29 March Friday

റെപ്പോ നിരക്ക് വർദ്ധന: തൊലിപ്പുറ ചികിത്സ മാത്രം

എ കെ രമേശ്‌Updated: Thursday May 19, 2022

എ കെ രമേശ്‌

എ കെ രമേശ്‌

മാസങ്ങളായി  4 ശതമാനത്തിൽ നിന്നിരുന്ന റെപോ നിരക്ക് ഈ  മെയ് 4 ന് 4.4 ആക്കി വർദ്ധിപ്പിച്ചതാണ് ഇപ്പോൾ ചർച്ചാ വിഷയം. 4 കൊണ്ടുള്ള ഈ കളി ആരും പ്രതീക്ഷിച്ചതല്ല. ജൂൺ  6 നാണ് മോണിറ്ററി പോളിസി കമ്മിറ്റി ചേരാനിരുന്നത്. അത് മുന്നോട്ടാക്കിയാണ് അതുവരെ 4 ആയിരുന്ന റെപ്പോ നിരക്ക് ഈ നാലാം തിയ്യതി 4 .4 ആക്കി വർദ്ധിപ്പിച്ചത്. ഇക്കാര്യത്തിലിടപെട്ട് അഭിപ്രായം   പറയാനാവണമെങ്കിൽ ആദ്യമറിയേണ്ടത് ഈ റെപ്പോനിരക്ക് എന്ന പൊതിയാത്തേങ്ങ എന്താണെന്നാണ്.
റെപോ നിരക്കെന്നാൽ

ലളിതമാണ് കാര്യം. ബാങ്കുകളുടെ ബാങ്ക്  ആണല്ലോ റിസർവ് ബാങ്ക്. ആ റിസർവ് ബാങ്കിൽ നിന്ന്  വായ്പയെടുക്കുമ്പോൾ അതിന് ബാങ്കുകൾ  കൊടുക്കേണ്ട പലിശ നിരക്കാണത്.  ആ നിരക്ക് താഴ്ന്നു നിന്നാൽ ബാങ്കുകൾക്ക് തങ്ങളുടെ ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന പലിശനിരക്ക് അത്രയും താഴ്ത്തിക്കൊടുക്കാനാവും. അത്  കൂടിയാൽ  പലിശനിരക്ക് വർദ്ധിപ്പിക്കേണ്ടി വരും. വായ്പയെടുക്കുന്നവർ കൂടുതൽ പലിശ നൽകേണ്ടിയും വരും.

റെപ്പോ നിരക്ക് വർദ്ധനയുടെ വാർത്തയറിഞ്ഞതോടെ മാധ്യമങ്ങളേറെയും നെഞ്ചത്തടിച്ച് നിലവിളിച്ചത് ഭവന വായ് പയെടുത്ത പാവപ്പെട്ട ഇടപാടുകാരന്റെ  പ്രതിമാസ അടവ് തുക  കൂടുന്ന കാര്യം പറഞ്ഞാണ്. ( ഇന്ത്യയിലെ കോടിക്കണക്കിന് ചെറു നിക്ഷേപകരെ ഇതെങ്ങനെ ബാധിക്കും എന്നത് അവർക്കൊരു വിഷയമേ അല്ല. ബാങ്ക് റെയ്റ്റ് കുറച്ചു കൊണ്ടുവരണം എന്നത് മുതലാളിമാരുടെ ഒരാവശ്യമായിരുന്നല്ലോ.)

