29 March Wednesday

തമിഴ്‌നാട്ടിൽ ഗവർണറുടെ ബിജെപി സേവ

ഇ എൻ അജയകുമാർUpdated: Wednesday Jan 11, 2023

തമിഴ്‌നാട്ടിൽ ഗവർണർ ആർ എൻ രവിയും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈയും നടത്തുന്ന രാഷ്‌ട്രീയ കോമാളിത്തങ്ങൾ വൻ ചർച്ചയ്‌ക്ക്‌ വഴിയൊരുക്കിയിരിക്കുകയാണ്‌. നിയമസഭയിൽ നയപ്രഖ്യാപനത്തിനിടെ കഴിഞ്ഞ ദിവസം ഗവർണർ ഇറങ്ങിപ്പോയ സംഭവം വിവാദമായി. സർക്കാർ എഴുതിനൽകിയ നയപ്രഖ്യാപന പ്രസംഗമല്ല ഗവർണർ വായിച്ചത്‌.  ഗവർണർ കൂട്ടിച്ചേർത്തത്‌ രേഖയില്‍നിന്ന് നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചു. ഇതോടെയാണ്‌ ദേശീയഗാനത്തിനു പോലും കാത്തുനില്‍ക്കാതെ ഗവർണർ ഇറങ്ങിപ്പോയത്‌. നയപ്രഖ്യാപനത്തിൽ മതനിരപേക്ഷതയെക്കുറിച്ചും പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരെക്കുറിച്ചും പരാമർശിക്കുന്ന ഭാഗങ്ങൾ ഗവർണർ വായിച്ചില്ല. സഭയിൽ ഗവർണർക്കെതിരെ വലിയ പ്രതിധേമാണ്‌ ഉയർന്നത്‌.

തമിഴ്‌നാട്ടിൽ ‘താമര വിരിയിക്കാൻ’ പഠിച്ചപണി പതിനെട്ടും നടത്തിയിട്ടും ഒന്നുംനടക്കാത്ത വിഷമത്തിലാണ്‌ ബിജെപി‐ ആർഎസ്‌എസ്‌ കേന്ദ്ര നേതൃത്വം. പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായും ആഗ്രഹിക്കുന്ന തരത്തിൽ തമിഴ്‌നാട്ടിൽ ബിജെപിക്ക്‌ അടിത്തറയുണ്ടാക്കാൻ ഗവർണർ ആർ എൻ രവി വിവിധ തരത്തിലുള്ള ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി കാശിയിൽ തമിഴ്‌ കലാകാരസംഗമം നടത്തി. ഇതിൽ അറിയപ്പെടുന്ന ഏതാനും ചിലർ മാത്രമാണ്‌ പങ്കെടുത്തത്‌. അവരാകട്ടെ തമിഴ്‌നാട്‌ രാഷ്‌ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിയാത്തവരാണ്‌. ഇതിനിടയിൽ രാജ്‌ഭവനിൽ നടത്തിയ ഒരു പരിപാടിയിൽ തമിഴ്‌നാട്‌ എന്നു പറയരുത്‌ ‘തമിഴകം’ എന്നു പറയുന്നതാണ്‌ ശരിയെന്ന്‌ ഗവർണർ പറഞ്ഞു.

ഇതോടെ തമിഴ്‌നാട്‌ ജനത ഒന്നടങ്കം ഗവർണർക്കെതിരെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ ഗവർണറെ ട്രോളി കൊല്ലുകയാണ്‌. രാഷ്ട്രീയക്കാർ മാത്രമല്ല, സിനിമാപ്രവർത്തകരും രംഗത്തെത്തി. ഓൺലൈൻ റമ്മി നിരോധന നിയമം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഒപ്പുവയ്‌ക്കാതെ ഗവർണർ അസാധുവാക്കി. നിയമസഭാ സമ്മേളനത്തിലും ഗവർണറുടെ സമാന്തര ഭരണത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ്‌ ഉയർന്നിട്ടുള്ളത്‌.

