25 April Thursday

ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി അന്തർധാര - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

പരസ്പര വൈരികളെന്ന് തോന്നുന്ന രണ്ട് സംഘടനയായ ആർഎസ്എസും ജമാത്തെ ഇസ്ലാമിയും എന്തുകൊണ്ടാണ് രഹസ്യചർച്ചയ്‌ക്ക് തയ്യാറായത്. 1947 മേയിൽ ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൗദൂദി നടത്തിയ പ്രസംഗം ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. ഈ പ്രസംഗം ‘ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം' എന്ന പുസ്തകത്തിൽ  പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അത് ഇങ്ങനെയാണ്:
‘നാട് വിഭജിക്കപ്പെടുമെന്ന് ഇപ്പോൾ ഏതാണ്ട് തീർച്ചപ്പെട്ടിരിക്കുന്നു. വിഭജനത്തോടെ നാടിന്റെ ഒരു ഭാഗം മുസ്ലിം ന്യൂനപക്ഷത്തിന്റെ അധീനതയിലും മറ്റേ ഭാഗം അമുസ്ലിം ഭൂരിപക്ഷത്തിന്റെ അധീനതയിലും വരുന്നതായിരിക്കും. മുസ്ലിം ഭൂരിപക്ഷത്തിന്റെ സ്വാധീനമുള്ള പ്രദേശത്ത് മുസൽമാൻമാർ ദൈവത്തിന്റെ ഭരണഘടനയെന്നും നിയമമെന്നും വിശ്വസിക്കുന്ന ഭരണഘടന, നിയമങ്ങൾ നടപ്പാക്കുന്നതിന്, അനുകൂലമായി പൊതുജനാഭിപ്രായം സംഘടിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതായിരിക്കും.അവിടത്തെ അമുസ്ലിങ്ങൾ ഞങ്ങളെ എതിർക്കുന്നതിനു പകരം, ഞങ്ങൾക്ക് പ്രവർത്തിക്കാനുള്ള അവസരം നൽകേണ്ടതാണ്. (പുറം 33)'.

പാകിസ്ഥാൻ ഇസ്ലാമിക രാഷ്ട്രമായിത്തീരുമ്പോൾ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്ന കാഴ്ചപ്പാടാണ് ആർഎസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ലാമിക്കുമുണ്ടായിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഹിന്ദുമതവിശ്വാസികളോട് മതഗ്രന്ഥത്തിലേക്ക് തിരിയാനും  ദൈവത്തിന്റെ ചര്യകൾ മനസ്സിലാക്കാനും മൗദൂദി നിർദേശിക്കുന്നുണ്ട്. തുടർന്ന്, ഇങ്ങനെ പറയുന്നു.  ‘ഇവയിൽ നല്ല സവിസ്തര നിർദേശവും നിങ്ങൾക്ക് കണ്ടുമുട്ടുന്ന പക്ഷം, ഞങ്ങൾ തുറന്ന ഹൃദയത്തോടെ പറയുന്നു ഭാരതനാടിന്റെ രാഷ്ട്രീയ വ്യവസ്ഥിതി ആ നിർദേശത്തിൽ കെട്ടിപ്പടുക്കുകയും നിങ്ങളുടെ സാക്ഷാൽ മതം നിർദേശിക്കുന്ന അതേനയം നിങ്ങൾ ഞങ്ങളോട് അനുവർത്തിച്ചുകൊള്ളുകയും ചെയ്യുകയെന്ന്.നിങ്ങളുടെ ആ വ്യവസ്ഥയെ ഞങ്ങൾ എതിർക്കില്ല. അതിനെ പ്രയോഗത്തിൽ വരുത്താനുള്ള പൂർണാവസരം നിങ്ങൾക്ക് ഞങ്ങൾ നൽകിക്കോളാം'.

