21 March Tuesday

വർഗീയചൂണ്ടയിൽ കൊത്തുന്ന കോൺഗ്രസ്‌

സാജൻ എവുജിൻUpdated: Wednesday Jan 11, 2023

തൊഴിലില്ലായ്‌മയും ദാരിദ്ര്യവും ജനജീവിതം ദുരിതപൂർണമാക്കിയ രാജ്യത്ത്‌ രണ്ട്‌ പ്രധാന രാഷ്‌ട്രീയ കക്ഷികൾ രാമക്ഷേത്രത്തിന്റെ പേരിൽ കൊമ്പ്‌ കോർക്കുന്നു. ഇക്കൊല്ലം ഒമ്പത്‌ സംസ്ഥാനത്തും ജമ്മു -കശ്‌മീരിലും നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട സാഹചര്യത്തിൽ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക്‌ വികസന അജൻഡയൊന്നും മുന്നോട്ടുവയ്‌ക്കാൻ കഴിയുന്നില്ല. വർഗീയ ധ്രുവീകരണ രാഷ്‌ട്രീയം പയറ്റാനാണ്‌ അവർ ഉദ്ദേശിക്കുന്നതെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ മുതൽ ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റ്‌  നളിൻ കട്ടീൽ വരെയുള്ളവരുടെ പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. റോഡ്‌, കുഴി, ഓട തുടങ്ങിയ ചെറിയ വിഷയങ്ങൾക്കല്ല, ലൗ ജിഹാദിനാണ്‌ ഇക്കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രാധാന്യം നൽകുകയെന്ന്‌ നളിൻ കട്ടീൽ പ്രഖ്യാപിച്ചു. അടുത്തവർഷം ജനുവരി ഒന്നോടെ അയോധ്യയിലെ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ അമിത്‌ ഷാ ത്രിപുരയിൽ ബിജെപി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കമിട്ടത്‌. കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും രാമക്ഷേത്ര നിർമാണം വൈകിക്കാൻ ശ്രമിച്ചെന്നും സുപ്രീംകോടതി അനുമതി നൽകിയയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം പണിക്ക്‌ ശിലയിട്ടെന്നും അമിത്‌ ഷാ പറഞ്ഞു.

രാമക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട രണ്ട്‌ സന്ന്യാസിമാർ രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ സ്വാഗതം ചെയ്‌തതിന്‌ തൊട്ടുപിന്നാലെയാണ്‌ അമിത്‌ ഷാ ഈ പ്രസ്‌താവന നടത്തിയത്‌. മുതിർന്ന ആർഎസ്‌എസ്‌ നേതാവും ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയുമായ ചമ്പത്‌ റായ്‌,  ബാബ്‌റിമസ്‌ജിദ്‌  തകർത്ത സ്ഥലത്തു നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ്‌ എന്നിവരാണ്‌ രാഹുലിനെയും ജോഡോ യാത്രയെയും പ്രകീർത്തിച്ചത്‌. ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം ഉത്തർപ്രദേശ്‌ പിസിസി ജോഡോ യാത്രയിലേക്ക്‌ ക്ഷണിച്ച്‌ അയോധ്യയിലെ ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികൾക്കും പൂജാരിമാർക്കും  കത്തുനൽകിയിരുന്നു. യാത്രയിൽ പങ്കുചേർന്നില്ലെങ്കിലും രാഹുലിനെയും ജോഡോ യാത്രയെയും  പ്രശംസിക്കാൻ ഇവർ മടികാട്ടിയില്ല. ബാബ്‌റി മസ്‌ജിദ്‌ തകർക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ സിബിഐ കോടതി കുറ്റവിമുക്തരാക്കിയ 32 പേരിൽ എൽ കെ അദ്വാനിക്കൊപ്പം ഉൾപ്പെടുന്നയാളാണ്‌ ചമ്പത്‌ റായ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി രാഹുലും പ്രിയങ്കയും അയോധ്യ സന്ദർശിക്കുമെന്ന സൂചനയുമുണ്ട്‌.

ഈ സാഹചര്യത്തിലാണ്‌  രാമക്ഷേത്രം നിർമാണത്തിന്റെ ഖ്യാതി ബിജെപിക്ക്‌ മാത്രമാണെന്ന്‌ അവകാശപ്പെട്ട്‌ അമിത്‌ ഷാ പ്രതികരിച്ചത്‌. ഈ ചൂണ്ടയിലും കോൺഗ്രസ്‌ കയറി കൊത്തി. രാമക്ഷേത്രം തുറക്കുന്ന തീയതി നിശ്ചയിക്കാൻ അമിത്‌ ഷാ പൂജാരിയാണോ എന്ന്‌ ഹരിയാനയിൽ ജോഡോ യാത്രാവേദിയിൽ എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ഏകീകൃത സിവിൽ കോഡ്‌, ജമ്മു–-കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, പൗരത്വ നിയമ ഭേദഗതി എന്നിങ്ങനെ ജനങ്ങളിൽ വർഗീയഭിന്നിപ്പ്‌ പടർത്താനുള്ള വിഷയങ്ങളുമായി ബിജെപി വരുമ്പോൾ ഈ കെണിയിൽ വീഴുകയാണ്‌ കോൺഗ്രസ്‌ നേതൃത്വം. ജനങ്ങൾ കോൺഗ്രസിനെ കൈവിട്ടതിന്റെ കാരണം മനസ്സിലാക്കാനോ അല്ലെങ്കിൽ പരാജയകാരണങ്ങൾ ശരിയായി പരിശോധിക്കാനോ നേതാക്കൾ തയ്യാറല്ല. എ കെ ആന്റണി അടക്കമുള്ളവർ ഈയിടെ നടത്തിയ പ്രസ്‌താവനകളും ഈ സമീപനത്തിന്റെ ഭാഗമാണ്‌. നെഹ്‌റുവിന്റെ മതനിരപേക്ഷ ആശയങ്ങൾ അപ്രസക്തമായെന്ന്‌ ഇന്നത്തെ കോൺഗ്രസ്‌ നേതൃത്വം കരുതുന്നു.

