30 January Monday

ജ്വലിക്കട്ടെ രണസ്മരണ

ആർ നാസർUpdated: Thursday Oct 27, 2022

വിശാലമാനവികതയുടെ മഹത്വത്തിലൂന്നുന്ന സമത്വാധിഷ്ഠിത ലോക വ്യവസ്ഥയ്ക്കായുള്ള മുന്നേറ്റമാണ് എല്ലാ വിപ്ലവപ്രസ്ഥാനങ്ങളുടെയും പൊതുലക്ഷ്യം. മർദിതരുടെയും ചൂഷിതരുടെയും ഉത്സവങ്ങളാണ് വിപ്ലവങ്ങളെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്‌. പണിയെടുക്കുകയും എന്നാൽ പട്ടിണിമാത്രം മിച്ചമാകുകയും അതേസമയം ജന്മിമാർ തടിച്ചുകൊഴുക്കുകയും ചെയ്ത സാമൂഹ്യ സാഹചര്യത്തിൽ, പ്രബുദ്ധമായ രാഷ്ട്രീയ ഇച്ഛാശക്തിയിൽ തൊഴിലാളിവർഗം ഉയിർത്തെഴുന്നേറ്റതിന്റെ ഏറ്റവും വലിയ തെളിവാണ് ഐതിഹാസികമായ പുന്നപ്ര –-വയലാർ സമരം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ഒന്നായ തിരുവിതാംകൂറിലെ തൊഴിലാളികൾ സ്വന്തം ജീവൻ ദാനംചെയ്തു നേടിയെടുത്ത ജനാധിപത്യസ്വപ്നത്തിന്റെ നേർരേഖകളാണ് പുന്നപ്രയും വയലാറും. അവ ഇന്നും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ അനശ്വര ഏടായി അവശേഷിക്കുന്നതിന്റെ പ്രധാന കാരണം തൊഴിലാളികളുടെ വർഗബോധവും ജനാധിപത്യ സങ്കൽപ്പങ്ങളും ഇഴചേർന്ന സമരമായതുകൊണ്ടാണ്. ഭരണവർഗങ്ങളുടെ നിരന്തര ചൂഷണത്തിന് ബലിയാടുകളായിരുന്ന കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളും അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കയർ, കർഷക, മത്സ്യത്തൊഴിലാളികളും ചേർന്നു സംഘടിച്ചാണ് വലിയൊരു സാമൂഹ്യമാറ്റത്തിന് നാന്ദികുറിച്ച ഈ സമരപോരാട്ടത്തെ വിജയത്തിലെത്തിച്ചത്.

1938 –-1946 കാലഘട്ടം, സാമൂഹത്തിന്റെ സമസ്ത മേഖലയിലും ചൂഷിതവർഗം സംഘടിച്ചു ശക്തരായി എന്നതിന്റെ പ്രകടമായ തെളിവായിരുന്നു ചേർത്തല താലൂക്കിലെ ട്രേഡ് യൂണിയനുകളുടെ എണ്ണം. 11 ട്രേഡ് യൂണിയനുകളിലെല്ലാംകൂടി പതിനായിരത്തിലധികം തൊഴിലാളികൾ. 1938 ഒക്ടോബറിൽ ആലപ്പുഴയിൽ നടന്ന കയർ തൊഴിലാളി സമരം 25 ദിവസം നീണ്ടുനിന്നതും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടി. രാജാവിന്റെ പിറന്നാൾ ദിനത്തിൽ ആരംഭിച്ച സമരം തൊഴിലാളിവർഗ ചരിത്രത്തിലെ അനശ്വരമായ ഒരേടാണ്. ഭരണകൂടം തൊഴിലാളികളെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നതിനിടയിൽ നടന്ന വെടിവയ്‌പിൽ രണ്ടുപേർ മരിച്ചു. ആറേകാൽ ശതമാനം കൂലി വർധിപ്പിക്കാമെന്ന ഉറപ്പിലാണ് ആ സമരം അവസാനിക്കുന്നത്.

