26 April Friday
റൊമില ഥാപ്പർക്ക്‌ ഇന്ന് നവതി

മതനിരപേക്ഷ ഇന്ത്യയുടെ മനസ്സാക്ഷി - എ എം ഷിനാസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


ഒരു അതിരാത്രത്തിന്റെ കഥയിൽനിന്ന്‌ തുടങ്ങാം, ഇന്ന് നവതിയിലെത്തുന്ന  റൊമില ഥാപ്പറെപ്പറ്റിയുള്ള കുറിപ്പ്. 1975ലെ മേടമാസം. അമേരിക്കൻ സംസ്കൃത പണ്ഡിതനായ ഫ്രിറ്റ്സ് സ്റ്റാളിന്റെ നേതൃത്വത്തിൽ കലിഫോർണിയ ബെർകെലി സർവകലാശാല തൃശൂർ പാഞ്ഞാളിൽ  അതിരാത്രം സംഘടിപ്പിക്കുന്നു. കമ്മിറ്റിയിൽ റൊമില ഥാപ്പർ, ആസ്കോ പർപ്പോള തുടങ്ങിയ ചരിത്ര പണ്ഡിതരുണ്ട്. പാഠപാരമ്പര്യത്തിലെ അതിരാത്രവും അനുഷ്ഠാനത്തിലെ അതിരാത്രവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നറിയുകയും അതിരാത്രത്തെ സമഗ്രമായി രേഖപ്പെടുത്തുകയും  ചിത്രീകരിക്കുകയുമായിരുന്നു ഈ അക്കാദമിക സംരംഭത്തിന്റെ ലക്ഷ്യം.

വിശ്രമവേളയിൽ  ജെഎൻയുവിൽ ശിഷ്യനായിരുന്ന കേശവൻ വെളുത്താട്ടിനെ വിളിച്ചു. ചുട്ടുപൊള്ളുന്ന മേടമാസത്തിൽ ഥാപ്പറും കേശവനും പാഞ്ഞാളിലെ വയലേലകളിലൂടെ അലക്ഷ്യമായി നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ റൊമിലയ്ക്ക് കടുത്ത ദാഹം, അപ്പോൾ കേശവൻ അടുത്തുള്ള ഒരു വീട്ടിൽ ചെന്നു. സാമാന്യം വയസ്സായ ഒരു സ്ത്രീ വന്നു. വെള്ളം ചോദിച്ചപ്പോൾ  മുറ്റത്ത് വെട്ടിയിട്ട ഇളനീര് കൊടുത്തു. പിന്നെ സ്ത്രീ കുശലാന്വേഷണം തുടങ്ങി. ആരാണ്, എവിടെനിന്ന് വരുന്നു എന്നീ ചോദ്യങ്ങൾക്കുശേഷം യൗവനയുക്തയും സുന്ദരിയുമായ റൊമിലയെ നോക്കി ചോദിച്ചു. ‘കുട്ടികളൊക്കെ ?’.  വിവാഹിതയല്ലെന്നും കുട്ടികൾ ഇല്ലെന്നും കേശവൻ പറഞ്ഞു. അപ്പോൾ റൊമില അവർ എന്താണ് ചോദിച്ചതെന്ന് കേശവനോട് ആരാഞ്ഞു. കാര്യം പറഞ്ഞപ്പോൾ റൊമിലയുടെ പ്രതികരണം, എനിക്ക് രണ്ട് പുസ്തകം ഉണ്ടെന്ന്‌ പറഞ്ഞുകൂടായിരുന്നോ എന്നായിരുന്നു. റൊമിലയ്ക്ക് കുട്ടികളായി രണ്ട് പുസ്തകം ഉണ്ടെന്ന് കേശവൻ സ്ത്രീയോട് പറഞ്ഞപ്പോൾ അവർ മൂക്കത്ത് വിരൽവച്ചു.

റൊമില ഉദ്ദേശിച്ച ആ രണ്ട് പുസ്തകം അറുപതുകളുടെ ആദ്യപകുതിയിൽ  പുറത്തുവന്ന "അശോക ആൻഡ് ദ ഡിക്ലൈൻ ഓഫ് ദ മൗര്യാസ് (1961), "ഹിസ്റ്ററി ഓഫ് ഇന്ത്യ' (1966) എന്നിവയായിരുന്നു. ആദ്യത്തേത് മൗര്യകാലത്തെക്കുറിച്ചും അശോകനെക്കുറിച്ചും പുതിയ വെളിച്ചവും തെളിച്ചവുമുണ്ടാക്കിയത്. രണ്ടാമത്തേത്, കൊളോണിയൽ വ്യവഹാരങ്ങളിൽനിന്നും സാമ്പ്രദായിക ദേശീയവാദ ചരിത്രരചനാ പാരമ്പര്യത്തിൽനിന്നും ഇന്ത്യാചരിത്രത്തെ മോചിപ്പിച്ച പുസ്തകം. റൊമിലയുടെ മാസ്റ്റർപീസും ക്ലാസിക്കുമായി പരക്കെ അറിയപ്പെടുന്ന "ദ പാസ്റ്റ് ബിഫോർ അസ്' (2013), ഇന്ത്യക്കാർക്ക് അണുമാത്രപോലും ചരിത്രബോധമുണ്ടായിരുന്നില്ലെന്ന കൊളോണിയൽ വ്യവഹാരങ്ങളെ അഗാധമായ പാണ്ഡിത്യത്തിന്റെ പിൻബലത്തിൽ നിലംപരിശാക്കുന്ന, എട്ട്‌ ഭാഗവും വിസ്തരിച്ചുള്ള 18 അധ്യായവുമുള്ള മഹാഗ്രന്ഥമാണ്.