മതരാഷ്ട്രം രൂപപ്പെടുത്തുകയെന്ന ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവച്ച അജൻഡയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനം ഒരു മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യയെ മാറ്റിയത്. അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനയാണ്‌ ഇന്ത്യയിൽ രൂപപ്പെട്ടത്. ഇതിനെ ആർഎസ്എസിനെപ്പോലെതന്നെ ജമാഅത്തെ ഇസ്ലാമിയും എതിർക്കുന്നു. മൗദൂദി ഇങ്ങനെ പറയുന്നുണ്ട്. ‘മുസൽമാൻമാരെ സംബന്ധിച്ചിടത്തോളം ഞാൻ ഇതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു. ആധുനിക മതേതര ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഇമാനിനും കടകവിരുദ്ധമാണ്.' മതരാഷ്ട്രവാദത്തിനു കീഴിൽ  ജീവിക്കുന്നതാണ് മതനിരപേക്ഷ ഭരണവ്യവസ്ഥയേക്കാൾ സന്തോഷകരമെന്ന് ഓർമപ്പെടുത്താനും മൗദൂദി മറക്കുന്നില്ല.

മതരാഷ്ട്രവാദം, ന്യൂനപക്ഷവിരുദ്ധത, ആധുനിക ജനാധിപത്യത്തോടുള്ള പുറന്തിരിഞ്ഞുനിൽക്കൽ, ബഹുസ്വരതയുടെ നിഷേധം, വ്യത്യസ്ത ഭാഷകളെ നിരാകരിക്കൽ എന്നിവയിലെല്ലാം ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവൽപ്പക്ഷികളാണ്. ബ്രിട്ടീഷുകാർ മുന്നോട്ടുവച്ച മതരാഷ്ട്രക്കാഴ്ചപ്പാടിനെ പിന്തുണയ്‌ക്കുകയായിരുന്നു ഇവർ.

ന്യൂനപക്ഷ സംരക്ഷണം ജമാഅത്തെ ഇസ്ലാമിയുടെ അജൻഡയിലെവിടെയുമില്ല. ഇന്ത്യൻ ഭരണഘടനയിലെ ന്യൂനപക്ഷ സംരക്ഷണം ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ലെന്നർഥം. ഇപ്പോൾ നിലനിൽക്കുന്ന ജനാധിപത്യത്തിന്റെ മറയുപയോഗിച്ച് മതരാഷ്ട്രവാദത്തിലേക്ക് രാജ്യത്തെയെത്തിക്കാനുള്ള പദ്ധതികളാണ് അവർ ആസൂത്രണം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ദളിത് സ്നേഹം സ്വാഭാവികമായുണ്ടായതല്ലെന്നർഥം. സ്വത്വരാഷ്ട്രീയത്തെയും സ്വത്വരാഷ്ട്രീയക്കാരെയും ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും നിഷ്കളങ്കമായല്ല.

ഏത് രാജ്യക്കാരനാണെങ്കിലും ലോകത്തെവിടെയുമുള്ള മുസ്ലിങ്ങൾ ഒറ്റ രാഷ്ട്രമാണെന്ന് അവർ പ്രഖ്യാപിക്കുന്നു. ഇതിനെയാണ് പാനിസ്ലാമിസം എന്നു പറയുന്നത്.

