27 April Saturday

രാഷ്‌ട്രീയ സമീകരണത്തിന്റെ വലതുതന്ത്രങ്ങൾ

അഡ്വ. കെ അനിൽകുമാർUpdated: Thursday Jul 14, 2022

ചൂഷണാധിഷ്‌ഠിതമായ  വലതുപക്ഷ രാഷ്‌ട്രീയത്തോട്‌ സമരഭരിതമാകുകയും ഒരിക്കലും സമരസ്സപ്പെടാതിരിക്കുന്നതിനെയുമാണ്‌ ഇടതുപക്ഷമെന്ന്‌ വിളിക്കുന്നത്‌. "എല്ലാ രാഷ്‌ട്രീയക്കാരും ഒരുപോലെയാണെന്ന വായ്‌ത്താരി എക്കാലത്തെയും ഇടതുപക്ഷ വിരുദ്ധ  സമീകരണതന്ത്രമായിരുന്നു. ഓരോ രാജ്യത്തും ഓരോ സമൂഹത്തിലും വഹിക്കുന്നതും ഭാവിയിൽ വഹിക്കേണ്ടതുമായ പുരോഗമനപരമായ പങ്ക്‌ എന്താണെന്ന വ്യക്‌തവും കൃത്യവുമായ രാഷ്‌ട്രീയധാരണയും അതിന്റെ പ്രയോഗവുമാണ്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോമുതൽ ഇടതുപക്ഷത്തെ എല്ലാക്കാലവും വ്യത്യസ്‌തമാക്കുന്നത്‌.

സ്വാതന്ത്ര്യസമരകാലത്ത്‌ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ രൂപപ്പെട്ട ഇടതുപക്ഷം സമരത്തെ ലക്ഷണമൊത്ത സാമ്രാജ്യത്വവിരുദ്ധ, ഫ്യൂഡൽവിരുദ്ധ പോരാട്ടമാക്കി മാറ്റി. വ്യക്തി-–-കുടുംബാധിഷ്‌ഠിതമായ രാഷ്‌ട്രീയ ധാരകളെയല്ല, ബഹുജനങ്ങളെയാകെ സമരരംഗത്തേക്കിറക്കുകയെന്ന ആവശ്യകതയെയാണ്‌ ഇടതുപക്ഷം ‌ മുന്നോട്ടുകൊണ്ടുവന്നത്‌.  വ്യക്തിസമത്വത്തിനും സാമൂഹ്യസമത്വത്തിനും മാത്രമല്ല, ഭാഷ–ലിംഗ–--മത സമത്വഭാവങ്ങൾക്കും ഊന്നൽനൽകുന്ന ഭരണഘടനാമൂല്യങ്ങൾ എല്ലാ മനുഷ്യർക്കും സാമ്പത്തിക തുല്യത നൽകുന്ന തലത്തിലേക്കുയരുന്നില്ല എന്ന വിമർശം മാത്രമാണ് ഇടതുപക്ഷം നടത്തിവന്നത്‌. ആർഎസ്എസ് കേന്ദ്രത്തിൽ അധികാരം പിടിച്ചതോടെ അവരുടെ മനുവാദ പ്രത്യയശാസ്ത്രമായ സാംസ്കാരിക ദേശീയതയെ പ്രതിരോധിക്കാൻ ഇന്ത്യയുടെ രാഷ്ട്ര ദേശീയതയെ നിരന്തരം ഉയർത്തിപ്പിടിക്കുന്നതിൽ സിപിഐ എം ഏറ്റവും മുന്നിലാണ്. ഇന്ത്യൻ ഭരണഘടനയെ അതിനുള്ള സമരായുധമായാണ് പാർടി കാണുന്നത്.

