25 April Thursday

സ്വകാര്യവൽക്കരണം തപാൽമേഖലയിലും - പി കരുണാകരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

പൊതു ഉടമസ്ഥതയിൽ നിലനിൽക്കുന്നതും പൊതുജനങ്ങൾക്ക് ഉപയുക്തമായതുമായ സ്ഥാപനങ്ങളെയും സേവനങ്ങളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രസർക്കാർ. സർക്കാർ–-പൊതുമേഖലാ സ്ഥാപനങ്ങളെ അന്യാധീനപ്പെടുത്താൻ ബഹുവിധങ്ങളിലുള്ള ആസൂത്രണങ്ങളും പ്രവർത്തനപദ്ധതികളും ചമയ്ക്കുക എന്നതുമാത്രമായി കേന്ദ്രത്തിന്റെ സാമ്പത്തികപ്രവർത്തനം ചുരുങ്ങി. ബാങ്കിങ്‌, -ഇൻഷുറൻസ് മേഖലകളോടൊപ്പം സ്വകാര്യവൽക്കരിക്കാൻ പുതുതായി ലക്ഷ്യമിട്ടിരിക്കുന്നത് ഭാരതീയതപാൽ വകുപ്പിനെയാണ്. ഏറെക്കാലമായി ഒളിഞ്ഞും തെളിഞ്ഞും തപാൽ വകുപ്പിനെ സ്വകാര്യവൽക്കരണത്തിന് സജ്ജമാക്കി വരികയായിരുന്നു. എന്നാൽ, നിലവിൽ കേന്ദ്രസർക്കാർ  നിർദേശിച്ചിരിക്കുന്ന  "ഡാക് മിത്ര' എന്ന പേരിലെ ഫ്രാഞ്ചൈസി സർവീസ് പദ്ധതിയും അനുബന്ധനീക്കങ്ങളും വകുപ്പിന്റെ സമ്പൂർണ സ്വകാര്യവൽക്കരണമാണ് കേന്ദ്ര ലക്ഷ്യമെന്ന് പ്രത്യക്ഷത്തിൽത്തന്നെ വെളിവാക്കുന്നതാണ്.

തപാലുരുപ്പടികളുടെ സംഭരണത്തിനും വിതരണത്തിനും പുറമേ ബാങ്കിങ്‌, ഇൻഷുറൻസ് തുടങ്ങി വകുപ്പിന്റെ  സേവനങ്ങളുടെ പ്രത്യക്ഷഗുണഭോക്താക്കൾ  സാധാരണക്കാരാണ്.  അടിസ്ഥാന ജനവിഭാഗങ്ങളുടെ  ബഹുവിധങ്ങളായ സമ്പാദ്യമാണ് തപാൽ വകുപ്പിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഈ സ്വത്തിനെ വിഭജിക്കാനും  വിറ്റുതുലയ്ക്കാനുമുള്ള ഏത് നീക്കവും കോടിക്കണക്കിനു ജനങ്ങളുടെ അടിസ്ഥാന സമ്പാദ്യത്തെയും ജീവിതോപാധികളെയും ബാധിക്കും.

