25 April Thursday

ഹിംസയുടെ പരിവാരം - ഡോ. ഷിജൂഖാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

യുദ്ധോത്സുകതയും ഹിംസാത്മകതയും സന്നിവേശിപ്പിച്ച ദേശീയതയെയാണ് തീവ്രവലതുപക്ഷം ലോകമെങ്ങും ആഘോഷിക്കുന്നത്. നവനാസി പ്രസ്ഥാനങ്ങളും യൂറോപ്പ്‌, അമേരിക്ക എന്നിവിടങ്ങളിൽ  ശക്തിപ്പെടുന്ന വംശീയവാദവും മുതലാളിത്ത രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നങ്ങളാണ്. അഭയാർഥികളോടും കുടിയേറ്റക്കാരോടുമുള്ള അവരുടെ വെറുപ്പ് ആളിക്കത്തുകയാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ  മുഴുവൻ സംശയിക്കുകയും ഭീകരവാദിയെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തുകയും ചെയ്യുന്ന സാംസ്കാരിക സമീപനം ശക്തിപ്രാപിക്കുകയാണ്. പുതിയ സംഭവങ്ങളെ, രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്‌ലർ നടപ്പാക്കിയ ജൂതവിരുദ്ധതയോടും കമ്യൂണിസ്റ്റ് വിരുദ്ധതയോടും വംശീയ വിദ്വേഷത്തോടും ചേർത്തു വായിക്കുമ്പോഴാണ് പ്രശ്നത്തിന്റെ ആഴം മനസ്സിലാകുക. 

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ മതനിരപേക്ഷതയ്ക്ക്  ഇത്രയേറെ നിരന്തരമായ വെല്ലുവിളി അഭിമുഖീകരിക്കേണ്ട ഘട്ടം ഇതുവരെയുണ്ടായിട്ടില്ല. ജനാധിപത്യവും സഹിഷ്ണുതയുമാണ് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ. ദേശരാഷ്ട്രമെന്ന രീതിയിൽ ഇന്ത്യ സങ്കൽപ്പിക്കപ്പെട്ടശേഷംമുതൽതന്നെ മതനിരപേക്ഷതയ്ക്കും സഹിഷ്ണുതയ്ക്കും കോട്ടംതട്ടാതെ സംരക്ഷിക്കാൻ രാഷ്ട്രശിൽപ്പികൾ പരമാവധി ശ്രമിച്ചിരുന്നതായിക്കാണാം.  മതനിരപേക്ഷ ഇന്ത്യയുടെ  പരിപാലനം ലക്ഷ്യമിട്ടാണ് സുസംഘടിതമായ ഭരണഘടന സംവിധാനം ചെയ്യപ്പെട്ടത്. എന്നാൽ, ഭരണഘടനയും രാഷ്ട്രശിൽപ്പികളും വിഭാവനം ചെയ്ത ജനാധിപത്യ മൂല്യങ്ങളേയും സഹവർത്തിത്വത്തിന്റെ അന്തരീക്ഷത്തെയും അക്ഷരാർഥത്തിൽ ആക്രമിച്ച് മുറിവേൽപ്പിക്കുകയാണ് ഭരണകൂട പിന്തുണയോടെ വർഗീയശക്തികൾ ചെയ്യുന്നത്. ‘ഒറ്റപ്പെട്ടത്', ‘ഞെട്ടലുളവാക്കുന്നത്' എന്നീ പ്രയോഗങ്ങളിൽനിന്ന്, മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള അക്രമസംഭവങ്ങൾ വ്യാപകവും സ്വാഭാവികവുമെന്ന നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ പരിണാമം  വർഗീയ ഫാസിസത്തിന്റെ എക്കാലത്തെയും പ്രവർത്തനപദ്ധതിയുടെ ഭാഗമാണ്. അന്യവൽക്കരണവും അക്രമങ്ങളുടെ സ്വാഭാവികവൽക്കരണവും അവരുടെ പ്രത്യയശാസ്ത്ര പദ്ധതികളിൽ നിക്ഷിപ്തമാണ്. സമകാലിക അക്രമ പദ്ധതികളിൽ അവർ നിയതമായ രീതിശാസ്ത്രം പിന്തുടരുന്നു എന്ന വസ്തുത പ്രത്യക്ഷത്തിൽത്തന്നെ ദൃശ്യമാണ്.

ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മതവിദ്വേഷം ജനിപ്പിക്കാനും ആക്രോശപ്രഖ്യാപനങ്ങൾ നടത്താനുമാണ് സംഘപരിവാർ നിലവിൽ ശ്രമിക്കുന്നതും വിജയം കൈവരിക്കുന്നതും. ബിജെപി ഭരിക്കുന്നതും സംസ്ഥാന സർക്കാരുകൾ വർഗീയ ശക്തികൾക്കുനേരെ കണ്ണടയ്ക്കുന്നതുമായ സംസ്ഥാനങ്ങളിലാണ് ആസൂത്രിതമായ അക്രമം അരങ്ങേറുന്നത്.

ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾ തെരഞ്ഞുപിടിച്ച്, ബുൾഡോസറിന്റെ യന്ത്രക്കൈകളുപയോഗിച്ച് ആരാധനാലയങ്ങളും വാസസ്ഥാനങ്ങളും ഞെരിച്ചമർത്തുകയാണ്. പൊലീസിന്റെയും സംഘപരിവാർ പ്രഭൃതികളുടെയും സഹായ സഹകരണങ്ങളോടെയാണ് ഇത് ചെയ്യുന്നത്. വാചാടോപത്തിൽ ഡിജിറ്റൽ ഇന്ത്യയെന്ന് ഗീർവാണം മുഴക്കുകയും അതേസമയം തത്വത്തിൽ സഹസ്രാബ്ദങ്ങൾക്കു പുറകിലേക്ക് ജനതയെ നയിക്കുകയുമാണ് സംഘപരിവാർ ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ പ്രയോഗവൽക്കരണമല്ല, രാഷ്ട്രത്തിന്റെ ആത്മാവിനെ വെട്ടിമുറിക്കുന്ന സോഷ്യൽ എൻജിനിയറിങ്ങാണ് നിലവിൽ നടപ്പാകുന്നത്. അതിരുകളുടെയും അജൈവ വസ്തുക്കളുടെയും ഭൗമരൂപങ്ങളുടെയും സഞ്ചയമല്ല രാഷ്ട്രം. അത് ജീവിക്കുന്ന മനുഷ്യരുടെയും അവർ ഏറ്റെടുക്കുന്ന ജീവസന്ധാരണ പ്രവർത്തനങ്ങളുടെയും സജീവമണ്ഡലമാണ്. ജനതയാണ് രാഷ്ട്രം. ഇന്ത്യയാകട്ടെ ആ സജീവമണ്ഡലത്തിൽ  മതനിരപേക്ഷമൂല്യങ്ങളെ ആത്മാവിൽ വിളക്കിച്ചേർത്താണ് രാജ്യമെന്ന നിലയിൽ രൂപംകൊണ്ടതും വളർന്നതും നിലനിൽക്കുന്നതും.

പി സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം

പി സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമം


 

