27 April Saturday

ഉച്ചനേരത്തെ റേഷൻചിന്തകൾ

എൻ കെ സുനിൽകുമാർUpdated: Tuesday Oct 19, 2021

കലാലയത്തിൽ പങ്കിടലിന്റെ സുന്ദര കാഴ്ചകൾ പലതും ക്ലാസിന് പുറത്താണ് എന്നതാണ് എവിടത്തെയും അനുഭവം. ഉച്ചനേരത്ത് മരച്ചോട്ടിൽ വിദ്യാർഥികൾ ഇലപ്പൊതികൾക്കും ചോറ്റുപാത്രങ്ങൾക്കും ചുറ്റിലുമിരുന്ന് രുചിയോടെ ഭക്ഷണം പങ്കിടുന്ന കാഴ്ച ഉദാത്ത സൗഹൃദത്തിന്റെ നേർചിത്രങ്ങളാണ്. അതോടൊപ്പം ഉച്ചസമയത്ത്‌ മറ്റൊന്നുകൂടി കണ്ടിട്ടുണ്ട്. പാതവക്കുകളിലെ ആളൊഴിഞ്ഞ തണലിൽ വണ്ടികളിലിരുന്ന് ഓട്ടോ തൊഴിലാളികൾ ആഹാരം കഴിക്കുന്നത്‌. വീട്ടിൽനിന്ന്‌ കൊണ്ടുവന്ന ആഹാരം കഴിച്ച്‌ വിശ്രമിച്ചശേഷം അവർ ഓട്ടോ ഓടിച്ചുപോകുന്നത് താൽപ്പര്യപൂർവം നോക്കിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ കോവിഡിന് മുമ്പ്‌ എമ്പാടും കാണാമായിരുന്നു.

ഇന്ന് നമ്മുടെ നാട് ഭക്ഷ്യസുരക്ഷയുടെ ഭദ്രത ഒട്ടൊക്കെ അനുഭവിക്കുന്നുണ്ട്. എൺപതുകളുടെ ആരംഭംവരെയും നാട്ടിൻപുറങ്ങളിൽ പട്ടിണിക്കാഴ്ചകൾ ഉണ്ടായിരുന്നു. സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായമാണ് നമുക്കിടയിലെ പട്ടിണിയുടെ തോത് കുറച്ചത് എന്നുതന്നെ പറയാം. 2000 ത്തിലാണ് പൊതുവിതരണ സമ്പ്രദായം സവിശേഷമായൊരു വെല്ലുവിളി നേരിട്ടത്. ഒറ്റ കാർഡ് എന്നതിൽനിന്ന് അന്ത്യോദയ, അന്നയോജന പദ്ധതികളുടെ ഭാഗമായി എപിഎൽ, ബിപിഎൽ രീതികളിൽ റേഷൻ കാർഡുകൾ ഇനം തിരിച്ചു. പിന്നീട് മഞ്ഞ, പിങ്ക്, നീല, വെള്ള നിറങ്ങളിൽ സാമൂഹ്യ സാമ്പത്തിക സ്ഥിതികളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത രീതിയിലുള്ള കാർഡുകൾ നിലവിൽ വന്നു. മഞ്ഞ കാർഡിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കായാണ് എഎവൈ എന്നറിയപ്പെടുന്ന അന്ത്യോദയ- അന്നയോജന പദ്ധതി ഏർപ്പെടുത്തിയത്. ഒരു കാർഡിന് 35 കിലോ അരി സൗജന്യമായി കിട്ടുന്നതിലൂടെ ദരിദ്രവിഭാഗത്തിൽപ്പെടുന്ന അതി സാധാരണക്കാർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പായി. പിങ്ക് കാർഡിൽപ്പെട്ട ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരാളിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായും ലഭിക്കുന്നുണ്ട്. നീല കാർഡുകാർക്ക് സബ്‌സിഡി നിരക്കിൽ രണ്ടു രൂപയ്‌ക്ക്‌ രണ്ട് കിലോ അരി കിട്ടുന്നു. വെള്ള കാർഡിനാകട്ടെ ഒരു കിലോ അരി 11 രൂപയ്ക്ക് കിട്ടും. ഇത് പൂർണമായും ഒരു മാസത്തെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന സമീപനത്തിന്റെ സാമൂഹ്യസത്ത ഉൾക്കൊള്ളുന്നുണ്ട്. പൊതു വിപണിയിൽ ഇതിന്റെ നാലിരട്ടിയാണ് അരിവില എന്നോർക്കുക. റേഷൻവിഹിതം നേരാംവണ്ണം വിനിയോഗിക്കാതെ ലാപ്സാക്കിക്കളയുന്ന രീതി പലയിടത്തും കാണാമായിരുന്നു.