രണ്ടര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മെയിൽ സർവീസാണ് കമ്പിത്തപാൽ വകുപ്പായി മാറിയത്.  ടെലികോം വകുപ്പിനെ ഇതിൽ നിന്നടർത്തിമാറ്റി കമ്പനിവൽക്കരിച്ചു. തുടർന്ന്‌ രൂപീകരിക്കപ്പെട്ട ബിഎസ്എൻഎൽ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ തപാൽവകുപ്പ് നാളെ നേരിടാവുന്ന ദുര്യോഗത്തിന്റെ നിദർശനമാണ്.  കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ ‘ഡാക് മിത്ര' പദ്ധതിയുടെ മാർഗനിർദേശങ്ങളിലാണ് തപാൽ സേവനങ്ങളാകെ സ്വകാര്യ ഏജൻസികൾക്ക് നൽകുന്ന നീക്കം മറനീക്കിയത്. സ്വകാര്യ ഏജൻസികൾക്ക് പോസ്റ്റൽ സർവീസുകളുടെ ഫ്രാഞ്ചൈസികൾ  സമാന്തരമായി ആരംഭിക്കാനും ബാങ്കിങ്‌, ഇൻഷുറൻസ് പ്രവർത്തനങ്ങൾ നടത്താനും ഇത് അനുമതി നൽകുന്നു. അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉത്തരവാദിത്വപൂർവം പ്രവർത്തിക്കേണ്ട മേഖലകളാണിതെന്ന് പറയേണ്ടതില്ലല്ലോ. ഇവയാണ് ഒരു മാനദണ്ഡവുമില്ലാതെ സ്വകാര്യവ്യക്തികൾക്ക് തുറന്നു കൊടുക്കുന്നത്.

വിവിധങ്ങളായ പദ്ധതികളുടെയും സേവനങ്ങളുടെയും സമന്വയമാണ് തപാൽവകുപ്പിലൂടെ നടപ്പാക്കപ്പെടുന്നത്. ആസൂത്രിതവും ബഹുമുഖവുമായ നീക്കങ്ങളിലൂടെ മാത്രമേ  സമ്പൂർണ സ്വകാര്യവൽക്കരണം സാധ്യമാക്കാൻ കഴിയൂ.  2014ൽ അധികാരമേറ്റയുടൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് തപാൽമേഖലയുടെ പരിഷ്കരണത്തിനെന്ന പേരിൽ  കമ്മിറ്റിക്ക്‌ രൂപം നൽകി. ടി എസ് ആർ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള  കമ്മിറ്റിയുടെ  റിപ്പോർട്ടിൽ  സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് വകുപ്പിനെ വിഭജിച്ച് വിൽക്കാനുള്ള രൂപരേഖയും സമർപ്പിച്ചു. തപാൽവകുപ്പ് ചെയ്തുപോരുന്ന സേവനങ്ങളായ ബാങ്കിങ്‌, ഇൻഷുറൻസ്, പാഴ്സൽ, പാക്കറ്റിങ്‌ സർവീസുകൾ, സർക്കാർ സേവനങ്ങൾ, സ്വകാര്യ സർവീസുകൾ, മറ്റു സേവനങ്ങൾ എന്നിവയെ ആറാക്കി വിഭജിക്കാനും ആദ്യത്തെ അഞ്ച്‌ യൂണിറ്റിനെ കമ്പനികളാക്കി മാറ്റാനുമായിരുന്നു റിപ്പോർട്ടിലെ നിർദേശം. അപകടം തിരിച്ചറിഞ്ഞ് ജീവനക്കാരുടെ സംഘടനകളും പൊതുജനങ്ങളും നടത്തിയ ശക്തമായ  പ്രക്ഷോഭത്തിന്റെ ഫലമായി സർക്കാരിന്  പിന്തിരിയേണ്ടിവന്നു.


 