ആയിരക്കണക്കിന് ജാതി,- ഉപജാതി ഗോത്രവിഭാഗങ്ങളെയും നിരവധി മതങ്ങളെയും അനേകം ഭാഷകളെയും ചേർത്തുപിടിച്ചാണ് ഇന്ത്യയുടെ നിലനിൽപ്പ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുള്ള രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യ -മഹത്തായ ഭൂതകാല പാരമ്പര്യത്തിന്റെ പ്രയോഗാനുഭവങ്ങളെ  ഉൾക്കൊണ്ടാണ് സർവപ്രതിസന്ധിയെയും അതിജീവിച്ചത്. സമാനമായ കാലത്ത് സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങളിലൊക്കെയും ജനാധിപത്യത്തിന് അപഭ്രംശമുണ്ടായപ്പോൾ, ദീർഘവീക്ഷണമുള്ള ഭരണഘടനയുടെ ബലത്തിലാണ് ഇന്ത്യ അത്തരമൊരവസ്ഥയിലേക്ക് വഴുതിപ്പോകാതെ നിന്നത്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന് മറ്റുമതങ്ങളേക്കാൾ സ്ഥാനമോ പദവിയോ കൽപ്പിക്കുന്നില്ല. രാഷ്ട്രത്തിന് എല്ലാവരും തുല്യരാണ്. നിയമത്തിനു മുന്നിൽ തുല്യത മൗലികാവകാശമാണ്. തീവ്രമതരാഷ്ട്രവാദവും അതിദേശീയതാ വാദവും അന്താരാഷ്ട്രതലത്തിൽത്തന്നെ വളർന്നുവരുന്നു. സംഘപരിവാർ നേതൃത്വത്തിലുള്ള യൂണിയൻ ഗവൺമെന്റ് ഫാസിസ്റ്റ് പ്രവണതകളുമായി ഇന്ത്യയിൽ അധികാരത്തിൽ തുടരുമ്പോൾ -പൗരത്വ നിയമംപോലെ ഭരണഘടനയെ വെല്ലുവിളിക്കുന്ന കരിനിയമങ്ങൾ നിർമിക്കുകയാണ്; അതും പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കി.

ജനാധിപത്യവിരുദ്ധ നീക്കങ്ങളിലൂടെ മോദി സർക്കാർ മതനിരപേക്ഷതയെ ‘നിയമപര'മെന്നോണം ആക്രമിക്കുമ്പോൾ തെരുവിൽ ഹിന്ദുത്വശക്തികൾ അതിന്റെ പ്രയോഗ പംക്തിയായി ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്നു. ആഘോഷങ്ങൾ അക്രമങ്ങളുടെ അവസരങ്ങളാക്കി മാറ്റുന്നു.  മതപരിവർത്തനത്തിനെതിരെയെന്ന പേരിൽ ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ  നിർമിക്കുന്നു. മതസൗഹാർദവും സഹിഷ്ണുതയും തകർക്കാനുള്ള ഗൂഢ പദ്ധതിയാണ് അരങ്ങേറുന്നത്.

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട്, പതിറ്റാണ്ടുകളായി അതത് പ്രദേശത്ത്‌ കച്ചവടത്തിനായി എല്ലാ മതസ്ഥരും പങ്കെടുക്കുമായിരുന്നു. എന്നാൽ, ഇത്തവണ കർണാടകത്തിൽ മുസ്ലിങ്ങളെ ലേലത്തിൽനിന്ന് വിലക്കിയത് ദേശീയതലത്തിൽ വാർത്തയായി. രാജ്യത്ത് എവിടെ തൊഴിൽ ചെയ്യാനും കച്ചവടത്തിലേർപ്പെടാനുമുള്ള ഭരണഘടന അനുച്ഛേദം 19 പ്രദാനം ചെയ്യുന്ന പൗരാവകാശമാണ് അട്ടിമറിക്കപ്പെട്ടത്. അതോടൊപ്പം മതസൗഹാർദം തകർക്കാനുള്ള ശ്രമമാണിത്. ഉഡുപ്പി ഹൊസമാരി ഗുഡി, ഷിമോഗ തുടങ്ങിയ ക്ഷേത്രങ്ങളിൽ ഈ നിലപാട് സ്വീകരിച്ചു. മൂകാംബിക ക്ഷേത്രത്തിലും ഇപ്രകാരം മുസ്ലിങ്ങൾക്ക് കച്ചവടവിലക്ക് നടപ്പാക്കാൻ ശ്രമം നടക്കുന്നു. മതേതര പൊതു ഇടങ്ങളെ തകർത്തെറിഞ്ഞ് ഭീതിയുടേതായ അന്തരീക്ഷത്തിന്റെ സംസ്ഥാപനമാണ് ലക്ഷ്യം.

