25 April Thursday

നോട്ട‌ുകെട്ടുകൾ വിധിപറയുമ്പോൾ

പി ദിനേശൻUpdated: Friday Apr 9, 2021

ജനാധിപത്യത്തെ ധനമൂലധന ശക്തികളും കോർപറേറ്റുകളും വിലയ്ക്കെടുക്കുകയാണോ. പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പിൽ ഒഴുക്കിയ കണക്കില്ലാത്ത പണം അത്തരമൊരു ചോദ്യമാണ്‌ രാജ്യത്തിനു മുന്നിൽ ഉയർത്തുന്നത്‌. ജനാധിപത്യം പണാധിപത്യത്തിനു മുന്നിൽ വഴിമാറുകയാണോ എന്ന ആശങ്ക ഉയർത്തുന്നതാണിത്‌. കോൺഗ്രസ്‌ എംഎൽഎമാരെ വിലക്കെടുത്ത്‌ സംസ്ഥാന ഭരണം ബിജെപി അട്ടിമറിച്ച പുതുച്ചേരിയിൽ നിയമസഭ തെരഞ്ഞെടുപ്പിലും ഒഴുക്കിയത്‌ കോടികളാണ്.‌‌ മാഹി ഒഴികെയുള്ള 29 മണ്ഡലത്തിലും ഓരോ വോട്ടിനും പണം നൽകി. റേഷൻ കാർഡുകളുടെ എണ്ണം കണക്കാക്കിയായിരുന്നു ആദ്യഘട്ട നോട്ടു വിതരണം. അഞ്ഞൂറു രൂപമുതൽ മൂവായിരം രൂപവരെ ഒരു വോട്ടിനു നൽകിയ പാർടികളുണ്ട്‌. നോട്ടു കെട്ടുകൾ ആരെ തുണയ്‌ക്കും? പുതുച്ചേരിയുടെ വിധി കോർപറേറ്റുകളുടെ മണികിലുക്കം തീരുമാനിക്കുമോ? ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരത്തിന്‌ മെയ്‌ രണ്ടുവരെ കാത്തിരിക്കേണ്ടിവരും.

പുതുച്ചേരിയിലെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇത്രയേറെ പണമൊഴുകിയ മറ്റൊരു തെരഞ്ഞെടുപ്പില്ല. നോട്ടുകെട്ടുകളാണ്‌ ജനാധിപത്യത്തെ വിലക്കെടുക്കാൻ വാരിവിതറിയത്‌. താമരപതിച്ച ഒരു ഗ്രാം സ്വർണനാണയവും പണവുമടക്കം വീടുകളിലെത്തി. ഓരോ കാർഡിനും അയ്യായിരം രൂപ വരെ കൊടുത്തുകൊണ്ടാണ്‌ തുടങ്ങിയത്‌. പിന്നീട്‌ ഓരോ വോട്ടർക്കും തലയെണ്ണി പണം നൽകി. ആരതി ഉഴിഞ്ഞും ചിഹ്നം പതിച്ചും സ്ഥാനാർഥിയെ സ്വീകരിച്ചവർക്ക്‌ വേറെയും പാരിതോഷികം ലഭിച്ചു. കോൺഗ്രസ്‌ എംഎൽഎമാരെ ബിജെപി കോടികൾ നൽകി വിലക്കെടുത്തതിന്റെ മറ്റൊരു പതിപ്പാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിലും മാഹി ഒഴികെയുള്ള മണ്ഡലങ്ങളിൽ കണ്ടത്‌.

ഇടതുപക്ഷ പാർടികൾ ഒഴികെ എല്ലാവരും പണം വീടുകളിലെത്തിച്ചു. ബിജെപി, എൻആർ കോൺഗ്രസ്‌, എഐഎഡിഎംകെ സഖ്യമാണ്‌ പണമൊഴുക്കിൽ മുന്നിലെത്തിയത്‌. അത്രത്തോളമില്ലെങ്കിലും കോൺഗ്രസും മോശമാക്കിയില്ല. മൂന്ന്‌മുതൽ അഞ്ച്‌ കോടിവരെ ഓരോ മണ്ഡലത്തിലും വിതരണം ചെയ്‌തുവെന്നാണ്‌ പുറത്തുവരുന്ന കണക്ക്‌. ബിജെപി കണ്ണുവച്ച തിരുനെല്ലാർ മണ്ഡലത്തിലാണ്‌ താമരചിഹ്നംപതിച്ച സ്വർണനാണയവിതരണം നടന്നത്‌. ശനീശ്വരൻ കോവിൽ ഉൾപ്പെടുന്ന കാരയ്‌ക്കലിലെ മണ്ഡലത്തിൽ സ്വതന്ത്രനും ബിജെപിയും നേർക്കുനേർ പോരാട്ടമായിരുന്നു. ഇവിടെ കോൺഗ്രസ്‌ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടാനാണ്‌ സാധ്യത.


