29 March Friday
നാളെ പ്രൊഫ. എം കൃഷ്ണൻനായരുടെ ജന്മശതാബ്ദി

പ്രൊഫ. എം കൃഷ്ണൻനായർ ; നിരൂപണത്തെ സർഗാത്മകമാക്കിയ ‘ഷെർലക്‌ഹോംസ്‌’

ലെനി ജോസഫ്‌Updated: Thursday Mar 2, 2023

ദുർഗ്രഹങ്ങളായ വാക്യങ്ങൾക്കു പകരം ലാളിത്യത്തിന്റെ മധുരവും ജനപ്രിയതയുടെ ചേരുവകളും ചേർത്താണ്‌ നിരൂപണത്തെ പ്രൊഫ. എം കൃഷ്ണൻനായർ ജനകീയമാക്കിയത്‌. അദ്ദേഹം ‘ലിറ്റററി ജേർണലിസ’മെന്നു പേർചൊല്ലി വിളിച്ച ‘സാഹിത്യവാരഫലം’  പണ്ഡിതനെന്നോ പാമരനെന്നോ ഉള്ള വ്യത്യാസമില്ലാതെ ആളുകൾ  വായിച്ചാസ്വദിച്ചു. വിദേശഭാഷകളിലുള്ള കൃതികളെയും സാഹിത്യകാരന്മാരെയും സാധാരണക്കാരനു പരിചയപ്പെടുത്തിയ, അനന്യശൈലിയിലുള്ള ഇത്തരമൊരു പംക്തി ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോയെന്നു സംശയം.

ഹാസ്യവും ലൈംഗികതയും നുറുങ്ങുകളും സാമൂഹ്യവിമർശവും നർമത്തിൽ പൊതിഞ്ഞ നിർവചനങ്ങളുമൊക്കെ വായനയിൽ ആസക്തിയുണ്ടാക്കാൻ പോന്നവിധം അദ്ദേഹം മേമ്പൊടിയാക്കി. വൈദേശിക കൃതികളുടെ സംഗ്രഹം അദ്ദേഹം പലപ്പോഴും പംക്തിയിൽ ചേർത്തു.  സ്വദേശത്തും വിദേശത്തുമുള്ള എഴുത്തുകാരും പുസ്‌തകങ്ങളും അദ്ദേഹത്തിന്റെ താഡനങ്ങൾക്കും തലോടലുകൾക്കും പാത്രമായി. മൂർച്ചയുള്ള വിമർശനങ്ങൾക്ക്‌ ജീവിച്ചിരിക്കുന്നവരെന്നോ മരിച്ചവരെന്നോ ഭേദമില്ലായിരുന്നു. ഒന്നാംകിട സാഹിത്യകാരന്മാർ മുതൽ പൈങ്കിളി നോവലിസ്റ്റുകൾ വരെ അദ്ദേഹത്തിന്റെ വാക്‌ശരങ്ങളേറ്റു വീണു. പംക്തിയിൽ അനുകൂലമായോ പ്രതികൂലമായോ ഉള്ള പ്രതികരണത്തിൽ സ്വന്തം പേര്‌ അച്ചടിച്ചുകാണാൻ പലരും കൊതിച്ചു.

പൈങ്കിളിക്കഥയെ ആക്രമിക്കാൻ ‘പ്ലേഗ്‌’
പൈങ്കിളിക്കഥയെ വിമർശിക്കാൻ പോലും അദ്ദേഹം വിശ്വസാഹിത്യത്തിലെ പ്രഖ്യാത കൃതിയെയാകും കൂട്ടുപിടിക്കുക. ഒരു ഉദാഹരണമിതാ:  അൽബേർ കമ്യൂവിന്റെ “പ്ലേഗ്” എന്ന നോവൽ വായിച്ചിട്ടില്ലേ? പ്ലേഗ് ഒരു സാർവലൗകികാവസ്ഥയാണെന്നു കമ്യൂ പറയുന്നു. താൽക്കാലികമായി പ്ലേഗ് പട്ടണത്തിൽനിന്ന്‌ അപ്രത്യക്ഷമാകുകയാണ്‌. എങ്കിലും അതു വീണ്ടും വരും. ആ പ്ലേഗിനെതിരായി, - മരണത്തിനെതിരായി - സമരം ചെയ്യുകയാണ്‌ വേണ്ടത്‌. നമ്മളെ ഭീഷണിപ്പെടുത്തുന്ന ലോകത്തോടു പടവെട്ടി ‘റെബലാകുക’ (rebel) എന്നാണ്‌ കമ്യൂവിന്റെ നിർദേശം. പ്ലേഗ് വീണ്ടും വരുമെന്ന്‌ അദ്ദേഹം പറഞ്ഞില്ലേ? വന്നിട്ടുണ്ട്‌. അഖിലയുടെ “പകലുറക്കത്തിലെ സ്വപ്നം” എന്ന പൈങ്കിളിക്കഥയായി. “എന്റെ സേതുവേട്ടാ, എന്റെ സേതുവേട്ടാ” എന്ന്‌ കഥയിലെ അനിത വിളിക്കുന്നതുപോലെ “എന്റെ പ്ലേഗേ, എന്റെ പ്ലേഗേ” എന്നു നമ്മളും വിളിച്ചുപോകുന്നു. എത്ര വേണമെങ്കിലും നിങ്ങൾ ‘റെബല്യസാ’യിക്കൊള്ളൂ. മരണം നിങ്ങളെ കീഴ്പ്പെടുത്തും. പൈങ്കിളിക്കഥ എന്ന മരണം എന്നെയും നിങ്ങളെയും കൊണ്ടുപോകും.

