20 April Saturday

മാംസഭുക്കായ രാഷ്ട്രീയപശു - അനിൽകുമാർ എ വി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 14, 2022

തങ്ങളുടെ അജൻഡയിൽ പ്രധാനമായ  മുസ്ലിം ഉന്മൂലനത്തിന്റെ ആദ്യപടിയായി മിക്കയിടത്തും കാവിപ്പട ചുഴറ്റുന്ന ഉപകരണമാണ്‌  സാമ്പത്തിക ഉപരോധവും പശുപൂജയുടെ രാഷ്ട്രീയവും. ഗുജറാത്ത് വംശഹത്യക്കു മുമ്പ്‌ തെരുവുകളിൽ 10 കൽപ്പന എന്ന ശീർഷകത്തിൽ  വിശ്വഹിന്ദു പരിഷത്ത് സർക്കുലർ വിതരണം ചെയ്യുകയുണ്ടായി. മുസ്ലിം കടകളിൽനിന്ന് ഒന്നും വാങ്ങില്ല, മുസ്ലിം അധ്യാപകരിൽനിന്ന് വിദ്യാഭ്യാസം തേടില്ല തുടങ്ങിയ നിലയിലായിരുന്നു അതിന്റെ ഉള്ളടക്കം. എല്ലാ ഹിന്ദുക്കളും ജീവിതത്തിൽ അത് നടപ്പാക്കുമെന്ന പ്രതിജ്ഞയും എടുപ്പിച്ചു.  ഹിറ്റ്‌ലർ അടിച്ചേൽപ്പിച്ചതും സമാന കാഴ്‌ചപ്പാടുകളായിരുന്നു. ബോലോ ഭാരത് മാതയും ജയ് ശ്രീറാമും ഗുജറാത്തിൽ  രണ്ടായിരത്തിലേറെ മുസ്ലിങ്ങളെയാണ്‌ വംശഹത്യക്ക് ഇരയാക്കിയത്‌.

കാൺപുർ പൊലീസ് കമീഷണർ അസീം അരുൺ വിആർഎസ്‌ എടുത്ത്‌ കനോജിൽ ബിജെപി സ്ഥാനാർഥി. ടിക്കറ്റ് നൽകുകയാണെങ്കിൽ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ ചേക്കേറുമെന്ന്‌ ഉത്തരാഖണ്ഡ് മഹിളാ കോൺഗ്രസ് അധ്യക്ഷ സരിതാ ആര്യ. ചാണകംകൊണ്ടുള്ള പെട്ടിയിൽ   ബജറ്റുമായി സഭയിൽ എത്തിയ ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗൽ. പാർലമെന്റംഗമെന്ന നിലയിലെ സംഭാവന മുൻനിർത്തി എ കെ ആന്റണിക്ക് അജീവനാന്ത പുരസ്കാരം( അദ്ദേഹം ജനകീയ പ്രശ്‌നങ്ങളിലെല്ലാം പൂർണ മൗനിയായിരുന്നു. അതിനാൽ ശബ്ദമലിനീകരണം നടത്താത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമാണ്‌ നൽകേണ്ടതെന്ന്‌ നവമാധ്യമങ്ങൾ). വി ഡി സവർക്കറുടെ  ജീവിതം ചലച്ചിത്രമാകുന്നു. സ്വതന്ത്ര വീര സവർക്കർ എന്ന ചിത്രത്തിൽ നായകൻ  രൺദീപ് ഹൂഡയാണ്‌‐ രണ്ടു മാസത്തിനുള്ളിലെ  വാർത്തകളിൽ ചിലതാണിവ. ജനാധിപത്യ‐ മതനിരപേക്ഷ രാജ്യമെന്ന നിലയിൽ ഇതിനപ്പുറം എന്ത്‌ ഭീഷണിയാണ്‌ വരേണ്ടത്‌.

