26 April Friday

നാട്ടിലേക്ക്‌ നീളുന്ന ആനത്താരകൾ - ഡോ. പി ഒ നമീർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


പി ടി -സെവൻ എന്ന ആന കുറച്ചുദിവസമായി ധോണി മേഖലയിൽ കൃഷിനാശവും  മനുഷ്യജീവന് ഹാനി  ഉണ്ടാക്കുകയും ചെയ്തിരുന്നു, അതിനെ കഴിഞ്ഞദിവസം വനം വകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത് ശ്ലാഘനീയമാണ്. കൂടാതെ കഴിഞ്ഞദിവസം വയനാട്ടിൽ  കടുവ നാട്ടിൽ ഇറങ്ങുകയും അവിടെയും ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്ന   സംഭവവും ഉണ്ടായി.

ഇത്തരം വന്യജീവി-–- മനുഷ്യ സംഘർഷങ്ങൾ അനുദിനം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അതിന്റെ കാരണങ്ങൾ  എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം. മനുഷ്യ–- വന്യജീവി സംഘർഷത്തെക്കുറിച്ച്‌ 2006–--2015ൽ കാർഷിക സർവകലാശാല ഒരു പഠനം നടത്തിയിരുന്നു. കേരളത്തിലെ 36 വനം ഡിവിഷനിലും പോയി അടിസ്ഥാനവിവരങ്ങൾ ശേഖരിച്ചു നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഏറ്റവും കൂടുതൽ വന്യജീവി- –- മനുഷ്യ സംഘർഷബാധിത വനം ഡിവിഷനുകൾ സൗത്ത് വയനാട്, നോർത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, കണ്ണൂർ, കാസർകോട്‌, മണ്ണാർക്കാട്, തൃശൂർ എന്നിവയാണ്. കൂടാതെ 48 ശതമാനം വന്യജീവി-–- മനുഷ്യ സംഘർഷം ഉണ്ടാക്കുന്നത് ആനകളും 22 ശതമാനം കാട്ടുപന്നികളുമാണെന്ന് ഈ പഠനത്തിൽ മനസ്സിലാക്കാൻ സാധിച്ചു.

കേരളത്തിൽ ആനകളുടെ 
എണ്ണം വർധിച്ചിട്ടുണ്ടോ ?
വനം വകുപ്പ്  2017ൽ നടത്തിയ ആനകളുടെ സെൻസസ് പ്രകാരം 5706 ആനകളാണ് കേരളത്തിൽ ഉള്ളത്. അതേസമയം, 2012ലെ വനം വകുപ്പിന്റെ തന്നെ കണക്കുപ്രകാരം കേരളത്തിൽ 6177 ആനകളുണ്ടായിരുന്നു. അപ്പോൾ ആനകളുടെ എണ്ണത്തിൽ 2012നും 2017നും ഇടയിലുള്ള അഞ്ചുവർഷക്കാലത്ത്‌ കുറവാണ് സംഭവിച്ചിരിക്കുന്നത്. മേൽസൂചിപ്പിച്ച പഠനത്തിൽ കേരളത്തെ നാല്‌  സോണായി തിരിച്ചാണ് ആന സെൻസസ് നടത്തിയിരിക്കുന്നത്. അതിൽ പിടി സെവൻ കാണപ്പെടുന്ന നിലമ്പൂർ സോണിൽ 2012ൽ 1044 ആനകളുണ്ടായിരുന്നു. എന്നാൽ, 2017 സെൻസസ് പ്രകാരം 710 ആനകളാണ് ഉള്ളത്‌.

അപ്പോൾ ചിലർ  ഇപ്പോൾ പ്രചരിപ്പിക്കുന്നതുപോലെ ആനയുടെ എണ്ണത്തിലെ ക്രമാതീതമായ വർധനയല്ല ഈ സംഘർഷങ്ങൾക്ക് കാരണമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മറിച്ച്‌ മറ്റ്‌ എന്തെങ്കിലുമാകാം. അത് എന്താണ്‌ എന്നത് നാം പരിശോധിക്കേണ്ടതായിട്ടുണ്ട്. ഓരോ സ്ഥലത്തെയും മനുഷ്യ- –-വന്യജീവി സംഘർഷങ്ങൾക്ക് കാരണങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പരിഹാരമാർഗങ്ങളും വ്യത്യസ്‌തമാകേണ്ടതുണ്ട്. ഒരു ഒറ്റമൂലി ഇല്ലെന്നർഥം. ആന- –  -മനുഷ്യ സംഘട്ടനം തടയുന്നതിനും ലഘൂകരിക്കുന്നതിനുമായി വ്യത്യസ്തമായ മാനേജ്മെന്റ് തന്ത്രങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നിരുന്നാലും  നിലവിലുള്ള പ്രതിരോധതന്ത്രങ്ങളിൽ ഭൂരിഭാഗവും ഹ്രസ്വകാല പരിഹാരങ്ങൾമാത്രം നൽകുന്ന ഘടകങ്ങളാൽ നയിക്കപ്പെടുന്നതിനാൽ മനുഷ്യ-–- ആന സംഘർഷം കുറയുന്നില്ലെന്നു മാത്രമല്ല,   പലപ്പോഴും സംഘർഷസാധ്യത ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ മാത്രമേ ഉപകരിക്കുന്നുള്ളൂ.