സാഹിത്യമോഷണം കണ്ടെത്തുന്നതിലെ വൈദഗ്ധ്യം അദ്ദേഹത്തിന്‌  സാഹിത്യത്തിലെ ഷെർലക്‌ഹോംസ്‌ എന്ന പേര്‌ നേടിക്കൊടുത്തു. ഒ വി വിജയന്റെ  ‘കടൽത്തീരത്ത്’ എന്ന കഥ അലൻ പേറ്റന്റെ  ‘Cry My Beloved Country’ യുടെ പകർപ്പാണെന്ന്‌ അദ്ദേഹം  പറഞ്ഞത്‌ വലിയ അലയൊലികളുണ്ടാക്കി. വത്സലയുടെ ‘ഗൗതമന്‌’ കുറ്റ്സെയുടെ നോവലുമായുള്ള സാദൃശ്യവും അദ്ദേഹം കണ്ടെത്തി.

സാഹിത്യചോരണം എന്ന അർഥത്തിൽ പറയുകയല്ല എന്നു മുൻകൂർ ജാമ്യമെടുത്തിട്ടാണ്‌ ചന്തുമേനോന്റെ ഇന്ദുലേഖയും ഡിസ്റേലിയുടെ ഹെൻട്രീറ്റ ടെമ്പിളും സി വി രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ’യും വാൾട്ടർ സ്കോട്ടിന്റെ ‘ഐവാണോ’യും സി വിയുടെ ‘പ്രേമാമൃത’വും മേരിക്കോർലിയുടെ  ‘വെൻഡെറ്റ’യും സ്റ്റൈൻബെക്കിന്റെ ‘ഗ്രേപ്സ് ഒഫ് റാത്തും’ എസ്‌ കെ പൊറ്റെക്കാട്ടിന്റെ ‘വിഷകന്യക’യും   ജി ശങ്കരക്കുറുപ്പിന്റെ ‘സാഗരസംഗീത’വും സി ആർ ദാസിന്റെ ‘സാഗരഗീത’വും (അരവിന്ദ ഘോഷിന്റെ ഇംഗ്ലീഷ് തർജമ) ഗവേഷണത്തിനുകൊള്ളാമെന്ന്‌ കൃഷ്ണൻനായർ പറഞ്ഞത്‌.

എഴുത്തച്ഛനു മുകളിൽ ചങ്ങമ്പുഴ
കവികളിൽ ചങ്ങമ്പുഴയെയാണ്‌ അദ്ദേഹം പ്രഥമസ്ഥാനത്തു പ്രതിഷ്ഠിച്ചത്‌.  പ്രകൃത്യതീത ശക്തിയുള്ളയാളാണ്‌ ചങ്ങമ്പുഴയെന്നും പോയറ്റിക്ക്‌ ഇൻസ്‌പെറേഷനിൽ എഴുത്തച്ഛൻ പോലും അദ്ദേഹത്തിന്റെ അടുത്തുവരില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മതം. ചങ്ങമ്പുഴയ്‌ക്കുശേഷമുള്ള കവികൾ അദ്ദേഹത്തിന്റെ കവിതകളുടെ പ്രതിധ്വനികളായ കവിതകളാണ്‌ എഴുതിയത്‌. അവയ്‌ക്കൊന്നും അപൂർവസിദ്ധത (ഒർജിനാലിറ്റി)യില്ലെന്നു പറഞ്ഞ അദ്ദേഹം വയലാറിനെ ഉൾപ്പെടെ  മാറ്റൊലിക്കവികളുടെ പട്ടികയിലാക്കി. ഒ എൻ വിയുടെ സൂര്യഗീതത്തെ പരമോന്നതനേട്ടം എന്നു വിശേഷിപ്പിച്ചു. വയലാറിനാണ്‌ ഒ എൻ വിയേക്കാൾ സർഗശക്തികൂടുതലെന്നു പറയുന്നവരെ അപക്വമതികൾ എന്ന്‌ വിളിച്ചു. കവിത സ്വാഭാവികമായി ഉണ്ടാകേണ്ടതല്ല, മാനുഫാക്ചർ ചെയ്യപ്പെടേണ്ടതാണെന്നു തെളിയിച്ചയാളെന്നാണ്‌ ഉളളൂരിനുള്ള വിശേഷണം. റീയലിസ്റ്റിക് കാലയളവിലെ അദ്വിതീയനായ കലാകാരനെന്ന്‌  ഉറൂബിനെ വിശേഷിപ്പിച്ചു. ഉറൂബ്‌ തകഴിയേക്കാൾ നൂറുവട്ടം  കേമനാണെന്നു നിരീക്ഷിച്ചു.