രാമനവമി ദിനങ്ങളിൽ ഹോസ്റ്റലുകളിൽ മാംസഭക്ഷണം പാടില്ലെന്നാക്രോശിച്ച്‌  ജെഎൻയുവിൽ എബിവിപി അഴിച്ചുവിട്ട അക്രമം ഭീകരമായിരുന്നു. കല്ലേറിൽ ഒരു വിദ്യാർഥിനിക്ക്‌ കണ്ണിന്‌ ഗുരുതര പരിക്കേറ്റു. നമാസ് കമ്മിറ്റി ഭാരവാഹികളെയും മറ്റും കൈയേറ്റം ചെയ്‌തു. കാവേരി ഹോസ്റ്റലിന്‌ സമീപം പൂജ നടത്തിയ എബിവിപിക്കാർ  സംഘടിച്ചെത്തി മെനുവിൽനിന്ന് മാംസഭക്ഷണം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അക്രമം തുടങ്ങി. ഭക്ഷണസ്വാതന്ത്ര്യം നിഷേധിക്കുന്ന വർഗീയനീക്കം ചെറുക്കുമെന്ന്‌ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ പ്രഖ്യാപിച്ചത്‌ ചെറുത്തുനിൽപ്പിന്റെ സൂചനയായി.  പശു ഇറച്ചി വിറ്റെന്നാരോപിച്ച് ദ്വാരകയിലെ ഛായ്മയിൽ  കാവിപ്പട ഫാം ഹൗസ് ജീവനക്കാരനായ രാജാറാമിനെ  ക്രൂരമായി മർദിച്ച്‌ വധിച്ചു. ഗോസംരക്ഷകർ എന്നവകാശപ്പെട്ടവരുടെ സംഘമാണ്‌ ഫാംഹൗസിൽ കടന്ന് ആക്രമിച്ചത്. രാമനവമി ദിവസം ബംഗളൂരുവിൽ കശാപ്പും ഇറച്ചി വിൽപ്പനയും പാടില്ലെന്ന ഔദ്യോഗിക ഉത്തരവുമിറങ്ങി.

രാജ്യം എറിയപ്പെട്ട അപകടകരമായ അവസ്ഥയ്‌ക്ക്‌  കാരണക്കാർ കോൺഗ്രസ്‌ കൂടിയാണ്‌. സംഘപരിവാറുകാരുടെ സവിധത്തിൽ മതനിരപേക്ഷ മൂല്യങ്ങൾ കാണിക്കവച്ച്‌, അതേക്കാൾ ഹീനമായ അടവുകൾ പയറ്റുന്നു.

ആക്രമണങ്ങൾക്ക്‌ മൂർച്ച കൂട്ടാനും  സാധൂകരിക്കാനും കഥ മെനയുക. അതുതന്നെ ആവർത്തിക്കുക. ആക്രമണം സംഘടിപ്പിക്കുക. വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ടുനടക്കുന്ന ഫാസിസ്റ്റുകളുടെ എക്കാലത്തെയും തന്ത്രമാണത്. ഏകപക്ഷീയ കടന്നാക്രമണങ്ങൾ സംഘർഷങ്ങളായാണ്‌  മാധ്യമങ്ങൾ വിവരിക്കുന്നതെന്നത്‌ അതേക്കാൾ ഭയാനകം. ജനിച്ച മതം ജീവന്‌ അപകടമാകുംവിധം പ്രതിസന്ധിയിലായ കോടിക്കണക്കിന് പൗരന്മാരുണ്ട് ഇന്ത്യയിൽ. ദിവസത്തിന്റെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ക്ലേശിക്കുന്ന മനുഷ്യരുടെ ഭക്ഷണത്തിൽ മണ്ണുവാരിയിട്ട്‌ അട്ടഹസിക്കുകയാണ്‌ ഹിന്ദു ഭീകരർ. അതൊന്നും തിരിച്ചറിയുന്ന  മട്ടിലല്ല, രാഹുൽ കോൺഗ്രസ്‌. സംഘികളെ തോൽപ്പിക്കാൻ വലിയ സ്വയംസേവകുമാരാകുന്ന അവർ, മതത്തെ രാഷ്ട്രീയലാഭത്തിന്‌ ദുരുപയോഗം ചെയ്യുന്ന പരിവാറുകാരിൽനിന്ന്‌ വ്യത്യസ്തമല്ല. രാജ്യം എറിയപ്പെട്ട അപകടകരമായ അവസ്ഥയ്‌ക്ക്‌  കാരണക്കാർ കോൺഗ്രസ്‌ കൂടിയാണ്‌. സംഘപരിവാറുകാരുടെ സവിധത്തിൽ മതനിരപേക്ഷ മൂല്യങ്ങൾ കാണിക്കവച്ച്‌, അതേക്കാൾ ഹീനമായ അടവുകൾ പയറ്റുന്നു.

