും പള്ളികളൊന്നും കാണില്ലെന്നുമുള്ള പ്രകോപനമുദ്രാവാക്യമാണ്‌ ആർഎസ്‌എസുകാർ മുഴക്കിയത്‌. നിരോധനാജ്ഞ പ്രഖ്യാപിച്ചും ശക്തമായ നടപടിയെടുത്തുമാണ്‌ അതിനെ എൽഡിഎഫ്‌ സർക്കാർ നേരിട്ടത്‌. ആലപ്പുഴ ഇരട്ടക്കൊലപാതകത്തെ  മറയാക്കി കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്‌എസും എസ്ഡിപിഐയും ശ്രമിക്കുമ്പോൾ അമ്പതാണ്ട്‌ മുമ്പ്‌ തലശേരിയിലുണ്ടായ കലാപവും അനുഭവങ്ങളും കേരളത്തിന്‌ വലിയ പാഠമാകേണ്ടതാണ്.  മതനിരപേക്ഷത തകർക്കാനുള്ള വർഗീയശക്തികളുടെ ഗൂഢനീക്കത്തെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ്‌ തലശേരി കലാപം നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top