27 April Saturday

ബഹുസംസ്‌കൃതിയുടെ റിപ്പബ്ലിക്

പ്രൊഫ. വി 
കാർത്തികേയൻ നായർUpdated: Thursday Jan 26, 2023

തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യത്തെയാണ് റിപ്പബ്ലിക് എന്ന് വിളിക്കുന്നത്. ബ്രിട്ടൻ ഇന്ത്യക്ക് അധികാരം കൈമാറിയപ്പോൾ നിയമപരമായി ഡൊമിനിയൻ പദവി–- പുത്രികാരാജ്യ പദവിയാണ് ലഭിച്ചത്. അതുകൊണ്ടാണ് ബ്രിട്ടന്റെ പ്രതിപുരുഷനായി മൗണ്ട് ബാറ്റൻപ്രഭു ഗവർണർ ജനറലായി തുടർന്നത്. അദ്ദേഹം അധികാരം ഒഴിഞ്ഞപ്പോൾ സി രാജഗോപാലാചാരി ഗവർണർ ജനറലായി. ഭരണഘടനാ നിർമാണസഭ 1949 നവംബർ 26ന് ഭരണഘടന സ്വീകരിച്ചപ്പോഴും ഇന്ത്യ റിപ്പബ്ലിക് പദവി നേടിയിരുന്നില്ല. ഔദ്യോഗികമായും നിയമപരമായും ഭരണഘടന അംഗീകരിക്കപ്പെടുന്നത് 1950 ജനുവരി 26ന്‌ ആയിരുന്നു. അതുകൊണ്ടാണ് ആ ദിവസത്തെ ഭാരതം റിപ്പബ്ലിക്‌ ദിനമായി ആഘോഷിക്കുന്നത്.

രണ്ടു വർഷവും 11 മാസവും 17 ദിവസവും നീണ്ടുനിന്ന  നിയമനിർമാണ പ്രക്രിയയിലൂടെയാണ് ഇന്ത്യൻ ഭരണഘടന നിലവിൽവന്നത്. 22 അധ്യായത്തിലായി 395 വകുപ്പും 12 പട്ടികയുമുണ്ട്‌ ഇതിന്. സംസ്ഥാനങ്ങളുടെ സംയുക്തമാണ്‌ അത്.  അമേരിക്കൻ ഐക്യനാടുകളെയും പഴയ സോവിയറ്റ് യൂണിയനെയുംപോലെ സംസ്ഥാനങ്ങൾക്ക് വേറിട്ടുപോകാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. എന്നാൽ, ബ്രിട്ടനെപ്പോലെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ നേരിട്ടു ഭരിക്കുകയുമല്ല. അതിനാലാണ് ഇന്ത്യയെ അർധ ഫെഡറൽ എന്ന് രാഷ്ട്രമീമാംസകർ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണ് തിരുവിതാംകൂറും ഹൈദരാബാദും ജൂനാഗഢും കശ്മീരും സ്വതന്ത്രരാഷ്ട്രങ്ങളായി തീരാത്തത്. അതേസമയം, സംസ്ഥാന സർക്കാരുകൾ ഗ്രാമപഞ്ചായത്തുകളെ നിയന്ത്രിക്കുന്നതുപോലെ കേന്ദ്രത്തിന് സംസ്ഥാനങ്ങളെ നിയന്ത്രിക്കാനും ഭരണഘടന അനുവദിക്കുന്നില്ല. ജിഎസ്ടിയിലൂടെയും യുജിസി, എഐസിടിഇ, എൻസിഇആർടി തുടങ്ങിയ നിരവധി കേന്ദ്ര സ്ഥാപനങ്ങളിലൂടെയും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനുള്ള ശ്രമങ്ങൾ തീവ്രമായി നടക്കുന്ന ഈ സന്ദർഭത്തിൽ ഭരണഘടനാ സാക്ഷരത അനിവാര്യമായിത്തീർന്നിരിക്കുന്നു.