അന്നങ്ങനെ, ഇന്നിങ്ങനെ

കഴിഞ്ഞ മാസം ഏപ്രിൽ 8 നാണ് നിരക്ക് വർദ്ധനവിനെക്കുറിച്ച് ആലോചിക്കുന്നേയില്ല എന്ന് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചത്. എന്നിട്ടെന്തേ ഇപ്പോൾ ഇങ്ങനെ എന്നതാണ്  പ്രശ്നം. ഉപഭോക്തൃ വിലസൂചിക കണക്കുകളെല്ലാം തെറ്റിച്ച് മുന്നേറുകയും അത്, ഒന്നര വർഷമായി കാണാത്തത്രക്ക് വലിയ  കുതിച്ചുചാട്ടം നടത്തുകയും ചെയ്ത സാഹചര്യത്തിൽ റെപ്പോ നിരക്ക് കൂടാൻ ഇടയുണ്ടെന്നായിരുന്നു പൊതു ധാരണ.ജൂൺ 6 ന് ചേരാനിരിക്കുന്ന മോണിട്ടറി പോളിസി കമ്മിറ്റി, നിരക്ക് വർദ്ധന പ്രഖ്യാപിച്ചേക്കും എന്നായിരുന്നു കണക്കുകൂട്ടൽ.    എന്നാൽ  ഏപ്രിൽ 8 ഉം കഴിഞ്ഞ്  ഒരു മാസമാവും മുമ്പേ മെയ് 4 ന് നിലപാട് മാറിയത് എങ്ങനെ എന്നായി പിന്നെ ചോദ്യം.

ഏപ്രിൽ 12 ന് മാർച്ച് മാസത്തിലെ പണപ്പെരുപ്പത്തിന്റെ കണക്ക് പുറത്തുവന്നതോടെ സ്ഥിതി അപകടകരമാണ് എന്ന് തിരിച്ചറിഞ്ഞ റിസർവ് ബാങ്ക് അതിന്റെ പിറ്റേന്നു തന്നെ  മോണിറ്ററി പോളിസി കമ്മിറ്റി വിളിച്ചു ചേർത്തലോ  എന്നാലോചിച്ചിരുന്നു എന്നാണ് അണിയറ വൃത്തങ്ങളിൽ നിന്നറിയുന്നത്. മണികൺട്രോളിൽ ലേഖകൻ സിദ്ധാർഥ് ഉപാസനി ഇക്കാര്യം തെളിച്ചു പറയുന്നുണ്ട്. മോണിറ്ററി പോളിസി കമ്മിറ്റി അങ്ങനെ ധൃതിപ്പെട്ട് വിളിച്ചു ചേർക്കുന്നത് തെറ്റായ സൂചനകൾ നൽകും എന്ന ഭീതിയാണ് ഐ എം എഫിന്റെ റിപ്പോർട്ടിനായി കാത്തിരിക്കാനുള്ള തീരുമാനത്തി ലേക്കെത്തിച്ചത്.

ഐ എം എഫ് പറഞ്ഞാൽ
ഏപ്രിൽ 19ന് ഐ എം എഫിന്റെ വേൾഡ് എകണോമിക് ഔട്ട് ലുക്ക് പുറത്തിറങ്ങിയതോടെയാണ് , അതിൽ ഇന്ത്യയിലെ പണപ്പെരുപ്പം കുതിച്ചു കയറുകയാണ് എന്ന് പറഞ്ഞതോടെയാണ്, നാട്ടാർ നേരിട്ടനുഭവിക്കുന്ന കാര്യം മോണിറ്ററി പോളിസി കമ്മിറ്റിയും അംഗീകരിച്ചത്. അതിനിടക്ക് അംഗങ്ങൾ തമ്മിൽത്തമ്മിൽ ഫോണിൽ ബന്ധപ്പെട്ട് കമ്മിറ്റി നേരത്തേ ചേരുന്ന കാര്യം ചർച്ച ചെയ്തിരുന്നത്രെ. ഏതായാലും മെയ് 4 ന് പകൽ, കുറച്ചു സമയത്തിനകം തങ്ങളുടെ ഗവർണർ ശക്തി കാന്ത് ദാസ് ഒരു പ്രസ്താവന പുറപ്പെടുവിക്കും എന്ന്  റിസർവ് ബാങ്ക്  ട്വിറ്റർ  സന്ദേശമയച്ചപ്പോൾത്തന്നെ സംഗതി ഏതാണ്ട് വ്യക്തമായിരുന്നു, നിരക്ക് വർദ്ധനവ് വരാൻ പോവുന്നു എന്ന്! ഗവർണരാണ്  മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേർന്ന് റെപ്പോ നിരക്ക് കൂടാൻ തീരുമാനിച്ചിരിക്കുന്നു എന്ന വിവരമറിയിച്ചത്.

