23 April Tuesday

സുസ്ഥിര വികസനത്തിന്റെ പ്രവാചകൻ - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


‘കടലിൽ കാടുണ്ടായിട്ടാണോ മഴ പെയ്യുന്നത്?’ എൺപതുകളുടെ ആദ്യം കേരള നിയമസഭയിൽ ഒരു ബഹുമാന്യ മെമ്പറുടെ പ്രസംഗമായിരുന്നു. മരത്തിന്റെ ഭാരം താങ്ങാനാകാത്തതുകൊണ്ടാണ് മലയിടിച്ചിലെന്ന സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. സഭ മുഴുവൻ ഭരണകക്ഷി പ്രതിപക്ഷ വ്യത്യാസമില്ലാതെ ഈ തമാശയിൽ ആർത്തുചിരിക്കുകയായിരുന്നു. മൂന്നുപതിറ്റാണ്ടിനുശേഷം അദ്ദേഹത്തിന്റെ മകൻ ഈ തമാശകൾ സഭയിൽ വീണ്ടും അവതരിപ്പിച്ചു. കൂടെ ചിരിക്കാൻ ആരും ഉണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ചിലർ പ്രസംഗം കഴിഞ്ഞയുടൻ അദ്ദേഹത്തിന്റെ അടുത്തുചെന്ന് അവരുടെ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നതും കണ്ടു.

കേരള നിയമസഭയുടെ പാരിസ്ഥിതിക അവബോധത്തിൽ ഇത്തരമൊരു മാറ്റം വരുത്തുന്നതിന് നേതൃത്വം നൽകിയവരിൽ മുഖ്യൻ പ്രൊഫ. എം കെ പ്രസാദ് ആയിരുന്നു. സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന് തുടക്കംകുറിച്ചത് അദ്ദേഹത്തിന്റെ ലേഖനങ്ങളായിരുന്നു. വിലമതിക്കാൻ കഴിയാത്ത ജൈവവൈവിധ്യ പൈതൃകത്തിന്റെ അപരിഹാര്യമായ നഷ്ടം അവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനത്തേക്കാൾ എത്രയോ വലുതായിരിക്കുമെന്ന അദ്ദേഹത്തിന്റെ വാദം കേന്ദ്രസർക്കാർതന്നെ അംഗീകരിച്ചു. പദ്ധതി പ്രദേശം ദേശീയ പാർക്കായി പ്രഖ്യാപിക്കുകയും ചെയ്തു. അനുകൂലമായും പ്രതികൂലമായും അതിശക്തമായ വാദങ്ങളും പ്രചാരണങ്ങളും നടന്നു. സൈലന്റ് വാലി സംരക്ഷിക്കപ്പെടുക മാത്രമല്ല, കേരളത്തിന് ഒരു പുതിയ പാരിസ്ഥിതിക അവബോധവും ഈ സംവാദങ്ങൾ പ്രദാനം ചെയ്തു.

പ്രസാദ് മാഷിന്റെ പോരാട്ടവീര്യം അച്ഛനിൽനിന്ന്‌ പൈതൃകമായി കിട്ടിയതായിരിക്കണം. അച്ഛൻ കോരുവൈദ്യൻ പ്രശസ്തനായിരുന്നു. വൈദ്യംകൊണ്ടുമാത്രമല്ല, സഹോദരൻ അയ്യപ്പന്റെ സഹപ്രവർത്തകനെന്ന നിലയിലും. പ്രസിദ്ധമായ പന്തിഭോജനത്തിൽ കോരുവൈദ്യരും പങ്കാളിയായിരുന്നു.

പ്രൊഫ. എം കെ പ്രസാദ് വി എസ് അച്യുതാനന്ദനൊപ്പം

പ്രൊഫ. എം കെ പ്രസാദ് വി എസ് അച്യുതാനന്ദനൊപ്പം

കേരളത്തിലെ വിവിധ കോളേജുകളിൽ ബോട്ടണി അധ്യാപകനായിരുന്നു. അദ്ദേഹം മഹാരാജാസ് കോളേജിന്റെ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാലയുടെ പ്രൊ–വൈസ് ചാൻസലറുമായി. എവിടെയെല്ലാം പഠിപ്പിച്ചുവോ അവിടെയെല്ലാം പരിസ്ഥിതി പ്രവർത്തകരായ ഒരു ശിഷ്യഗണത്തെയും സൃഷ്ടിച്ചു. മാഷ് അന്നേ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായുള്ള എന്റെ ആദ്യത്തെ ബന്ധപ്പെടൽ മഹാരാജാസിലെ അധ്യാപകനായ എം കെ പ്രസാദ് മാഷിന്റെ നിർദേശപ്രകാരം അടിയന്തരാവസ്ഥക്കാലത്ത്  ‘പ്രകൃതി, ശാസ്ത്രം, സമൂഹം’ ക്ലാസെടുത്തതാണ്. 