ബ്രിട്ടനെയും അയർലൻഡിനെയും ഫ്രാൻസിനെയുംപോലെ ഒരു ഭാഷയും ഒരു മതവും ഒരു ദേശീയതയും ഒരു സംസ്കാരവുമല്ല ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിൽ രണ്ട്‌ മതവും രണ്ട് ദേശീയതയും രണ്ട് സംസ്കാരവുമാണ്‌ ഉള്ളതെന്ന മതമൗലികവാദികളുടെ വാദത്തിന് ബ്രിട്ടീഷ് സാമ്രാജ്യത്വം കൂട്ടുനിന്നതുകൊണ്ടാണ് അനിവാര്യമല്ലാതിരുന്ന വിഭജനം അടിച്ചേൽപ്പിക്കപ്പെട്ടത്. ഇസ്ലാമിക റിപ്പബ്ലിക്കായി നിലവിൽവന്ന പാകിസ്ഥാൻ കാൽനൂറ്റാണ്ട് തികയുന്നതിനു മുമ്പുതന്നെ ഭാഷാ ദേശീയതയുടെ അടിസ്ഥാനത്തിൽ വിഘടിക്കപ്പെടുകയും ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രം നിലവിൽവരികയും ചെയ്തു. മത ദേശീയതയ്‌ക്കുവേണ്ടി ശാഠ്യംപിടിച്ച മുഹമ്മദാലി ജിന്നയ്‌ക്ക് അത്‌ കാണേണ്ടതായി വന്നില്ല.

1943ൽ കമ്യൂണിസ്റ്റ് പാർടി പ്രമേയരൂപത്തിൽ പറഞ്ഞത് ഭരണഘടനാപരമായും ശരിയാണെന്ന് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചു. അതുകൊണ്ടാണ് ഇന്ത്യ ബഹുസംസ്കൃതിയുടെ റിപ്പബ്ലിക് ആകുന്നത്.

സ്വതന്ത്ര ഭാരതത്തിലാകട്ടെ ഒരു ദശാബ്ദം തികയുന്നതിനു മുമ്പുതന്നെ മതദേശീയതയെ നിരാകരിക്കുകയും ഭാഷാ ദേശീയതയെ അംഗീകരിക്കുകയും ചെയ്തു. ഇന്ത്യാ വിഭജനം അനാവശ്യമായിരുന്നെന്ന് ഭാഷാ സംസ്ഥാന രൂപീകരണ നിയമത്തിലൂടെ 1956ൽ ഇന്ത്യൻ ഭരണഘടന തെളിയിച്ചു. മതമല്ല ദേശീയതയുടെ അടിസ്ഥാനമെന്നും അത് ഭാഷയും സംസ്കാരവുമാണെന്നും 1943ൽ കമ്യൂണിസ്റ്റ് പാർടി പ്രമേയരൂപത്തിൽ പറഞ്ഞത് ഭരണഘടനാപരമായും ശരിയാണെന്ന് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചു. അതുകൊണ്ടാണ് ഇന്ത്യ ബഹുസംസ്കൃതിയുടെ റിപ്പബ്ലിക് ആകുന്നത്.
സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽവരുമ്പോൾ 14 ഭാഷയെയാണ് എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ 22 ഭാഷയുണ്ട്.

മുപ്പതിലധികം ഭാഷ  പട്ടികയിൽ ഇടംപിടിക്കാനായി കാത്തുനിൽക്കുകയും ചെയ്യുന്നു. ലോകത്താകമാനം പതിനൊന്നായിരത്തോളം ഭാഷയുണ്ടെന്നാണ് യുനെസ്കോയുടെ കണക്ക്. ഇന്ത്യയിൽ രണ്ടായിരത്തിലധികം ഭാഷയുണ്ടത്രെ. അതായത് ലോക ഭാഷകളിൽ 18 ശതമാനം  ഇന്ത്യയിലാണ്. ലിപി ഉള്ളവയും ലിപി കടമെടുത്ത്‌ എഴുതുന്നവയും ലിപി ഇല്ലാത്ത ഭാഷകളുമുണ്ട്. മാനകീകരിക്കപ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിൽ നിരവധി ഗോത്രഭാഷകളും കടലോര ഭാഷകളുമുണ്ട്. അവയിൽ എല്ലാം അറിവ് സംഭരിച്ചുവച്ചിട്ടുമുണ്ട്. വിജ്ഞാനത്തിന്റെ സംഭരണിയാണല്ലോ ഭാഷ. അതുകൊണ്ടാണല്ലോ വിവേകശാലികൾ പറയുന്നത് പഠനവും ഗവേഷണവും ഏതു ഭാഷയിലൂടെയാണോ നടക്കുന്നത് ആ ഭാഷ വൈജ്ഞാനികഭാഷയും ആ ഭാഷ സംസാരിക്കുന്ന സമൂഹം വൈജ്ഞാനിക സമൂഹവുമാകുമെന്ന്. ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നത് ഇത്തരത്തിലുള്ള ഭാഷാ വൈവിധ്യത്തെയാണെങ്കിൽ ‘ഹിന്ദി–- ഹിന്ദു–- ഹിന്ദുസ്ഥാൻ' എന്ന മുറവിളിക്ക് അടിസ്ഥാനമില്ലല്ലോ.

