20 April Saturday

നാടാർ ക്രിസ്‌ത്യൻ സംവരണം: വിവാദവും വസ്‌തുതകളും

എ കെ ബാലൻUpdated: Saturday Dec 11, 2021

എസ്ഐയുസി ഇതര നാടാർ ക്രിസ്‌ത്യൻ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കണമെന്നത് ദീർഘകാലമായി ഒരു ജനത ഉന്നയിക്കുന്ന ആവശ്യമായിരുന്നു. ആ ആവശ്യം ന്യായമായിരുന്നെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ അവർക്ക് സംവരണം അനുവദിച്ച് ഉത്തരവായത്. എന്താണ് ഇത്തരമൊരു സർക്കാർ ഉത്തരവിനു പിന്നിലുള്ള വസ്‌തുതകളെന്ന് പരിശോധിക്കാം. ഈ പ്രശ്നം ഉയർന്നുവന്നത് 1924 ലാണ്. തിരുവിതാംകൂർ സർക്കാർ  പ്രശ്നം പഠിച്ച് ഹിന്ദു പിന്നോക്ക വിഭാഗമെന്നനിലയിൽ സംവരണമേർപ്പെടുത്തി. ഈ വിഭാഗത്തിൽനിന്ന് മതപരിവർത്തനം നടത്തിയവരെ ക്രിസ്‌ത്യൻ പിന്നോക്ക വിഭാഗത്തിലും ഉൾപ്പെടുത്തി.

ക്രിസ്‌ത്യൻ നാടാർ വിഭാഗം എസ്ഐയുസി, ലത്തീൻ കാത്തലിക് വിഭാഗങ്ങളിലായാണ് ഉൾപ്പെട്ടിരുന്നത്. 1930 ഘട്ടത്തിലും 1940ലും നാടാർ വിഭാഗത്തിന് ഹിന്ദു നാടാർ, ക്രിസ്‌ത്യൻ നാടാർ വിഭാഗങ്ങളിൽ  പ്രത്യേകം സംവരണമേർപ്പെടുത്തിയിരുന്നു.  തിരു-കൊച്ചി സംസ്ഥാന രൂപീകരണത്തിനുശേഷവും തുടർന്നു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം പിഎസ്‌സി  നിയമനം സംബന്ധിച്ച വ്യത്യസ്ത നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഹിന്ദു നാടാർ വിഭാഗം പ്രത്യേകമായി ഒബിസി ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും പ്രത്യേക സംവരണത്തിനായി പരിഗണിച്ചിരുന്നില്ല.  റൊട്ടേഷൻ അടിസ്ഥാനത്തിലാണ് സംവരണം നൽകിയിരുന്നത്. ലാറ്റിൻ കാത്തലിക്, എസ്ഐയുസി, ആംഗ്ലോ ഇന്ത്യൻസ് എന്നിവർക്ക് അഞ്ചു ശതമാനം പ്രത്യേക സംവരണവും ഉണ്ടായിരുന്നു. 1979ൽ കേരള സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവുപ്രകാരം ഒബിസി ലിസ്റ്റിൽ 49–--ാം നമ്പരായി ഹിന്ദു -എസ്ഐയുസി വിഭാഗത്തിലെ നാടാർ വിഭാഗത്തെ ഒന്നായി പരിഗണിച്ചു. എസ്ഐയുസി ഇതര പരിവർത്തിത നാടാർ ക്രിസ്ത്യൻ വിഭാഗങ്ങളെ ക്രിസ്ത്യൻ വിഭാഗത്തിലും ഉൾപ്പെടുത്തി. ഇതുമുതലാണ് പ്രശ്നം തുടങ്ങുന്നത്. സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിൽ ഉള്ളവരാണെന്നും തങ്ങളോടൊപ്പം എസ്ഐയുസി വിഭാഗത്തെ ഉൾപ്പെടുത്തിയത് ശരിയല്ലെന്നും 1979, 1982ലെ സർക്കാർ ഉത്തരവ് റദ്ദുചെയ്യണമെന്നും അപേക്ഷിച്ച് ഹിന്ദു നാടാർ വിഭാഗത്തിനുവേണ്ടി ഹിന്ദു നാടാർ കോർപറേഷൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ഹൈക്കോടതി ഹിന്ദു നാടാർ വിഭാഗത്തെ പ്രത്യേകമായി പരിഗണിക്കണമെന്നും എസ്ഐയുസി വിഭാഗത്തെ അവരോട് കൂട്ടിച്ചേർത്തത് സാധൂകരിക്കാനാകില്ലെന്നും വിധിച്ചു.