വ്യവസായമേഖലയിലെ മലിനീകരണം, വന നശീകരണം, ജലമലിനീകരണം, കുട്ടനാട് പോലുള്ള പ്രദേശങ്ങളുടെ പാരിസ്ഥിതിക തകർച്ച എന്നിവയെല്ലാമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രക്ഷോഭപ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. അതോടൊപ്പം സുസ്ഥിര വികസന നയങ്ങൾ കരുപ്പിടിപ്പിക്കുന്നതിലും അവ പ്രയോഗത്തിൽ വരുത്തുന്നതിലും സജീവപങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ജനകീയാസൂത്രണത്തിൽ മാഷ് വഹിച്ചപങ്കാണ്.

ജനകീയാസൂത്രണത്തിൽ പ്രൊഫ. എം കെ പ്രസാദ് സംസ്ഥാന ഫാക്കൽറ്റി അംഗമായിരുന്നു. ക്ലാസിന് അകത്തും പുറത്തും നല്ല അധ്യാപകനായിരുന്നു. പദങ്ങളുടെ ധാരാളിത്തം ഇല്ല. വളച്ചുകെട്ടില്ലാതെ കാര്യം പറയും. പറയുന്നതിൽ പൂർണ വ്യക്തതയുണ്ടാകും. നർമവും കാർക്കശ്യവും ഇടകലർന്ന ഒരു വർത്തമാന രീതി.

പരിശീലനങ്ങളിൽ മാഷിന്റെ യഥാർഥ റോൾ വരിക അവലോകന യോഗങ്ങളിലാണ്. പങ്കാളിത്ത പഠനരീതി പരമാവധി പരിശീലനങ്ങളിൽ ഉപയോഗിച്ചിരുന്നതിനാൽ അധ്യാപകരുടെ എണ്ണം എപ്പോഴും കൂടുതലായിരിക്കും. അവലോകന യോഗങ്ങളിൽ പലതിലും കടുത്ത വിമർശവും ഉണ്ടാകാറുണ്ട്. മുതിർന്ന ഒരു കാരണവരുടെ സാന്നിധ്യം അതുകൊണ്ട് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഈ ചുമതല എം കെ പിയാണ്‌ വഹിച്ചിരുന്നത്.

ജനകീയാസൂത്രണത്തിൽ എം കെ പിയുടെ ഏറ്റവും വലിയ സംഭാവന സന്നദ്ധസാങ്കേതിക സേനയെ പ്രവർത്തനക്ഷമമാക്കിയതാണ്. വിദഗ്ധരോട് നിരന്തരം സമ്പർക്കം പുലർത്തുന്നതിനും ഓരോ സ്ഥലത്തും ഉണ്ടാകുന്ന സൗന്ദര്യപിണക്കങ്ങളും തർക്കങ്ങളും പറഞ്ഞു തീർക്കുന്നതിനും അവർക്കുകൂടി അംഗീകാരം തോന്നുന്ന ജനകീയാസൂത്രണ പ്രവർത്തകർ വേണ്ടിയിരുന്നു. ഇതിലേറ്റവും പ്രമുഖൻ എം കെ പി ആയിരുന്നു. എം കെ പി എല്ലാ ജില്ലയിലും നേരിട്ട്‌ പലവട്ടം പോയി. ക്ഷമാപൂർവം കുരുക്കുകൾ ഓരോന്നും അഴിച്ചുമാറ്റി. സന്നദ്ധസമിതികൾ സംബന്ധിച്ച വിവാദങ്ങൾ ഒരുവശത്ത്‌ കൊടുമ്പിരിക്കൊണ്ടപ്പോഴും അതിലൊന്നും തലവയ്ക്കാതെ വിദഗ്ധസമിതി സംവിധാനത്തെ പ്രവർത്തനക്ഷമമാക്കി.


