24 January Monday

ചെങ്കൊടിക്ക്‌ നിറംചേർത്ത കരുത്ത്‌ - ഏഴാച്ചേരി രാമചന്ദ്രൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

 

‘‘കരിവെള്ളൂരിലെ മണ്ണിൽ, വിപ്ലവ
കഥകളിരമ്പും വയലാറിൽ
പൊരുതിമരിച്ച സഖാക്കൾ ഞങ്ങടെ
സമരമുഖത്തിലെ നേതാക്കൾ
വാളുറയിലിടൂ കാപാലികരേ,
വാളുറയിലിടൂ’’

വയലാറിന്റെ പ്രസിദ്ധമായ ചലച്ചിത്രഗാനത്തിലെ ആറ്‌ വരി. ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ പാട്ട്‌; രക്തസാക്ഷികൾക്കൊപ്പം, ‘മരിക്കാൻ ഞങ്ങൾക്ക്‌ മനസ്സില്ല’ എന്ന ഈ ഗാനവും തലമുറകൾ പിന്നിട്ട്‌ അമരത്വം നേടുന്നു.

‘രാജവാഴ്‌ചയ്‌ക്കും ദിവാൻ ഭരണത്തിനുമെതിരെ, അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നുറക്കെ പ്രഖ്യാപിച്ച്‌, സർ സി പിയുടെ ചോറ്റുപട്ടാളത്തിനെതിരെ, വിരിമാറുകാട്ടി പിടഞ്ഞുവീണ ധീരരക്തസാക്ഷികളുടെ പ്രാണനിൽനിന്ന്‌ കൊളുത്തിയ ദീപശിഖ, ഇതാ വയലാർ ബലിക്കുന്നിലേക്ക്‌ പ്രയാണം തുടരുന്നു.’ പുന്നപ്ര–-വയലാർ–-മാരാരിക്കുളം രക്തസാക്ഷി വാരാചരണത്തിന്റെ സമാപനം കുറിച്ച്‌ ഒക്ടോബർ 27ന്‌ രാവിലെ ആലപ്പുഴ വലിയ ചുടുകാട്ടിൽനിന്ന്‌ വയലാറിലേക്ക്‌ പുറപ്പെടുന്ന ദീപശിഖാ റാലിക്ക്‌ മുന്നിലെ പ്രചാരണവാഹനത്തിൽ നിന്നുയരുന്ന സ്ഥിരം അനൗൺസ്‌മെന്റിന്റെ ആദ്യവാചകമാണ്‌ മേലുദ്ധരിച്ചത്‌. സ്ഥിരമായി കേട്ടുകേട്ട്‌ ആയിരങ്ങളുടെ ആ ഘോഷയാത്രയിൽ കാഴ്‌ചക്കാരും പങ്കാളികളുമാകുന്നവർക്ക്‌ മാത്രമല്ല എനിക്കും ഈ വാചകം ഇപ്പോൾ മനപ്പാഠമാണ്‌.

ഐതിഹാസികമായ ആ സമരത്തിന്റെ ആത്മാവും സന്ദേശവും ഗുണപരിണതിയുമൊക്കെ ആ വാചകത്തിലുണ്ട്‌. ആ ദിനത്തിൽത്തന്നെ സാക്ഷാൽ വയലാർ രാമവർമയും നിര്യാതനായത്‌ എന്റെ പാവം യുക്തിചിന്തയ്‌ക്ക്‌ ഇന്നും അപഗ്രഥിക്കാനാകാത്തൊരു സങ്കടസമസ്യയായി, നൊമ്പരപ്രഹേളികയായി നിലനിൽക്കുന്നു. മഹാബുദ്ധിശാലികൾ ദയവായി കുരുക്കഴിച്ചുതന്നാലും.

‘കേരളത്തിന്റെ പാരീസ്‌ കമ്യൂൺ; അതാ–-
ണാ വയലാർ വിളിപ്പൂ സഖാക്കളേ!’