ഈ വിധിക്കെതിരെ എസ്ഐയുസി സംഘടനകൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ശരിവച്ചു. രണ്ടു വിഭാഗത്തിനായി പ്രത്യേക സംവരണം പരിഗണിക്കണമെന്നും ഉത്തരവായി. 2003 മാർച്ചിൽ എസ്ഐയുസി വിഭാഗത്തെ ഹിന്ദു നാടാർ വിഭാഗത്തിൽനിന്ന് വേർതിരിച്ച് സർക്കാർ ഉത്തരവിറക്കി. ഇവിടെയാണ് സങ്കീർണമായ മറ്റൊരു പ്രശ്നം.  ഏത് അനുപാതത്തിൽ വീതിക്കണമെന്ന് കോടതി പറഞ്ഞിരുന്നില്ല.  ഈ പ്രശ്നം കേരള പിന്നോക്ക വിഭാഗ കമീഷന് വിട്ടു. അപ്പോൾ വി എസ് സർക്കാരാണ് അധികാരത്തിലിരുന്നത്. ഈ ലേഖകൻ പിന്നോക്കവിഭാഗ ചുമതലയുള്ള മന്ത്രിയുമായിരുന്നു. കമീഷന്റെ ശുപാർശ ചില ഭേദഗതിയോടെ സർക്കാർ അംഗീകരിച്ച് ഉത്തരവായി.

എസ്ഐയുസി വിഭാഗത്തിൽപ്പെടുന്ന ക്രിസ്ത്യൻ നാടാർ സാമൂഹ്യമായും വിദ്യാഭ്യാസപരമായും താരതമ്യേന മുന്നിലാണെന്നും കൂടുതൽ സംവരണം അനുവദിക്കുന്നത് ശരിയല്ലെന്നും ഹിന്ദു നാടാർ വിഭാഗം വാദിച്ചു. എന്നാൽ, ഹിന്ദു നാടാർ വിഭാഗക്കാർ വളരെ കുറച്ചു മാത്രമേയുള്ളൂവെന്നും തങ്ങളാണ് കൂടുതലുള്ളതെന്നും അതുകൊണ്ട് അനുപാതം കൂടുതൽ വേണമെന്നും ക്രിസ്ത്യൻ നാടാർ വിഭാഗവും വാദിച്ചു. ഈ അവകാശവാദങ്ങൾ ദിവസങ്ങളെടുത്താണ് വകുപ്പ് ചർച്ചചെയ്ത് പൊതുധാരണയിൽ എത്തിയത്. ഇതിനോട് ബന്ധപ്പെട്ട എല്ലാ കക്ഷിയും യോജിച്ചു. അങ്ങനെ നീണ്ടയൊരു കാലഘട്ടത്തിലെ പ്രശ്നം അവസാനിപ്പിച്ചു. പക്ഷേ, മറ്റൊരു പ്രശ്നം വീണ്ടും സർക്കാരിന്റെ മുന്നിൽ വന്നു. അപ്പോൾ പിണറായി സർക്കാർ അധികാരത്തിൽ വന്ന ഘട്ടമായിരുന്നു.

