25 April Thursday

സ്വകാര്യവൽക്കരണത്തിനു പിന്നിലെ കൊള്ള

ടി ചന്ദ്രമോഹൻUpdated: Monday Jan 17, 2022


നവ ഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്ന സർക്കാരുകൾ പൊതുമേഖലയുടെ സ്വകാര്യവൽക്കരണം പൊതുഅജൻഡയാക്കി രാഷ്ട്ര സമ്പത്ത്‌ കൊള്ളയടിക്കുകയാണ്‌. കോർപറേറ്റുകൾക്കും സമ്പന്നർക്കും നികുതിയിളവുകൾ നൽകുന്നതിലൂടെ വർധിച്ചുവരുന്ന റവന്യൂ കമ്മി നികത്താൻ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയെന്ന സമീപനമാണ്‌ 1990കളുടെ തുടക്കംമുതൽ ഇന്ത്യയിൽ മാറിമാറി വന്ന സർക്കാരുകൾ പിന്തുടരുന്നത്‌. 1991–-92ൽ 2500 കോടി രൂപയാണ് സ്വകാര്യവൽക്കരണത്തിലൂടെ പ്രതീക്ഷിച്ചതെങ്കിൽ 2000–-01ൽ ഇത് 12,000 കോടി രൂപയായി ഉയർന്നു. 2010–-11ലെ ബജറ്റിൽ 40,000 കോടി രൂപയായി.

സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായി എതിർപ്പ്‌ നിലനിൽക്കുന്നതിനാൽ നിശ്ചിത ലക്ഷ്യം കൈവരിക്കാനായില്ല. 2021–-22ലെ ബജറ്റിൽ സ്വകാര്യവൽക്കരണം വഴി 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് നരേന്ദ്രമോദി ലക്ഷ്യമിട്ടിരിക്കുന്നത്‌. ലക്ഷ്യം കൈവരിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ കൂട്ടവിൽപ്പയ്ക്കാണ്‌ ഒരുങ്ങുന്നത്‌. പൊതുമേഖലാ കമ്പനികൾ വിറ്റു കാശാക്കാൻ പലതരം ഇളവ്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌. ലാഭത്തിലുള്ള ഒന്ന്‌ വാങ്ങുമ്പോൾ നഷ്ടത്തിലുള്ള മറ്റൊന്ന്‌ സൗജന്യമായി ലഭിക്കുന്ന പ്രഖ്യാപനംവരെയുണ്ട്‌. ഓഹരിവില യഥാർഥ വിപണി മൂല്യത്തേക്കാൾ വളരെ താഴ്‌ത്തിവിൽക്കുന്നു എന്നതാണ്‌ മറ്റൊരു ഇളവ്‌. ആസ്തികളുടെ മൂല്യനിർണയത്തിലാണ്‌ ഏറ്റവും വലിയ ക്രമക്കേട്‌. വിൽക്കുന്ന സ്ഥാപനങ്ങളുടെ ആസ്‌തി കുറച്ചുകാണിക്കുകയാണ്‌. യാഥാർഥ ആസ്‌തിമൂല്യത്തിന്റെ പത്തിലൊന്നു വില പോലും വില ലഭിക്കാത്ത സ്ഥിതി. ഇതിലൂടെ ഓരോ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലും ആയിരക്കണക്കിനു കോടി രൂപ പൊതുഖജനാവിന്‌ നഷ്ടപ്പെടുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച്‌ അടിസ്ഥാനസൗക്യങ്ങൾ ഒരുക്കുന്നതിന്‌ പണം കണ്ടെത്തുകയാണ്‌ ലക്ഷ്യമെന്നാണ്‌ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്‌. പൊതുമേഖല വിൽപ്പനയോടൊപ്പം ദേശീയപാത, റെയിൽവേ, തുറമുഖം, വിമാനത്താവളങ്ങൾ തുടങ്ങിയ പൊതു ആസ്‌തിയെല്ലാം പാട്ടത്തിനു നൽകി ദേശീയ പണ സമ്പാദന പൈപ്പ്‌ ലൈനും പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാൽ, ഇതിനു പിന്നിൽ നടക്കുന്നത്‌ വൻകൊള്ളയാണെന്ന യാഥാർഥ്യം പുറത്തുവന്നുകൊണ്ടിരിക്കുന്നു. എട്ട്‌ ലക്ഷം കോടി രൂപയിലേറെ ആസ്‌തിയുള്ള രാജ്യത്തിന്റെ നവരത്‌ന കമ്പനിയായ ബിപിസിഎൽ പോലും വിൽക്കാൻ വച്ചിരിക്കുന്നത്‌ ഒരു ലക്ഷം കോടി രൂപയ്‌ക്ക്‌ താഴെ വില പറഞ്ഞാണ്‌. നടപ്പു സാമ്പത്തിക വർഷംതന്നെ വിൽപ്പന പൂർത്തിയാകുന്ന മുപ്പതോളം പൊതുമേഖലാ സ്ഥാപനത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ, മറ്റ്‌ അടിസ്ഥാനസൗകര്യങ്ങൾ, ഗുഡ്‌വിൽ തുടങ്ങിയവയൊന്നും കണക്കിലെടുക്കാതെ വെറും ഓഹരിയുടെ അടിസ്ഥാനത്തിലുള്ള മൂല്യനിർണയമാണ്‌ ഏജൻസികൾ നടത്തുന്നത്‌. 1999–-2004 ലെ വാജ്‌പേയി സർക്കാരിന്റെ കാലത്താണ്‌ പൊതുമേഖലയുടെ വിൽപ്പനയിലൂടെ രാഷ്ട്രസമ്പത്ത്‌ കൊള്ളയടിക്കാൻ തുടങ്ങിയത്‌. കോവളത്തേത്‌ ഉൾപ്പെടെയുള്ള ഐടിഡിസിയുടെ ഹോട്ടലുകളുടെ വിൽപ്പനയിലൂടെയാണ്‌ തുടക്കം. അന്ന്‌ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഹോട്ടൽ ശൃംഖല തുച്ഛമായ വിലയ്‌ക്ക്‌ വിൽക്കുകയായിരുന്നു.

തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡ്‌ (സിഇഎൽ) വിറ്റഴിക്കലിലെ കൊള്ള പുറത്തുവന്നിരിക്കയാണ്‌ ഇപ്പോൾ. അത്യാധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സിഇഎല്ലിന്റെ വിൽപ്പന കരാർ ഉറപ്പിച്ചത്‌ ഇലക്‌ട്രോണിക്‌സ് മേഖലയിൽ വൈദഗ്ധ്യമില്ലാത്തതും പൂട്ടാൻ വച്ചതുമായ കമ്പനിക്കും. റഡാറുകൾക്കായുള്ള ഫേസ് കൺട്രോൾ മൊഡ്യൂളുകൾ, സൈനിക ആവശ്യങ്ങൾക്കുള്ള റഡോം, ബുള്ളറ്റ് പ്രൂഫ് കവചം തുടങ്ങിയ ഉപകരണങ്ങളുടെ നിർമാണത്തിൽ വിദഗ്‌ധരായ സിഇഎൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി (ഡിഎസ്‌ഐആർ)ന്റെ നിയന്ത്രണത്തിലാണ്‌. സിഇഎല്ലിന്‌ 2500 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ്‌ വിലയിരുത്തൽ. കേന്ദ്ര സർക്കാർ വിലയിട്ടതാകട്ടെ 190 കോടി രൂപയും. നിലവിൽ 1592 കോടി രൂപയുടെ ഓർഡറുകളുള്ള കമ്പനിക്ക്‌ ഇതുവഴിമാത്രം വൻതുക ലാഭമുണ്ടാക്കാനാകും. കോവിഡ്‌ പ്രതിസന്ധിക്കിടയിലും 2020–-21 ൽ 16 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. ദേശീയ തലസ്ഥാനമേഖലയിൽ 550 കോടിയോളം രൂപ വില മതിക്കുന്ന 50 ഏക്കർ ഭൂമിയുണ്ട്‌. ലേലത്തിൽ രണ്ട്‌ കമ്പനി മാത്രമാണ്‌ ഇടംപിടിച്ചത്‌. ഇതിൽ നന്ദൽ ഫിനാൻസ് ആൻഡ്‌ ലീസിങ്‌ പ്രൈവറ്റ് ലിമിറ്റഡാണ് മുന്നിൽ വന്നത്‌. സ്ഥിര ആസ്‌തികളില്ലാത്ത ഈ കമ്പനി അടച്ചുപൂട്ടാനുള്ള (ലിക്വിഡേഷൻ) കേസ്‌ കമ്പനി ലോ അപ്പലേറ്റ്‌ ട്രിബ്യൂണലിൽ നടക്കുകയാണ്‌. ഈ തട്ടിക്കൂട്ട് കമ്പനിയെ സഹായിക്കാൻ സർക്കാർ ലേല നിബന്ധനയിൽ ഇളവ്‌ നൽകിയിരുന്നു. കമ്പനി ഉടമയ്‌ക്ക്‌ ബിജെപി നേതാക്കളുമായി അടുത്തബന്ധമുണ്ട്‌. കൊള്ള പുറത്തറിഞ്ഞതോടെ തൽക്കാലം വിൽപ്പന രേഖകൾ കൈമാറുന്നത്‌ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കയാണ്‌.