1943ൽ ആസ്പിൻവാൾ കമ്പനിയിലാണ് കമ്യൂണിസ്റ്റ് പാർടിയുടെ ആലപ്പുഴയിലെ ആദ്യഘടകം രൂപംകൊള്ളുന്നത്. അതിനു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ (സിഎസ്‌പി) രൂപീകരണം നടന്നിരുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയ്ക്കും വികാസത്തിനും അധിഷ്ഠിതമായി പ്രവർത്തിച്ചത് സിഎസ്‌പിയായിരുന്നു. ആലപ്പുഴയിലെ തൊഴിലാളി കലാപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന നടനകലാസമിതിയുടെ ഓഫീസായിരുന്നു സിഎസ്‌പിയുടെ പ്രവർത്തനകേന്ദ്രം. 1942 ലെ ജാപ്പ് വിരുദ്ധസമരത്തിനുശേഷം കൊച്ചിയിൽനിന്നും മലബാറിൽനിന്നും ധാരാളം നേതാക്കൾ ഒളിവുജീവിതത്തിനായി ആലപ്പുഴ തെരഞ്ഞെടുത്തതും സംഘടനാപ്രവർത്തനത്തിന് വലിയ മുതൽക്കൂട്ടായി.  സഖാക്കൾ പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ്, എ വി കുഞ്ഞമ്പു, കെ ദാമോദരൻ തുടങ്ങിയവർ തൊഴിലാളികൾക്കു നൽകിയ ദിശാബോധം അളവറ്റതായിരുന്നു. 

1946 ഒക്ടോബർ 22നാണ് (1122 തുലാം 5) ആലപ്പുഴയിൽ കയർ തൊഴിലാളി സമരം ആരംഭിക്കുന്നത്. അമേരിക്കൻ മോഡൽ അവസാനിപ്പിക്കുക, രാജവാഴ്ച അവസാനിപ്പിക്കുക, പ്രായപൂർത്തി വോട്ടവകാശം അനുവദിക്കുക, ഉത്തരവാദ ഭരണം നടപ്പാക്കുക, ദിവാൻ ഭരണം അവസാനിപ്പിക്കുക, രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, വേതനത്തോടുകൂടി പ്രസവാവധി അനുവദിക്കുക, റേഷൻ ധാന്യങ്ങളുടെ അളവ് വർധിപ്പിക്കുക എന്നിങ്ങനെ 27 ആവശ്യം തൊഴിലാളികൾ ഉന്നയിച്ചു. പണിമുടക്കിന് മൂന്നു ദിവസംമുമ്പ് സ്റ്റേറ്റ് കോൺഗ്രസ് ഉത്തരവാദഭരണ ദിനമായി ആചരിച്ചു. ഇതിനിടയിൽ സർ സി പിയുമായി മധ്യസ്ഥ ചർച്ച നടത്താൻ തയ്യാറായി. എന്നാൽ, അപ്രായോഗികമായ രാഷ്ട്രീയ ആവശ്യങ്ങൾ അംഗീകരിക്കാൻ നിവൃത്തിയില്ലെന്ന ദിവാന്റെ മറുപടി സമരവുമായി മുന്നോട്ടുപോകാൻ നേതാക്കളെ പ്രേരിപ്പിച്ചു.

അതേസമയം, അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ തങ്ങൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായമായ വില ലഭിക്കുന്നില്ലെന്നും വില കൂടുതൽ വേണമെന്ന് മുതലാളിയായ അപ്ളോൻ അറോജിനോട് ആവശ്യപ്പെട്ടതും സംഘർഷത്തിനിടയാക്കി. ചോദ്യംചെയ്ത തൊഴിലാളികളെ പൊലീസും ഗുണ്ടകളും മർദിച്ചു. അറസ്റ്റുചെയ്ത തൊഴിലാളികളെ വിട്ടയ്ക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തില്ല. തന്നെയുമല്ല പൊലീസ് ക്യാമ്പ് ആക്രമിക്കാനും സമരം രൂക്ഷമാക്കാനും തൊഴിലാളികൾ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തീരുമാനിക്കുകയും ചെയ്തു.

