26 April Friday

‘ഹിന്ദുരാജ്യ’ നയത്തിൽ മിണ്ടാട്ടമില്ലാത്ത ലീഗ് - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 17, 2021

രാഹുൽ ഗാന്ധിയുടെ ജയ്‌പുർ റാലിയും മുസ്ലിംലീഗിന്റെ വഖഫ് ബോർഡ് നിയമനവിരുദ്ധ കോഴിക്കോട് റാലിയും ഇന്ത്യൻ രാഷ്‌ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണ്. രണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തിനുമേലുള്ള അപായമണി മുഴക്കലാണ്. ഇതിന്‌ ഇടയാക്കിയത് കോൺഗ്രസും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും അകപ്പെട്ടിരിക്കുന്ന അഗാധമായ രാഷ്ട്രീയ പ്രതിസന്ധിയാണ്. ഒരുകൂട്ടർക്ക് ദേശീയമായും മറ്റൊരു കൂട്ടർക്ക് സംസ്ഥാനതലത്തിലും തുടർച്ചയായി അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്. കോൺഗ്രസാകട്ടെ ദേശീയമായി മാത്രമല്ല, സംസ്ഥാന തലങ്ങളിലും കൂടുതൽ മെലിയുകയാണ്. മുസ്ലിംലീഗാകട്ടെ ദേശീയമായിത്തന്നെ പിടിച്ചുനിന്നത് കേരളത്തിൽ ഇടയ്ക്കുംമുറയ്ക്കും ലഭിക്കുന്ന അധികാരം ഉപയോഗിച്ചു നടത്തുന്ന അഴിമതികളുടെ ബലത്തിലാണ്. ഇക്കൂട്ടർ അകപ്പെട്ടിരിക്കുന്ന വാരിക്കുഴിയിൽനിന്നും കരകയറാൻ മാർഗം കാണാതെ ഉഴലുകയാണ്. ഇതിനു മധ്യേ അവർ കണ്ടെത്തിയിരിക്കുന്ന പിടിവള്ളിയാകട്ടെ ആർഎസ്എസ്‌ –-ബിജെപിയെ  പോലെ, വർഗീയ രാഷ്ട്രീയത്തിലാണ്‌. രാഹുലും കൂട്ടരും ഹിന്ദുവികാരം ആളിക്കത്തിച്ചും ലീഗ് മുസ്ലിം വർഗീയത പടർത്തിയും നേട്ടമുണ്ടാക്കാമോ എന്ന പരീക്ഷണത്തിലാണ്.

ആറുമാസത്തിനുള്ളിൽ യുപി ഉൾപ്പെടെ അഞ്ച് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അതിനുമുന്നോടിയായി രാജസ്ഥാനിലെ ജയ്‌പുരിൽ വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുനിന്നുള്ള ആളുകളെക്കൂട്ടി സംഘടിപ്പിച്ച റാലിയിൽ രാഹുൽ ഗാന്ധി  ‘ഹിന്ദുരാജ്യ' രാഷ്ട്രീയം പ്രഖ്യാപിച്ചു. സോണിയ ഗാന്ധിയുടെയും പ്രിയങ്കയുടെയും സാന്നിധ്യത്തിലായിരുന്നു അത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളുടെ ഭരണത്തിനാണ് തന്റെ പാർടി നിലകൊള്ളുന്നതെന്നും സംശയലേശമന്യേ രാഹുൽ വിളിച്ചോതി. ഇത് കോൺഗ്രസിലെ മതനിരപേക്ഷ വിശ്വാസികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ ധാര കോൺഗ്രസിൽ ചരിത്രപരമായിത്തന്നെ ഉണ്ടായിരുന്നു. എന്നാൽ, അത്തരം ശക്തികളോട് പടവെട്ടിയാണ് കോൺഗ്രസിനുള്ളിൽ മതനിരപേക്ഷ ആശയം മഹാത്മ ഗാന്ധിയും ജവാഹർലാൽ നെഹ്റുവുമൊക്കെ ഉറപ്പിച്ചത്. അവരെല്ലാം ഉറപ്പിച്ച ആണിക്കല്ലുകൾ നിർദാക്ഷിണ്യം പിഴുതെറിയുകയാണ് രാഹുലും സംഘവും.

ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര വാദത്തെ പരോക്ഷമായും ഒരു പരിധിവരെ പ്രത്യക്ഷമായും പിന്താങ്ങുന്നതാണ്  കോൺഗ്രസ് നേതാവിന്റെ ‘ഹിന്ദുരാജ്യം' ‘ഹിന്ദുക്കളുടെ ഭരണം' എന്ന ആശയം. ആർഎസ്എസിന്റെ സ്ഥാപിതലക്ഷ്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ്. കഴിഞ്ഞ ഏഴരവർഷത്തെ നരേന്ദ്ര മോദി ഭരണത്തോടെ അക്രമാസക്തമായി ഇക്കാര്യത്തിൽ നീങ്ങാൻ ഭരണസംവിധാനത്തെയും ഭരണത്തിനു പുറത്ത് സംഘപരിവാറിനെയും ഊർജിതമാക്കി. നമ്മുടെ രാജ്യം ഒരു മതരാഷ്ട്രമാകുമ്പോൾ അത് അഹിന്ദുക്കൾക്ക് മാത്രമല്ല, ഹിന്ദുക്കൾക്കും ആപത്താണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയിൽ ഏതെങ്കിലും ജാതിക്കോ മതത്തിനോ മുൻഗണനയില്ല. അതിനാൽ ഹിന്ദുരാഷ്ട്രസങ്കൽപ്പത്തെ നഖശിഖാന്തം എതിർക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ആവശ്യം. അല്ലാതെ അതിനോട് സമരസപ്പെടുംവിധം ഹിന്ദുരാജ്യമെന്ന സമാന മുദ്രാവാക്യം മുഴക്കലല്ല വേണ്ടത്.


 

വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപ്പിക്കാൻ ഹിന്ദുത്വ അജൻഡയ്ക്ക് ബദലായി ഹിന്ദുവികാരം ഇളക്കിവിടാനുള്ള തന്ത്രത്തിലാണ് രാഹുലും കൂട്ടരും. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് ഈയിടെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസുള്ള സ്ഥലങ്ങളിലാണ് തങ്ങൾക്ക് വളരാൻ കഴിയുന്നതെന്ന് പറഞ്ഞിരുന്നു. ഹിന്ദുക്കൾക്കുവേണ്ടി നിലകൊള്ളുന്നതാണ് കോൺഗ്രസിന് നല്ലതെന്നും ഭഗവത് കൂട്ടിച്ചേർത്തിരുന്നു. ആർഎസ്എസ് തലവന്റെ ഈ ആശയത്തിൽനിന്നും രാഹുൽ ഗാന്ധി പ്രചോദനം ഉൾക്കൊണ്ടിരിക്കുകയാണോ എന്ന സംശയം ന്യായമാണ്.  ബിജെപിയും ബിജെപി ഭരണങ്ങളുമാകട്ടെ ഹിന്ദുവർഗീയ വിഷം കാളിയനെപ്പോലെ ചീറ്റുകയാണ്. എന്തൊരു മുസ്ലിംവിരുദ്ധ ഹാലിളക്കമാണ് ഇക്കൂട്ടർ നടത്തുന്നത്. സന്താന നിയന്ത്രണനിയമം, ലൗ ജിഹാദ് നിയമം തുടങ്ങിയവ യുപിയിൽ വന്നു. ഇതിനു പുറമെ ഇക്കണോമിക് ജിഹാദും സംഘപരിവാർ പ്രഖ്യാപിച്ചു. കച്ചവടക്കാരായ മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുന്നതിനാണ് ഇത്. ‘മുസൽമാനോം ക ആർഥിക് ബഹിഷ്കാർ കരേ, ഹിന്ദു ഹിന്ദു സേ വ്യാപാർ കരേ' (മുസ്ലിങ്ങളെ ബഹിഷ്കരിക്കൂ, ഹിന്ദു ഹിന്ദുവുമായി മാത്രം കച്ചവടം നടത്തൂ) എന്നായി ആഹ്വാനം. മുസ്ലിങ്ങൾ ദേശദ്രോഹികൾ, അവർ നമ്മുടെ സമ്പത്ത് കൊള്ളയടിക്കുന്നു, അവരെ ഒറ്റപ്പെടുത്തൂവെന്നാണ് സംഘപരിവാറിന്റെ വിഷം വമിപ്പിക്കൽ.