എന്ന്‌ അമ്പതുകളുടെ ആദ്യദശകത്തിലെ ഒരു കവിതയിൽ ഒ എൻ വിയുടെ തിരുവാഴ്‌ത്ത്‌. അതിനൊക്കെ മുന്നമേ ‘വയലാർ ഗർജിക്കുന്നു’ എന്ന വിളിക്കൊണ്ട കവിതയിലൂടെ പി ഭാസ്‌കരനും ആ കവിതയും അമരത്വം നേടി. ‘പെറ്റിനാടിന്റെ മാർത്തടത്തിലായ്‌ രക്തചന്ദനം ചാർത്തുവാൻ’, ‘ആയിരങ്ങൾ നിരന്ന പോരിന്റെ ആവിപാറുന്ന’ ഓർമകളെപ്പറ്റി പുരോഗമന കവികൾ തുടരെ എഴുതി. ആദ്യമാദ്യം പി കെ മേദിനിയും ടി എം പ്രസാദും അടക്കമുള്ളവർ, പിന്നെപ്പിന്നെ കെ എസ്‌ ജോർജും സുലോചനയും ഉൾപ്പെടുന്ന കെപിഎസി ഗായകസംഘം, ഒടുവിലൊടുവിൽ വടക്കിന്റെ ‘രുദ്രകുമരസ്വര’മായിരുന്ന സാക്ഷാൽ കെ പി ആർ പണിക്കരും കൂട്ടരും ഈ പുന്നപ്ര–-വയലാർ സ്‌തവങ്ങൾക്ക്‌ നാവും നാദവും നൽകി.

തിരുവിതാംകൂറിലെ മർദിതമനുഷ്യർ ചരിത്രത്തിന്റെ വെൺകളി ഭിത്തിയിൽ എഴുതിയ ഇതിഹാസമെന്നാണ്‌ പി ഭാസ്‌കരൻ ഈ സമരത്തെ വിശേഷിപ്പിച്ചത്‌. രാഘവപ്പറമ്പിൽ രാമവർമൻ തിരുമുൽപ്പാട്‌ എന്ന്‌ പള്ളിക്കൂടത്തിലെ ഹാജര്‌ പുസ്‌തകത്തിൽ പേരുണ്ടായിരുന്ന ചെക്കൻ, അതിലെ അനാവശ്യമായ പാടുകളത്രയും ശസ്‌ത്രക്രിയചെയ്‌ത്‌ മാറ്റി വയലാർ എന്ന ഗ്രാമനാമംമാത്രം തന്റെ പേരിന്റെ ഇടതുവശത്ത്‌ തുന്നിച്ചേർത്തു. ചരിത്രം ആയിരം കൈകളോടെ ആ സർഗപ്രക്രിയയെ ഹൃദയത്തിലേറ്റുവാങ്ങി.

പ്രിയപ്പെട്ട എം എൻ കുറുപ്പാണ്‌ ആദ്യമായി എന്നെ പിടിച്ചുകൊണ്ടുവന്ന്‌ വയലാറിലെ ദീപശിഖാറാലി കാണിച്ചുതന്നത്‌. പിന്നീട്‌ എത്രയോതവണ ആ കുരുതിപ്പറമ്പിലും പരിസര ഗ്രാമങ്ങളിലും നേരും കരുത്തും തേടി, മർദിത മർത്യത വച്ചുനീട്ടിയ സ്വാതന്ത്ര്യത്തിന്റെ തേനും തിനയും നുണഞ്ഞ്‌, അലഞ്ഞുനടന്നു. ആ ചൊരിമണൽത്തരികൾ ദയാപൂർവം സമ്മാനിച്ച കനൽത്തിരിയും തിരിച്ചറിവും കെടാതെ സൂക്ഷിക്കാനുള്ള ചരിത്രദൗത്യമാണ്‌ ഇപ്പോഴും മുന്നോട്ട്‌ നയിക്കുന്നത്‌.

അകത്തെ തിരി എണ്ണതീരാറായി തെല്ലൊന്നു മുഞ്ഞി കറുപ്പിക്കുമ്പോൾ, വയലാർക്കവിത ഒന്നെടുത്ത്‌ മൂളി നോക്കുകയേ വേണ്ടൂ. ആ സർഗവേദനാ നാളങ്ങൾക്ക്‌ പിന്നെയും പ്രാണസ്‌മിതം വിടരുകയായി. കാലത്തിന്റെ  തിരക്കുത്തൊഴുക്കിൽ പലതും വീണ്‌ മണ്ണടിഞ്ഞേക്കാം. എന്നാലും പുന്നപ്ര–-വയലാർ രണസ്‌മരണകൾക്ക്‌ ഓരോ ദിവസം കഴിയുന്തോറും ഓരോ നിമിഷം കൊഴിയുന്തോറും നേരിനിപ്പും ചുവപ്പും ഏറിവരികയാണ്‌.