അതുവരെ റിസർവ് ബാങ്ക് കണക്ക് കൂട്ടിക്കൊണ്ടിരുന്ന തിലും കൂടുതലാണ് ഐ.എം.എഫിന്റെ കണക്ക് എന്നു വന്നപ്പോൾ ഇനിയും നിസ്സംഗമായിരിക്കാനാവില്ല എന്ന് മോണിറ്ററി പോളിസി കമ്മിറ്റിക്ക് തീരുമാനിക്കേണ്ടിവന്നു. അങ്ങനെയാണ് മെയ് 4 ന് 4 ശതമാനമുണ്ടായിരുന്ന റെപ്പോ  നിരക്ക് .4 ശതമാനം വർദ്ധിപ്പിച്ച് 4.4 ശതമാനമാക്കി മാറ്റിയ വിവരം കേന്ദ്രബാങ്ക് ഗവർണർ പ്രഖ്യാപിച്ചത്.

റെപോ നിരക്ക് കൂടിയാൽ
എന്താണ് സംഭവിക്കുക?

കാശിന്റെ തള്ള് കുറയ്ക്കലാണല്ലോ ലക്ഷ്യം. ടൂ മച്ച് മണി ചെയ്സിങ്ങ് ടൂ ഫ്യൂ ഗുഡ്സ് എന്നല്ലേ പറയുക? എന്നു വെച്ചാൽ കാശേറെത്തള്ളി കിട്ടാ സാധനത്തിന് പിറകേ പായുക എന്ന് മലയാളം. അങ്ങനെ തള്ളാൻ മാത്രം കാശ് പമ്പ് ചെയ്യുന്ന ബാങ്കുകളിൽ നിന്ന് അത്രക്കങ്ങെളുപ്പത്തിൽ വായ്പ കിട്ടാതായാലോ?  ബാങ്ക് വായ്പക്ക് ചെലവേറിയാൽ, എന്നു വെച്ചാൽ പലിശ നിരക്ക് കൂടിയാൽ പണത്തിന്റെ കുത്തൊഴുക്ക് ഒരു പരിധി വരെ തടയാം. മാത്രവുമല്ല, പലിശ നിരക്ക് കൂടിയാൽ അന്യഥാ വെറുതെ ചെലവാക്കിത്തീർക്കുമായിരുന്ന കാശ് നിക്ഷേപകർ ബാങ്കിൽത്തന്നെ സൂക്ഷിക്കും. പണത്തിന്റെ ഒഴുക്ക് അങ്ങനെയും കുറയും. ഇതിന് രണ്ടിനും ഇടവരുത്തുന്നതാണ് റെപ്പോ നിരക്ക് വർദ്ധന എന്നതാണ് കാര്യം.

പണപ്പെരുപ്പം നിയന്ത്രിക്കാമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തുകയും അത് ചെയ്യാനാവാതെ അധികാരം നഷ്ടപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെപ്പറ്റി
ഫൈനാൻസ് & ഡവലപ്മെൻറിലെ (ഐ എം എഫ്  ഔദ്യോഗിക പ്രസിദ്ധീകരണമാണത്) ലേഖനത്തിൽ  സീഡാ ഓണർ പരാമർശിക്കുന്നുണ്ട്. പണപ്പെരുപ്പത്തെ അമേരിക്കയുടെ പൊതുശത്രുവായി പ്രസിഡണ്ട് ജെറാൾഡ് ഫോർഡ് തന്നെ പ്രഖ്യാപിച്ച കാര്യവും അവർ ഓർമ്മിപ്പിക്കുന്നു ണ്ട്.

അങ്ങനെയുള്ള പണപ്പെരുപ്പത്തെ എങ്ങനെയാണ് അളക്കുക ? ചരക്കുകളും സേവനങ്ങളും ഒരു നിശ്ചിത കാലയളവിൽ എത്ര കൂടുതൽ ചെലവേറിയതായി മാറി എന്നതിന്റെ തോതാണല്ലൊ പണപ്പെരുപ്പം. ജനങ്ങളുടെ ജീവിതച്ചെലവ് പല പല സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയെ ആശ്രയിച്ചിരിക്കുന്നു. ജീവിതച്ചെലവിന്റെ ഒരു ശരാശരി കണക്കാക്കണമെങ്കിൽ, ഈ ഓരോ സാധനവും സേവനവും എത്രയെത കണ്ടാണ് ഓരോരുത്തരും ഉപയോഗിക്കുന്നത് എന്നറിയേണ്ടതുണ്ട്.