ഇന്ത്യയിൽ പ്രാചീനകാലത്തുണ്ടായിരുന്ന വ്യത്യസ്ത പാഠരൂപങ്ങളിൽ  ഒളിച്ചുകടത്തിയ ചരിത്രബോധത്തെയും ബാഹ്യരൂപം ആർജിച്ച ചരിത്രബോധത്തെയും കുറിച്ചുള്ള ബഹുലമായ പാഠങ്ങൾ ഒന്നൊന്നായി അണിനിരത്തി വിശകലനം ചെയ്ത് ഥാപ്പർ എഴുതുന്നു: ""പ്രാചീനേന്ത്യയിൽ ഏതെങ്കിലും ഒരുതരം ചരിത്രമോ ചരിത്രബോധമോ നിലനിന്നിരുന്നു. പ്രതിഭിന്നങ്ങളായ ചരിത്രരചനാ സങ്കേതങ്ങളിൽനിന്ന് പലതരം ചരിത്രപരമായ പാരമ്പര്യങ്ങളും നിഷ്ഠകളും ശീലങ്ങളും ആവിർഭവിച്ചിരുന്നു. ഇടയ്ക്കിടെ അവ ചരിത്ര രചനയുടെതന്നെ രൂപം സ്വീകരിക്കുകയും ചെയ്തു.” (പേജ്‌ 701).