തോക്കുചൂണ്ടി, തോടിന്റെ മറുകരയിൽ നിരന്നുനിൽക്കുന്ന പട്ടാളക്കാർക്കുനേരെ, ‘അരുത്‌ സഖാക്കളേ, നിങ്ങൾക്കും നിങ്ങൾതൻ ധരണിക്കും വേണ്ടിയാണീ സമരം’ എന്ന്‌ സൗമ്യധീര സ്വരത്തിൽ ഓർമിപ്പിച്ച സ. കാട്ടൂർ ജോസഫ്‌ പിടഞ്ഞുവീണ മണ്ണിന്‌ പ്രാണനിർവൃതി. ഇക്കണക്കായ നൂറുകണക്കിന്‌ ധീരന്മാർ. അവരുടെ പ്രാണത്യാഗത്തെ പരിഹസിക്കാൻ ആദ്യത്തെ ചില വർഷങ്ങളിൽ ഒക്‌ടോബർ 27 വഞ്ചനാദിനമായി ആചരിച്ചവർ ഒടുവിൽ തോറ്റ്‌ തുന്നംപാടി പടം മടക്കി ചരിത്രത്തിന്റെ അജ്ഞാതഗഹ്വരങ്ങളിൽ ഒളിച്ചു.

ധീരോജ്വലമായ ഈ സമരത്തിൽ പങ്കെടുത്ത്‌, ഒടുവിൽ പിടിക്കപ്പെട്ട്‌, തടവിലായ ളൂയീസ്‌ പ്രമാണി എന്ന പുന്നപ്രയിലെ ചിലങ്കത്തൊഴിലാളി മർദനത്തിന്റെ പാരമ്യതയിൽ തളർന്നുവീണു. നാവ്‌ വരണ്ടപ്പോൾ ദാഹജലം ചോദിച്ചു. പൊലീസ്‌ സ്‌റ്റേഷന്റെ മുറ്റത്ത്‌ അന്നദാതാവായ പൊന്നുതമ്പുരാന്റെ തിരുനാളാഘോഷത്തിന്‌ അലങ്കരിച്ച ചെങ്കരിക്ക്‌ കിടന്നു. പൊലീസുകാരൻ ഉദാരമനസ്സോടെ അതിലൊരെണ്ണം അടർത്തി ളൂയീസ്‌ പ്രമാണിയുടെ തലയിൽ ഉടച്ചു. നിറുക പൊട്ടി ധാരയായൊഴുകിയ ചുടുചോരയ്‌ക്കൊപ്പം ആ കരിക്കിൻ വെള്ളം പ്രമാണി കുടിച്ചു. വളച്ചുകെട്ടി സ്വന്തമാക്കിയ പത്ത്‌ സെന്റിലെ കരിക്കടർത്തി പേരക്കുട്ടികൾ കുടിക്കുന്നത്‌ കണ്ടിട്ടാണ്‌ ആ ധീരസേനാനി കണ്ണടച്ചത്‌. നൂറുകണക്കായ വീരചരിതങ്ങൾ. മുക്കാലും എഴുതപ്പെടാതെ പോയി. വയലാർ ഉൾപ്പെടെയുള്ള കവികൾ, ആ സമരത്തിൽ നേരിട്ട്‌ പങ്കെടുത്ത എസ്‌ എൽ പുരം അടക്കമുള്ള നാടകകൃത്തുക്കൾ, തകഴിയെപ്പോലുള്ള മഹാമനീഷികൾ പലതും അനന്തര തലമുറയ്‌ക്കായി പകർത്തിവച്ചു.