കണ്ണൂരിൽ നടന്ന സിപിഐ എം 23–-ാം പാർടി കോൺഗ്രസിൽ കേന്ദ്ര‐ സംസ്ഥാന  ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന്‌  ശിക്ഷവിധിക്കാൻ ചേരുന്ന അച്ചടക്ക സമിതിയിലെ മുതിർന്ന അംഗവും   ബിജെപിയിൽ ഒരിക്കലും ചേരില്ലെന്ന ദൈവിക സത്യവാങ്‌മൂലത്തിന്റെ  ഉപജ്ഞാതാവുമായ ഗോവ മുൻ മുഖ്യമന്ത്രി ദിഗംബര കമ്മത്ത് ബിജെപിയിലെത്തി. കെ സുധാകരന്റെ കണ്ണുരുട്ടലിൽ പേടിച്ച്‌ സെമിനാറിന് പോകാതെ ബിജെപിയിലെ ‘ദേശീയ മുസ്ലി’ മായ എ പി അബ്ദുള്ളക്കുട്ടിക്കൊപ്പം വേദി പങ്കിട്ട ശശി തരൂരിനെ ആദരിക്കണം. അദ്ദേഹത്തെ സിപിഐ എം  ക്ഷണിച്ചത് പ്രതിനിധി സമ്മേളനത്തിലേക്കല്ല. പ്രണബ് കുമാർ മുഖർജി ആർഎസ്‌എസ്‌ പരിപാടികളിലും അവരുടെ നാഗ്‌പുർ ആസ്ഥാനത്ത്‌ പോയതിലും സവർക്കറെ മികച്ച ദേശസ്‌നേഹിയായി വാഴ്‌ത്തിയതിലും കോലാഹലമുണ്ടായില്ല. പ്രത്യയശാസ്‌ത്ര‐ സംഘടനാ നിലവാരത്തിൽ ബിജെപി കോൺഗ്രസിൽ  ഭൂരിപക്ഷം ഉറപ്പിച്ച്‌  പുതിയൊരു ക്ലോൺ രൂപപ്പെടുത്തുകയാണ്‌‐ CongRSS. പെട്രോളിന്റെയും ഡീസലിന്റെയും വില എത്ര ആയാലാണ് രാമരാജ്യം നിലവിൽ വരുക? അത്‌ പടുത്തുയർത്താൻ എത്ര മുസ്ലിങ്ങളുടെ രക്തം ആവശ്യമാണ്‌ എന്നൊന്നും കോൺഗ്രസ്‌ ഉന്നയിക്കുന്നേയില്ല. 