പാകിസ്ഥാൻ ഒരു മതരാഷ്ട്രമാകണമെന്ന കാഴ്ചപ്പാടായിരുന്നു മൗദൂദിക്കുണ്ടായിരുന്നത്. ദേശീയത എന്ന കാഴ്ചപ്പാടിനെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. ദേശത്തിന്റെ അതിർത്തിയല്ല, മതവിശ്വാസമാണ് മനുഷ്യരുടെ ദേശീയതയെന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട്. ഏത് രാജ്യക്കാരനാണെങ്കിലും ലോകത്തെവിടെയുമുള്ള മുസ്ലിങ്ങൾ ഒറ്റ രാഷ്ട്രമാണെന്ന് അവർ പ്രഖ്യാപിക്കുന്നു. ഇതിനെയാണ് പാനിസ്ലാമിസം എന്നു പറയുന്നത്. എന്നാൽ, ബംഗ്ലാദേശിന്റെ രൂപീകരണം ദേശീയതയുടെ അടിത്തറ മതമല്ലെന്നും ഭാഷയും സംസ്കാരവുമെല്ലാമാണെന്ന യാഥാർഥ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഇസ്ലാമിക രാഷ്ട്രമെന്ന് പറയുമ്പോൾ ഏത് ഇസ്ലാമിന്റേതെന്ന പ്രശ്നവും ഉയർന്നുവരും. സുന്നി, ഷിയ തുടങ്ങിയ വൈവിധ്യങ്ങളിൽ ഏതിനെയാണ് പിൻപറ്റുകയെന്നതും മതരാഷ്ട്രവാദത്തിന്റെ അശാസ്ത്രീയതയെ വ്യക്തമാക്കുന്നതാണ്. ലോകത്തൊരിടത്തും ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ദേശീയത നിലനിൽക്കുന്നില്ല.

മൗദൂദിയുടെ മതരാഷ്ട്രവാദത്തെ മുഹമ്മദലി ജിന്നപോലും സ്വീകരിച്ചില്ല. പകരം സാമുദായിക രാഷ്ട്രീയത്തിന്റെ സമീപനമാണ് സ്വീകരിച്ചത്. ഇസ്ലാം മതനിയമങ്ങൾ രാജ്യത്ത് നടപ്പാക്കുകയല്ല, പകരം ഇസ്ലാമിക മതനിയമങ്ങളനുസരിച്ച് ജീവിക്കുന്നവർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടാണ് ജിന്ന മുന്നോട്ടുവച്ചത്. മുസ്ലിങ്ങൾ ഭരിക്കുന്ന ഒരു രാഷ്ട്രമാണ് ജിന്ന ലക്ഷ്യംവച്ചത്. അതിനാൽ പാകിസ്ഥാൻ പ്രധാനമന്ത്രി മുസ്ലിമായിരിക്കണമെന്ന നിബന്ധന ജിന്ന ഭരണഘടനയിലെഴുതിച്ചേർത്തു. എന്നാൽ, പാർലമെന്ററി ജനാധിപത്യവും ന്യൂനപക്ഷ സംരക്ഷണവും പാകിസ്ഥാൻ ഭരണഘടനയുടെ ഭാഗമായി മാറി. ലോകത്തിലെ മുസ്ലിങ്ങൾ ഒറ്റ രാഷ്ട്രമെന്ന പാനിസ്ലാമിസത്തിന് പകരം ഇസ്ലാം ദേശീയതയെന്ന കാഴ്ചപ്പാടായിരുന്നു ജിന്നയുടേത്.

ഹിന്ദു മതവിശ്വാസിയായ ഗാന്ധിജിയും ഇത്തരത്തിൽ സെക്കുലറായ രാഷ്ട്രഘടനയ്‌ക്കുവേണ്ടിയായിരുന്നു നിലകൊണ്ടത്. മതം രാഷ്ട്രീയത്തിൽനിന്ന്‌ വേർപെടുത്തേണ്ട ഒന്നാണെന്ന് തന്റെ അവസാന പ്രസംഗങ്ങളിൽ ഗാന്ധിജി ഓർമപ്പെടുത്തിയിരുന്നു.