പി ഭാസ്‌കരൻ മാസ്റ്റർ പറഞ്ഞതുപോലെ, പുന്നപ്ര–വയലാർ തീർച്ചയായും ഒരു വാഗ്‌ദത്ത പത്രികയാണ്‌. ആ മഹാസംഭവം കഴിഞ്ഞ്‌ പത്താണ്ട്‌ തികഞ്ഞപ്പോൾ കേരളം പിറവികൊണ്ടു. അടുത്തവർഷം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, കമ്യൂണിസ്റ്റുകാർ ബാലറ്റ്‌ പേപ്പറിലൂടെ ഇവിടെ അധികാരത്തിൽ വന്നു; ശോണരശ്‌മികൾ പൊതിഞ്ഞ നേരിന്റെ, ത്യാഗത്തിന്റെ, മർത്യതയുടെ, ഒരു തിരുപ്പിറവി. സെക്രട്ടറിയറ്റിൽ ‘കട്ട്യാവുകോണകം പാറുന്നേ’ എന്ന്‌ കൊച്ചിരാജ്യത്തെ ചില പഴഞ്ചന്മാർ പരിഹസിച്ചു. അവർക്കും പുന്നപ്ര–-വയലാർ നേരിന്റെ പര്യായപദമാണെന്ന്‌ പിന്നീട്‌ സമ്മതിക്കേണ്ടിവന്നു.

പാതിരാപ്പള്ളിയിലെ സ. കെ കെ കൊച്ചുനാരായണന്റെ കൈകൾ കൂട്ടിക്കെട്ടി വട്ടംനിന്ന്‌ പൊതിരെ മർദിക്കുകയാണ്‌ പൊലീസുകാർ. സഹികെട്ടപ്പോൾ കൊച്ചുനാരായണന്റെ മർദനത്തിന്‌ നേതൃത്വം നൽകുന്ന എസ്‌ഐയോട്‌ ഉറക്കെ ചോദിച്ചു: ‘‘നിനക്ക്‌ ചുണയുണ്ടോ എന്റെ കൈയിലെ കെട്ടൊന്നഴിക്കാൻ’’. കേട്ടപാടെ എസ്‌ഐ ഔദാര്യപൂർവം കെട്ടഴിച്ചു. ആ നിമിഷംതന്നെ ധീരനായ കൊച്ചുനാരായണൻ എസ്‌ഐയുടെ മുഖത്ത്‌ കാർക്കിച്ചുതുപ്പി. പിന്നെ മർദനത്തിന്റെ പെരുമഴയായിരുന്നു. ഒടുവിൽ ബോധംകെട്ടപ്പോൾ പൊലീസുകാർ നിർത്തി.

കേരളം വീണ്ടും ചുവന്നു. ആലപ്പുഴയിൽ ഉദയാ സ്റ്റുഡിയോയിൽ പുന്നപ്ര–-വയലാർ എന്ന സിനിമയുടെ തിരക്കിട്ട ഷൂട്ടിങ്‌; പണ്ടത്തെ സബ്‌ ഇൻസ്‌പെക്ടർ മലയാളിയുടെ പ്രിയപ്പെട്ട നടൻ സത്യനായി. പഴയ സമരസഖാവിനെ കാണാൻ തഴക്കൈതകൾ അതിരിട്ട നാട്ടുവഴിയിലൂടെ കാറോടിച്ച്‌ സത്യൻ വന്നു. രണ്ടുപേരും കണ്ടു. അതിരുകവിഞ്ഞ ആദരവൊന്നും കൊച്ചുനാരായണൻ കാട്ടിയില്ല. ഒന്നും മിണ്ടാതെ ഏതാനും നിമിഷങ്ങൾ നിന്നിട്ട്‌ സത്യൻ മടങ്ങി.

പുന്നപ്ര–-വയലാർ, നേരിന്റെ കരുത്തുകൊണ്ട്‌ കരപാകിയ മഹനീയമായ ചരിത്ര ദൗത്യമാണ്‌. അതിന്‌ മങ്ങലില്ല.

ഈ മണ്ണേതെന്നറിയാമോ
നേരേതെന്നറിയാമോ
ചെങ്കൊടിക്ക്‌ നിറം ചേർത്ത കരുത്തുകാരേ
അറിയാം, ഞങ്ങൾക്കറിയാം
വയലാർ; ഇതു വയലാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top