കോർപറേറ്റ്‌വൽക്കരണത്തോടെ രാഷ്‌ട്രീയാധികാരം വർഗപരമായി അവർക്കാണെന്ന ധാരണയോടെ, കോർപറേറ്റ്‌ രാഷ്‌ട്രീയത്തിനെതിരെ പൊരുതുകയാണ്‌ ഇന്ത്യൻ ഇടതുപക്ഷം ചെയ്യുന്നത്‌. കോൺഗ്രസും  ബിജെപിയും കോർപറേറ്റ്‌ സംരക്ഷണത്തിന്റെ ഭരണനടപടികളാണ്‌ സ്വീകരിക്കുന്നത്.  കോർപറേറ്റുകളോട്‌ തെരഞ്ഞെടുപ്പ്‌ ഫണ്ടുപോലും വാങ്ങാതെ രാഷ്‌ട്രീയ അകലം പാലിക്കുന്നത്‌ ഇടതുപക്ഷം മാത്രമാണ്‌.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായി ജീവിതസമരത്തിന്റെ നാനാമുഖങ്ങളെ നിരന്തരം വികസിപ്പിക്കുകയും ഇടതുപക്ഷത്തിന്‌ അധികാരം ലഭിച്ച സന്ദർഭങ്ങളിലെല്ലാം ഭൂപരിഷ്‌കരണത്തിനും വിദ്യാഭ്യാസ വ്യാപനത്തിനും ആരോഗ്യസുരക്ഷയ്‌ക്കുമായി  നിലകൊള്ളുകയും ചെയ്തു. ഭരണഘടനയുടെ എല്ലാ മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ച്‌ മതനിരപേക്ഷതയെന്ന അതിന്റെ മൂലക്കല്ല്‌ സംരക്ഷിക്കുന്നതിൽ എല്ലാ പോരാട്ടങ്ങളിലും ഇടതുപക്ഷം മുന്നിൽനിൽക്കുന്നു.  സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കായുള്ള ദേശീയ സമരമാകട്ടെ, സംവരണ സംരക്ഷണത്തിന്റെ വിഷയങ്ങളിലാകട്ടെ, ഇടതുപക്ഷത്തിന്‌ എക്കാലത്തും സുവ്യക്തവും സുദൃഢവുമായ നിലപാടുണ്ട്‌. വിവിധ സംസ്ഥാനങ്ങളുടെ ഭരണാധികാരം വഹിക്കുന്ന സ്വത്വ രാഷ്‌ട്രീയത്തിലധിഷ്‌ഠിതമായ എല്ലാ ബൂർഷ്വാ ഭരണകക്ഷികളിൽനിന്നും ദേശീയഭരണ പാർടികളിൽനിന്നും വ്യത്യസ്തമായി ആഗോളവൽക്കരണ നയങ്ങളുടെ കാര്യത്തിൽ ദേശീയ സമരത്തിന്റെ നായകർ  ഇടതുപക്ഷം തന്നെ.  ഈ വേറിട്ട രാഷ്‌ട്രീയധാരയെ വലതുപക്ഷവുമായും ഭരണവർഗ വലതുപക്ഷ രാഷ്‌ട്രീയവുമായും സമീകരിക്കുകയെന്ന രാഷ്‌ട്രീയ കുതന്ത്രമാണ്‌ മാധ്യമപിന്തുണയോടെ ഇപ്പോൾ നടക്കുന്നത്‌.

ഒരു ദേശീയ നേതാവായി കോൺഗ്രസ്‌ അവതരിപ്പിക്കുന്നയാൾ, കേരളത്തിൽ ഇപ്പോൾ നടക്കുന്ന സ്വർണക്കടത്ത്‌ സമരത്തിന്റെ പേരിൽ ഇടതുപക്ഷസർക്കാരിന്റെ മുഖ്യമന്ത്രിക്കെതിരെ വിരൽചൂണ്ടാൻ സ്വയം സമീകരിക്കുന്നത്‌ രക്ഷപ്പെടൽ തന്ത്രമാണ്‌.