ഇതിനെ തുറന്നുകാട്ടാനല്ല, മറിച്ച് യഥാർഥ ഹിന്ദുക്കളുടെ ഭരണം സൃഷ്ടിക്കാൻ കോൺഗ്രസ് എന്ന മുദ്രാവാക്യത്തിലാണ് രാഹുൽ. കേരളത്തിലെ നാമമാത്രമായ വഖഫ് ബോർഡ് തസ്തികയാണോ രാഹുലിന്റെ വിപൽക്കരമായ ഹിന്ദുരാജ്യ നയമാണോ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയം. ഇവിടെയാണ് ആർഎസ്എസ് രാജ്യത്തെ ഭയപ്പെടുത്തുകയാണെങ്കിൽ രാഹുൽ രാജ്യത്തെ ആശങ്കപ്പെടുത്തുന്നുവെന്ന ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ വിമർശത്തിന്റെ പ്രസക്തി. താൻ നല്ലൊരു ഹിന്ദുവാണെന്ന് വടക്കേ ഇന്ത്യയിലെ യോഗത്തിൽ രാഹുൽ ഗാന്ധി സമീപകാലത്ത് പ്രസംഗിച്ചതിനെ ആസ്പദമാക്കിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രസംഗം മാത്രമല്ല, പ്രവൃത്തിയും മൃദുഹിന്ദുത്വത്തിന്റേതാണെന്ന് രാമചന്ദ്ര ഗുഹ അന്ന് ചൂണ്ടിക്കാട്ടി. ഇപ്പോൾ മൃദുഹിന്ദുത്വത്തെ തീവ്രമാക്കുന്നതിലേക്കാണോ കോൺഗ്രസിന്റെ പോക്ക്. ന്യൂനപക്ഷങ്ങളുടെ പേരിൽ ചന്ദ്രഹാസമിളക്കുന്ന മുസ്ലിംലീഗിന്‌ എന്താ ഇക്കാര്യത്തിൽ മിണ്ടാട്ടമില്ലാത്തത്.

മതം, വർണം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരിൽ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്നതിനെതിരെ നിലകൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന. അതിന്റെ സത്തയെ വെല്ലുവിളിക്കുന്ന നടപടികളിലാണ് മുസ്ലിംലീഗ്. മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടകളായി കരുതുന്ന ഇടങ്ങളിൽപ്പോലും എൽഡിഎഫ് വിജയക്കൊടി പാറിക്കുകയാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ മറികടക്കുന്നതിന്‌ പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുകയാണ് ലീഗ്. അതിന്റെ വിളംബരമായിരുന്നു വഖഫ് ബോർഡ് നിയമനത്തിന്റെ പേരുപറഞ്ഞ് മുസ്ലിംലീഗ് കോഴിക്കോട്ട്‌ നടത്തിയ എൽഡിഎഫ് സർക്കാർവിരുദ്ധ പ്രകടനവും സമ്മേളനവും.

സ്വന്തം പ്രവൃത്തികൊണ്ട് ലീഗ് അകപ്പെട്ട ഒറ്റപ്പെടലിലും രാഷ്ട്രീയപ്രതിസന്ധിയിലുംനിന്ന് രക്ഷനേടാൻ ലീഗ് കണ്ടെത്തിയിരിക്കുന്നത് വിപത്തിന്റെ വഴിയാണ്. 1906 ഡിസംബറിൽ ധാക്കയിൽ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലിംലീഗിന്റെ വഴി തീവ്രവർഗീയതയുടേതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തിൽ ആ സംഘടന പിന്നീട് ഉയർത്തി. ബംഗാളിൽ സായുധരായ മുസ്ലിം യുവാക്കൾ അക്രമസമരത്തിന്‌ ഇറങ്ങിയപ്പോൾ 1946ൽ ലീഗ് പ്രതിനിധിയായ ബംഗാൾ മുഖ്യമന്ത്രി സുഹ്രാവർദി അക്രമം അമർച്ച ചെയ്യാൻ പൊലീസിനെയോ സൈന്യത്തെയോ വിട്ടില്ല. അതിന്റെകൂടി ഫലമായി ബംഗാളിനെ വർഗീയ ലഹളയിലേക്ക് നയിച്ചു. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തിൽ കേരളത്തിൽ അരങ്ങേറുന്നതിനാണ് മുസ്ലിംലീഗ് കോഴിക്കോട്ട്‌ പ്രകോപനപരമായ റാലി നടത്തുകയും അതിൽ പച്ചയായി വർഗീയത വിളമ്പുകയും ചെയ്തത്. മതനിരപേക്ഷത നിലനിർത്താൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന എൽഡിഎഫ് ഭരണം ഇവിടെയുള്ളതുകൊണ്ടാണ് നാട് വർഗീയ ലഹളകളിലേക്ക് വീഴാത്തത്.