-ഥാപ്പറുടെ ചരിത്രഗവേഷണ സപര്യയുടെ എക്കാലത്തെയും കുന്തമുന  ഭിന്നധാരകളിലുള്ള കൊളോണിയൽ വ്യവഹാരങ്ങൾ ഇന്ത്യാചരിത്രത്തിൽ കുത്തിനിറച്ച് വർഗീയതയെയും വേർതിരിവിനെയും തന്മാവാദങ്ങളെയും അതിന്റെ ചുവടുപിടിച്ച് ഹിന്ദുത്വരാഷ്ട്രീയം പ്രക്ഷേപിക്കുന്ന അയഥാർഥ ഹിന്ദു ഏകത്വത്തെയും ശാസ്ത്രീയവും നിഷ്ണാതവുമായ ഗവേഷണത്തിലൂടെ തുറന്നുകാണിക്കുന്നതാണ്. അങ്ങനെ ഥാപ്പർ ഇന്ത്യയുടെ അനന്യമായ ബഹുത്വവും സ്വരവൈവിധ്യവും നിരന്തരം ഉയർത്തിക്കാട്ടി. അപ്പോൾ ആര്യവംശസിദ്ധാന്തവും നിർമിത സരസ്വതിനാഗരികതയും "വ്രണിത' സോമനാഥക്ഷേത്ര പ്രശ്നവും രാഷ്ട്രീയ പടയൊരുക്കത്തിന്റെ ഉഷ്ണതരംഗമായ ഹിന്ദുത്വവും നിശിതമായി ചോദ്യം ചെയ്യപ്പെട്ടു. - ഥാപ്പറുടെ സോമനാഥക്ഷേത്ര പഠനം ഇത്തരുണത്തിൽ പ്രസ്താവ്യമാണ്. സോമനാഥക്ഷേത്ര ധ്വംസനം ഹിന്ദുക്കൾക്ക് "മറക്കാനാകാത്ത ദേശീയ ദുരന്തമാണെന്ന് ആദ്യം പ്രസ്താവിച്ചത് 1950ൽ കെ എം മുൻഷിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വ്യത്യസ്ത സ്ഥാനമാനങ്ങൾ കൈയാളിയശേഷം ജനസംഘത്തിലെത്തിയ മുൻഷി, 1964ൽ വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപന സമ്മേളനത്തിൽ അധ്യക്ഷനും അഖണ്ഡ ഹിന്ദുസ്ഥാന്റെ പ്രഘോഷകനുമായിരുന്നു. സോമനാഥക്ഷേത്രവുമായി ബന്ധപ്പെട്ട "വ്രണിത ഹിന്ദുവികാരം' തനി കൊളോണിയൽ സൃഷ്ടിയാണെന്ന് പഠനത്തിനൊടുവിൽ ഥാപ്പർ കാണിച്ചുതരുന്നു. കാരണം, സോമനാഥക്ഷേത്രവുമായി ബന്ധപ്പെട്ട "ദേശീയക്ഷതം' എന്ന വർഗീയവീക്ഷണം 1843ൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ ആദ്യമായി പ്രകാശിപ്പിക്കുന്നത് ലോർഡ് എല്ലൻബറോയാണ്. നെഹ്‌റുവിനെപ്പോലുള്ള ചില അപൂർവം കോൺഗ്രസുകാരെ മാറ്റിനിർത്തിയാൽ ആ പാർടിയിലെ ഒരു പ്രബലവിഭാഗം ഈ "ദേശീയ വ്രണപ്പെടൽ' ഹിന്ദുത്വവാദികളോടൊപ്പം പങ്കുവച്ചവരായിരുന്നു. 1951ൽ പുനരുദ്ധരിച്ച സോമനാഥക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദ് ഒരു പബ്ലിക് ഒഫീഷ്യൽ എന്ന നിലയിൽ ഒരു കാരണവശാലും പങ്കെടുക്കരുതെന്ന് നെഹ്റു കർശനമായി വിലക്കിയിട്ടും "വ്രണിത’നായ രാജേന്ദ്രപ്രസാദ് നെഹ്‌റുവിന്റെ ഉപദേശത്തെ  തീർത്തും അവഗണിച്ച്‌ അതിൽ പങ്കെടുക്കുക മാത്രമല്ല, ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ട് വ്യാഴവട്ടമായി തന്റെ ചരിത്രപടുത്വം ഥാപ്പർ നിർഭയമായും അചഞ്ചലമായും നിരന്തരമായും ഏറെക്കുറെ വിനിയോഗിക്കുന്നത് "സിൻഡിക്കറ്റഡ് ഹിന്ദുയിസം' എന്ന് ഥാപ്പർ 1997ലെ ഒരു പ്രബന്ധത്തിൽ വിശേഷിപ്പിച്ച ഹിന്ദുത്വത്തിനെതിരെയാണ്. ഹിന്ദുയിസത്തിലും ഹിന്ദുത്വത്തിലും ഹിന്ദു എന്ന പദമുണ്ടെങ്കിലും കടലും കടലാടിയും പോലെയാണവയെന്ന് ഥാപ്പർ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആസൂത്രിതമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഥമപാദത്തിൽ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പടയൊരുക്കത്തിന്റെ രണോൽസുക പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. അതിന് പ്രഥമമായും അന്തിമമായും രാഷ്ട്രീയലക്ഷ്യമാണുള്ളത്. ഹിന്ദുയിസം എന്ന് വിവക്ഷിക്കപ്പെടുന്ന മതം വിവിധങ്ങളായ വിശ്വാസസംഹിതകളുടെ ഒരു സങ്കരസമ്മിശ്രമാണെന്ന് പറയാം. ഹിന്ദുയിസം ഒരേസമയം വ്യത്യസ്ത വിശ്വാസപ്രമാണങ്ങൾക്കും അവിശ്വാസ വിചാരധാരകൾക്കും അജ്ഞേയതാ വാദങ്ങൾക്കും ഇടംകൊടുക്കുന്ന നിരവധി ഭിന്നവും സദൃശവും വിരുദ്ധവുമായ സെറ്റുകൾ നിലനിൽക്കുന്ന അയഞ്ഞ ഒരു വിശ്വാസസഞ്ചയപ്രപഞ്ചമാണ്. അതുകൊണ്ട് ഹിന്ദുക്കളിലെല്ലാവരും ഹിന്ദുത്വം എന്ന രാഷ്ട്രീയ കാര്യപരിപാടി മാത്രമുള്ള ഹിന്ദുയിസത്തെ ഒരു ഇന്ത്യൻ സെമിറ്റിക് വകഭേദമാക്കാൻ അശ്രാന്തപരിശ്രമം നടത്തുന്ന സംഘപരിവാറിനെ പിന്തുണയ്‌ക്കുന്നവരല്ല. ഒരു കാലത്ത്, വളരെ മുമ്പൊന്നുമല്ല, ഹിന്ദുക്കളായി അംഗീകരിക്കാൻപോലും കൂട്ടാക്കാതിരുന്ന ആദിവാസികളെയും അസംഖ്യം ഗണത്തിൽപ്പെട്ട അവർണരെയും ചിത്പവൻ ബ്രാഹ്മണാധിപത്യത്തിന്റെ സമഗ്രാധിപത്യ കുടക്കീഴിൽ പല ചതുരുപായങ്ങളിലൂടെയും കൊണ്ടുവരാൻ ഹിന്ദുത്വവാദികൾ ഉത്തരോത്തരം ശ്രമിക്കുന്നത് അതുകൊണ്ടാണ്.

-സമകാലിക ഇന്ത്യയിലെ മതനിരപേക്ഷതയുടെ മനസ്സാക്ഷിയും കാവലാളുമാണ് ഥാപ്പർ, തൊണ്ണൂറാം പിറന്നാളിലെത്തിയ റൊമില ഥാപ്പർക്ക് മതനിരപേക്ഷ ഇന്ത്യയുടെ ആദരവും അഭിവാദ്യങ്ങളും.

(എറണാകുളം മഹാരാജാസ്‌ കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ്‌ ‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top