ഇന്ത്യ ഒരു മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെന്ന രാഷ്ട്രത്തിന് ഔദ്യോഗികമായി ഒരു മതമില്ല. ഭരണകർത്താക്കളടക്കമുള്ള വ്യക്തികൾക്ക് മതവിശ്വാസവും ഈശ്വരവിശ്വാസവും ആകാം. വിശ്വാസം ഇല്ലാത്തവർക്ക് അങ്ങനെയും ജീവിക്കാം. മതവിശ്വാസവും ഈശ്വരവിശ്വാസവും ഒന്നല്ല. ഈശ്വരവിശ്വാസി മതവിശ്വാസി ആകണമെന്നില്ല.
ഇന്ത്യൻ സമൂഹത്തിൽ സവർണർ ന്യൂനപക്ഷവും അവർണർ ഭൂരിപക്ഷവുമാണ്. അതിനാൽത്തന്നെ സവർണ ദേവതകൾ എണ്ണത്തിൽ കുറവും അവർണ ദേവതകൾ എണ്ണത്തിൽ കൂടുതലുമാണ്. ആശാരി, മൂശാരി, കൊല്ലൻ, കമ്മാളൻ തുടങ്ങിയ കൈവേലക്കാർക്കും കൈത്തൊഴിലുകാർക്കും അവരുടെ ദേവകളുണ്ട്. അത്തരം ദേവകളെ സവർണർ  ആരാധിച്ചിരുന്നില്ല. സവർണദേവതകൾക്കു മാത്രമേ പൂണൂലിട്ട പൂജാരിയെ ആവശ്യമുള്ളൂ.

മത്സ്യമാംസാദികളും പനങ്കള്ളും തെങ്ങിൻകള്ളും ഭുജിച്ച് വിശ്വാസികളെ അനുഗ്രഹിച്ചിരുന്ന ദേവഗണങ്ങളെ അവരുടെ ആഗ്രഹത്തിനു വിരുദ്ധമായി സസ്യാഹാരികളാക്കി മാറ്റി. മാംസഭുക്കുകളായിരുന്ന ബഹുസഹസ്രം ദേവകളെ സസ്യാഹാരികളാക്കി മാറ്റിയ സാംസ്കാരികോന്മാദികളാണ് കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പാത്തതിൽ കലപില കൂട്ടിയത്