രണ്ടാംഘട്ട പ്രശ്നം
എസ്ഐയുസി ഇതര സഭകളിൽ ചേർന്ന നിരവധി നാടാർ- ക്രിസ്ത്യൻ പരിവർത്തിത വിഭാഗത്തെ പ്രതിനിധാനംചെയ്‌ത്‌ ആരും ഒന്നാംഘട്ട പ്രശ്നം പരിഹരിക്കുന്നതുവരെ രംഗത്തുവന്നിരുന്നില്ല. പിന്നീടാണ് രംഗത്തുവരുന്നത്. നിലവിലെ സംവരണ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തെ ബാധിക്കാതെ പ്രശ്നം പരിഹരിക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. ആ പ്രശ്നവും പരിഹരിച്ചു. ജസ്റ്റിസ് ജി ശശിധരൻ നായർ ചെയർമാനായ കമീഷന്റെ മുമ്പാകെയാണ് പ്രശ്നം വരുന്നത്. ഹിന്ദു നാടാർ/ എസ്ഐയുസി നാടാർ എന്നീ വിഭാഗങ്ങളെപ്പോലെ മറ്റ് ഇതര ക്രിസ്ത്യൻ നാടാർ വിഭാഗത്തിനും സംവരണത്തിന് അർഹതയുണ്ടെന്ന് കമീഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.  ഇത് അംഗീകരിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചു ലക്ഷത്തോളം എസ്ഐയുസി ഇതര നാടാർ ക്രിസ്ത്യൻ വിഭാഗത്തിന് സംവരണം ലഭ്യമായി.  എന്നാൽ, ഈ  നടപടിയോട് യോജിക്കാത്ത ചിലർ ഹൈക്കോടതിയിൽ ഇടപെട്ട്  സ്റ്റേ ചെയ്യിച്ചു.

നിയമപരമായി നിലനിൽക്കില്ല എന്നതുകൊണ്ടാണ് തങ്ങൾ ഈ വിഭാഗത്തിന് സംവരണം നടപ്പാക്കാതിരുന്നതെന്നാണ് ഉമ്മൻചാണ്ടി പ്രതികരിച്ചത്. ഈ വാദം നിലനിൽക്കുന്നതല്ല. 2018 വരെ ഈ സംവരണം നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. സുപ്രീംകോടതി വിധിപ്രകാരം ഭരണഘടനാ ഭേദഗതി വരുന്നത് 2018ലാണ്. അതുവരെ രാഷ്ട്രപതിക്ക്‌ അയക്കാതെ സംസ്ഥാനങ്ങൾക്കുതന്നെ സംവരണം നിശ്ചയിക്കാൻ അധികാരമുണ്ടായിരുന്നു. അധികാരം ഉണ്ടായിരുന്നപ്പോൾ യുഡിഎഫ് സർക്കാരിന് ഈ വിഭാഗങ്ങൾക്കായി സംവരണം നിശ്ചയിക്കാമായിരുന്നു.

127–--ാമത് ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിനുള്ള നിലപാട് വ്യക്തമാണ്. എസ്ഇബിസി, ഒബിസി ലിസ്റ്റ് ഭേദഗതി വരുത്തേണ്ടത് സംസ്ഥാന സർക്കാരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  മാത്രവുമല്ല, സ്റ്റേക്ക് അടിസ്ഥാനമായി ഹൈക്കോടതി പറഞ്ഞ 102–--ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാഖ്യാനത്തിന് വ്യക്തത വരുത്തുന്നതാണ്  127–--ാം ഭരണഘടനാ ഭേദഗതി. ഇത് പാർലമെന്റ്‌ പാസാക്കിയതോടെ  ഹൈക്കോടതി സ്റ്റേ നിലനിൽക്കില്ല. കേരള  സർക്കാർ എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിലാണ് ഉൾപ്പെടുത്തിയത്;  എസ്ഇബിസിയിൽ അല്ല. എസ്ഇബിസി ലിസ്റ്റിന് രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്ന വിധി സുപ്രീംകോടതി ഉയർത്തിപ്പിടിച്ചാൽ തന്നെ രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുന്നതുവരെ നിലവിലുള്ള ലിസ്റ്റിന്റെ സാധുത ഇല്ലാതാകില്ലെന്ന് മറാത്താ കേസ് (ജയശ്രീ ലക്ഷ്മൺറാവു പാട്ടീൽ കേസ്) വിധിയിൽ  പറയുന്നുണ്ട്. അതുകൊണ്ടുതന്നെ  കേരള സർക്കാരിന്റെ തീരുമാനം നൂറുശതമാനവും നിയമപരമായിരുന്നെന്ന് വ്യക്തമാകും. ചുരുക്കത്തിൽ ഏതു ദിശയിൽ പോയാലും എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സംവരണം അട്ടിമറിക്കപ്പെടുകയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top