"പൊരിച്ച കോഴിയും ചപ്പാത്തിയും' ബോർഡുകൾ നാട്ടുകവലകളിൽപ്പോലും പ്രചാരം നേടിയ അക്കാലത്ത് ഇടത്തരം കുടുംബങ്ങളിൽ ഭക്ഷണനിയന്ത്രണം, പ്രത്യേകമായ ആരോഗ്യശീലങ്ങൾ എന്നിവയൊക്കെ രൂപപ്പെട്ടു വന്നു. ഹെൽത്ത്‌ ക്ലബ്ബുകളുടെ വ്യാപനകാലവുമായിരുന്നു അത്. ഇത്തരം ശീലങ്ങളുടെ ഭാഗമായി ഒരു നേരംമാത്രം ചോറ്, രാത്രി മറ്റ് ആഹാരം എന്നിങ്ങനെയുള്ള രീതികൾ വന്നു. അരിയുടെ വില കൂടിയാലും കുഴപ്പമില്ല, പ്രൈവറ്റ് മില്ലുകളിൽ നിന്നുള്ള "സിൽകി സോർട്ടക്സ് റൈസ്' എന്ന ശീലത്തിലേക്ക് പലയാളുകളും മാറി. റേഷൻ വിനിയോഗമാകട്ടെ കുറഞ്ഞു.

പുത്തൻ മേനിത്തരങ്ങളുടെ ബലത്തിൽ പലരും പയ്യെപ്പയ്യെ റേഷൻ കടകളിൽ നിന്നകന്ന് പൊതു വിപണിയിലെ വിലകൂടിയ അരിയുടെ പിന്നാലെ പോയി. ഫിലിപ്പീൻസിൽ നിന്നടക്കമുള്ള നാളികേര ഇറക്കുമതി, അതുമൂലമുണ്ടായ നാട്ടിലെ തേങ്ങയുടെ വിലയിടിവ്, പാമോയിൽ ഇറക്കുമതി എന്നിവയൊക്കെ കാർഷികമേഖലയുടെ നടുവൊടിച്ച കാലമായിരുന്നിട്ടും പലരും റേഷൻ കടകളോട് അയിത്തം കാണിച്ചു. രണ്ട് ദശകത്തിനിപ്പുറം കോവിഡ്കാലത്ത്‌ നമ്മൾ റേഷൻ കടകളിലേക്ക് തിരിച്ചെത്തി.

റേഷൻ വാങ്ങി പശുവിനും കോഴിക്കും കൊടുത്തിരുന്ന ബോധത്തിന്റെ പൊള്ളത്തരം പൊട്ടിത്തകരാൻ ഒരു ദുരിതകാലമെത്തേണ്ടി വന്നു. ഒന്നാംതരം അരിയും ഗോതമ്പും ഇന്ന് റേഷൻ കടകളിൽ ലഭ്യമാണ്. ദുരിതകാലത്ത് കൃത്യമായി നൽകിയ പലവ്യഞ്ജന കിറ്റുകൾ കേരളീയരെ വരുമാന വ്യത്യാസമില്ലാതെ റേഷൻ കടകളോട് അടുപ്പിച്ചു. ജനതയുടെ അതിജീവനത്തിന് പൊതു വിതരണം ശക്തിപ്പെടുത്തണമെന്ന ബോധ്യം നാടാകെ ഉയർന്നു. മാസങ്ങളോളം വിഹിതം വാങ്ങിയില്ലെങ്കിൽ പിന്നീടത് പുനഃസ്ഥാപിച്ചു കിട്ടുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് മലയാളിക്ക്‌ നല്ല ബോധ്യമുണ്ട്.

സമാനമായി സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സംവിധാനങ്ങളുടെ പ്രസക്തി പരക്കെ തിരിച്ചറിയുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് തിരികെയെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രാധാന്യവും ആവശ്യകതയും തിരിച്ചറിയപ്പെടുന്നു. അവ കാത്തുസൂക്ഷിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം പ്രക്ഷോഭങ്ങളിലൂടെ നാം നിർവഹിക്കേണ്ടതുണ്ട്. ഒന്നുചേർന്നിരുന്ന് ആഹാരം കഴിക്കുകയും ഒരേവ്യഥയോടെ രോഗശമനത്തിനായി യത്നിക്കുകയും ജീവിതവിജയത്തിനായി പഠിക്കുകയും എല്ലാവരും മെച്ചപ്പെട്ടൊരു ജീവിതം നയിക്കുകയും ചെയ്യുന്ന കാഴ്ച എത്ര സുന്ദരമാണ്.
(തിരുവനന്തപുരം എംജി കോളേജ് *സോഷ്യോളജി വിഭാഗം അസി. പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top