രാജ്യത്തെ മറ്റു ബാങ്കുകളുടെ ആകെ ശാഖകളുടെ ഇരട്ടിയോളം വരും ഒന്നര ലക്ഷത്തോളം  തപാൽ ഓഫീസുകൾ. 40 കോടിയോളം അക്കൗണ്ടിലൂടെ ദേശീയസമ്പാദ്യ പദ്ധതിയിൽ  മിച്ചനിക്ഷേപമായി സമാഹരിക്കപ്പെട്ടിരിക്കുന്നത് ഏകദേശം പത്ത് ലക്ഷം കോടി രൂപയാണ്. ശക്തമായ  ഈ സംവിധാനം നിൽക്കുമ്പോൾത്തന്നെയാണ് തപാൽവകുപ്പിന് സ്വന്തമായി ഒരു ബാങ്ക് ആവശ്യമാണെന്ന ന്യായത്തിൽ  ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്ന സംവിധാനം 2018ൽ ആരംഭിച്ചത്. എന്നാൽ, ഇതാകട്ടെ ഒരു സ്വയം നിയന്ത്രിത സംവിധാനമായ വകുപ്പിന്റെ ജീവനക്കാരെയും ആഭ്യന്തര സൗകര്യങ്ങളും ഉപയോഗിച്ച് നിക്ഷേപങ്ങൾ അതിനു കീഴിലേക്ക് മാറ്റുകയാണ്.  ഈ സംവിധാനത്തെ തപാൽ വകുപ്പിനു കീഴിലാക്കണമെന്ന  ആവശ്യത്തെ നിരാകരിക്കുകയും അതിനുപകരം തപാൽ ബാങ്കിങ്‌ സേവനത്തെയാകെ വിഴുങ്ങാനുള്ള സൗകര്യമൊരുക്കുകയുമാണ്   ചെയ്യുന്നത്. ഇതുതന്നെയാണ് ഇൻഷുറൻസ് പദ്ധതികളായ പിഎൽഐ, ആർപിഎൽഐ  എന്നിവയിലും ചെയ്യാനുദ്ദേശിക്കുന്നത്.

മെയിൽ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള പദ്ധതികളും ഓരോന്നായി നടപ്പിൽ വരുത്തുകയാണ്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്പീഡ് പോസ്റ്റ്  പാഴ്സൽ സംവിധാനങ്ങളെയും വേർപെടുത്തി പ്രത്യേകം കമ്പനിയാക്കാനും പദ്ധതിയുണ്ട്. തപാൽ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായകമായി വർത്തിച്ച റെയിൽവേ മെയിൽ സർവീസ് ഇല്ലാതാക്കുകയാണ്. കേരളത്തിൽ 13 ആർഎംഎസ് യൂണിറ്റാണ്  അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.  നൂറുകണക്കിന് തസ്തികയാണ് ഇല്ലാതാകുക.ഏറ്റവും ദുഷ്‌കരമായ തൊഴിൽ സാഹചര്യങ്ങളിലൂടെയാണ് വകുപ്പിലെ ജീവനക്കാർ കടന്നുപോകുന്നത്. ഗ്രാമീൺ ഡാക് സേവക് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കാനോ അർഹമായ മാന്യമായ വേതനം നൽകാനോ  തയ്യാറായിട്ടില്ല.

സ്വകാര്യവൽക്കരണ നീക്കംവഴി തപാൽമേഖലയുടെ നട്ടെല്ലൊടിച്ചാൽ അന്യാധീനപ്പെടുന്നത്  സാധാരണക്കാരന്റെ സഞ്ചിതസമ്പാദ്യമാണ്. അത് കോർപറേറ്റുകൾക്ക് ചൂതാട്ടത്തിനായി തുറന്നു കൊടുക്കാനുള്ള നീക്കം ബഹുജന പ്രക്ഷോഭങ്ങളിലൂടെ ചെറുക്കപ്പെടണം. അതിശക്‌തമായ പ്രക്ഷോഭ പരിപാടികൾക്കാണ് ദേശീയതലത്തിൽത്തന്നെ  സംയുക്ത സമരസമിതി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 10ന് നടക്കുന്ന സൂചനാ പണിമുടക്കിൽ രാജ്യത്തെ മുഴുവൻ തപാൽ ആർഎംഎസ് ഓഫീസുകളും സ്‌തംഭിക്കും. തപാൽമേഖലയെ സംരക്ഷിക്കുന്നതിനായി നടത്തുന്ന പണിമുടക്കിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും എല്ലാ തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും പിന്തുണവും സഹായവും ഉണ്ടാകണം.

(എൻഎഫ്പിഇ സംസ്ഥാന കമ്മിറ്റി ചെയർമാനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top