24 April Wednesday

‘സമഭാവനയുടെ സത്കലാശാലകൾ’ - ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

ജന്മിത്തത്തിന്റെ ജീർണാവശിഷ്ടങ്ങളും വിപണികേന്ദ്രിത മുതലാളിത്തത്തിന്റെ ചരക്കുസമീപനങ്ങളും ചേർന്ന മൂല്യവ്യവസ്ഥയാണ് ഇന്ത്യൻ സാമൂഹ്യസാഹചര്യങ്ങളിൽ ഇന്നും ശക്തമായ യാഥാർഥ്യം. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയുമാണ്. സ്ത്രീജീവിതത്തിന്റെ സമസ്ത മേഖലയിലും പരിക്കുകളേൽപ്പിച്ചുകൊണ്ട്, അവരെ രണ്ടാംകിട സാമൂഹ്യപദവിയിൽ നിലനിർത്താൻ കൗശലപൂർവം പ്രവർത്തിക്കുന്നതാണ് ഈ മൂല്യസംഹിത. അതിന്റെ സവിശേഷച്ചേരുവ പല തലത്തിൽ പുനരുൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.   

അസമമായ ലിംഗപദവി ബന്ധങ്ങളും അതേക്കുറിച്ചുള്ള ധാരണകളും ഏറ്റവുമധികം പുനരുൽപ്പാദിപ്പിക്കുന്ന മേഖലയാണ് വിദ്യാഭ്യാസമേഖല. ഉന്നതവിദ്യാഭ്യാസമേഖലയിലടക്കം പെൺകുട്ടികളുടെ ദൃശ്യതയും പങ്കാളിത്തവും വർധിച്ചിട്ടും ഈ മേഖലയിലെ സ്ത്രീവിരുദ്ധപ്രവണതകൾക്ക് അവസാനമായിട്ടില്ല. ബോധതലത്തിൽ സമൂഹത്തെക്കുറിച്ചുളള ധാരണകൾ രൂപപ്പെട്ടുതുടങ്ങുന്ന കാലംമുതൽ തന്നെ ലിംഗപദവിയുമായി ബന്ധപ്പെട്ട വാർപ്പുമാതൃകാ പെരുമാറ്റസംഹിതകളാണ് അവരിലേക്ക് സന്നിവേശിക്കപ്പെടുന്നത്. 

കുടുംബംതൊട്ടുതന്നെ തുടങ്ങുന്ന ഈ പ്രക്രിയയുടെ സ്വാഭാവികത്തുടർച്ചയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും. സമൂഹത്തിൽ പ്രബലമായ മേധാവിത്വബന്ധങ്ങളെ അതേ നിലയിൽ പിന്തുടരുന്ന കേന്ദ്രങ്ങളാണവയും. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വബോധത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിബോധം സൃഷ്ടിച്ചെടുക്കുക ശ്രമകരമെങ്കിലും അടിയന്തരമായി ഏറ്റെടുക്കേണ്ട കടമയാണ്. സാമൂഹ്യതിന്മകളെ തിരസ്‌കരിക്കാനും അതിക്രമങ്ങളെ പ്രതിരോധിക്കാനും സ്വതന്ത്രമായ ജീവിതവും ആവിഷ്‌കാരവും ഉറപ്പാക്കാനുമൊക്കെ ക്രിയാത്മകമായി കുട്ടികളെ ഒരുക്കിയെടുക്കാൻ പാകത്തിലുള്ള അന്തരീക്ഷമാണ് കലാലയങ്ങളിലുണ്ടാകേണ്ടത്. കലാലയങ്ങളിലെ പുരുഷമേധാവിത്വപരമായ സമീപനങ്ങളും രീതിസമ്പ്രദായങ്ങളും പെൺകുട്ടികൾക്കും സ്ത്രീകൾക്കും അർഹവും നീതിയുക്തവും ആനുപാതികവുമായ ഇടമോ ശബ്ദമോ ദൃശ്യതയോ അനുവദിക്കുന്നവയല്ല. ലിംഗനീതിയുടെയും ലിംഗസമത്വത്തിന്റെയും ആശയങ്ങളുൾക്കൊണ്ട്, കൂടുതൽ ജനാധിപത്യപരമായും തുല്യപങ്കാളിത്തത്തോടെയും ഇടപെടാനുള്ള അന്തരീക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടത് സമത്വപൂർണമായ സാമൂഹ്യസൃഷ്ടിക്കുള്ള മുന്നുപാധിയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഉറപ്പുകൊടുക്കാനാകണം.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടന തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വിഭജിച്ചുനിർത്തുന്നവയാണ്. ഇരിപ്പിടങ്ങളുടെ ക്രമീകരണംമുതൽ കളിസ്ഥലങ്ങളിൽവരെ ഈ വിഭജിത സമീപനമുണ്ട്. നിലവിലുള്ള അസമമായ ലിംഗപദവി ബന്ധങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നവയും അവയിലെ ലിംഗവിവേചനതലങ്ങൾ വെളിപ്പെടുത്താൻ പോന്നവയുമല്ല നിലവിലെ പാഠഭാഗങ്ങളും പഠന പ്രോഗ്രാമുകളും. പുരുഷാധിപത്യമൂല്യങ്ങളെ ചെറുക്കാനോ മാറ്റിത്തീർക്കാനോ പ്രേരിപ്പിക്കത്തക്കരീതിയിൽ കാര്യമായ ഒന്നുംതന്നെ കരിക്കുലത്തിന്റെ ഭാഗമായി ഉണ്ടാകുന്നില്ല.