പി കെ ചന്ദ്രാനന്ദൻ പ്രകടനത്തെ അഭിസംബോധന ചെയ്തു പറഞ്ഞ വരികൾ -‘‘സഖാക്കളെ, ഈ പൊലീസ് ക്യാമ്പ് നമ്മൾ ആക്രമിക്കാൻ പോകുകയാണ്. നമ്മൾ പൊലീസിന്റെ ആജ്ഞകേട്ട്‌ പിരിഞ്ഞുപോകാൻ വന്നവരല്ല. നമ്മളിൽ ഒരു തുള്ളി രക്തവും മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാൻ സി പി രാമസ്വാമി അയ്യരുടെ കിങ്കരരുമായി ഏറ്റുമുട്ടണം. ഇതൊരു യുദ്ധംതന്നെയാണ്. നാടിന്റെ സ്വാതന്ത്ര്യത്തിനും ജനദ്രോഹത്തിനെതിരെയും. ആരെങ്കിലും ഭയന്നോടിയാൽ അടുത്തുള്ള സഖാക്കൾ അവന്റെ കുതികാൽ വെട്ടണം. നമ്മുടെ അമ്മ പെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തുകതന്നെ വേണം. മരിക്കുന്നെങ്കിൽ അന്തസ്സായി അഭിമാനത്തോടെ നമുക്കൊന്നിച്ചു മരിക്കാം. ലാൽ സലാം സഖാക്കളെ.

സ. പി കെ സിയുടെ ആഹ്വാനപ്രകാരം പൊലീസ് ക്യാമ്പിനുനേരെ പാഞ്ഞടുത്ത ജനക്കൂട്ടം, ഇൻസ്പെക്ടർ വേലായുധൻ നാടാരുടെ പിരിഞ്ഞുപോകണമെന്ന ആജ്ഞ വകവച്ചില്ല. വെടിവയ്പ് ആരംഭിച്ചു. ഇതിനിടയിൽ വാരിക്കുന്തം ഇൻസ്പെക്ടറുടെ നെഞ്ചിൽ തുളച്ചുകയറി, അയാൾ മരിച്ചു. 29 സമരഭടന്മാരും ആറ്‌ പൊലീസുകാരും മരിച്ചതായി ഔദ്യോഗിക കണക്കുകൾ. പിറ്റേദിവസം പട്ടാളക്കാർ മൃതദേഹങ്ങൾ ലോറിയിൽ കയറ്റി ആലപ്പുഴ വലിയ ചുടുകാട്ടിൽ എത്തിച്ച് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. സംഘർഷഭരിതമായ പുന്നപ്രയിൽനിന്നും ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിലേക്ക്‌ ആ അലയൊലികൾ നീങ്ങിയത് സ്വാഭാവികം. ഒക്ടോബർ 25ന് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പട്ടാളഭരണവും പ്രഖ്യാപിച്ചു.

വയലാറിനെ ലക്ഷ്യമാക്കി പുന്നപ്രയിൽനിന്ന്‌ പട്ടാളം നാഷണൽ ഹൈവേ വഴി നീങ്ങി. ഇതറിഞ്ഞ സമരസഖാക്കൾ മാരാരിക്കുളം പാലം പൊളിച്ചു. ഒക്ടോബർ 26ന്‌ മാരാരിക്കുളത്ത് പാലത്തിനു സമീപം വെടിവയ്പ് നടന്നു. നിരവധി സഖാക്കൾ മരിച്ചു. പാലം പുനഃസ്ഥാപിച്ച് പട്ടാളം വയലാറിലേക്ക് നീങ്ങി.  27ന്‌ മേനാശേരിയിലെ ക്യാമ്പിനുനേരെ വെടിവയ്പ് നടന്നു. നാനൂറോളം പേരുള്ള ക്യാമ്പിനു നേരെ നൂറിലധികം പട്ടാളക്കാർ വെടിവച്ചു. എത്രപേർ മരിച്ചെന്നതിന് കണക്കുകളില്ല. വയലാറിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചശേഷം മണ്ണിട്ടുമൂടുകയായിരുന്നു.
പുന്നപ്ര –-വയലാർ കാട്ടിയ വഴിയിലൂടെ മുന്നേറി 1957ൽ അധികാരത്തിൽ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പിന്തുടർച്ചയായാണ് 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. 2021ൽ പിണറായി സർക്കാർ തുടർഭരണം നേടിയത് ഇക്കാലത്തെ രാഷ്ട്രീയ സവിശേഷത. തങ്ങൾക്ക്‌ ബാലികേറാമലയായ കേരളത്തിൽ ഗവർണറെ ഉപയോഗിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കാമോയെന്നാണ് ആർഎസ്എസ് നോക്കുന്നത്.

രാഷ്ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരവേലയെ അതിജീവിച്ച് എൽഡിഎഫിന് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ പുന്നപ്ര –-വയലാർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണ നമുക്ക് കരുത്തുപകരും.

( സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top