28 March Thursday

പിഎഫ് പെൻഷൻ : പ്രതീക്ഷയും ആശങ്കയും

അഡ്വ. ജി സുഗണൻUpdated: Friday Nov 11, 2022


പ്രോവിഡന്റ് ഫണ്ട് ഇന്ത്യൻ തൊഴിലാളികളെ സംബന്ധിച്ച്‌ നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആനുകൂല്യങ്ങളിൽ ഒന്നാണ്.  പിഎഫ്‌ പെൻഷൻ പദ്ധതിയിൽ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച തൊഴിലാളിവിരുദ്ധ വകുപ്പുകൾക്കെതിരെ നിരന്തരമായ സമരവും നിയമപോരാട്ടങ്ങളും നടത്തുകയായിരുന്നു രാജ്യത്തെ തൊഴിലാളികൾ.  73 ലക്ഷം തൊഴിലാളികളാണ് പിഎഫ് പെൻഷൻ പദ്ധതിയിൽ  അംഗങ്ങളായിട്ടുള്ളത്.  എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആൻഡ്‌ മിസലേനിയസ് പ്രൊവിഷൻസ് ആക്ട് 1952 മാർച്ച് നാലിനാണ് പ്രാബല്യത്തിൽ വന്നത്. ഈ നിയമത്തിലെ സെക്‌ഷൻ 5ന്റെ അടിസ്ഥാനത്തിൽ 1952 സെപ്തംബറിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്കീം നിലവിൽ വന്നു.  ഇതേ നിയമത്തിന്റെ  സെക്‌ഷൻ 6എ പ്രകാരം നിലവിൽ വന്നതാണ് എംപ്ലോയീസ് പെൻഷൻ സ്കീം 1995.  1995 നവംബർ 16നാണ് ഇത് രൂപീകരിച്ചത്. 

2014ൽ കേന്ദ്ര സർക്കാർ അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായി  പ്രോവിഡന്റ് ഫണ്ട് പെൻഷൻ സ്കീം ഭേദഗതി ചെയ്‌തു. കേരള ഹൈക്കോടതി ഇത് റദ്ദാക്കി. കേരള ഹൈക്കോടതി തീരുമാനം സുപ്രീംകോടതി രണ്ടുപ്രാവശ്യം ശരിവച്ചു. ഇതിനെതിരെ ഇപിഎഫ്ഒയുടെ ഹർജിയിലും തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക ഹർജിയിലുമാണ്‌ സുപ്രീംകോടതി അടുത്തിടെ  സുപ്രധാന  വിധി പറഞ്ഞത്‌. 

ജീവനക്കാർക്ക് ഭാഗിക ആശ്വാസ വിധിയാണിത്‌. 2014ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന എംപ്ലോയീസ് പെൻഷൻ (ഭേദഗതി) പദ്ധതിയുടെ നിയമപരമായ സാധ്യത കോടതി ശരിവച്ചെങ്കിലും ഭേദഗതിയിലെ തൊഴിലാളികൾക്ക് എതിരാകുന്ന ചില വ്യവസ്ഥകൾ റദ്ദാക്കിയിട്ടുണ്ട്‌.  15,000നു മുകളിൽ ശമ്പളം വാങ്ങുന്നവർ പെൻഷൻ പദ്ധതിയിലേക്ക് ശമ്പളത്തിന്റെ 1.16 ശതമാനം അധിക വിഹിതമായി നൽകണമെന്ന ഭേദഗതി ബെഞ്ച് റദ്ദാക്കി.  പെൻഷൻ പദ്ധതിയിലേക്ക് തൊഴിലാളികളുടെ വിഹിതം കണക്കാക്കാൻ അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്‌ 15,000 രൂപ  പരിധി വച്ചത് ശരിവയ്ക്കുകയും ചെയ്തു.

നിലവിൽ പദ്ധതിയിൽ ചേരുന്നതിന് നേരത്തേ നൽകിയ സമയപരിധി ഓപ്ഷൻ ഉപയോഗിക്കാത്തവർക്കും അതിന് അർഹതയുള്ളവരുമായ  എല്ലാ ജീവനക്കാർക്കും പദ്ധതിയിൽ ചേരാൻ  സമയപരിധി നാല്‌ മാസത്തേക്കുകൂടി നീട്ടി നൽകി.  ഭേദഗതി ചെയ്ത വ്യവസ്ഥകൾപ്രകാരമുള്ള ശേഷിക്കുന്ന മുഴുവൻ കാര്യങ്ങളും പാലിക്കേണ്ടതാണെന്നും ബെഞ്ച് ഉത്തരവിൽ പറയുന്നു.

വിരമിക്കുന്നതിനു മുമ്പുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും പെൻഷൻ നിശ്ചയിക്കുന്നതിന് കണക്കാക്കുകയെന്ന ഭേദഗതിയിലെ വ്യവസ്ഥ ബെഞ്ച് നിലനിർത്തി.  ഇത് ലഭിക്കുന്ന പെൻഷനിൽ കാര്യമായ നഷ്ടമുണ്ടാക്കും. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും അത് പദ്ധതിയിലെ നിലനിൽപ്പിനെ ബാധിക്കുമെന്നുമായിരുന്നു  ഇപിഎഫ്ഒയുടെയും  തൊഴിൽ മന്ത്രാലയത്തിന്റെയും വാദം.

