മനുഷ്യകുലത്തിന്റെ ചരിത്രഗതിയെത്തന്നെ ശക്തമായി സ്വാധീനിച്ച സമത്വവാദിയാണ് മുഹമ്മദ് നബി. ഇരുൾ മുറ്റിയ നാളുകളിൽ മാനവികസമൂഹത്തെ സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും നീതിബോധത്തിന്റെയും വെളിച്ചമേകി പുതുപാതയിലൂടെ അദ്ദേഹം വഴിനടത്തി. ശത്രുതയുടെയും വർഗ, വർണ വെറിയുടെയും കാലുഷ്യം നിറഞ്ഞ ചരിത്രപരിസരത്തുനിന്ന് മാനവരാശിയെ മുഴുവൻ മുഹമ്മദ് അഭിസംബോധന ചെയ്തത് "ഹേ മനുഷ്യരേ’ എന്നാണ്.
മനുഷ്യസമൂഹത്തെ ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോദര സഹോദരന്മാരായും മുഹമ്മദ് നബി കണ്ടു. മെക്കയിലെ ധനികരായ അധികാരിവർഗങ്ങളുടെ അമിതാധികാര പ്രയോഗത്തിനെതിരെ പ്രവാചകൻ സധൈര്യം പൊരുതി. ചൂഷണങ്ങൾക്കും ക്രൂരമായ മർദനങ്ങൾക്കും വിധേയരായ, തൊഴിലാളികളും അടിമകളും പാവങ്ങളും ആയിരുന്ന ആദ്യകാല അനുയായികൾക്കായി ജീവൻ പണയപ്പെടുത്തി അടരാടി. നൂറ്റാണ്ടുകളുടെ ചൂഷണത്തിന്റെയും അസമത്വത്തിന്റെയും വേദന പേറിയ അറേബ്യൻ ജനത മുഹമ്മദ് നബിയുടെ ആഗമനത്തോടെ പുതുയുഗം സ്വപ്നംകണ്ടു. അധികാരിവർഗവും സമ്പന്നരും വരേണ്യരും മുഹമ്മദിന്റെ സമത്വവാദത്തെ എതിർത്തു. സമ്പത്തിന്റെ വികേന്ദ്രീകരണത്തിലൂടെ മാത്രമേ മനുഷ്യർക്ക് സാമ്പത്തിക അടിമത്തത്തിൽനിന്ന് മോചനമുണ്ടാകൂ എന്നായിരുന്നു പ്രവാചകന്റെ പക്ഷം. ബ്രിട്ടീഷ് എഴുത്തുകാരി കാരൺ ആംസ്ട്രോങ് "ഇസ്ലാം എ ഷോർട്ട് ഹിസ്റ്ററി’ എന്ന പുസ്തകത്തിന്റെ പ്രഥമ അധ്യായത്തിൽ മുഹമ്മദിന്റെ കാഴ്ചപ്പാടുകളെ ക്രോഡീകരിച്ചു പറഞ്ഞത് ഇങ്ങനെയാണ്: "സ്വകാര്യസമ്പാദ്യം കുന്നുകൂട്ടി വയ്‌ക്കുന്നത് പാപമാണെന്ന് മുഹമ്മദ് പ്രഖ്യാപിച്ചു. സമ്പത്ത് പങ്കിടുകയും ദുർബലരെയും ശേഷി കുറഞ്ഞവരെയും ആദരവോടെ പരിഗണിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതാണ് നന്മയെന്നും അദ്ദേഹം സിദ്ധാന്തിച്ചു’.
