25 April Thursday
ഇന്ന്‌ ലോക 
പേവിഷബാധ പ്രതിരോധദിനം

പേവിഷമുക്തി ഏകാരോഗ്യത്തിലൂടെ

ഡോ. എം കെ നാരായണൻUpdated: Wednesday Sep 28, 2022

പേവിഷബാധയ്‌ക്കെതിരായ വാക്സിൻ കണ്ടുപിടിച്ച ലൂയി പാസ്‌ചറുടെ  ചരമദിനമാണ് പേവിഷബാധ പ്രതിരോധദിനമായി ആചരിക്കുന്നത്. 1885 ജൂലൈ ആറിനാണ് ജോസഫ് മിസ്റ്റർ എന്ന ഒമ്പതു വയസ്സുകാരനിൽ  ആദ്യമായി വാക്സിൻ പരീക്ഷിച്ച് വിജയിച്ചത്. ഏകാരോഗ്യത്തിൽ ഊന്നിയ പ്രവർത്തനങ്ങൾ വഴിയുള്ള പേവിഷബാധ നിയന്ത്രണം എന്നതാണ്‌ ഈ വർഷത്തെ ലോക പേവിഷബാധദിന സന്ദേശം.

കേരളത്തിന്റെ വർത്തമാനകാല സാഹചര്യത്തിൽ നായ ഒരു പ്രശ്നജീവിയാണ്. തെരുവുനായയല്ല തെരുവിലാക്കപ്പെട്ട നായയാണ് ഇന്ന് കേരളത്തിലെ തെരുവുകൾ നേരിടുന്ന പ്രശ്നം.  നായ തെരുവിലാക്കപ്പെട്ടതിന്റെ പരിപൂർണ ഉത്തരവാദിത്വം മനുഷ്യർക്കു തന്നെയാണ്‌.  ഇക്കാര്യത്തിൽ നായകൾക്ക് വിശേഷിച്ച് ഒന്നും ചെയ്യാനാകില്ല. അതിന്‌ പരിഹാരം കാണേണ്ടത് നമ്മുടെമാത്രം ചുമതലയാണ്‌. പേവിഷവിമുക്ത കേരളം സാക്ഷാൽക്കരിക്കാൻ ഉടൻ നടപ്പാക്കേണ്ട പദ്ധതികൾ, ഹ്രസ്വ–- ദീർഘകാല പദ്ധതികൾ എന്നിങ്ങനെ കൃത്യമായി തരം തിരിക്കുകയും ഇവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയാണ്‌ വേണ്ടത്‌.

ലോകത്താകമാനം പ്രതിവർഷം  59,000 പേർ പേവിഷബാധമൂലം മരിക്കുന്നുണ്ട്. ഇതിൽ 20,000 പേർ ഇന്ത്യയിൽ നിന്നാണ് (ഏകദേശം 36 ശതമാനം). പേവിഷബാധയേൽക്കുന്നവരിൽ ഭൂരിഭാഗവും സമൂഹത്തിലെ അടിസ്ഥാന വർഗത്തിൽപ്പെട്ടവരും 15 വയസ്സിൽ താഴെയുള്ള കുട്ടികളുമാണെന്നത് പ്രശ്നത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾപ്രകാരം 99 ശതമാനം പേവിഷബാധയ്‌ക്ക് കാരണം നായകളിൽനിന്നേൽക്കുന്ന കടിമൂലമാണ്. മൃഗങ്ങളിലെ പേവിഷബാധ നിയന്ത്രണത്തിന്റെ പ്രാധാന്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് പേവിഷബാധ. നാഡീവ്യൂഹവ്യവസ്ഥയെയാണ് ഇത് ബാധിക്കുക. പ്രതിരോധകുത്തിവയ്‌പിലൂടെ  നൂറു ശതമാനവും തടയാവുന്നതും ഇല്ലാതാക്കാവുന്നതുമായ ഒരു രോഗമാണ് പേവിഷബാധ. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മരണം ഉറപ്പാണ്. മൃഗങ്ങളിൽ, അസുഖം ബാധിച്ച നായയാണെങ്കിൽ അക്രമസ്വഭാവത്തോടെ അലക്ഷ്യമായി ഓടുകയും കണ്ണിൽ കാണുന്നതെല്ലാം ജീവനില്ലാത്ത വസ്തുക്കളെപ്പോലും കടിക്കുകയും ചെയ്യും. എന്നാൽ, തളർച്ചയും അബോധാവസ്ഥയും പ്രകടിപ്പിക്കുന്നതാണ് മറ്റൊരു ലക്ഷണം. അസുഖംബാധിച്ച നായയുടെ കടിയേൽക്കാതെ നോക്കുന്നതും അഥവാ കടിയേറ്റാൽ പ്രഥമശുശ്രൂഷയും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു.

നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിലുള്ള കുറവിന് ആനുപാതികമായി മരണനിരക്ക് കുറയുന്നില്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വിദഗ്ധചികിത്സ സമയബന്ധിതമായി തേടുന്നില്ല എന്നതാണ് കാരണം. ചികിത്സ തേടാൻ വൈകുന്നതും ചികിത്സയിൽ കുറവുവരുത്തുന്നതും മരണകാരണമാകുന്നുണ്ട്. കടിയേറ്റാൽ കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നില്ല എന്നത് ഒരു ന്യൂനതയാണ്. വാക്സിനേഷൻ എന്നത് ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള ഒരു തെരഞ്ഞെടുപ്പാണ്.   

കേരളത്തിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി നായകളുടെ വന്ധ്യംകരണവും പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷനും തീവ്രമാക്കേണ്ടതും ഘട്ടംഘട്ടമായി ശാശ്വതപരിഹാരം കാണേണ്ടതുമാണ്. ത്രിതല പഞ്ചായത്തു സംവിധാനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനവും വഴി ആദ്യഘട്ടത്തിൽ നിലവിലുള്ള പേവിഷ  പ്രതിരോധ സെന്ററുകളുടെ പ്രവർത്തനങ്ങൾ പൂർണമായ രീതിയിൽ സജ്ജീകരിക്കേണ്ടതും പിന്നീട് വിപുലമായ പരിശീലനം വഴി പദ്ധതിയുടെ തുടർച്ച ഉറപ്പാക്കുകയും വേണം. ഉൻമൂലനം ചെയ്യേണ്ടത് നായയെയല്ല, അവ പെറ്റുപെരുകാനനുവദിക്കുന്ന സാഹചര്യങ്ങളെയാണ്. മനുഷ്യൻ–- മൃഗങ്ങൾ–- പരിസ്ഥിതി എന്ന ഏകാരോഗ്യ സങ്കൽപ്പംവഴി പേവിഷബാധയും നിർമാർജനം ചെയ്യാൻവേണ്ട നടപടികൾ രൂപപ്പെടുത്താൻ കഴിയണം.

(വയനാട് കോളേജ് ഓഫ് വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസസിലെ ഡീനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top