 

നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ വോട്ടിന്‌ പണം നൽകുന്നതു പുതിയകാര്യമല്ല. ഓരോ പാർടിക്കാരും ഊഴമിട്ടു വീടുകളിൽ പണമെത്തിക്കാറുണ്ട്‌. എന്നാൽ, ഇത്തവണ നിയന്ത്രണങ്ങളില്ലാതെയുള്ള പണമൊഴുക്കായിരുന്നു. ജനാധിപത്യത്തെ വിലക്കെടുക്കാൻ പാകത്തിൽ ഇത്രയേറെ പണം എവിടെ നിന്നെത്തിയെന്ന ചോദ്യവും ഉയരുന്നുണ്ട്‌. വീടുകളിൽ പണമെത്തിക്കാനും വിതരണം നടന്നുവെന്ന്‌ ഉറപ്പിക്കാനും പ്രത്യേകസംഘങ്ങൾ ബിജെപിക്കും എൻആർ കോൺഗ്രസിനുമുണ്ടായിരുന്നുവെന്നാണ്‌ പുറത്തുവരുന്ന വിവരം.

ബിജെപിക്ക്‌ അടിത്തറയില്ലാത്ത സംസ്ഥാനമാണ്‌ പുതുച്ചേരി. തദ്ദേശ സ്ഥാപനങ്ങളിൽ പോലും അവർക്ക്‌ ആരുമുണ്ടായിരുന്നില്ല. കോൺഗ്രസ്‌ എംഎൽഎമാരെയും മന്ത്രിമാരെയും വിലക്കെടുത്തും മറ്റുപാർടികളിൽനിന്ന്‌ സ്ഥാനമോഹികളെ അടർത്തിയെടുത്തുമാണ്‌ ബിജെപി അടിത്തറയിട്ടത്‌. പുതുച്ചേരിയിൽ ഇത്തവണ അക്കൗണ്ട്‌ തുറക്കാനാണ്‌ കണക്കില്ലാതെ പണമെറിഞ്ഞത്‌. കൂടുതൽ പണം നൽകിയ ഉസുഡു, കാലാപ്പേട്ട്‌, കാമരാജ്‌ നഗർ മണ്ഡലത്തിലാണിപ്പോൾ ബിജെപി പ്രതീക്ഷയർപ്പിക്കുന്നത്‌.

നോട്ട്‌ കണക്കിൽ ബിജെപി വിജയം ഉറപ്പിക്കുന്ന കാലാപ്പേട്ടിൽ എൻആർ കോൺഗ്രസ്‌ നേതാവായ മുൻ വിദ്യാഭ്യാസമന്ത്രിയാണ്‌ ബിജെപി ബാനറിൽ മത്സരിച്ചത്‌. എസ്‌എസ്‌എൽസി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന്‌ പിടിക്കപ്പെട്ട്‌ മന്ത്രി പദവി നഷ്‌പ്പെട്ട ആളാണിത്‌. മത്സരിച്ച്‌ പണം നൽകിയ മണ്ഡലങ്ങളിലൊന്നാണ്‌ ലാസൽപേട്ട്‌ . ബിജെപി രണ്ടായിരം നൽകിയപ്പോൾ കോൺഗ്രസ്‌ ആയിരവുമായാണ്‌ വോട്ടറെ പിടിക്കാനിറങ്ങിയത്. കതിർ ഗ്രാമം മണ്ഡലത്തിൽ അഞ്ചാംക്ലാസ്‌ വിദ്യാർഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്‌ കൂടുതൽ പണം നൽകി വോട്ടുപിടിച്ചത്‌. പണം വാങ്ങി വോട്ടർമാർ പറ്റിക്കുമോ എന്നേ ഇനി അറിയാനുള്ളൂ.