സംഘപരിവാർ ശക്തികൾക്ക്‌ അടിത്തറയുണ്ടാക്കാനുള്ള ഗവർണറുടെ ശ്രമം ഒരുവശത്ത്‌ നടക്കുമ്പോൾ മറുവശത്ത്‌ സ്‌ത്രീപീഡന പരാതികളിൽ മുങ്ങിയിരിക്കുകയാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ അണ്ണാമലൈ. ആദ്യത്തെ പ്രതിഷേധം നടിയും കൊറിയോഗ്രാഫറുമായ ഗായത്രി രഘുറാമിന്റേതായിരുന്നു. ബിജെപിയുടെ വക്താവായി തമിഴ്‌നാട്‌ രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്നയാളാണ്‌ ഗായത്രി. ദുബായിൽ ഒരു  ഹോട്ടലിൽ  ഗായത്രി പെരുമാറിയതിന്റെ തെളിവുകൾ ഉണ്ടെന്നും അതുകൊണ്ട്‌ കളിക്കരുതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌  കെ അണ്ണാമലൈ  താക്കീത്‌ നൽകിയിരുന്നു. അതോടെ ഗായത്രി ബിജെപി വിട്ടു. ബിജെപിയിലെ തന്നെ മറ്റൊരു വനിതാ നേതാവായ ശശികലപുഷ്‌പയും അവരുടെ ഭർത്താവും സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്‌. കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ ചേർന്ന കുശ്‌ബു ആകട്ടെ പാർടി പ്രവർത്തനത്തിൽനിന്നും പൂർണമായി വിട്ടുനിൽക്കുകയാണ്‌.

കോയമ്പത്തൂർ കിഴക്ക്‌ നിയോജകമണ്ഡലത്തിൽനിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചുവിജയിച്ച വാനതി ശ്രീനിവാസൻ എംഎൽഎ ഡിഎംകെയിലേക്ക്‌ ചുവടുമാറ്റാൻ തീരുമാനിച്ചതായി ഒരു പ്രമുഖ തമിഴ്‌ദിനപത്രം സൂപ്പർലീഡ്‌ വാർത്തയാക്കി. വാനതിശ്രീനിവാസനും ഡിഎംകെ നേതൃത്വവും ഒന്നാംവട്ട ചർച്ച പൂർത്തിയാക്കി എന്നാണ്‌ പത്രം റിപ്പോർട്ട്‌ ചെയ്‌തത്‌. ബിജെപിയിലെ അസംതൃപ്‌തരായ വനിതാ നേതാക്കൾ ഒരുപോലെ പറയുന്നത്‌  സ്‌ത്രീകൾ അപമാനിക്കപ്പെടുന്നു എന്നാണ്‌. മറ്റൊരു വിഷയം ഉയർന്നിട്ടുള്ളത്‌ അണ്ണാമലൈ അഴിമതി നടത്തി എന്നതാണ്‌. ഈ വിഷയവും ബിജെപിയിലുള്ളവർ തന്നെയാണ്‌ ഉയർത്തിയിട്ടുള്ളത്‌. അതിനവർ ചൂണ്ടിക്കാണിക്കുന്നത്‌ അണ്ണാമലൈ കെട്ടിയ റഫേൽ വാച്ചിന്  അഞ്ചു ലക്ഷം രൂപയാണെന്നാണ്‌. ഇത്‌ എവിടെനിന്ന്‌ കിട്ടിയെന്ന്‌ അവർ ചോദിക്കുന്നു.

സംഘപരിവാറുകാരുടെ അനുകൂലിയായ  സുബ്രഹ്മണ്യസ്വാമി ഒരു ഓൺലൈൻ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പറയുന്നത്‌ അണ്ണാമലൈ പൊട്ടനെന്നാണ്‌. മാത്രമല്ല, തമിഴ്‌നാട്ടിൽ താമര വിരിയില്ല, ഇവിടെ കളിക്കുന്നത്‌ ജാതിക്കളിയാണ്‌. അതിൽ മുൻകാലത്ത്‌ ബിജെപിയോടൊപ്പം നിന്ന ജാതിക്കാർ അകന്നതായും സുബ്രഹ്മണ്യസ്വാമി അഭിമുഖത്തിൽ പറയുന്നു. അധികാരം നേടാൻ ഇറങ്ങിത്തിരിച്ച സംഘപരിവാർ ശക്തികൾ സ്‌ത്രീപീഡന, അഴിമതിക്കഥകളിൽ കുരുങ്ങി നാണംകെട്ട അവസ്ഥയിലാണ്‌. സഖ്യകക്ഷിയായ എഐഎഡിഎംകെയും ബിജെപിയെ കൈവിട്ട സ്ഥിതിയിലാണ്‌. എടപ്പാടി പഴനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗം ബിജെപിയെ അകറ്റിനിർത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top