അവർണ ദേവതകളേറെയും മലദൈവങ്ങളെയും കടലമ്മയെയും ഊരുമൂപ്പൻമാരും ഗോത്രത്തലവൻമാരുമാണ് പൂജാരി സ്ഥാനത്തുനിന്ന് ഭക്ത്യപേയങ്ങൾ നൽകി പ്രസാദിപ്പിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കോൺക്രീറ്റ് മന്ദിരങ്ങളിൽ കുടിയിരുത്തിയ അവർണ ദേവൻമാരെ പ്രസാദിപ്പിക്കാൻ പൂണൂലിട്ട സവർണ പൂജാരിയെ നിയോഗിച്ച് മധ്യവർഗ വിഹ്വലതയിലകപ്പെട്ട വിശ്വാസിസമൂഹം സവർണത്വത്തെ വാരിപ്പുണരുന്നു. മത്സ്യമാംസാദികളും പനങ്കള്ളും തെങ്ങിൻകള്ളും ഭുജിച്ച് വിശ്വാസികളെ അനുഗ്രഹിച്ചിരുന്ന ദേവഗണങ്ങളെ അവരുടെ ആഗ്രഹത്തിനു വിരുദ്ധമായി സസ്യാഹാരികളാക്കി മാറ്റി. മാംസഭുക്കുകളായിരുന്ന ബഹുസഹസ്രം ദേവകളെ സസ്യാഹാരികളാക്കി മാറ്റിയ സാംസ്കാരികോന്മാദികളാണ് കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പാത്തതിൽ കലപില കൂട്ടിയത്. പൂണൂലിനെ പൊട്ടിച്ചെറിഞ്ഞാണ് കേരളം പ്രബുദ്ധതയിലേക്ക് മുന്നേറിയത്. പൊട്ടിച്ചെറിഞ്ഞ പൂണൂലുകൊണ്ട് സമൂഹത്തെ വരിഞ്ഞുകെട്ടാൻ ശ്രമിക്കുന്നത് നവോത്ഥാനത്തിന്റെ നിഷേധവും ഭരണഘടനാ വിരുദ്ധവുമാണ്. ചിന്തിക്കാനും പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും വിശ്വസിക്കാനും ആരാധിക്കാനും ഭരണഘടന അനുവാദം തരുന്നു.

എല്ലാ ജീവികൾക്കും ആഹാരം വേണം. മനുഷ്യന് ആഹാരവും ഭാഷയും വേണം. മനുഷ്യനു മാത്രമേ ഭാഷയുള്ളൂ. മനുഷ്യൻ മാത്രമാണ് അറിവ്‌ ഉൽപ്പാദിപ്പിക്കുന്നത്. അതു സംഭരിച്ചുവയ്‌ക്കുന്നത് ഭാഷയിലാണ്. അപ്പോഴാണ് സാഹിത്യം ഉണ്ടാകുന്നത്. മറ്റു ജീവികൾ അറിവ്‌ ഉൽപ്പാദിപ്പിക്കുന്നില്ല. അതിനാൽ അവർക്ക് ഭാഷയും സാഹിത്യവും ഇല്ല. അതുപോലെതന്നെ മനുഷ്യന് മാത്രമേ വേഷവുമുള്ളൂ. അതായത് ഭാഷയും വേഷവുമാണ് സംസ്കാരത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. ആ രീതിയിൽ നോക്കിയാൽ ഭാരതത്തിന്റെ വൈവിധ്യം എത്രയാണ്. ആ വൈവിധ്യമാണ് ഈ നാടിന്റെ സവിശേഷത.

ദിഗംബരൻമാർക്കും കൗപീനമാത്രധാരികൾക്കും അർധനഗ്നർക്കും ആവശ്യത്തിലേറെ വേഷഭൂഷകൾ അണിഞ്ഞവർക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. തുല്യതയ്‌ക്ക്‌ അവകാശമുണ്ട്. വിവേചനത്തിൽനിന്ന്‌ നിയമസംരക്ഷണവുമുണ്ട്. ഈ വൈവിധ്യത്തെ അംഗീകരിക്കുന്നതാണ് ഭരണഘടന. ഈ ഭരണഘടനയെ അറിയുകയും സംരക്ഷിക്കുകയുമാണ്  നമ്മുടെ കടമ. ഹിമാലയം മുതൽ കന്യാകുമാരിവരെ ഉള്ളവർ ഏകീകൃതമായ ഭാഷയും വേഷവും ആഹാരവും ആചാരവും വിശ്വാസവുമാണ് സ്വീകരിക്കേണ്ടതെന്നു പറയുന്നവർ ഏകാധിപതികളാണ്. നിരാകരിക്കപ്പെട്ട മതരാഷ്ട്രവാദം ഉന്നയിക്കുന്നത് ചരിത്രനിഷേധമാണ്. അവർ ബഹുസംസ്കൃതിയുടെ ശത്രുക്കളാണ്. ഭരണഘടനയുടെ ശത്രുക്കളാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ശത്രുക്കളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top