ധാന്യങ്ങൾ, പയർ, പരിപ്പ് വർഗങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും വിതരണവും ഈവർഷം കുറയുമെന്ന റിപ്പോർട്ടുകൾ രാജ്യാന്തര വിപണികളിൽ ഉളവാക്കിയിട്ടുള്ള ആശങ്ക ചെറുതല്ല. കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിൽ അരിയുടെ ഉൽപ്പാദനത്തെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്ന് കാണാം. 2022-–-23ൽ ആഗോള ഉൽപ്പാദനത്തിൽ 12 ദശലക്ഷം ടണ്ണിന്റെ (2.29 ശതമാനം)ഇടിവുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2023ൽ അരി ഉൽപ്പാദനരംഗത്ത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര വിപണികളിൽനിന്നും ലഭ്യമാകുന്ന സൂചനകൾ. ഉൽപ്പാദനപ്രതിസന്ധിയും വില പ്രകടമായി ഉയരുന്നതും കണക്കിലെടുത്ത് ബസ്മതി ഇനങ്ങൾ ഒഴികെയുള്ള അരിയുടെ (വൈറ്റ് റൈസ്) കയറ്റുമതിക്ക് ഇന്ത്യ ജൂലൈ 20 മുതൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യാന്തര വിപണികളിൽ അരിയുടെ ലഭ്യതയിൽ ഗുരുതരമായ പ്രതിസന്ധി ഉളവാക്കുന്ന ഒരു തീരുമാനമാണ് ഇത്. കാരണം, ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യയാണ് ആഗോള വിതരണത്തിന്റെ 40 ശതമാനവും നിർവഹിക്കുന്നത്. ഇന്ത്യയുടെ അരി കയറ്റുമതിയുടെ നാലിലൊന്ന് ബസ്മതി ഇതര ഇനങ്ങളാണ്. ഇറാൻ, സൗദി അറേബ്യ, സെനഗൽ, ബെനിൻ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്നത്. അമേരിക്ക, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിൽ അരിക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിൽ സ്റ്റോക്ക് പരിമിതമാണ് എന്നാണ് റിപ്പോർട്ട്.
ഭക്ഷ്യ പണപ്പെരുപ്പം വല്ലാതെ ഉയരുന്ന സാഹചര്യത്തിൽ, ലോകത്തെ 300 കോടിയിൽപ്പരം ആളുകളുടെ മുഖ്യ ആഹാരമായ അരിയുടെ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഒട്ടും ചെറുതല്ല. ഇന്ത്യയിൽ അരിയുടെ കാര്യത്തിൽ പണപ്പെരുപ്പത്തിന്റെ തോത് ഒരു വർഷത്തിനിടയിൽ ആറു ശതമാനത്തിൽനിന്ന് 12 ശതമാനമായി ഉയർന്നുകഴിഞ്ഞു. ആഗോളതലത്തിൽ അരിയുടെ ഉൽപ്പാദനത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് അമേരിക്കയിലെ കാർഷിക വകുപ്പ് (യുഎസ്ഡിഎ) കണക്കാക്കിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന അമേരിക്കയിൽ അരി വില ഇതിനകം ഗണ്യമായി ഉയർന്നുകഴിഞ്ഞു. ഏഷ്യൻ കുടിയേറ്റക്കാരെ ഇത് ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
യൂറോപ്യൻ, ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ലോകത്തെ ഏറ്റവും വലിയ അരി ഉൽപ്പാദക രാജ്യമായ ചൈനയുടെ ഉൽപ്പാദനത്തിൽ ഈവർഷം മൂന്നു ശതമാനം ഇടിവുണ്ടാകുമെന്നാണ് ചൈനയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കാക്കിയിരിക്കുന്നത്. അരി കൃഷിചെയ്യുന്ന പാടങ്ങളുടെ വിസ്തൃതി കുറയുന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉൽപ്പാദനത്തിൽ ഈവർഷം 31 ശതമാനത്തിന്റെ കുറവാണ് പാകിസ്ഥാനിൽ പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, മ്യാന്മാർ എന്നീ രാജ്യങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ ഉൽപ്പാദക രാജ്യങ്ങളിലും ഉൽപ്പാദനം കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ലോകത്തെ മൊത്തം അരി ഉൽപ്പാദനം 503 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് യുഎസ്ഡിഎ അനുമാനിക്കുന്നത്. കഴിഞ്ഞവർഷം ഇത് 515.3 ദശലക്ഷം ടണ്ണായിരുന്നു. ഉൽപ്പാദനത്തിലും വിതരണത്തിലും ഉണ്ടാകുന്ന പ്രതിസന്ധി രാജ്യാന്തര മാർക്കറ്റുകളിൽ കടുത്ത സമ്മർദമുളവാക്കും. സ്വാഭാവികമായും അരിയുടെ വിലയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതൽ കനക്കുകയാണ്.
