06 July Wednesday

ഹൃദയബന്ധങ്ങൾ ദൃഢമാകട്ടെ

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർUpdated: Monday May 2, 2022

ഒരു മാസത്തെ വ്രതാനുഷ്‌ഠാനം പൂർത്തിയാക്കി വിശ്വാസികൾ ചൊവ്വാഴ്ച  പെരുന്നാൾ ആഘോഷിക്കും. വ്രതകാലത്ത് ദൈവിക വിചാരങ്ങളിൽ സർവവും സമർപ്പിച്ച്,  ജീവിതം ക്രമീകരിക്കുകയാണ് മുസ്ലിങ്ങൾ. കേവലം ഭക്ഷണനിരാസം മാത്രമല്ല അത്. ഹൃദയശുദ്ധീകരണമാണ് വ്രതാനുഷ്‌ഠാനത്തിന്റെ കാതൽ. ശുദ്ധീകരിക്കപ്പെട്ട മനസ്സും നവോന്മേഷമുള്ള ശരീരവുമായാണ് വിശ്വാസികൾ പെരുന്നാളിലേക്കു കടക്കുന്നത്.

പെരുന്നാൾ ദിവസം എല്ലാ വീടുകളിലും സന്തോഷം നിറയണം. കഷ്‌ടപ്പാടിന്റെ നെരിപ്പോടുകളിൽ നീറുന്ന ആരും നമ്മുടെ അറിവിലില്ലെന്ന് ഉറപ്പുവരുത്തണം. ദൈവികവിചാരങ്ങളിൽ സൂക്ഷ്മത പാലിക്കാനും ഹൃദ്യമായ ഭക്ഷണപാനീയങ്ങൾ കഴിക്കാനുമുള്ള ദിനമാണ് പെരുന്നാളെന്ന്‌ പ്രവാചകൻ പഠിപ്പിച്ചു. രണ്ട്‌ സന്ദേശം ഈ വാക്യത്തിലുണ്ട്. റംസാനിൽ വിശ്വാസികൾ കൈവരിച്ച മൂല്യങ്ങൾ പെരുന്നാൾ ദിവസത്തിൽ നഷ്‌ടപ്പെടുത്തരുത് എന്നാണ് ഒന്ന്. ഭക്ഷണം കഴിക്കാനും സദ്യയൂട്ടാനുമുള്ള അവസരത്തെക്കുറിച്ചാണ്‌ മറ്റൊന്ന്. സഹോദര സമുദായാംഗങ്ങളെയും അയൽവാസികളെയും വീട്ടിലേക്കു വിളിച്ച് ഊട്ടണം. ഹൃദയബന്ധങ്ങൾ ശക്തമാക്കണം. കുടുംബബന്ധങ്ങൾ ദൃഢമാക്കാൻ പെരുന്നാൾ നിമിത്തമാകണം. എല്ലാ ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ച് സ്‌നേഹാഭിവാദ്യം ചെയ്യണം. പ്രായമായവരോട്‌ പ്രത്യേകം കുശലാന്വേഷണങ്ങൾ നടത്തുക. രോഗികൾക്ക് ആശ്വാസം പകരുക.

ചെറിയ പെരുന്നാൾ മുസ്ലിങ്ങളുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ്. ശരീരവും മനസ്സും പരിശുദ്ധമാക്കി, പുതുമയുള്ള   ജീവിതത്തിന്റെ വസന്തത്തിലേക്ക് പെരുന്നാൾ കൂട്ടിക്കൊണ്ടുപോകുന്നു.  മുസ്ലിങ്ങളും മറ്റു മതവിഭാഗങ്ങളിലുള്ളവരും ഒരുമയോടെ കഴിയുന്ന കേരളംപോലുള്ള സംസ്ഥാനത്ത്, പെരുന്നാൾ മുസ്ലിങ്ങളുടെ ആഘോഷം ആകുമ്പോൾത്തന്നെ, എല്ലാവരും പലതരത്തിൽ അതിൽ പങ്കുചേരുന്നു. മുസ്ലിം വീടുകളിൽ വിശേഷമായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ വരുന്നു. സൗഹൃദം പങ്കുവയ്‌ക്കുന്നു. ഒരർഥത്തിൽ, പെരുന്നാൾപോലുള്ള ആഘോഷങ്ങൾ നമ്മുടെ സാമൂഹ്യഘടനയെ കൂടുതൽ ദൃഢമാക്കുകയും പരസ്‌പരബന്ധങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു.