വരേണ്യഗോത്രങ്ങളും അധികാരിവർഗവും മുഹമ്മദിന്റെ അധ്യാപനങ്ങളെ വിശ്വാസ വ്യതിചലനമായല്ല, പരമ്പരാഗത സാമ്പത്തിക അധികാര താൽപ്പര്യങ്ങളുടെ നേർക്ക് സമത്വത്തിന്റെ വാൾ ചുഴറ്റിയ അപകടകാരിയായാണ് കണ്ടത്. അതുകൊണ്ടാണ് നബിയെ പിന്തുടർന്നവർ ക്രൂരമായി അടിച്ചമർത്തപ്പെട്ടതും നാടുകടത്തപ്പെട്ടതും. അത്തരമൊരു പതിത സമൂഹത്തിന്റെ സുന്ദരമായ വിജയ മുഹൂർത്തങ്ങളായാണ് ബദർയുദ്ധ വിജയവും മെക്ക ജയിച്ചടക്കിയ ഐതിഹാസിക സംഭവവും ഗണിക്കപ്പെടുന്നത്. ഉള്ളവർ ശത്രുപക്ഷത്തും ഇല്ലാത്തവർ മുഹമ്മദിന്റെ പക്ഷത്തും അണിനിരന്നു. വർഗവെറിയന്മാർ മുഹമ്മദിനെ എതിർത്തു. വെള്ളത്തൊലിയിൽ മാഹാത്മ്യമില്ലെന്ന മുഹമ്മദ് നബിയുടെ വാദം അംഗീകരിച്ചവർ അദ്ദേഹത്തിന് പ്രതിരോധകവചം തീർത്തു.
ജന്മനാടായ മെക്കയിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവർ വർഷങ്ങൾക്കുശേഷം ജന്മദേശത്തേക്ക് തിരിച്ചെത്തി. ക്രൂരത ചെയ്തവർക്കു മുന്നിൽ മുഹമ്മദും കൂട്ടരും ദയയുടെ പർവം തീർത്തു."നിങ്ങൾ സ്വതന്ത്രരാണ്. ആരും നിങ്ങളോട് പ്രതികാരം ചെയ്യില്ലെന്ന്' വിജയദിനത്തിൽ മെക്കാ നിവാസികളോട് മുഹമ്മദ് ഉദ്‌ഘോഷിച്ചു. മുഹമ്മദ് നബിയുടെ ജീവിതകാലത്ത് ഇസ്ലാമിക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിനായി നിരവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. പ്രവാചകത്വം ലഭിച്ച് മുഹമ്മദ് നബി മരിക്കുന്നതുവരെയുള്ള 23 വർഷം നടന്ന യുദ്ധങ്ങളിൽ മുസ്ലിം പക്ഷത്തും ശത്രുപക്ഷത്തുംകൂടി മരിച്ചവരുടെ എണ്ണം കേവലം ആയിരത്തിൽ താഴെയാണ്. മനുഷ്യജീവന് ഇസ്ലാം കൽപ്പിക്കുന്ന വിലയാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഏറ്റവും കുറഞ്ഞ മനുഷ്യജീവനുകളുടെ പിൻബലത്തിലാണ് മുഹമ്മദ് ഒരു രാഷ്ട്രനിർമിതി യാഥാർഥ്യമാക്കിയത്. പ്രതിരോധത്തിനായി യുദ്ധത്തിനു പോകുന്ന യോദ്ധാക്കളോട് നബി പറഞ്ഞത് ഇപ്രകാരമാണ്: "സ്ത്രീകളെയും കുട്ടികളെയും വയോധികരെയും ഉപദ്രവിക്കരുത്. അവരെ കൊല്ലരുത്. ഇങ്ങോട്ട് ആക്രമിക്കാൻ വരുന്നവരെമാത്രം നേരിടുക. ഫലവൃക്ഷങ്ങൾ വെട്ടിനശിപ്പിക്കരുത്. ജലാശയങ്ങൾ മലിനമാക്കരുത്. സമാധാനം കാംക്ഷിച്ച് വെള്ളക്കൊടി എതിരാളികളുടെ ഭാഗത്തുനിന്നുയർന്നാൽ അവരോട് സന്ധിചെയ്യണം’. നബി അറേബ്യയിൽ സാധ്യമാക്കിയ മാറ്റത്തിന്റെ സൗന്ദര്യവും പ്രസക്തിയും മേൽപ്രഖ്യാപനത്തിൽനിന്ന് ബോധ്യമാകും. മാനവികതയുടെ പരമമായ പ്രഘോഷണമായാണ് അതിനെ ചരിത്രം രേഖപ്പെടുത്തിയത്.
