29 March Friday

പേവിഷബാധ തടയാൻ 
സമഗ്രപദ്ധതി വേണം

ഡോ. ടി പി സേതുമാധവൻUpdated: Monday Jul 4, 2022


കേരളത്തിൽ പേവിഷബാധമൂലം രണ്ട് മനുഷ്യജീവനുകളാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. രാജ്യത്ത് പ്രതിവർഷം ഏകദേശം 18,000 പേരാണ് പേവിഷബാധമൂലം മരണമടയുന്നത്. ഇത് ഏഷ്യയുടെ 60 ശതമാനത്തോളം വരും. പേവിഷബാധയുടെ നിരക്ക് കേരളത്തിൽ കുറവാണെങ്കിലും അടുത്തിടെ ഇതിൽ വർധന  കണ്ടുവരുന്നുണ്ട്. കേരളത്തിൽ തെരുവുനായ്ക്കളുടെ എണ്ണത്തിൽ വൻ വർധനയുണ്ട്‌. ഇവയുടെ എണ്ണം കുറയ്‌ക്കാനുള്ള വന്ധ്യംകരണ ശസ്‌ത്രക്രിയ ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല.

പേവിഷബാധയേറ്റ നായ്ക്കളുടെയോ കുറുക്കന്റെയോ കടിയേറ്റാണ് വളർത്തുമൃഗങ്ങളിലേക്ക്‌ രോഗം പകരുന്നത്. ഏറെ മാരകവും ഭയാനകവുമായ വൈറസ് രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുമ്പോൾ ഉമിനീരിലൂടെയാണ് രോഗം മനുഷ്യരിലും മറ്റ്‌ മൃഗങ്ങളിലുമെത്തുന്നത്.  രോഗം വന്നാൽ മരണം സുനിശ്ചിതമാണ്. രോഗം ബാധിച്ച പൂച്ചകളിലൂടെയും രോഗം പകരും. പൂച്ച മാന്തുന്നതും ഗൗരവമായെടുക്കണം. പൂച്ചയ്ക്ക് മുൻകാലിലെ പാദം ഉപയോഗിച്ച് മുഖം തുടയ്ക്കുന്ന ശീലമുള്ളതിനാൽ രോഗം ബാധിച്ച പൂച്ച മാന്തിയാലും പാദത്തിലെ നഖങ്ങളിലൂടെ രോഗം പകരാം.  അടുത്തവീട്ടിലെ നായകടിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാടുള്ള വിദ്യാർഥിനി പേവിഷബാധമൂലം മരണപ്പെട്ടത്. തൃശൂരിൽ ഒരാൾ മരണപ്പെട്ടത് വീട്ടിൽ വളർത്തുന്ന നായയുടെ കടിയേറ്റാണ്.

രോഗബാധ സംശയിക്കുന്ന മൃഗങ്ങൾ കടിച്ചാൽ കടിയുടെ തീവ്രത മനസ്സിലാക്കി പ്രതിരോധകുത്തിവയ്‌പ്‌ എടുക്കണം. കൈകാലുകൾ, മുഖം, തല എന്നിവയിലേൽക്കുന്ന കടി തീവ്രതയേറിയതാണ്. ഇവയ്ക്ക് വാക്‌സിനോടൊപ്പം ആന്റി സിറവും നൽകേണ്ടിവരും. ഉമിനീരിലൂടെ വൈറസ് കടിയേറ്റവരിലെത്തി നാഡീഞരമ്പുകളിലൂടെ തലച്ചോറിലെത്തി ഒരുമാസത്തിനകം രോഗലക്ഷണമുളവാക്കും. അതിനാൽ, കടിയേറ്റയുടനെയുള്ള മുറിവിന്റെ പരിചരണം, ഉടനെയുള്ള വാക്‌സിനേഷൻ എന്നിവ ഏറെ പ്രാധാന്യമർഹിക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച്‌ സുരക്ഷിതമായ ടിഷ്യൂ കൾച്ചർ, ഡിഎൻഎ വാക്‌സിനുകൾ ഇന്ന് വിപണിയിലുണ്ട്. വാക്‌സിൻ എടുക്കുന്നതിലെ കാലതാമസം, വാക്‌സിൻ സൂക്ഷിക്കുന്നതിലെ    ശീതീകരണ അശാസ്ത്രീയത എന്നിവയും പ്രതിരോധ കുത്തിവയ്‌പെടുത്തവരിലും രോഗബാധയ്ക്കിടവരുത്തും.

ഓമന മൃഗങ്ങളായി നായ, പൂച്ച എന്നിവയെ വളർത്തുന്നവർ നിർബന്ധമായും മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് അവയെ പേവിഷബാധയ്‌ക്കെതിരായുള്ള കുത്തിവയ്‌പ്‌ വർഷംതോറും നടത്തണം.  എട്ട്‌ ആഴ്ച പ്രായത്തിൽ ആദ്യ ഡോസും ഒരുമാസത്തിനുശേഷം ബൂസ്റ്റർ ഡോസും നൽകണം. വർഷംതോറും തുടർ കുത്തിവയ്‌പും നൽകണം. വാക്‌സിന്റെ ഗുണനിലവാരം, സൂക്ഷിപ്പ് എന്നിവ പ്രത്യേകം വിലയിരുത്തണം. കുത്തിവയ്‌പെടുത്ത മൃഗങ്ങൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലൈസൻസ് എടുത്തിരിക്കണം. തെരുവുനായ്ക്കളുടെ വന്ധ്യംകരണം തുടർപദ്ധതിയായി നടത്തണം. തദ്ദേശഭരണ സ്ഥാപനങ്ങൾ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചു പ്രവർത്തിക്കണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top