 

നിലവിലുള്ള ലിംഗപദവി ബന്ധങ്ങളെ അപനിർമിക്കാനും സമത്വത്തിന്റെ അടിസ്ഥാനത്തിൽ സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകളുറപ്പിക്കുന്ന ഗുണാത്മകമാറ്റങ്ങൾ ലിംഗപദവി ബന്ധങ്ങളിൽ ഉണ്ടാക്കാനുതകുന്ന വിധത്തിലാകണം നമ്മുടെ ക്യാമ്പസുകൾ. കലാലയത്തിൽനിന്ന്‌ ആർജിക്കുന്ന സാമൂഹ്യപാഠങ്ങൾ ആൺകുട്ടിയെ അധികാരിയായും പെൺകുട്ടിയെ വിനീതവിധേയയായും രൂപപ്പെടുത്തുന്ന വിധത്തിലായിത്തീരുന്ന പ്രവണത അവസാനിച്ചേ മതിയാകൂ. നിർഭയം പെരുമാറാൻ കഴിയുന്ന അന്തരീക്ഷമാണ് കലാലയങ്ങളിൽ ഉറപ്പാക്കേണ്ടത്. അന്യവൽക്കരണത്തിന്റെയും അപരിചിതത്വത്തിന്റെയും വേലിക്കെട്ടുകൾ തകരുമ്പോഴേ  സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യത്വപരമായ തുറസ്സുകൾ ഉണ്ടാകൂ. സമഭാവനയുടെ കേരളം സൃഷ്ടിക്കാൻ ഏറ്റവും സാധ്യതയും ഉത്തരവാദിത്തവും ഉള്ളവർ കലാലയങ്ങളിലെ അധ്യാപകർ തന്നെയാണ്.

സമൂലവും സമഗ്രവുമായ മാറ്റം ലക്ഷ്യംവച്ച് നീങ്ങുകയാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം. സമൂഹം നേരിടുന്ന നാനാവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഉന്നതവിദ്യാഭ്യാസരംഗത്തിനുള്ള പങ്ക് മുഖ്യമന്ത്രിതന്നെ നിരന്തരം ഓർമിപ്പിക്കുന്നതാണ്. നമ്മുടെ സ്ഥാപനങ്ങളെ കൂടുതൽ ജനാധിപത്യവൽക്കരിക്കാനും നിർഭയമായും സ്വച്ഛന്ദമായും സ്വതന്ത്രമായുമുള്ള അറിവന്വേഷണത്തിന്റെ കേന്ദ്രങ്ങളായി മാറ്റാനുമുള്ള ഈ ഉത്തരവാദിത്തമാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് നിറവേറ്റുന്നത്. കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹ്യനീതിയും സംബന്ധിച്ച വിപുലമായ പ്രചാരണപരിപാടി ഉന്നതവിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

അദൃശ്യമായ ഒരു അധികാരഗോപുരം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് ഉണ്ടെന്നത് യാഥാർഥ്യമാണ്. പടിപടിയായി ഈ അധികാരഗോപുരത്തെ മാറ്റിപ്പണിയാനുള്ള പ്രക്രിയ നമുക്കാരംഭിക്കണം. എല്ലാവർക്കും അവരുടേതായ ഇടങ്ങൾ വേണം; അംഗീകാരം വേണം. ആ സമീപനമാണ് കലാലയങ്ങളിൽ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിടുന്നത്. അതിനുള്ള ആദ്യകാൽവയ്‌പായി ഉന്നതവിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തിരിക്കുന്ന ‘സമഭാവനയുടെ സത്കലാശാലകൾ’ പ്രചാരണപരിപാടി മാറാൻ ജനാധിപത്യവാദികളുടെയാകെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാ കോളേജിലും ഈ ദിശയിലുള്ള ചർച്ചകളും നിർമാണാത്മകമായ പ്രവർത്തനങ്ങളും നടക്കണം. ഇതൊരു തുടർപ്രക്രിയയായി മുന്നോട്ടുകൊണ്ടുപോകാനും കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top