മതനിരപേക്ഷതയുടെ സമീപനം ലോകത്തെമ്പാടുമുള്ള മുസ്ലിം ജനവിഭാഗങ്ങളിൽ  ശക്തമായിരുന്നു. അതിന്റെ മുഖ്യ വക്താക്കളിലൊരാളായിരുന്നു മൗലാനാ അബുൾ കലാം ആസാദ്. മക്കയിലായിരുന്നു ആസാദിന്റെ ജനനം. തികഞ്ഞ മതവിശ്വാസിയായിരുന്ന അബുൾകലാം ആസാദ് ഇസ്ലാമിനെപ്പറ്റി നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. നബി തന്റെ സാമ്രാജ്യം സ്ഥാപിച്ചപ്പോൾ ന്യൂനപക്ഷങ്ങളായ ജൂതൻമാർക്കും അവരുടെ വിശ്വാസങ്ങളുമായി ജീവിക്കാൻ അവകാശം നൽകിയിരുന്നുവെന്നും അതുകൊണ്ട് മതരാഷ്ട്രവാദം ഇസ്ലാമിന്റെ അജൻഡയല്ലെന്നും ആസാദ് വ്യക്തമാക്കി. ഇന്ത്യയിലെ പാവപ്പെട്ട മുസ്ലിം ജനവിഭാഗത്തിലെ ബഹുഭൂരിപക്ഷവും ഇതിനൊപ്പം നിലയുറപ്പിച്ച് ഇന്ത്യയിൽ തുടർന്നു. ദേശീയ മുസ്ലിമെന്ന പേരിലാണ് ചരിത്ര കാലഘട്ടത്തിൽ ഈ ധാരയെ വിളിച്ചിരുന്നത്. ഹിന്ദു മതവിശ്വാസിയായ ഗാന്ധിജിയും ഇത്തരത്തിൽ സെക്കുലറായ രാഷ്ട്രഘടനയ്‌ക്കുവേണ്ടിയായിരുന്നു നിലകൊണ്ടത്. മതം രാഷ്ട്രീയത്തിൽനിന്ന്‌ വേർപെടുത്തേണ്ട ഒന്നാണെന്ന് തന്റെ അവസാന പ്രസംഗങ്ങളിൽ ഗാന്ധിജി ഓർമപ്പെടുത്തിയിരുന്നു.

ഇസ്ലാമിനെ രാഷ്ട്രീയ അധികാരവുമായി ബന്ധിപ്പിക്കാനുമുള്ള ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളുടെ പരിശ്രമങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് മുസ്ലിങ്ങളിൽനിന്ന് ആഗോളമായിത്തന്നെ ഉയർന്നുവന്നിട്ടുണ്ട്. അങ്ങനെയുള്ള നിരവധി ധാരകളിലൊന്നാണ് സൂഫിസം. ആഗ്രഹ നിഗ്രഹമാണ് സൂഫികൾ പൊതുവിൽ ജിഹാദായി കണ്ടിരുന്നത്. ലളിതമായ ജീവിതവും മനുഷ്യസ്നേഹവും അതിലെ സജീവധാരയായിരുന്നു. ഇതര മതസ്ഥരെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും തുല്യ പ്രാധാന്യത്തോടെ സൂഫിസം വീക്ഷിക്കുന്നു.

പാനിസ്ലാമിസത്തിൽനിന്ന് വ്യത്യസ്തമായി പ്രാദേശിക സവിശേഷതകളെ സൂഫിസം ഉൾക്കൊള്ളുന്നു. മതത്തെ രാഷ്ട്രീയാധികാരവുമായി ബന്ധിപ്പിക്കുന്നതിനെ എതിർക്കുന്നു. സൂഫിസത്തിന്റെ ഇത്തരം സ്വാധീനം കേരളത്തിലെ സുന്നി ജനവിഭാഗങ്ങളിലൂടെ കേരളത്തിൽ സജീവമായുണ്ട്. മുസ്ലിമായി ജീവിക്കണമെങ്കിൽ  രാഷ്ട്രത്തിന്റെ ഘടന മതപരമാകണമെന്ന ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട് ഇവർ അംഗീകരിക്കുന്നില്ല. മതനിഷ്ഠകളോടെ മതനിരപേക്ഷ രാഷ്ട്രത്തിനകത്ത് ജീവിക്കാമെന്ന സമീപനം സുന്നി പോലുള്ള വിഭാഗങ്ങൾ മുന്നോട്ടുവയ്‌ക്കുന്നു.