ക്ഷേത്രത്തിൽ പോകരുതെന്ന്‌ രാജ്യത്തെ ഏതെങ്കിലും മതനിരപേക്ഷവാദികൾ പറഞ്ഞിട്ടുണ്ടോ?  ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാൻ ശ്രമിക്കുന്നതിനെയാണ്‌ മതനിരപേക്ഷ, പുരോഗമനവാദികൾ എതിർക്കുന്നത്‌.

‘ഡ്യൂപ്ലിക്കറ്റ്‌ ബിജെപി’ എന്നനിലയിൽ കോൺഗ്രസിനെ അവതരിപ്പിക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. നരസിംഹ റാവു സർക്കാർ ആവിഷ്‌കരിച്ച നവഉദാരവൽക്കരണ പരിഷ്‌കാരങ്ങൾ അതേപടി  ബിജെപി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന്‌ അഭിമാനപൂർവം അവകാശപ്പെടുന്ന കോൺഗ്രസ്‌ നേതാക്കളുണ്ട്‌. ബിജെപിയുടെ ഹിന്ദുത്വരാഷ്‌ട്രീയം അൽപ്പം മൃദുവായി ഏറ്റെടുക്കുന്നതിൽ പ്രശ്‌നമില്ലെന്നും കോൺഗ്രസ്‌ നേതാക്കൾ പറയുന്നു. ക്ഷേത്രത്തിൽ പോയാലും കുറിയിട്ടാലും എന്താണ്‌ കുഴപ്പമെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ ചോദിക്കുന്നു. ക്ഷേത്രത്തിൽ പോകരുതെന്ന്‌ രാജ്യത്തെ ഏതെങ്കിലും മതനിരപേക്ഷവാദികൾ പറഞ്ഞിട്ടുണ്ടോ?  ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാൻ ശ്രമിക്കുന്നതിനെയാണ്‌ മതനിരപേക്ഷ, പുരോഗമനവാദികൾ എതിർക്കുന്നത്‌. ഇവിടെ എല്ലാ മതവിശ്വാസികൾക്കും അവരവരുടെ വിശ്വാസവും ആരാധനയും നടത്താൻ സ്വാതന്ത്ര്യം ലഭിക്കണം. മതങ്ങളിൽ വിശ്വസിക്കാത്തവർക്കും  അതിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. മതനിരാസമോ മതപ്രീണനമോ അല്ല  മതനിരപേക്ഷത. ഏതെങ്കിലും മതവിശ്വാസികൾക്കുനേരെ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ ഭരണസംവിധാനത്തിന്റെയോ കടന്നുകയറ്റം ഉണ്ടാകുന്നതാണ്‌ പ്രശ്‌നം.

രാജ്യത്ത്‌ ഏതാനും ദശകങ്ങളായി എന്താണ്‌ നടക്കുന്നതെന്ന്‌ എല്ലാവർക്കും ബോധ്യമുണ്ട്‌. രാമജന്മഭൂമി പ്രസ്ഥാനത്തിന്‌ തുടക്കംകുറിച്ചത്‌ കോൺഗ്രസ്‌ സർക്കാരുകളുടെ കാലത്താണ്‌. റാവു സർക്കാരിന്റെ കാലത്ത്‌ ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെടുകയും രാജ്യത്തിന്റെ ചരിത്രംതന്നെ മാറ്റിയെഴുതപ്പെടുകയും ചെയ്‌തു. 2014ൽ മോദിസർക്കാർ വന്നശേഷം ആർഎസ്‌എസിന്റെ അജൻഡ നടപ്പാക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നു. ഇപ്പോൾ ഛത്തീസ്‌ഗഢിൽ ക്രൈസ്‌തവർക്കുനേരെ വ്യാപകമായി ആക്രമണം നടക്കുമ്പോൾ കോൺഗ്രസ്‌ നേതൃത്വം മൗനത്തിലാണ്‌.

തലമുറകൾക്കുമുമ്പേ ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചവരെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പുനർമതപരിവർത്തനം നടത്തുകയാണ്‌. നൂറുകണക്കിനുപേർ സംഘടിച്ച്‌ പള്ളി തകർത്തപ്പോൾ ഭരണസംവിധാനങ്ങൾ നോക്കുകുത്തിയായി. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനത്ത്‌ ന്യൂനപക്ഷത്തിനുനേരെ തുടർച്ചയായ ആക്രമണം നടക്കുമ്പോഴാണ്‌ നേതാക്കളുടെ വ്യാജവിലാപങ്ങൾ. രാജ്യത്ത്‌ ഏകീകൃത സിവിൽകോഡ്‌ നടപ്പാക്കണമെന്ന ആവശ്യം  രാജ്യസഭയിൽ ബിജെപി അംഗം സ്വകാര്യ ബില്ലായി അവതരിപ്പിച്ചപ്പോൾ എതിർക്കാൻ കോൺഗ്രസ്‌ അംഗങ്ങൾ തയ്യാറാകാതിരുന്നതും ശ്രദ്ധേയമാണ്‌. ജനകീയ വിഷയങ്ങളിന്മേൽ പ്രക്ഷോഭം നടത്താനോ ജനങ്ങളെ സംഘടിപ്പിക്കാനോ തയ്യാറാകാതെ കുറുക്കുവഴികളിലൂടെ അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന അബദ്ധധാരണയിൽ കഴിയുകയാണ്‌ കോൺഗ്രസ്‌ നേതൃത്വം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top