പെരുന്നാളിലും അല്ലാത്തപ്പോഴും വിശ്വാസികൾ കൈമാറുന്ന ജീവിത സന്ദേശം  സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അനുപമമായ രൂപങ്ങളെ സ്വന്തം ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സജീവമാക്കുക എന്നതാണ്. വിശുദ്ധ ഖുർആനിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ സവിശേഷ ഗുണമായി എടുത്തുപറഞ്ഞ പ്രധാന സംഗതികളിലൊന്ന്, കാരുണ്യത്തിന്റെ അപാരമായ ആഴമുള്ള പെരുമാറ്റമായിരുന്നു നബിയുടേത് എന്നതായിരുന്നു. കഠിനഹൃദയനായിരുന്നുവെങ്കിൽ, ജനങ്ങളൊക്കെ മാറിപ്പോകുമായിരുന്നു. നബിയേ, അങ്ങിൽനിന്ന്; പകരം സ്രഷ്ടാവിന്റെ കരുണകൊണ്ട് എല്ലാവരോടും കരുണാർദ്രമായി അങ്ങ് പെരുമാറിയെന്നും, അതിനാൽ മാറിനിന്നവരൊക്കെ അടുത്തുവന്നെന്നും  ഖുർആൻ വിവരിക്കുന്നുണ്ട്. മുസ്ലിങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാന ഭാവങ്ങളിലൊന്ന് ഈ സ്നേഹവും കാരുണ്യവും തന്നെയാണെന്ന് നിശ്‌ചയം. നമ്മുടെ സമൂഹത്തിൽ വിള്ളലുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ പാഴ്‌വാക്കുകൾ കേൾക്കാതിരിക്കുക, വീണ്ടും വീണ്ടും അത്തരം നടപടികളിലേക്ക് പോകുന്നവരെക്കുറിച്ച്‌ എല്ലാവരും ബോധവാന്മാരാകുക എന്നത് ഇന്ന് പ്രധാനമാണ്. സമൂഹത്തിൽ കാലുഷ്യം ഉണ്ടാക്കുന്നവർ ഏറ്റവും വലിയ ദ്രോഹികളാണ്. "ദുല്മ്' അക്രമം എന്ന പദം ഉപയോഗിച്ചാണ് വർഗീയത പ്രചരിപ്പിക്കുന്നവരെക്കുറിച്ച്‌ ഇസ്ലാം പഠിപ്പിക്കുന്നത്. അവർ മതത്തിന്റെ സത്ത ഉൾക്കൊള്ളുന്നവരല്ലെന്ന് അല്ലാഹുവും പ്രവാചകനും നിരന്തരം ഉണർത്തുകയും ചെയ്യുന്നുണ്ട്.

പെരുന്നാൾ ദിനം നമ്മുടെ  സമൂഹത്തിനിടയിലുള്ള സ്നേഹവും സഹകരണവും കൂടുതൽ ശക്തമാക്കാനുള്ള അവസരമാകട്ടെ. കലഹിച്ചും വെറുപ്പ് പ്രചരിപ്പിച്ചും ആരും സാർഥകമായ ഒന്നും നേടാൻ പോകുന്നില്ല. സ്നേഹവും കാരുണ്യവും സഹവർത്തിത്വവും  ബുദ്ധിയുള്ള  മനുഷ്യന്റെ അടിസ്ഥാന ഭാവങ്ങളാണ്. അതാകണം, എപ്പോഴും എല്ലാ സമുദായങ്ങളുടെയും മുഖ്യമായ അജൻഡയും. ഏവർക്കും  പെരുന്നാൾ ആശംസകൾ.

(അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top