ബിഹാറിലെ മുസഫർപുരിൽ ഹിന്ദുത്വ ഭീകരർ മുസ്ലിം പള്ളിക്കു മുകളിൽ കാവിക്കൊടി ഉയർത്തി.  ധാക്ക്‌ ബാംഗ്ലാ മസ്‌ജിദിനു മുകളിലായിരുന്നു തീക്കളി. കൊലവിളി മുദ്രാവാക്യവുമായി നീങ്ങവെ ആർഎസ്‌എസ്‌ സംഘത്തിലെ കർസേവകൻ ഓടി പള്ളിക്ക്‌ മുന്നിലെത്തി സ്വന്തം പ്രകടനത്തിന് നേരെ കല്ലെറിഞ്ഞു. ആ ആരാധനാലയത്തിൽ കാവിക്കൊടി കെട്ടി തെരുവിലെ എല്ലാ മുസ്ലിങ്ങളുടെയും സ്ഥാപനങ്ങൾ തകർത്തു. കുടിലുകൾ തീയിട്ടു. ആ നശീകരണാഗ്നി രാജ്യത്തെ ഏഴ് സംസ്ഥാനത്തേക്ക് പടർന്നു. 2020 ഫെബ്രുവരി 25ന്‌ രാത്രി വടക്കു കിഴക്കൻ ഡൽഹിയിൽ ഒമ്പത്‌ മുസ്ലിങ്ങളെയാണ് ഹിന്ദുത്വ ഭീകരർ വധിച്ചത്. കട്ടർ ഹിന്ദു ഏകത എന്ന പേരിൽ, മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാൻ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ് വഴിയായിരുന്നു നൂറിലധികം അംഗങ്ങളുള്ള തീവ്രവാദ സംഘം കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത്. ആളുകളെ വഴിയിൽ തടഞ്ഞ്‌ ചോദ്യംചെയ്യുകയും മുസ്ലിങ്ങളെന്ന്‌ ബോധ്യമായാൽ  ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിക്കുകയും തയ്യാറാകാത്തവരെ അടിച്ചു കൊല്ലുകയുമായിരുന്നു. ഒന്നര ദിവസം തടസ്സമില്ലാതെ മുന്നേറിയ കൊലപാതക പരമ്പരകളിൽ പൊലീസ് കാഴ്‌ചക്കാർമാത്രം. 15 വയസ്സുമാത്രമുള്ള ഖാലിദ് അൻസാരിയെ തീ കൊളുത്തിയാണ് ഹിന്ദുത്വ ഭീകരർ വധിക്കാൻ ശ്രമിച്ചത്. ജയ് ശ്രീരാം വിളിക്കാൻ വിസമ്മതിച്ച അവന്റെ  ഇരുകൈയും  തൂണിനോട് ചേർത്തുകെട്ടി, ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

അമേഠിയിൽ രാഹുൽ ഗാന്ധിയുടെ തോൽവി  അന്വേഷിക്കാൻ പോയ സംഘം അപ്പാടെ ബിജെപിയിൽ ചേർന്നത്‌ പലനിലയിൽ ആവർത്തിക്കുന്നുണ്ട്‌.  കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കാഴ്ചകൾ അമ്പരപ്പിക്കുന്നതാണ്‌. ആർഎസ്‌എസ്‌ അഴിച്ചുവിട്ട വർഗീയ കലാപത്തിനിരയായ മുസ്ലിംസമൂഹത്തിന്റെ  നിസ്സഹായതയുടെ പ്രതീകമാണ്  കരൗളിയിൽ ചാരമായ  സ്വന്തം കൊച്ചു കടയിൽ നിസ്സഹായനായി ഹൃദയം തകർന്നിരിക്കുന്ന ഉസ്മാൻ. തൊട്ടടുത്ത  കടയും അതിലിരിക്കുന്ന രവിയും  മറ്റൊരു പ്രതീകം.  ഉസ്മാന്‌ സംരക്ഷണം നൽകാൻ കോൺഗ്രസ്‌ ഒരുക്കമല്ല.  ഹിന്ദുത്വം പ്രതിലോമകരമായ രാഷ്ട്രീയ പദ്ധതിയാണ്‌. അത് തുടർച്ചയിലാണ് സംഭവിക്കുന്നത്. ഹിംസാത്മകതയുടെ വേരുകൾ രാജ്യം മുഴുവൻ ആഴത്തിലാണ്. വർഷത്തിലൊരിക്കൽ രാമനവമിക്കോ ആഘോഷ വേളയിലോമാത്രം സംഭവിക്കുന്നതല്ല.  സാമ്പത്തികവും അധികാരകേന്ദ്രീകരണവും വംശീയ വെറുപ്പും നാസി ദേശീയതയും സമാസമം മിശ്രിതംചെയ്‌ത ഗൂഢാലോചനയാണത്‌.  അനുകൂലാവസ്ഥകളിൽ  കോമ്പല്ലുകൾ  വെളിയിലേക്ക്‌ നീട്ടുമെന്നുമാത്രം. നിയോ ലിബറലിസം നിയോ ഫാസിസത്തെ പുണരും. ദരിദ്രരുടെ ജീവിത സമ്പാദ്യങ്ങൾ ശതകോടീശ്വരന്മാരുടെ ചാക്കു നിറയ്‌ക്കാൻ ഒത്താശചെയ്യുകയാണ്‌ മോദി. പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ബാങ്കുകളുടെ ആസ്‌തി ഉപയോഗിക്കുന്നു.  പിന്നീട് ആ വൻസംഖ്യ വേണ്ടെന്നു വയ്‌ക്കും.  രാജ്യസമ്പത്ത്‌  കുത്തകകൾക്ക്‌ ദാനംനൽകുന്നു.  ‘ചങ്ങാത്ത മുതലാളിത്തം ’ എന്ന പ്രയോഗത്തിൽ സംശയിക്കുന്നവർ, മോദി അദാനിക്കും അംബാനിക്കും നൽകിയ ഇളവുകൾ നോക്കിയാൽ മതി.