കോൺഗ്രസ്‌ പാർടിയുടെ ദേശീയ നേതാവായ രാഹുൽ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിൽ സന്ദർശനത്തിന്‌ എത്തിയപ്പോൾ ഒരു യ(മണ്ടൻ) ചോദ്യം ഉയർത്തുകയുണ്ടായി.  അമ്പതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ ആരോഗ്യത്തോടെ നേരിട്ട രാഹുലിന്റെ ആത്മവിശ്വാസത്തെപ്പറ്റി അഭിമാനംകൊള്ളുന്ന മാധ്യമങ്ങൾ കേസിന്റെ ഉള്ളടക്കത്തെപ്പറ്റി മിണ്ടുന്നില്ല. രാഹുലിന്റെ കേസിൽ വസ്‌തുതകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്ന മോദിഭരണകൂടത്തിന്റെ പ്രതികാരനടപടിയുടെ ഭാഗമായിട്ടാണ്‌ ഇടതുപക്ഷം ഈ കേസിനെയും കാണുന്നത്‌. അത്‌ ഇടതുപക്ഷത്തിന്‌ കോൺഗ്രസിൽനിന്ന്‌ എന്തെങ്കിലും സൗജന്യം ലഭിക്കാനല്ല.  ഫാസിസ്‌റ്റ്‌ വിരുദ്ധ സമരത്തിൽ തങ്ങൾ എങ്ങനെയാണ്‌ അടയാളപ്പെടുത്തപ്പെടേണ്ടതെന്ന കൃത്യമായ നിലപാടാണ്‌ ഇടതുപക്ഷത്തിനുള്ളത്‌. എന്നാൽ, രാഹുൽ ഗാന്ധിയാകട്ടെ, തന്നെ ചോദ്യംചെയ്‌ത മോദിസർക്കാരിന്റെ പൊലീസ്‌ എന്തുകൊണ്ട്‌ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല എന്ന്‌ ചോദിക്കുകയാണ്‌ ചെയ്‌തത്‌. ഒരു ദേശീയ നേതാവായി കോൺഗ്രസ്‌ അവതരിപ്പിക്കുന്നയാൾ, കേരളത്തിൽ ഇപ്പോൾ നടക്കുന്ന സ്വർണക്കടത്ത്‌ സമരത്തിന്റെ പേരിൽ ഇടതുപക്ഷസർക്കാരിന്റെ മുഖ്യമന്ത്രിക്കെതിരെ വിരൽചൂണ്ടാൻ സ്വയം സമീകരിക്കുന്നത്‌ രക്ഷപ്പെടൽ തന്ത്രമാണ്‌. സ്വർണക്കടത്തു കേസിൽ എല്ലാ ഉത്തരവും നൽകേണ്ടത്‌ കേന്ദ്ര അന്വേഷണ ഏജൻസികളാണെന്ന പ്രാഥമിക ബാധ്യതയിൽനിന്ന്‌ രാഹുൽ ഗാന്ധി മോദിയെ രക്ഷപ്പെടുത്തിക്കൊടുക്കുന്നു. യുഎഇ സർക്കാരിന്റെ കോൺസുലേറ്റിലെ ജീവനക്കാർ ദുബായ്‌ –തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കേന്ദ്ര കസ്‌റ്റംസിനെയും കേന്ദ്ര ഇന്റലിജൻസിനെയും കേന്ദ്രസർക്കാരിനെയും കബളിപ്പിച്ച്‌ 21 തവണ നടത്തിയ കള്ളക്കടത്തിന്‌ എല്ലാ ഉത്തരവും നൽകേണ്ടത്‌ കേന്ദ്രസർക്കാർ മാത്രമാണെന്ന പ്രാഥമിക രാഷ്‌ട്രീയമാണ്‌ രാഹുൽ സ്വയം വെളിപ്പിച്ചെടുക്കാൻ വയനാട്ടിൽ ബലികഴിച്ചത്‌.

