20 April Saturday

ആർഎംഎസ്‌ സേവനം ഇല്ലാതാകുമ്പോൾ

മണമ്പൂർ രാജൻബാബുUpdated: Friday Jul 29, 2022

പത്രങ്ങൾക്കും മാഗസിനുകൾക്കും മേൽ ഇടിത്തീ വീഴാൻപോകുന്നത് ചെറുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നത് ഓർമപ്പെടുത്തുകയാണ് ഈ കുറിപ്പിനാധാരം. നാം വായിക്കുന്ന ദിനപ്പത്രമോ വാരികയോ ദ്വൈവാരികയോ മാസികയോ ലഭിക്കുന്നത് തപാലിലാണെങ്കിൽ ആ സൗകര്യം ഇല്ലാതാകാൻ പോകുന്നു. 50 ഗ്രാം വരെ ഭാരമുള്ള പ്രസിദ്ധീകരണങ്ങൾ (രജിസ്ട്രേഡ് ന്യൂസ് പേപ്പർ) തപാൽ സൗജന്യം അനുവദിച്ചു കിട്ടിയതാണെങ്കിൽ ഇന്ത്യയിലെവിടെയും തപാലിൽ അയക്കാൻ 25 പൈസയുടെ സ്റ്റാമ്പ് പതിച്ചാൽ മതിയാകും. 100 ഗ്രാമിന് 50 പൈസ. പിന്നീടുള്ള ഓരോ 50 ഗ്രാമിനും 20 പൈസയുടെ സ്റ്റാമ്പുകൂടി പതിച്ചാൽ മതിയാകും. ഈ സൗജന്യങ്ങൾ ഇല്ലാതാക്കാനുള്ള അണിയറ നീക്കങ്ങൾ ആസൂത്രിതമായി തകൃതിയായി നടക്കുന്നു. അതിന്റെ പ്രാരംഭമാണ് ആർഎംഎസ് (റെയിൽവേ മെയിൽ സർവീസ്) ഓഫീസുകൾ പൂട്ടാനുള്ള കരുനീക്കം.

ഇന്ത്യൻ ന്യൂസ് പേപ്പർ രജിസ്ട്രാറുടെ അംഗീകാരമുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങൾ സൗജന്യ നിരക്കിൽ അയക്കാനാകുന്നത് സാമൂഹിക പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ്. അതെല്ലാം അട്ടിമറിക്കപ്പെടാൻ പോകുന്നു. പോസ്റ്റൽ സർവീസിന്റെ ജീവനാഡിയാണ് റെയിൽവേ മെയിൽ സർവീസ്. ഓടുന്ന ട്രെയിനുകളിലെ ആർഎംഎസ് വിഭാഗം നിർത്തലാക്കുകയാണ്. തപാൽ മെയിൽ വിഭാഗം പാഴ്സൽ സംവിധാനത്തിൽ മാത്രം കേന്ദ്രീകരിച്ചാൽ മതിയെന്നതാണ് പുതിയ തീരുമാനം. അതിനായാണ് പാഴ്സൽ ഹബ്ബുകൾ രൂപീകരിച്ചത്. ഇന്ത്യൻ റെയിൽവേയുമായുള്ള സഹകരണം ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് ശ്രമം. പകരം, പാഴ്സൽ സർവീസിനായി റോഡ് ട്രാൻസ്പോർട്ട് നെറ്റ് വർക്കിനെ ആശ്രയിക്കുമത്രേ. പാഴ്സൽ ഹബ്ബുകളെ മാത്രം ആശ്രയിക്കുന്നതോടെ, നിലവിലുള്ള ചെറിയ ആർഎംഎസ്  ഓഫീസുകൾ അടച്ചുപൂട്ടും. അതോടെ നിലവിലുള്ള സൗജന്യ സേവനങ്ങൾ നിലയ്ക്കും.

കേരളത്തിൽ കാസർകോട്, തലശേരി, വടകര, തിരൂർ, ഒറ്റപ്പാലം, ചങ്ങനാശേരി, കായംകുളം ഉൾപ്പെടെയുള്ള ആർഎംഎസ് സോർട്ടിങ്‌ ഓഫീസുകൾ നിർത്തലാക്കും. ഈ രീതിയിൽ രാജ്യത്താകെ 150 ആർഎംഎസ് ഓഫീസുകളാണ് ഇല്ലാതാകാൻ പോകുന്നത്. തപാൽ ആർഎംഎസ് മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടള്ളതാണ് കേന്ദ്രസർക്കാരിന്റെ മേൽ വിവരിച്ച നീക്കങ്ങൾ. ഇതിനായി മു‍ൻ ക്യാബിനറ്റ് സെക്രട്ടറി ചെയർമാനായ ടാസ്ക്ഫോഴ്സ് കമ്മിറ്റി നിയമിക്കപ്പെട്ടു. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരം നിലവിലുള്ള തപാൽ സർവീസിനെ ആറു യൂണിറ്റാക്കി മാറ്റുകയും ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആദ്യത്തെ അഞ്ച്‌ യൂണിറ്റിനെ പ്രത്യേക കമ്പനികളാക്കി മാറ്റാനുമാണ് പദ്ധതി. ആറാമത്തെ യൂണിറ്റിനെ നഷ്ടത്തിന്റെ പേരു പറഞ്ഞാകും ഉപേക്ഷിക്കുക. സ്വകാര്യമേഖലയിൽ സമാന്തര തപാൽ ഓഫീസുകൾ അനുവദിക്കുന്നതിനായി ഡാക് മിത്ര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ, ഇപ്പോൾ തപാൽ വകുപ്പ് കൈകാര്യം ചെയ്യുന്ന തപാൽ ബാങ്കിങ്, ഇൻഷുറൻസ് ഉൾപ്പെടെ എല്ലാ സേവനങ്ങളും സ്വകാര്യ മേഖലയ്ക്കു കൈമാറും.

സ്വാഭാവികമായും തപാൽ ജീവനക്കാർ മേൽപ്പറഞ്ഞ കരുനീക്കങ്ങൾക്കെതിരെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പ്രവേശിക്കും. വായനയ്ക്കും സംസ്കാരത്തിനുമെതിരായ കേന്ദ്ര സർക്കാരിന്റെ   നീക്കങ്ങൾക്കെതിരെ പൊരുതേണ്ടത് എല്ലാ വായനക്കാരുടെയും എഴുത്തുകാരുടെയും പത്രാധിപന്മാരുടെയും പത്ര – മാഗസിനുകളുടെയും കടമയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top