ഗോത്രപ്പോരും ജാതിവ്യവസ്ഥയും അരങ്ങ് വാണിരുന്ന ജനതയെയാണ് സമാനതകളില്ലാത്ത പരിവർത്തനത്തിന് മുഹമ്മദ് വിധേയമാക്കിയത്. ഭൂതകാലത്തെ ഉജ്വലമായ സാമൂഹ്യപരിഷ്കരണത്തിന്റെ മാതൃകയായാണ് പ്രവാചകന്റെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തപ്പെട്ടത്. തൊഴിലാളിയുടെയും പാവപ്പെട്ടവന്റെയും വേദനയ്‌ക്ക് ഒപ്പമായിരുന്നു മുഹമ്മദിന്റെ പ്രത്യയശാസ്ത്രം എപ്പോഴും ചേർന്നുനിന്നത്. നബിയോട് ഒരിക്കൽ അനുചരൻമാരിൽ ഒരാൾ ഏതു കർമമാണ് അത്യുൽക്കൃഷ്ടവും അത്യുദാത്തവുമെന്ന് ചോദിച്ചു. "കൈകൊണ്ട് അധ്വാനിച്ചു ജീവിക്കുന്നതിനേക്കാൾ വലിയ നന്മ വേറെയില്ല’ എന്നായിരുന്നു മറുപടി. തൊഴിലിനെയും തൊഴിലാളികളെയും വളരെയധികം ഇസ്ലാം പ്രോത്സാഹിപ്പിച്ചു. "നിങ്ങൾ തൊഴിലാളിക്ക് അവന്റെ വിയർപ്പ് വറ്റുംമുമ്പുതന്നെ വേതനം നൽകുക’ –-നബി വളച്ചുകെട്ടില്ലാതെ പറഞ്ഞു.
ചൂഷണാധിഷ്‌ഠിത വ്യവഹാരങ്ങളെ പ്രവാചകൻ പൂർണമായും തള്ളിക്കളഞ്ഞു. ഊഹക്കച്ചവടം നിഷിദ്ധമാക്കി. അളവിലും തൂക്കത്തിലും കുറച്ച്, പറ്റിക്കരുതെന്ന് നിഷ്കർഷിച്ചു. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും കൊള്ളലാഭവും നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ചു. പലിശ എന്നന്നേക്കുമായി നിരോധിച്ചു. ആധുനിക മുതലാളിത്ത സാമ്പത്തിക സംസ്കാരത്തെയും അവ സമൂഹത്തിൽ സൃഷ്ടിക്കുന്ന വലിയ സാമ്പത്തിക വിടവിനെയും മുഹമ്മദ് അംഗീകരിച്ചില്ല. ചൂതാട്ടവും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ലൈംഗിക അരാജകത്വവും നിഷിദ്ധമാക്കി. ധനം ഒരിടത്തുമാത്രം കുന്നുകൂടുകയും ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഇന്നത്തെ മുതലാളിത്ത സമ്പദ്ഘടനയ്‌ക്ക്, "സക്കാത്ത്’ അഥവാ നിർബന്ധ ദാനമെന്ന ഒഴിച്ചുകൂടാനാകാത്ത ബാധ്യതകൊണ്ട് ഒരു "പ്രായോഗിക ബദൽ’ അദ്ദേഹം മുന്നോട്ടുവച്ചു.