മധ്യപ്രദേശിലെ ഖർഖോണിൽ ആസൂത്രിത കലാപമാണ് ലക്ഷ്യം വച്ചത്. ന്യൂനപക്ഷ ജനവിഭാഗത്തിന്റെ സ്വത്തുവകകൾ ആക്രമിക്കപ്പെട്ടു. വാഹനങ്ങളും വീടുകളും തകർത്തു. ഗുജറാത്തിലെ കംബാത് നഗരത്തിലുണ്ടായ സംഘർഷത്തിൽ ഒരു ജീവൻ അപഹരിക്കപ്പെട്ടു. ഭയചകിതരായ ന്യൂനപക്ഷങ്ങൾ സ്വന്തം പ്രദേശങ്ങൾ വിട്ടൊഴിയുന്ന വേദനിപ്പിക്കുന്ന കാഴ്ച രാജ്യം കണ്ടു. രാജസ്ഥാനിലെ മേവത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമത്തിനുശേഷം ഒരു നീണ്ട ശാന്തതയ്ക്കുശേഷം, ഇപ്പോൾ കരൗളിയിലും സുർസഗറിലും സംഘർഷമുണ്ടായി. കന്നുകാലികളെ തെളിച്ചുപോയ ഒരു ബാലനെയും ബന്ധുവിനെയും ക്രൂരമായി കൊന്ന്‌ കെട്ടിത്തൂക്കിയ ജാർഖണ്ഡിൽനിന്ന് ഇപ്പോൾ വീണ്ടും ചോര മണം പടരുകയാണ്. നിരവധി ജില്ലകളിൽ അക്രമം നടന്നു. കൊലപാതകം റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ദ്വാരകയിൽ പശു മാംസത്തിന്റെ പേരിൽ ഒരു നിരപരാധിയെക്കൂടി കൊന്നിരിക്കുന്നു.

ജഹാംഗിർ പുരിയിലെ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയതിനു സമമായി രാമനവമിയുടെ മറവിൽ ഗുജറാത്തിലെ ഹിമ്മത് നഗറിലും ബുൾഡോസർ അതിക്രമമുണ്ടായി. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ വീടുകൾ ഇടിച്ചു നിരപ്പാക്കി. പൊലീസ് കൂട്ടുനിന്നു. വർഗീയ സംഘർഷമുണ്ടായ ഘട്ടത്തിൽ ഒരു കൊലപാതകംകൂടി നടന്നിരുന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വാനി, ഹരിദ്വാർ എന്നിവിടങ്ങളിലും ഇപ്രകാരമുള്ള ബുൾഡോസർ വേട്ട നടന്നു. ബാബ്‌റി മസ്ജിദ് സംഭവത്തിനുശേഷം ഈ ദിശയിൽ  മുസ്ലിം ജനസമൂഹത്തെ ഭയപ്പെടുത്താനുള്ള നീക്കമാണ് മഥുര, കാശി എന്നിവിടങ്ങളിലെ പള്ളികൾക്കു മേലുള്ള ഹിന്ദുത്വരുടെ അവകാശവാദം. മഥുര ക്ഷേത്രത്തിനരികിലെ ഷാഹി ഈദ് ഗാഹ്, കാശി ക്ഷേത്രത്തിനരികിലെ ഗ്യാൻ വാപി മസ്ജിദ് സ്ഥലങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്നാണ് ആവശ്യം. താജ്മഹൽ ലക്ഷ്യമാക്കി വീണ്ടും ബിജെപി വിദ്വേഷ പ്രചാരണം തുടങ്ങിയിരിക്കുന്നു.