"നിങ്ങൾ എന്റെ കടയുടെ ഒന്നാം നിലയിൽ  പോകൂ. താഴെ സുരക്ഷിതമല്ല. ബാക്കി ഞാൻ നോക്കിക്കൊള്ളാം’.

ഹിന്ദു, മുസ്ലിം, ക്രിസ്‌ത്യൻ അസ്‌തിത്വംമാത്രം മുറുകെപ്പിടിച്ച്‌  അതിജീവനം  അസാധ്യമാണ്‌. ഭരണഘടന സംരക്ഷിക്കാൻ  ഒരൊറ്റ ശക്തിയായി തലയുയർത്തണം. രാജസ്ഥാനിലെ കരൗളിയിൽ കാവി ബ്രിഗേഡ്‌ കൊലവിളിയുയർത്തി മുസ്ലിങ്ങളെ കടന്നാക്രമിക്കുകയും അവരുടെ സ്ഥാപനങ്ങൾ തീയിടുകയും ചെയ്‌തപ്പോൾ ഇരകൾ  ജീവനുംകൊണ്ട്‌ ഓടവെ കാവൽക്കാരിയെപ്പോലെ നിലകൊണ്ട  മധുലിമ എന്ന കടയുടമ ഒരു പ്രതീക്ഷയാണ്‌. അവരും കുടുംബവും നിരവധി കടകളുടെ ഉടമകളാണ്‌. മധുലിമ അവരോട് പറഞ്ഞു: "നിങ്ങൾ എന്റെ കടയുടെ ഒന്നാം നിലയിൽ  പോകൂ. താഴെ സുരക്ഷിതമല്ല. ബാക്കി ഞാൻ നോക്കിക്കൊള്ളാം’. ആർത്തട്ടഹസിച്ച് ജയ്ശ്രീരാം വിളികളുമായി പാഞ്ഞെത്തിയവരെ മധുലിമ തടഞ്ഞു. മുകൾ നിലയിൽ എത്തിയപ്പോൾ  മുസ്ലിങ്ങൾ പരസ്പരം സാന്ത്വനം പകരുകയായിരുന്നു. ആ സമയം കരൗളി അടുത്ത പതിറ്റാണ്ടിലൊന്നും കാണാത്തവിധം ആക്രമണങ്ങളിൽ അമർന്നുകഴിഞ്ഞു. ചുട്ടുകരിക്കലുകൾക്ക് സാക്ഷിയുമായി. രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകൾ തകർക്കുമെന്നാണ്‌  മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ ഭീഷണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top