 

മനുഷ്യരും വന്യജീവികളും പൊതുവിഭവങ്ങൾക്കായി മത്സരിക്കുമ്പോൾ, സംഘർഷം സംഭവിക്കും. വ്യത്യസ്ത മാനേജ്‌മെന്റ് നിർദേശങ്ങളും സംഘർഷ ലഘൂകരണതന്ത്രങ്ങളും കൂടുതൽ വിവേകത്തോടെ നടപ്പാക്കേണ്ടതുണ്ട്. മനുഷ്യ–- -വന്യജീവി സംഘർഷ ലഘൂകരണം വനംവകുപ്പിനെക്കൊണ്ടുമാത്രം പരിഹരിക്കാനാകില്ല. കൃഷി, റവന്യൂ, മൃഗസംരക്ഷണം, ആദിവാസിക്ഷേമം, ഇൻഷുറൻസ് കമ്പനികൾ, ഭൂവിനിയോഗ ആസൂത്രകർ, വന്യജീവി ഗവേഷകർ, കൺസർവേഷൻ ബയോളജിസ്റ്റുകൾ എന്നിവരെല്ലാം പരസ്പര സഹകരണത്തോടെ നടപ്പാക്കേണ്ട ഒരു കാര്യമാണ്.  അവിടെ തീർച്ചയായും ഓരോ പ്രദേശത്തെയും നാട്ടുകാരുടെയും കർഷകരുടെയും  അഭിപ്രായങ്ങൾകൂടി നാം മുഖവിലയ്‌ക്കെടുക്കേണ്ടതായിട്ടുണ്ട്.

വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശവും ശിഥിലീകരണവും (habitat loss and fragmentation) പ്രശ്നത്തിന്റെ മൂലകാരണമാകാം. അത് സൂക്ഷ്‌മമായി പരിശോധിക്കുകയും ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുമുണ്ട്. മറ്റൊന്ന് വന്യജീവികൾ കാരണം കൃഷിനാശം സംഭവിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നഷ്ടപരിഹാരത്തുക ഉടൻ നൽകാനുള്ള  നടപടി അടിയന്തരമായി നടപ്പാക്കേണ്ടതാണ്. നഷ്ടപരിഹാരം തീർപ്പാക്കുന്നതിലുള്ള  കാലതാമസം നിർബന്ധമായും കുറയ്ക്കേണ്ടതുണ്ട്. അത് ഒരു സാഹചര്യത്തിലും ന്യായമായ കാലയളവിനപ്പുറത്തേക്ക് പോകരുത്. നൽകപ്പെടുന്ന നഷ്ടപരിഹാരത്തുക കർഷകന് ഉണ്ടായിട്ടുള്ള നാശം പൂർണമായും പരിഹരിക്കാൻ ഉതകുന്നതാകണം. അതിനാവശ്യമായ ഉചിതമായ നടപടിക്രമങ്ങൾ ഉടൻ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതുണ്ട്. ശിഥിലമായ വനമേഖലകളെയും  (fragmented forest patches) ഒറ്റപ്പെട്ട ആവാസ വ്യവസ്ഥകളെയും ബന്ധിപ്പിക്കുന്ന വന്യജീവി ഇടനാഴികൾ (wildlife corridors) സംരക്ഷിക്കുന്നതും ആന അടക്കമുള്ള വന്യജീവികളുടെ നാട്ടിലേക്കുള്ള സഞ്ചാരം കുറയ്ക്കാൻ സഹായകമാകും.

2016-ലെ നഷ്ടപരിഹാര വനവൽക്കരണ ഫണ്ട് നിയമം (The Compensatory Afforestation Fund Act, 2016) ആനകളുടെ ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും (habitat restoration), പുനരധിവാസകേന്ദ്രങ്ങൾ (rehabilitation centres) സ്ഥാപിക്കാനും ഫണ്ട് വിനിയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. ഇത് ആന–-- മനുഷ്യ സംഘർഷം കുറയ്ക്കുന്നതിന് നാം ഉപയോഗപ്പെടുത്തേണ്ടതായിട്ടുണ്ട്.

(കേരള കാർഷിക സർവകലാശാലയിൽ ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ വൈൽഡ്‌ ലൈഫ്‌ സയൻസ്‌ മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top