മറ്റൊരു തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനമായ ബെമലിന്റെ വിൽപ്പനയ്‌ക്കു പിന്നിലെ ക്രമക്കേടും പുറത്തുവരുന്നുണ്ട്‌. പ്രതിരോധസേനയ്‌ക്ക്‌ വാഹനങ്ങൾ നിർമിച്ചുനൽകുന്നതും മെട്രോ റെയിലിന്‌ കോച്ചുകൾ നിർമിക്കുന്ന സ്ഥാപനമാണ്‌ ബെമൽ. 56,000 കോടിയോളം രൂപയുടെ ആസ്‌തിയുണ്ടെന്ന്‌ വിലയിരുത്തുന്ന സ്ഥാപനത്തെ കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുന്നത്‌ 1800 കോടി രൂപ അടിസ്ഥാനവിലയിട്ടാണ്‌. ബംഗളൂരു, കോലാർ, മൈസൂരു, ഡൽഹി, കഞ്ചിക്കോട്‌ എന്നിവിടങ്ങളിലായി 4600 എക്കറോളം ഭൂമിയുണ്ട്‌. കഴിഞ്ഞവർഷം 3900 കോടിയുടെ വിറ്റുവരവും 93 കോടി രൂപ ലാഭവും നേടിയ സ്ഥാപനത്തിന്‌ 10,000 കോടി രൂപയുടെ ഓർഡർ നിലവിലുണ്ട്‌. 12 കമ്പനി പങ്കെടുത്ത ടെൻഡറിൽ വിവിധ ഘട്ടത്തിലെ പരിശോധനയ്‌ക്കുശേഷം രണ്ട്‌ കമ്പനി മാത്രമാണ്‌ അവസാന പട്ടികയിലുള്ളത്‌. ഒരു ഇന്ത്യൻ കമ്പനിയും റഷ്യൻ കമ്പനിയും. ഇന്ത്യൻ കമ്പനിയാകട്ടെ നിർമാണമേഖലയുമായി ബന്ധപ്പെട്ട കമ്പനിയും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2021–-22ൽ ഇതുവരെ 9364 കോടിയാണ്‌ ശേഖരിച്ചത്‌. വർഷത്തിന്റെ തുടക്കത്തിൽ, സർക്കാർ ഒരു പുതിയ ഓഹരിവിൽപ്പന നയം കൊണ്ടുവന്നിരുന്നു. എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും തന്ത്രപരവും തന്ത്രപരമല്ലാത്തതുമായ എന്നീ മേഖലകളായി തിരിച്ചു. തന്ത്രപരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ സാധ്യമെങ്കിൽ ഒന്നുകിൽ സ്വകാര്യവൽക്കരിക്കുക അല്ലെങ്കിൽ അടച്ചുപൂട്ടുക. വിൽപ്പന അംഗീകരിച്ച 32 സ്ഥാപനത്തിന്റെ പട്ടികയിൽ ഷിപ്പിങ്‌ കോർപറേഷൻ ഓഫ് ഇന്ത്യ, ബിപിസിഎൽ, ബെമൽ, രാഷ്ട്രീയ ഇസ്പത് നിഗം ​​ലിമിറ്റഡ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുണ്ട്‌.
വിമാനത്താവളങ്ങളെല്ലാം അദാനി ഗ്രൂപ്പിന്‌ യാത്രക്കാരന്റെ തലയെണ്ണി പാട്ടസഖ്യ നിശ്ചയിച്ച്‌ കൈമാറിക്കൊണ്ടിരിക്കുന്നു. കടബാധ്യതയുള്ള ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ 18,000 കോടി രൂപയ്ക്ക് ടാറ്റയ്‌ക്ക്‌ വിറ്റു. കടബാധ്യതയുടെ ഒരുഭാഗം ഏറ്റെടുത്തിനുശേഷം 2500 കോടി രൂപമാത്രമാണ്‌ ടാറ്റ സർക്കാരിന്‌ നൽകുക. രാജ്യത്തിന്റെ വികസനത്തിന്‌ ലക്ഷക്കണക്കിനു കോടി രൂപ നിക്ഷേപിച്ചിട്ടുള്ള ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനും തുടക്കമിടുകയാണ്‌. പ്രാരംഭ ഓഹരിവിൽപ്പന മാർച്ച്‌ മൂന്നാംവാരം നടത്താനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. മൂല്യനിർണയം ഇനിയും പൂർത്തിയായിട്ടില്ല. എൽഐസിയുടെ ആകെ മൂല്യം 10- ലക്ഷം കോടി രൂപയായി നിജപ്പെടുത്താനാണ്‌ നീക്കം. ഇത്‌ യഥാർഥ മൂല്യത്തിന്റെ മൂന്നിലൊന്ന്‌ മാത്രമായിരിക്കും. 10 ശതമാനം ഓഹരി വിൽക്കുന്നതിലൂടെ ഒരു ലക്ഷം കോടി രൂപ സ്വരൂപിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. 20 ശത-മാനംവരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനും ധാരണയായിട്ടുണ്ട്‌. കോർപറേഷനെന്ന നിലയിൽ പ്രത്യേക നിയമപ്രകാരം രൂപംകൊണ്ട എൽഐസിയിൽ വിദേശ നിക്ഷേപം നടത്താൻ നിയമഭേദഗതി കൊണ്ടുവരികയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top