ദൈവമെന്നത് സ്നേഹമാണെന്നും ദൈവസാക്ഷാൽക്കാരത്തിന് ജനങ്ങളെ സ്നേഹിക്കുകയാണ് വേണ്ടതെന്നും സൂഫിസം ഓർമപ്പെടുത്തുന്നു. വാളല്ല, വാക്കും പ്രബോധനവും സ്നേഹവുമാണ് അത് മുന്നോട്ടുവയ്‌ക്കുന്നത്.

മനുഷ്യജീവിതത്തെ ആഹ്ലാദകരവും സർഗാത്മകവുമായി രൂപപ്പെടുത്തുകയെന്ന കാഴ്ചപ്പാടാണ് മാർക്സിസം മുന്നോട്ടുവയ്‌ക്കുന്നത്. അതിന് തടസ്സമായി നിൽക്കുന്ന ചൂഷണത്തെയും സാമൂഹ്യമായ അവശതയുൾപ്പെടെയുള്ള എല്ലാത്തിനെയും ഇല്ലാതാക്കാനാണ് കമ്യൂണിസ്റ്റ് പാർടി പ്രവർത്തിക്കുന്നത്. ദൈവമെന്നത് സ്നേഹമാണെന്നും ദൈവസാക്ഷാൽക്കാരത്തിന് ജനങ്ങളെ സ്നേഹിക്കുകയാണ് വേണ്ടതെന്നും സൂഫിസം ഓർമപ്പെടുത്തുന്നു. വാളല്ല, വാക്കും പ്രബോധനവും സ്നേഹവുമാണ് അത് മുന്നോട്ടുവയ്‌ക്കുന്നത്. വൈവിധ്യമാർന്ന ജീവിതത്തെയും സംസ്കാരത്തെയും ഉൾക്കൊള്ളുന്നതാണ് സൂഫി പാരമ്പര്യം. ഇത്തരം പാരമ്പര്യങ്ങളുടെ തുടർച്ചയാണ് എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന മലപ്പുറത്തെ നേർച്ചകൾ.

മതരാഷ്ട്രവാദത്തിന്റെ അധികാര താൽപ്പര്യങ്ങളല്ല സ്നേഹത്തിന്റെ തെളിനീർ സൃഷ്ടിക്കുന്ന സൂഫി പാരമ്പര്യം ഇവിടത്തെ സജീവധാരയായി നിലനിൽക്കുന്നുണ്ട്. നവോത്ഥാനത്തിന്റെ ആശയസംഹിതകളും ഇവിടെ സജീവമാണ്. മതരാഷ്ട്രവാദത്തെയും തീവ്രവാദത്തെയും പ്രതിരോധിക്കുന്ന ആശയധാരയായി അത് നിലനിൽക്കുന്നുണ്ട്. മതനിരപേക്ഷ സമീപനവും തൊഴിലാളിവർഗ രാഷ്ട്രീയവും ഇതിന് കൂടുതൽ കരുത്ത് പകരുന്നു. അങ്ങനെ മതസൗഹാർദത്തിന്റെ മഹത്തായ പാഠങ്ങളിലൂടെ നമ്മുടെ നാട് നീങ്ങുകയാണ്.

സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന ന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവാദികൾക്കുമെതിരായ നിലപാടുകൾക്കെതിരെ ഇടതുപക്ഷം പൊരുതിക്കൊണ്ടിരിക്കുകയാണ്. അത് ന്യൂനപക്ഷ ജനവിഭാഗങ്ങളിലും ജനാധിപത്യവാദികളിലും കൂടുതൽ സ്വീകാര്യത ഇടതുപക്ഷത്തിനുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കോർപറേറ്റ് അനുകൂലികളായ മതരാഷ്ട്രവാദികൾ ഒന്നായിച്ചേർന്നത് എന്നതും തിരിച്ചറിയേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top