അത് അളക്കുന്നതിനായി ഗവൺമെന്റുകൾ ഗാർഹിക സർവ്വേകൾ നടത്താറുണ്ട്. സ്ഥിരമായി വാങ്ങുന്ന സാധനങ്ങൾ ഏതെന്ന് കണ്ടെത്തി അവയെ ഒന്നിച്ച്  ഒരളവാക്കി (യമസെലേ) മാറ്റി ആ ബാസ്കറ്റിലെ സാധനങ്ങൾക്കും സേവനങ്ങൾക്കും വരുന്ന വിലയെ ഒരടിസ്ഥാന വർഷത്തെ വിലയുമായി താരതമ്യം ചെയ്തു കൊണ്ടാണ് ഉപഭോക്തൃ സൂചിക തയാറാക്കുക. ഇതിൽ ഒരു നിശ്ചിത കാലയളവിൽ ഉണ്ടാവുന്ന ശതമാനക്കണക്കി നെയാണ് ഉപഭോക്തൃ വിലയിലെ പണപ്പെരുപ്പം (രീിൌാലൃ ജൃശരല ശിളഹമശേീി) എന്ന് പറയുക. ഉദാഹരണത്തിന്  20 21 ജനവരി ക്കും 2022 ജനവരിക്കും ഇടക്ക് ഉപഭോക്തൃ സൂചിക 7.5 ശതമാനം വർദ്ധിച്ചു എന്നാണ് ഒരു കണക്ക്. അടിസ്ഥാന വർഷം 2021 = 100 ആണെങ്കിൽ, 2022 ലെ സൂചിക 107.5 ആയിട്ടുണ്ടാവും.  2022 ഏപ്രിൽ മാസത്തിൽ പണപ്പെരുപ്പം (ഉപഭോക്തൃ വിലസൂചിക പ്രകാരം) 7.79 ശതമാനമാണ്. ഇതാകട്ടെ, 2014 മെയ് മാസത്തിനു (മോഡി അധികാരത്തിലേറിയ കാലം) ശേഷമുള്ള ഏറ്റവും വലിയ പണപ്പെരുപ്പ നിരക്കാണ്.

ഈ മാർഗം ഫലപ്രദമല്ല

അതിന്റെ അർത്ഥമെന്താണ്? 2021 ൽ 100 രൂപ ബാങ്കിൽ സ്ഥിര നിക്ഷേപം ഇടുന്ന ഒരാൾ 2022 വരെ അത് വെച്ചിരുന്നാൽ, അയാൾക്ക് മുതലും പലിശയും ചേർത്ത് കിട്ടുകേ 107 രൂപയാണ്. 2021 ൽ 100 രൂപയുണ്ടായിരുന്ന സാധനങ്ങൾ വാങ്ങിക്കാൻ 2022 ൽ അയാൾ 107 രൂപ79 പൈസ കൊടുക്കണം. അന്നത് വാങ്ങാതെ ബാങ്കിലിട്ടതിന് ഇന്നയാൾക്കുണ്ടാവുന്ന നഷ്ടം 79 പൈസയാണ്. ഒരു ലക്ഷം രൂപയാണെങ്കിൽ നഷ്ടം 790 രൂപയാവും. ഇങ്ങനെ നഷ്ടം സഹിച്ച് ബാങ്കിൽ നിക്ഷേപിക്കുന്നതിലും നല്ലത് ചന്തയിലിറങ്ങി സാധനം വാങ്ങലാണ് എന്ന് നിക്ഷേപകർക്കാകെ തോന്നിയാലോ? പണം വീണ്ടും കുത്തിയൊഴുകും. പണപ്പെരുപ്പം പിന്നെയും കൂടും. അങ്ങനെ യൊരു വിഷമവൃത്തത്തിൽ ചെന്നു ചാടാതിരിക്കണമെങ്കിൽ രണ്ടു കാര്യം ചെയ്യാം. ഒന്ന്, കേന്ദ്ര ബാങ്കിനോട് അതിന്റെ മോണിട്ടറി പോളിസി അതിന് കണക്കാക്കി മാറ്റാൻ പറയാം. അതാണിപ്പോൾ ചെയ്യുന്നത്. അതൊട്ടും ഫലപ്രദമല്ല എന്നതുകൊണ്ടാണ് വീണ്ടും റെപ്പോ നിരക്ക്  ഉടൻ കൂട്ടേണ്ടിവരും എന്ന്  വിദഗ്ധർ പറയുന്നത്. എന്നു വെച്ചാൽ, അതിന് കരിയിത് പോരാ എന്നർത്ഥം.