 

ജനകീയാസൂത്രണത്തിന് അദ്ദേഹം നൽകിയ ഒരു തനതു സംഭാവന ജൈവവൈവിധ്യ രജിസ്റ്ററാണ്. അദ്ദേഹം തയ്യാറാക്കിയ കുറിപ്പാണ് പരിശീലന കൈപ്പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത്. ജനകീയാസൂത്രണ കാലത്ത് ചില പഞ്ചായത്തുകൾ മാത്രമാണ് ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയതെങ്കിൽ വി എസ് സർക്കാരിന്റെ കാലത്ത് ഇതൊരു പ്രസ്ഥാനംതന്നെയായി വളർന്നു. ഇതിന്‌ പ്രായോഗിക നേതൃത്വം നൽകിയത് പ്രൊഫ. എം കെ പ്രസാദ് ആയിരുന്നു. ഇന്ന്‌ കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനത്തിനും ബയോ ഡൈവേഴ്സിറ്റി രജിസ്റ്ററുണ്ട്. അവ പുതുക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ ജൈവവൈവിധ്യത്തെ ബോധപൂർവം വർധിപ്പിക്കുന്നതിനുമുള്ള ഒരു പ്രവർത്തനപരിപാടിയും രൂപം നൽകിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഒരു പ്രധാനമികവ് ഇ–ഗവേണൻസാണ്. ഇതിൽ വലിയൊരു സംഭാവന പ്രൊഫ. എം കെ പ്രസാദിന്റേതായുണ്ട്. വിഎസ് സർക്കാരിന്റെ കാലത്ത് ഇൻഫർമേഷൻ കേരള മിഷന്റെ ചെയർമാനും എക്സിക്യുട്ടീവ് മിഷൻ ഡയറക്ടറും അദ്ദേഹമായിരുന്നു.  

എന്നെ സംബന്ധിച്ചിടത്തോളം അടുത്ത വ്യക്തിപരമായ ബന്ധവും കടപ്പാടും അദ്ദേഹത്തോടുണ്ട്. ജനകീയാസൂത്രണത്തിനുശേഷം മാരാരിക്കുളം എംഎൽഎയെന്ന നിലയിൽ കേന്ദ്രസർക്കാർ ധനസഹായത്തോടെ മാരാരിക്കുളം വികസന പദ്ധതി ആവിഷ്കരിച്ചു. ആ പദ്ധതിയുടെ കേന്ദ്രബിന്ദു ആ പ്രദേശത്തെ സ്വയംസഹായ സംഘങ്ങളുടെയും സഹകരണ സംഘങ്ങളുടെയും ഉൽപ്പന്നങ്ങൾ ബ്രാൻഡു ചെയ്ത് വിൽക്കുന്നതിനുള്ള ഒരു കമ്പനിയാണ്. എന്നാൽ, ജനകീയാസൂത്രണ വിവാദം ഈ പദ്ധതിയെയാകെ തകർത്തു. കമ്പനി പ്രവർത്തനക്ഷമമല്ലാതായി. അതോടെ കമ്പനിയെ ആശ്രയിച്ചു രൂപം നൽകിയ ഉൽപ്പാദക സംഘങ്ങളും തകർന്നു. കേന്ദ്രസർക്കാരിൽനിന്ന്‌ പഞ്ചായത്ത്‌ സംയുക്തസമിതി പണം വാങ്ങിക്കഴിഞ്ഞതിനാൽ വേണ്ടെന്നുവയ്ക്കാനും കഴിയില്ല. എന്താണു ചെയ്യുക?

വിവാദങ്ങൾ ഭയന്ന്‌ പലരും ഒഴിഞ്ഞുമാറുകയായിരുന്നു. എം കെ പി മാരാരി മാർക്കറ്റിങ്‌ കമ്പനിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ആ ചുമതല കഴിഞ്ഞ 15 വർഷമായി അദ്ദേഹം നിർവഹിച്ചു വരികയായിരുന്നു. ബോർഡ് യോഗത്തിലെ അധ്യക്ഷൻ മാത്രമായിരുന്നില്ല. കമ്പനിയുടെ കീഴിലുള്ള പ്രവർത്തനങ്ങളുടെ ദൈനംദിന കാര്യങ്ങളിൽവരെ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴും പ്രായാധിക്യത്തിന്റെയെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും കമ്പനി ആസ്ഥാനത്തുവരും, തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കും. പല പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും അദ്ദേഹം കുലുങ്ങിയില്ല.

പരിസ്ഥിതി സംരക്ഷണത്തിന്റെയും വികേന്ദ്രീകൃതാസൂത്രണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ശാസ്ത്രചിന്തയുടെയും വലിയൊരു സമ്പാദ്യം ബാക്കിവച്ചുകൊണ്ടാണ് പ്രൊഫ. എം കെ പ്രസാദ് വിടപറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top