ആർക്കാകും ഭൂരിപക്ഷം
തെരഞ്ഞെടുപ്പ്‌ അടുക്കുന്ന സമയത്ത്‌ വിലയുള്ള വോട്ട്‌ എന്ന മലയാള സിനിമാഗാനം പേലെയാണ്‌ പുതുച്ചേരിയിലെ കഥ. വോട്ടിനു നൽകിയ നോട്ട്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രവചനം പോലും അസാധ്യമാക്കുന്നുണ്ട്‌. 81.70 ശതമാനമാണ്‌ ഇത്തവണ പോളിങ്ങ്‌. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ്‌ രാഷ്‌ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്‌. മുപ്പത്‌ മണ്ഡലത്തിലും വാശിയേറിയ മത്സരമായിരുന്നു. യാനത്തും തട്ടാൻചാവടിയിലും മത്സരിച്ച മുൻ മുഖ്യമന്ത്രി എൻ രങ്കസ്വാമിക്ക്‌ യാനത്ത്‌ അഗ്നിപരീക്ഷയാണ്‌. സ്വതന്ത്ര സ്ഥാനാർഥി ശ്രീനിവാസ്‌ അശോക്‌ തെലുങ്ക്‌വികാരവുമായി മുന്നിലുണ്ട്‌. എൻഡിഎ സഖ്യത്തിൽ എൻആർ കോൺഗ്രസ്‌ പതിനഞ്ചിലും ബിജെപി ഒമ്പതിലും എഐഎഡിഎംകെ ആറു സീറ്റിലുമാണ്‌ മത്സരിച്ചത്‌.

യുപിഎ സഖ്യത്തിൽ തിരുഭുവനൈ, വില്യന്നൂർ, ബാഹൂർ, മുതലിയാർപേട്ട്‌, നെല്ലിത്തോപ്പ്‌, ഉപ്പളം, ടിആർപട്ടണം, കാരയ്‌ക്കൽ സൗത്ത്‌ മണ്ഡലങ്ങളിൽ ഡിഎംകെ ജയിക്കാനാണ്‌ സാധ്യത. ഒർളിയാംപേട്ട്‌, മണ്ണാടിപേട്ട്‌, മംഗളം മണ്ഡലങ്ങളിൽ കടുത്ത മത്സരവും കാഴ്‌ചവയ്‌ക്കുന്നു. കോൺഗ്രസ്‌ പതിനഞ്ചിലും ഡിഎംകെ പതിമൂന്നിലും സിപിഐ, വിടുതലൈസിരുതൈകൾ ഓരോ സീറ്റിലുമാണ്‌ മത്സരിച്ചത്‌. ഭരണകക്ഷിയായ കോൺഗ്രസിന്റെ ദയനീയമായ പതനമാകും പുതുച്ചേരിയിൽ. നെട്ടംപക്കം, കാരയ്‌ക്കൽ മണ്ഡലങ്ങളിലാണ്‌ കോൺഗ്രസിന്‌ നേരിയ പ്രതീക്ഷയുള്ളത്‌ . അഞ്ച്‌ മണ്ഡലത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക്‌ രഹസ്യമായി ഫണ്ട്‌ നൽകിയതും ബിജെപിയുമായി ബന്ധമുള്ളവരാണ്‌. ജയിച്ചാൽ ബിജെപിയിലെന്നതാണ്‌ ഡീൽ. കാറ്റ്‌ വീശുന്ന പുതുച്ചേരിയിൽ ഡിഎംകെയുടെ നിലമെച്ചപ്പെടുത്തുമെന്ന്‌‌‌ ഉറപ്പാണ്‌ . ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാകും ഭരണകക്ഷിയായിരുന്ന കോൺഗ്രസിന്‌ . കേവലഭൂരിപക്ഷത്തിലേക്ക്‌ എത്താൻ എൻഡിഎക്കും സാധിക്കില്ല. എൻആർ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനിടയുണ്ടെങ്കിലും ബിജെപിക്ക്‌ പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല. ഒർളായംപേട്ട‌, തിരുനെല്ലാർ, മാഹി, ഒഴുവർകരൈ മണ്ഡലങ്ങളിൽനിന്ന്‌ ജയിക്കുമെന്ന പ്രതീക്ഷിക്കുന്ന സ്വതന്ത്രരുടെ നിലപാടാകും നിർണായകമാകുക. നോട്ടൊഴുക്കി വോട്ടു പിടിക്കാനുള്ള ബിജെപി തന്ത്രം വിജയിക്കില്ലെന്ന്‌ ചുരുക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top