തൊലിപ്പുറ ചികിത്സ പോരാ
രണ്ടാമത്തെ കാര്യമാണെങ്കിൽ, അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി ഉണ്ടെങ്കിലേ പ്രാവർത്തികമാവൂ. വിലക്കയറ്റത്തിന് ആധാരമായുള്ള കാരണങ്ങൾ എന്താണെന്ന് കണ്ടെത്താനും അത് പരിഹരിക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യപ്പെടുന്ന ഒരു വഴിയാണത്. മോണിറ്ററി പോളിസിയിലെ ഇടപെടൽ എന്നത് വെറും തൊലിപ്പുറ ചികിത്സയാണ്. ശസ്ത്രക്രിയ തന്നെ നടന്നെങ്കിലേ രോഗി രക്ഷപ്പെടൂ. എന്നു വെച്ചാൽ നാട്ടിൽ വിലക്കയറ്റം സൃഷ്ടിക്കുന്ന ഭൂതത്തെ കുടം തുറന്ന് വിട്ട ശേഷം അത് നിയന്ത്രിക്കേണ്ടത് റിസർവ് ബാങ്കും അതിന്റെ മോണിറ്ററി പോളിസിയുമാണെന്ന് പറയുന്നത് ഒട്ടകപ്പക്ഷി നയമാണ്. അത് കുറേശ്ശെയായി ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുന്നുമുണ്ട്.

വിലക്കയറ്റം തടയണമെങ്കിൽ, ആദ്യം ചെയ്യേണ്ടത് സർക്കാർ വിപണിയിൽ ഇടപെടുകയാണ്. ഇപ്പോഴാണെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്ചുമത്തുന്ന അന്യായവും അധാർമ്മികവുമായ അഡീഷനൽ ഡ്യൂട്ടികളും സെസ്സുകളും വേണ്ടെന്നു വെക്കുകയാണ്. അതിന്റെ വിലനിർണായാധി കാരം കേന്ദ്ര സർക്കാർ തിരിച്ചു പിടിക്കുകയാണ്. അത് മാർക്കറ്റിന് വിട്ടാൽ ചന്തയുടെ നിയമമാണ് നടപ്പാവുക. ചന്തയിൽ എല്ലാ പൗരന്മാർക്കും പ്രവേശനമില്ല. കീശയിൽ കാശുള്ളവനേ അകത്ത് കടക്കാനാവൂ. ഒരു ജനാധിപത്യ വ്യവസ്ഥ പൗരന്മാരുടെ മുഴുവൻ ക്ഷേമവുമാണ് ഉറപ്പു വരുത്തേണ്ടത്. അതിനു പകരം ഒരു ചെറുന്യൂനപക്ഷത്തിന് വേണ്ടിയാവണം ഭരണമെന്ന് കരുതുന്നവർ ഭരിക്കുമ്പോൾ ഇപ്പറഞ്ഞ രണ്ടാമത്തെ വഴി അവർക്ക് സ്വീകാര്യമല്ല.

അതുകൊണ്ടു തന്നെ ജൂണിൽ വീണ്ടും റെപ്പോ റെയ്റ്റ് വർദ്ധിപ്പിച്ചേക്കാം. വീണ്ടും സ്ഥിതി വഷളാവും. എത്ര കാലം? എത്ര കാലം ഈ തൊലിപ്പുറച്ചികിത്സ കൊണ്ട് ഈ അർബ്ബുദ രോഗത്തെ ഒളിപ്പിച്ചു വെക്കാനാവും എന്നത് തന്നെയാണ് ഉയർത്തേണ്ട ചോദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top