ഗദ്യകവിത പ്രതിസ്ഥാനത്ത്‌
കൃഷ്‌ണൻനായരുടെ അഭിപ്രായത്തിൽ ആധുനികത മാസ് ഹിസ്റ്റീരിയ ആണ്‌.  അത് അപ്രത്യക്ഷമാകുകയും കാൽപ്പനികത തിരികെ വരികയും ചെയ്യും. എക്സിസ്റ്റെൻഷ്യലിസം അഥവാ അസ്തിത്വവാദം  കൃഷ്ണൻനായർക്ക്‌  ഷാങ്പോൾ സാർത്ര്‌ മരിക്കുന്നതിനു മുമ്പ്‌ മരിച്ച ഭ്രാന്തായിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന മറ്റൊന്നാണ്‌ സ്ട്രക്ചറലിസം.

‘‘ഗദ്യകവിത പ്രതിപാദ്യവിഷയത്തെ ധിഷണയുടെ മുമ്പിൽ നിർത്തുന്നു. ഹൃദയത്തിന്റെ മുമ്പിൽ നിർത്തുമ്പോഴാണ് അതു കവിതയാകുന്നത്’’ എന്ന് അരോബിന്ദോ പറഞ്ഞതിനോട്‌ യോജിച്ച അദ്ദേഹം മഹനീയ ഗദ്യകവിതകൾ അപൂർവമായി പ്രത്യക്ഷപ്പെടാറുണ്ടെന്നും സമ്മതിക്കും. ‘‘മൗലികമായ കാവ്യകലയുടെ സ്പന്ദം സച്ചിദാനന്ദന്റെ  ‘ഇവനെക്കൂടി’യിലുണ്ട്‌. സച്ചിദാനന്ദന്റെ തന്നെ ഗദ്യകവിതകൾ ഉൾപ്പെടെ ആധുനികമെന്നു വ്യവച്ഛേദിക്കുന്ന കൃതികൾ തന്നെ ആകർഷിക്കുന്നില്ല.’’

വായനക്കാർക്കു മനസ്സിലാക്കാൻ പറ്റാത്തവിധം പാണ്ഡിത്യം പ്രകടിപ്പിക്കുന്ന നിരൂപകരെ അദ്ദേഹം മുഖംനോക്കാതെ വിമർശിച്ചു. ‘‘കെട്ടിടംവച്ച് പൊടി ശ്വാസകോശത്തിൽ കയറി ബോധംകെട്ടുവീണ ഒരു ബന്ധുവിനെ ഡോക്ടറുടെ അടുക്കലെത്തിച്ചു ഞാൻ. “ഹി ഈസ് സഫറിങ് ഫ്രം നൂമോനോ അൾട്രമൈക്രോസ്കോപ്പിക്‌ സിലിക്കോ വൾക്കാനോകോനിയോസിസ്” എന്നു ഡോക്ടർ. സിമന്റിന്റെ പൊടിയോ കല്ലിന്റെ പൊടിയോ ശ്വാസകോശത്തിൽ കയറിയാൽ ഉണ്ടാകുന്ന രോഗമാണിത്‌.  ഈ ഡോക്ടറും ഇന്നത്തെ നിരൂപകരും സദൃശർ. ഒരു വ്യത്യാസം. സങ്കൽപ്പത്തിലെ ഡോക്ടർ പറഞ്ഞ വാക്ക്‌ നിഘണ്ടുവിൽ കാണും. നവീന നിരൂപകന്റെ പ്രയോഗങ്ങൾ അതിൽ കണ്ടാലും പ്രയോജനമില്ല. വേറൊരു അർഥത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രയോഗം.