സംഘർഷങ്ങളുണ്ടാക്കാൻ ലക്ഷ്യമിട്ട്‌ വിദ്വേഷ പരാമർശം നടത്തുന്നത് ബിജെപിയുടെ പതിവ് രീതിയാണ്. വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണം നടത്തിയതിന് പഞ്ചാബ് പൊലീസ് കേസെടുത്ത  ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ സംരക്ഷിക്കുന്നത്  കേന്ദ്ര സർക്കാരിനു കീഴിലെ ഡൽഹി പൊലീസാണ്. നിരവധി തവണ നോട്ടീസ് അയച്ചിട്ടും ബിജെപി നേതാവ് പൊലീസിനോട് സഹകരിക്കാത്ത ഘട്ടത്തിൽ ഡൽഹിയിലെത്തി പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ബിജെപി സർക്കാരുകൾക്ക് കീഴിലുള്ള ഡൽഹി–- ഹരിയാന പൊലീസ് സേനകൾ പ്രതിയെ മോചിപ്പിക്കാനും ഫെഡറൽ മൂല്യങ്ങളെയും ക്രിമിനൽ കേസ് അന്വേഷണത്തെയും അട്ടിമറിക്കാനും ശ്രമിക്കുന്നത് ഹിന്ദുത്വവാദികളുടെ നിർദേശപ്രകാരമാണ്.

സമൂഹത്തിന്റെ വ്യത്യസ്ത അടരുകളിൽ അസ്വസ്ഥത പടർത്തുംവിധം വാക്കാലും ആയുധത്താലും സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് കേരളത്തിലും ഹിന്ദുത്വവാദികളുടെ ശ്രമം. ജനാധിപത്യ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരാക്കി വിട്ടിട്ടും മതനിരപേക്ഷ മൂല്യത്തെ തരിമ്പും മനസ്സിലാക്കാതെ ആക്രോശം നടത്തുകയാണ് സംഘപരിവാറിന്റെ അനുയാത്രികർ. ലൗജിഹാദിന്റെ പേരിൽ കടുത്ത മുസ്ലിംവിരുദ്ധ പ്രചാരണം അഴിച്ചുവിട്ട സംഘപരിവാർ രാഷ്ട്രീയമാണ് പി സി ജോർജ് പിന്തുടരുന്നത്. വന്ധ്യത വരുത്തുന്ന മരുന്നുകൾ പാനീയത്തിൽ കലർത്തുന്നവരാണ് മുസ്ലിങ്ങളെന്നും ജനസംഖ്യ വർധിപ്പിച്ച് മുസ്ലിം രാഷ്ട്രമാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഭക്ഷണത്തിൽ തുപ്പുന്നവരാണ് മുസ്ലിം പുരോഹിതരുമെന്ന പി സി ജോർജിന്റെ അസംബന്ധം നിറഞ്ഞ അധിക്ഷേപം മതനിരപേക്ഷകേരളം അവജ്ഞയോടെയും അമർഷത്തോടെയുമാണ് ശ്രവിച്ചത്.  പി സി ജോർജിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും പൊലീസ് അറസ്റ്റ്‌ ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ, മതവിദ്വേഷ പ്രചാരണം നടത്തിയ  കുറ്റത്തിന് പിടിക്കപ്പെട്ട പ്രതിക്കുവേണ്ടി കേന്ദ്ര മന്ത്രി വി മുരളീധരൻ നേരിട്ടെത്തി.  എന്നാൽൽ,  വർഗീയതയ്ക്ക് നൽകുന്ന ഈ വിഷലിപ്തമായ പിന്തുണ ഒരു കാരണവശാലും കേരള ജനത അംഗീകരിക്കില്ല.

പി സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയ തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ, മതപണ്ഡിതരെയും സാംസ്കാരിക നായകരെയും അണിനിരത്തി ഡിവൈഎഫ്ഐ മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചു. വിദ്വേഷം വിനാശമാണ്, സ്നേഹം ജീവിതമാണ് -എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ ഡിവൈഎഫ്ഐ പ്രതിരോധം തീർത്തത്‌. മതമൈത്രിയെ തകർക്കാൻ ശ്രമിക്കുന്ന ഏത് ശക്തിക്കെതിരെയും ഒന്നിച്ചു പോരാടാൻ കേരളീയ ജനത പ്രതിജ്ഞാബദ്ധമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top