മെക്കയിൽനിന്ന് അടിച്ചിറക്കപ്പെട്ട് മദീനയിലേക്ക് പലായനം ചെയ്ത "മുഹാജിറുകളെ" (പലായനം ചെയ്‌ത് എത്തിയവർ) മദീനയിലെ അനുയായികൾ തങ്ങളുടെ സമ്പത്തിന്റെയും പാർപ്പിടത്തിന്റെയും പകുതി നൽകിയാണ് സ്വാഗതം ചെയ്തത്. വ്യക്തിപരതയുടെയും സ്വാർഥതയുടെയും ലോകത്ത് പങ്കുവയ്‌ക്കലിന്റെയും സഹവർത്തിത്വത്തിന്റെയും വലിയ മാതൃകയാണ് മുഹമ്മദ് നബി കാണിച്ചത്. പരാധീനതകൾ അനുഭവിക്കുന്നവരെ സാമ്പത്തികമായും മാനസികമായും സഹായിക്കുന്നതിന്റെ പ്രാധാന്യത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. നിർബന്ധദാനത്തിനു പുറമെ ‘സ്വദഖ' (ദാനം) വളരെ പുണ്യപ്രവൃത്തിയായാണ് അനുയായികൾക്ക് നബി പരിചയപ്പെടുത്തിയത്. അനാഥസംരക്ഷണം വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം എണ്ണി.
ആർഭാടങ്ങളെയോ ദുർവ്യയങ്ങളെയോ പ്രവാചകൻ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. ലളിതമായ ജീവിതമാണ് നബി നയിച്ചത്. മദീനയിലേക്ക് പലായനം ചെയ്തതിനുശേഷം വിവിധ ദേശക്കാർ പ്രവാചകന്റെ അനുയായികൾ ആയതോടെ ഇസ്ലാം കൂടുതൽ നാടുകളിലേക്ക് വികസിച്ചപ്പോഴും ഒരു "ഫഖീറാ’യി (ദരിദ്രൻ) ജീവിക്കാനാണ് മുഹമ്മദ് താൽപ്പര്യപ്പെട്ടത്. "തന്റെ ജനതയ്‌ക്ക് ദാരിദ്ര്യം വന്നുഭവിക്കുന്നതിനെയല്ല, അവരിൽ സമ്പത്ത് കുമിഞ്ഞുകൂടുന്നതിനെയാണ് താൻ ഭയപ്പെടുന്നതെന്ന്’ പ്രവാചകൻ മൊഴിഞ്ഞു. മദീനയിൽ ലളിതവും എന്നാൽ സുഭദ്രവുമായ ഭരണസംവിധാനം നബി സ്ഥാപിച്ചു. അധികാരത്തിന്റെ മേൽക്കോയ്മയും ശക്തിയും ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. പരസ്പരം പോരടിച്ചിരുന്ന സങ്കീർണമായ ഗോത്ര സമവാക്യങ്ങൾ മുഹമ്മദ് നബി തിരുത്തിയെഴുതി. മദീനയിൽ എത്തിയ ഉടനെ ‘മദീന ചാർട്ടർ’ എന്നപേരിൽ അറിയപ്പെട്ട ഭരണഘടനയ്‌ക്ക് രൂപംനൽകി. പരസ്പര ബഹുമാനത്തോടെയും സഹോദര സമുദായങ്ങളെ അംഗീകരിച്ചുമാണ് മുഹമ്മദ് ഭരണസംവിധാനം മുന്നോട്ടു ചലിപ്പിച്ചത്.
നബി ഒരു തവണയേ ഹജ്ജ് നിർവഹിച്ചിട്ടുള്ളൂ. ആ വേളയിൽ അറഫാ മൈതാനത്ത് തടിച്ചുകൂടിയ വിവിധ ദേശക്കാരെയും വിഭിന്ന സംസ്‌കാരമുള്ളവരെയും മുൻനിർത്തി, ലോകമാകെ പ്രചരിപ്പിക്കുകയെന്ന് ആവശ്യപ്പെട്ട്, അദ്ദേഹം പ്രഖ്യാപിച്ചത് മുഴുവൻ മനുഷ്യാവകാശങ്ങളെക്കുറിച്ചാണ്. കാലുഷ്യം നിറഞ്ഞ വർത്തമാന ഇന്ത്യൻ സാമൂഹ്യ സാഹചര്യത്തിൽ നന്മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമഭാവനയുടെയും പ്രസരണത്തിനാകട്ടെ പ്രവാചകനെ അനുസ്മരിക്കുന്ന നബിദിന ആഘോഷങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..