സോളാറും സരിതയും ഒരുഭാഗത്തും സ്വർണക്കടത്തും സ്വപ്‌നയും മറുഭാഗത്തുമായി യുഡിഎഫിനെയും ഇടതുപക്ഷത്തെയും സമീകരിക്കുന്ന തന്ത്രമാണ്‌ മറ്റൊന്ന്‌. ആദ്യത്തെ കേസിലാകട്ടെ, വിവാദ വനിത യുഡിഎഫ്‌ നേതാക്കൾക്കൊപ്പംനിന്ന്‌ നടത്തിയ തട്ടിപ്പായിരുന്നു ആദ്യഭാഗം. തുടർന്നാണ്‌ അവരെ ചൂഷണത്തിന്‌ ഇരയാക്കിയ പീഡനക്കേസുകളുടെ വെളിപ്പെടുത്തൽ. ഈ രണ്ടു സംഭവത്തിലും ഒരിക്കൽ അവർക്കൊപ്പവും പിന്നീട്‌ അവർക്ക്‌ എതിരുമായി യുഡിഎഫിന്‌ രണ്ടുമുഖമുണ്ടായി. അതിൽ ഉമ്മൻചാണ്ടി സർക്കാർതന്നെ നിയമിച്ച അന്വേഷണ കമീഷൻ റിപ്പോർട്ട്‌ പരസ്യമായ രേഖയാണ്‌. ആരു വെളുപ്പിക്കാൻ ശ്രമിച്ചാലും കുറ്റവാളികളായി കെ സി വേണുഗോപാൽമുതൽ എത്ര നേതാക്കളാണ്‌ അധാർമികതയുടെ പ്രതീകങ്ങളായി ഇപ്പോഴും നിൽക്കുന്നത്‌. സ്വർണക്കടത്ത്‌ കേസിലെ പ്രതി 2020 ഡിസംബറിൽ   കസ്‌റ്റംസ്‌ കോടതിയിൽ ക്രിമിനൽ നടപടി നിയമം 164–-ാം വകുപ്പ്‌പ്രകാരം നൽകിയ രഹസ്യമൊഴി അന്വേഷിച്ച്‌ ആരോപണങ്ങൾ തള്ളി കസ്‌റ്റംസ്‌ നൽകിയ മറുപടി കോടതിയിലുണ്ട്‌. അതിനുശേഷം ആ വനിത സ്വമേധയാ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളുമുണ്ട്‌. പിന്നീട് ആർഎസ്‌എസ്‌ അവരെ റാഞ്ചിയെടുത്ത്‌ ഇഡിയുടെ കോടതിയിൽ വീണ്ടും രഹസ്യമൊഴി നൽകുമ്പോൾ സ്വർണക്കടത്തുകേസ്‌ അന്വേഷിക്കാൻ ഇഡി കോടതിക്കധികാരമില്ലെന്ന പ്രാഥമിക വസ്‌തുതപോലും മാധ്യമങ്ങൾ മറക്കുന്നു.

കേരള സർക്കാരോ മുഖ്യമന്ത്രിയോ വാദിയോ പ്രതിയോ സാക്ഷിയോ കക്ഷിയോ അല്ലാത്ത ഒരു കേസിൽ, സർക്കാരിനെ അവഹേളിക്കുന്ന കെട്ടുകഥകൾ ഒരു പ്രതി പറഞ്ഞാലുടൻ മാനനഷ്ടക്കേസുമായി പോകാത്തതെന്തേയെന്ന ചോദ്യവും ഉന്നയിക്കുന്നു. വിചാരണ തീരാത്ത കേസിൽ അതിന്റെ നടപടികൾ തീരാതെ കേരള സർക്കാരിന്‌ എന്തുചെയ്യാനാകും. ഷാർജാ സുൽത്താനെ വഴിതിരിച്ചുവിട്ടുവെന്ന്‌ ഒരാൾ അവകാശപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ സന്ദർശനകാലത്ത്‌ തങ്ങൾ നൽകിയ വാർത്തകളെങ്കിലും ഒന്നു പരിശോധിച്ചിരുന്നെങ്കിൽ, ഈ മാധ്യമങ്ങൾക്ക്‌ സമീകരണതന്ത്രം പയറ്റാൻ കഴിയുമായിരുന്നില്ല.

ഈ കോലാഹലങ്ങൾ നടക്കുന്നതിനിടയിൽ കേരള സർക്കാർ വികസനവഴികളിൽ കുതിക്കുകതന്നെയാണെന്ന്‌ വിവാദ വ്യവസായികൾ മറക്കരുത്‌. കോവിഡ്‌കാല ഫയലുകൾ തീർപ്പാക്കി, സിവിൽ സർവീസ്‌ മികവ്‌ നേടുന്നതും വ്യവസായ സൗഹൃദനാഴികകളിൽ കേരളം കുതിക്കുന്നതും കേരള സർവകലാശാല നാക്‌ അക്രഡിറ്റേഷനിൽ വളരെ മുന്നിലായതും ഈ വിവാദങ്ങൾക്ക്‌ നടുവിൽത്തന്നെയാണ്‌. ആർക്കും ഒരു സമീകരണത്തിനും വഴങ്ങാത്ത വികസനത്തിന്റെ പുത്തൻ വ്യാകരണമാണ്‌ കേരള രാഷ്‌ട്രീയത്തിൽ ഇടതുപക്ഷവും സർക്കാരും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നത്‌. അതിന്റെ പ്രഭ മറയ്‌ക്കാൻ വിവാദങ്ങൾ ഇനിയും ഉയർന്നു വരാം. പക്ഷേ, സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്‌  തുടർന്നും ജനങ്ങളുടെ മുന്നിൽ എത്തിക്കുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top