ഇസ്ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗിൽ പ്രവേശിച്ചിരിക്കുകയാണ്. 1948 മാർച്ച് 10നു രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ഭാഗമാണ് ഇവിടത്തെ ലീഗ് എന്നുപറയുന്നു. പക്ഷേ, ഇന്ത്യൻ ഭരണഘടനയിൽ എഴുതിച്ചേർത്തിട്ടുള്ള മതനിരപേക്ഷത തികച്ചും ഫലപ്രദമായി പ്രവൃത്തിയിൽ കൊണ്ടുവരാൻ നിലകൊള്ളേണ്ട ഉത്തരവാദിത്തം ഇവിടത്തെ രജിസ്ട്രേഡ് രാഷ്ട്രീയ പാർടികൾക്ക്‌ ഉണ്ട്. അത് ലംഘിക്കുന്നതിൽ ബിജെപിയും ആർഎസ്എസും നിർലജ്ജം മുന്നിലാണ്. അവരുടെ ശൈലിക്ക് സമാനമായി വർഗീയത വളർത്തി രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവിടത്തെ ഐയുഎംഎൽ വഖഫ് ബോർഡിലെ നാമമാത്രമായ തസ്തികകളുടെ നിയമനത്തിന്റെ പേരിൽ കോലാഹല സമരം നടത്തുന്നത്. പിഎസ്‌സി മുഖാന്തരം മുസ്ലിങ്ങളെത്തന്നെ വഖഫ് ബോർഡിലേക്ക് നിയമിക്കുന്നതിനുള്ള നിർദേശത്തിൽ സമുദായത്തിലെ പ്രബല വിഭാഗങ്ങൾ ആശങ്ക അറിയിച്ചപ്പോൾ ആശങ്ക മാറ്റാതെ ഇക്കാര്യവുമായി മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സമുദായ സംഘടനകളുടെ സമുന്നത നേതാക്കൾ അത് സർവാത്മനാ അംഗീകരിച്ചു. അവർ പ്രത്യക്ഷ സമരപരിപാടിയിൽനിന്ന് പിന്മാറി. എന്നാൽ, അതിനെപ്പോലും വെല്ലുവിളിച്ച് ഈ വിഷയത്തിൽ സമൂഹത്തിൽ മതവിദ്വേഷം സൃഷ്ടിക്കാനുള്ള അനഭിലഷണീയ നീക്കമാണ് കോഴിക്കോട് പ്രകടനത്തിലൂടെ ലീഗ് നേതൃത്വം നടത്തിയത്.

വഖഫ് ബോർഡിന്റെ നിയന്ത്രണവും നേതൃത്വവും വലിയൊരു കാലത്തോളം മുസ്ലിംലീഗിന്‌ ആയിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തെയും നിയമനടപടിയെയും വിലക്കാനാണ് മുസ്ലിംലീഗിന്റെ സമര കോലാഹലം. അതിനുവേണ്ടി വിഭജനകാല മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായി മുസ്ലിംലീഗ് നേതാക്കൾ മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അച്ഛന് പറയുക, അദ്ദേഹത്തിന്റെ മക്കളെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുക തുടങ്ങിയ കാളകൂടവിഷം ലീഗ് ചീറ്റുന്നത്. ഈ വിഷയത്തിൽ കോൺഗ്രസിലെ ഒരു നേതാവും ലീഗിനെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കമാ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. അത് സംസ്ഥാന കോൺഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്കാരിക ച്യുതിയുടെയും തെളിവാണ്.

ഇതിന്റെ തന്നെ മറുപുറമാണ് രാഹുലിന്റെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിനു മുന്നിൽ മൗനംപാലിക്കുന്ന മുസ്ലിംലീഗിന്റെ ഗതികേടും. ഇന്ത്യയിലെ വലിയ പ്രതിപക്ഷ പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, ബിജെപിയുടെ ഹിന്ദുരാഷ്ട്രത്തെ എതിർക്കുന്നതിലും തുറന്നുകാട്ടുന്നതിലും വൻപരാജയമാണ്. ഹിന്ദുത്വ വർഗീയതയുടെ വിപത്ത് തുറന്നുകാട്ടുന്നതിനല്ല, ബിജെപിയേക്കാൾ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്ന് സ്ഥാപിക്കുന്നതിനാണ് രാഹുലിന്റെയും കൂട്ടരുടെയും യത്നം. ഈ മൃദുഹിന്ദുത്വ നയം വൻ അപകടമാണെന്ന് പറയുന്നതിനുള്ള ഉള്ളുറപ്പുപോലുമില്ലാത്ത മുസ്ലിംലീഗ് എങ്ങനെ ന്യൂനപക്ഷ സംരക്ഷണ പാർടിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top