‘എ ബാലകൃഷ്ണപിള്ളയുടെ മലയാള ഭാഷാപ്രയോഗം കൃഷ്‌ണൻനായരുടെ അഭിപ്രായത്തിൽ ഉമിക്കരി ചവച്ചതിന്റെ പ്രതീതിയുണ്ടാക്കും. മൂല്യനിർണയത്തിന് ശക്തിയില്ലാത്ത സഹൃദയത്വരഹിതനെന്നാണ്‌ വിലയിരുത്തൽ. ‘‘കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണം offensive. ഗുപ്‌തൻനായരുടേത്‌ defensive. ആഷാമേനോന്റെ നിരൂപണത്തെപ്പറ്റി എനിക്കു പറയാനില്ല. മനുഷ്യനു മനസ്സിലാകുന്നതിനെക്കുറിച്ചല്ലേ അഭിപ്രായം പറയാനാകൂ’’

വാക്കുകളിൽ കണിശത
മലയാളം ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഗുപ്‌തൻനായരായാലും കൃഷ്ണൻനായർ വെറുതെവിടില്ല. എസ് ഗുപ്തൻനായർ “വിജ്ഞാനസാഹിത്യത്തിലൂടെ” എന്ന പ്രബന്ധത്തിൽ “സാമൂഹ്യ പരിഷ്കർത്താവായ സി വിയും…” എന്നെഴുതി.  ഇതു വായിച്ച കൃഷ്ണൻനായർ വാരഫലത്തിൽ എഴുതിയത്‌ സി വി സമൂഹത്തിന്റെ പരിഷ്കർത്താവാണെങ്കിൽ “സമൂഹ പരിഷ്കർത്താവ്‌” എന്നുവേണം എഴുതാൻ എന്നായിരുന്നു.  ‘‘സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‌ ഇങ്ങനെയുള്ള തെറ്റുകൾ വരുത്താം. നമുക്കു പാടില്ല.’’

‘ഇമേജെൻസി’, ഏമിൽ സൊല, ആനാ കാരേനിനാ’ , മദർതെറീസ, റിയോഷാനാറോ (Rio de Janerio), മിഹായീൽ ഷൊലൊഹോഫ്‌ (Mikhail Sholokhov) എന്നൊക്കെ അദ്ദേഹമെഴുതിയപ്പോഴാണ്‌ ശരിയായ ഉച്ചാരണം ഇതൊക്കെയാണെന്ന്‌  വായനക്കാർ  മനസ്സിലാക്കുന്നത്‌.

സ്‌ത്രീവിരുദ്ധത
അദ്ദേഹത്തിന്റെ  നിരൂപണങ്ങളിൽ കടന്നുവരുന്ന സ്‌ത്രീവിരുദ്ധത പലപ്പോഴും വിമർശനവിധേയമായി.  ‘സ്‌ത്രീകളായ എഴുത്തുകാർക്ക്‌ ദാമ്പത്യജീവിതമേയില്ല, വാക്കിങ് സ്റ്റിക്കായി ഉപയോഗിക്കാവുന്ന ചില പുരുഷന്മാരെയാണ് അവർ ഭർത്താക്കാന്മാരായി തെരഞ്ഞെടുക്കുന്നത്. നിശ്ചേതനത്വമുള്ള വാക്കിങ് സ്റ്റിക്കുകൾ സ്വയം അനങ്ങുമോ. സംസാരിക്കുമോ’ തുടങ്ങിയ പരാമർശങ്ങൾ ഇപ്പോഴാണെങ്കിൽ കൊടുങ്കാറ്റുയർത്തിയേനെ.

പി ടി  ഉഷ സ്വർണം കൊയ്യുന്നത്‌ അഭിമാനമല്ല, ദുരഭിമാനമാണെന്ന്‌ എഴുതിയ കൃഷ്ണൻനായർ പ്രകൃതി നൽകിയ ശരീരത്തെ പരിരക്ഷിച്ച്‌, സ്ത്രീത്വം നശിപ്പിക്കാതെ ജീവിക്കുന്നതാണ്‌  ഉൽക്കൃഷ്ടമായതെന്ന ഉപദേശമാണ്‌ അവർക്കു നൽകിയത്‌.

പ്രൊഫ. എം കൃഷ്ണൻനായർ  
(ജീവിതരേഖ)
വി കെ മാധവൻപിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് മൂന്നിനു തിരുവനന്തപുരത്തു ജനനം.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം.  എറണാകുളം മഹാരാജാസ് കോളേജിൽനിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു. മലയാളനാട്‌, കലാകൗമുദി, സമകാലിക മലയാളം എന്നിവയിലൂടെ 36 വർഷത്തോളം തുടർച്ചയായി (മരണത്തിന്‌ ഒരാഴ്ച മുമ്പ്‌ വരെ) സാഹിത്യവാരഫലം എഴുതി.  1969 മെയ് 18നു പുറത്തുവന്ന മലയാളനാടിലായിരുന്നു സാഹിത്യവാരഫലത്തിനു തുടക്കം. 2006 ഫെബ്രുവരി 23ന് അന്തരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top