ഉൽപ്പാദനത്തിലെ കുറവിനൊപ്പം ഡിമാൻഡ് ഉയരുന്നതാണ് അരി വിപണി നേരിടുന്ന മറ്റൊരു പ്രധാന വൈതരണി. ചൈനയെടുത്താൽ, 2023-–-28ൽ ഉപഭോഗത്തിന്റെ കാര്യത്തിൽ വാർഷികാടിസ്ഥാനത്തിൽ ശരാശരി 2. 27 ശതമാനത്തിന്റെ വളർച്ച പ്രതീക്ഷിക്കുന്നു. 2022-–-23ൽ ആഗോളതലത്തിൽ അരിയുടെ ആവശ്യം 517.2 ദശലക്ഷം ടണ്ണാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നടപ്പുസാമ്പത്തിക വർഷത്തിന്റെ ഒടുവിൽ അരിയുടെ ആഗോള സ്റ്റോക്ക്170.2 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് യുഎസ്ഡിഎ കണക്കാക്കുന്നത്. നിലവിലെ വിലക്കയറ്റം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്ന് മുന്നറിയിപ്പും അവർ നൽകുന്നു. ആഗോള മാർക്കറ്റുകളിൽ ഇതിനകം എട്ടുമുതൽ 11 ശതമാനംവരെ വിലക്കയറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
മൺസൂൺ ലഭ്യത കുറവായത് ഇന്ത്യ, തായ്‌ലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ ഭക്ഷ്യ ഉൽപ്പാദനമേഖലയിൽ കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിദഗ്ധ നിഗമനം. അരിക്ക് പുറമെ പഞ്ചസാര, മാംസം, മുട്ട അടക്കമുള്ള അവശ്യവസ്തുക്കളുടെ വിലയും അന്താരാഷ്ട്ര മാർക്കറ്റിൽ ഉയരുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിലക്കയറ്റം ചർച്ചയായി ഉയർന്നുവരുന്നത് ഏതുവിധേനയും ഒഴിവാക്കുന്നതിനാണ് ബിജെപിയുടെ നീക്കം. അഭൂതപൂർവമായ വിലക്കയറ്റം രാജ്യത്തെമ്പാടും ജനജീവിതത്തെ താറുമാറാക്കുകയാണ്. എന്നാൽ, കയറ്റുമതി നിയന്ത്രണം ഒഴിച്ചുനിർത്തിയാൽ ശക്തമായ വിപണി ഇടപെടൽ നടപടികളിലേക്ക് നീങ്ങാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറാകുന്നില്ല. മഴയുടെ കുറവുമൂലം മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഖരീഫ് വിത്തിറക്കൽ ഇനിയും സജീവമായിട്ടില്ല. ഒരുവേള പല സാധനത്തിന്റെയും കാര്യത്തിൽ ക്ഷാമവും പ്രതീക്ഷിക്കേണ്ട സാഹചര്യമാണ് ആഗോള ഭക്ഷ്യ ഉൽപ്പാദന വിതരണരംഗത്ത് പ്രകടമാകുന്നത്. റഷ്യ–- ഉക്രയ്‌ൻ യുദ്ധം തുടരുന്നത് അന്താരാഷ്‍ട്ര വിതരണശൃംഖലയിൽ സംജാതമാക്കിയിരിക്കുന്ന പ്രതിസന്ധി തുടരുന്നതും സ്ഥിതി സങ്കീർണമാക്കുന്നുണ്ട്.
(മുതിർന്ന സാമ്പത്തിക കാര്യമാധ്യമപ്രവർത്തകനാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..