പെൻഷൻ കണക്കാക്കുന്നതിന്‌  15,000 രൂപയുടെ പരിധി സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്‌ എന്നാണ് മനസ്സിലാക്കേണ്ട കാര്യം. അറിയേണ്ട മറ്റൊരു കാര്യം ഇനി പറയുന്നതാണ്‌.  നിലവിലെ പെൻഷൻ പദ്ധതി അംഗമായ,  15,000 രൂപയ്ക്കുമുകളിൽ ശമ്പളമുള്ളവർക്ക് അധിക തുകയ്ക്ക് 1.16 ശതമാനം തുക നൽകി ഉയർന്ന പെൻഷനിലേക്ക് മാറാൻ ആറു മാസത്തെ സമയം നേരത്തേ അനുവദിച്ചിരുന്നു.  ഇതിൽ വ്യക്തതയില്ലാത്തതിനാൽ സ്കീമിൽ ചേരാനുള്ള ഓപ്ഷൻ പലരും ഉപയോഗപ്പെടുത്തിയിട്ടില്ല. ഈ  ജീവനക്കാർക്ക് ഉയർന്ന ഓപ്ഷൻ പ്രയോഗിക്കാൻ നാലു മാസംകൂടി നൽകുന്നുവെന്ന്‌ ഇപ്പോഴത്തെ വിധിയിൽ  സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌. പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന തുക ഈടാക്കാനുള്ള ഓപ്ഷൻ ഇക്കാലയളവിനുള്ളിൽ നൽകാം.

15,000 രൂപയ്ക്ക് മുകളിൽ വരുന്ന തുകയ്ക്ക് 1.16 ശതമാനം അധിക വിഹിതം ജീവനക്കാർ നൽകണമെന്ന വ്യവസ്ഥ റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന്‌  ഫണ്ട് കണ്ടെത്താൻ സർക്കാരിന് സാവകാശം നൽകിയിട്ടുണ്ട്‌. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നൽകണമെന്ന ഭേദഗതി റദ്ദാക്കിയത് വീണ്ടും നടപ്പാക്കുന്നത്‌ ആറു മാസത്തേക്ക് കോടതി മരവിപ്പിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഭേദഗതി വിജ്ഞാപനം വന്ന 2014 സെപ്തംബർ ഒന്നിനു മുമ്പ് ഉയർന്ന ഓപ്ഷൻ നൽകാതെ വിരമിച്ചവർക്ക് ആ നിരക്കിൽ പെൻഷൻ ലഭിക്കില്ല. 2014 സെപ്തംബർ ഒന്നിനു മുമ്പ് വിരമിച്ചവരിൽ ഓപ്ഷൻ നൽകിയവർക്ക് വിധിയുടെ ആനുകൂല്യം ലഭിക്കും. 

ഉയർന്ന പെൻഷൻ ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഇപിഎഫ്ഒയും കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ അപ്പീൽ 2019ൽ സുപ്രീംകോടതി പ്രാരംഭഘട്ടത്തിൽത്തന്നെ തള്ളിയതാണ്. പെൻഷന് ആശ്രയിക്കുന്ന ശമ്പളം അവസാനത്തെ 12 മാസത്തിനു പകരം 60 മാസത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കണമെന്ന തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കിയത് തെറ്റാണെന്ന്‌ കേന്ദ്ര സർക്കാർ ശക്തമായി വാദിച്ചു.  സാധാരണ തൊഴിലാളികൾ,  സ്ത്രീകൾ എന്നിവർക്കെല്ലാം അസുഖങ്ങളും മറ്റും കാരണം അവസാന വർഷം ശമ്പളം കുറയാനുള്ള സാധ്യതയുണ്ടെന്നും, ഇത് പെൻഷൻ കുറയാൻ ഇടയാക്കുമെന്നുമുള്ള വിചിത്രമായ വാദമാണ് തൊഴിൽ മന്ത്രാലയവും ഇപിഎഫും ഉന്നയിച്ചത്‌. എന്തായാലും 15,000 രൂപയിൽ കൂടുതലുള്ള ശമ്പളത്തിന് ആനുപാതികമായ തുകയ്ക്ക് 1.16 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ബെഞ്ച് അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചത് തൊഴിലാളികൾക്ക് ആശ്വാസകരമാണ്.  എന്നാൽ,  2014 സെപ്തംബർ ഒന്നിനു മുമ്പ് വിരമിച്ചവർക്ക് പുതുതായി പെൻഷന് ഓപ്ഷൻ നൽകാൻ ഈ വിധിയനുസരിച്ച് അവസരമില്ല. വളരെ നിരാശാജനകമായ ഒരു തീരുമാനമാണിത്.

പെൻഷൻ കണക്കാക്കുന്നതിന്‌  12 മാസത്തെ ശരാശരി ശമ്പളമെന്നത്‌  60 മാസമാക്കുന്നത് ഒരുപാട്‌ പേരെ വലിയതോതിൽ  ബാധിക്കും. അവസാന വർഷങ്ങളിൽ ശമ്പളപരിഷ്കരണം, പ്രൊമോഷൻ തുടങ്ങി ഉയർന്ന ശമ്പളത്തിന് അർഹതയുണ്ടായാലും അതിന്റെ ഗുണം പെൻഷനിൽ ലഭിക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top