പണപ്പെരുപ്പത്തിന്റെ പുതിയ കണക്കുകൾ രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഭീതിജനകമായ വിലക്കയറ്റത്തിന്റെ ചിത്രമാണ് വരച്ചുചേർക്കുന്നത്. ആറും 6.5ഉം ശതമാനത്തിലേക്ക് ഉയരുമെന്ന് വിദഗ്‌ധർ പൊതുവിൽ അനുമാനിച്ചിരുന്നെങ്കിൽ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂലൈയിൽ 7.44 ശതമാനമായി കുതിച്ചു. കഴിഞ്ഞ 15 മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവുമുയർന്ന നിരക്ക്. ജൂണിൽ രേഖപ്പെടുത്തിയ 4.81 ശതമാനത്തിൽനിന്നും വലിയ കുതിച്ചുചാട്ടമാണ് ജൂലൈയിൽ പ്രകടമായത്. 2022 ഏപ്രിലിൽ രേഖപ്പെടുത്തിയ 7.79 ശതമാനത്തിനു ശേഷമുള്ള ഏറ്റവുമുയർന്ന നിരക്കാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആറു ശതമാനമെന്ന സഹനപരിധിയും കടന്ന് പണപ്പെരുപ്പം കുതിക്കുന്ന സാഹചര്യത്തിൽ പലിശനിരക്ക് ഉയർത്തുകയല്ലാതെ, റിസർവ് ബാങ്കിനു മുന്നിൽ മറ്റു പോംവഴികൾ പരിമിതമാണ്. ഒക്ടോബറിലാണ് പണനയ അവലോകനസമിതിയുടെ അടുത്ത യോഗം. അടിസ്ഥാന നിരക്കുകൾ 25 ബേസിസ് പോയിന്റ് (0.25 ശതമാനം) മുതൽ 50 ബേസിസ് പോയിന്റ് (0.5 ശതമാനം) വരെ ഉയർത്തുന്നതിനുള്ള സാധ്യതകൾ ശക്തമാണ്. ഇപ്പോൾത്തന്നെ താങ്ങാവുന്നതിന് അപ്പുറമായ പലിശഭാരം വീണ്ടും ഉയരുന്നത് സാമ്പത്തികമേഖലയെ കടുത്ത സമ്മർദത്തിലേക്ക് നയിക്കുമെന്നതിന് തർക്കമേതുമില്ല.
പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ അവിടെ ഒതുങ്ങുന്നതല്ല. ജൂൺ, ജൂലൈ മാസങ്ങളിൽ ഭക്ഷ്യോൽപ്പന്നങ്ങളുടെ വിപണിയിൽ പ്രകടമായ വില മുന്നേറ്റം കൂടുതൽ ശക്തമാകുന്ന ചിത്രമാണ് ആഗസ്തിൽ കണ്ടത്. തുടർന്നുള്ള മാസങ്ങളിലും ഇതേ സ്ഥിതി തുടർന്നാൽ സാധാരണ ജനവിഭാഗങ്ങൾക്ക് ജീവിതം വഴിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. മഴയുടെ ലഭ്യതയിൽ ഉണ്ടായിരിക്കുന്ന കുറവ് വിളകളെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ജലദൗർലഭ്യംമൂലം ഖാരീഫ് സീസണിലെ വിത്തിറക്കൽ പല മേഖലയിലും ഇനിയും സജീവമായിട്ടില്ല. ഇത് ഭക്ഷ്യധാന്യങ്ങളുടെയും പയർ, പരിപ്പ് ഇനങ്ങളുടെയും രംഗത്ത് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കുമെന്ന ആശങ്ക കനക്കുകയാണ്. സവാള, ഉള്ളി വിലകൾ കുതിക്കുമ്പോൾ പയർ, പരിപ്പ് ഇനങ്ങളുടെ കൃഷി ഇടങ്ങളുടെ വിസ്തൃതി കുറയുന്നുവെന്നതും ആശങ്കയാകുകയാണ്.
ജൂലൈയിൽ ഉപഭോക്തൃ ഭക്ഷ്യവിലസൂചികയിൽ ഉണ്ടായ വർധന ഞെട്ടിക്കുന്നതാണ്. ജൂണിൽ 4.55 ശതമാനമായിരുന്ന ഭക്ഷ്യ പണപ്പെരുപ്പം ജൂലൈയിൽ ഒറ്റയടിക്ക് 11. 51 ശതമാനത്തിലേക്ക് കുതിച്ചു. കഴിഞ്ഞവർഷം ജൂലൈയിൽ ഇത് 6.69 ശതമാനമാണ്. ഭക്ഷ്യേതര ഉൽപ്പന്നങ്ങളുടെ പണപ്പെരുപ്പം 21 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 5.1 ശതമാനമായി താഴ്ന്ന അവസ്ഥയിലാണ് പണപ്പെരുപ്പം ഏഴു ശതമാനം കടക്കുന്നതെന്ന് ഓർക്കണം. എല്ലാ ഇനത്തിലുംപെട്ട ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് ഉണ്ടായ വൻവിലക്കയറ്റവും ഇന്ധനവിലയിലെ കുതിപ്പുമാണ് പണപ്പെരുപ്പത്തെ ദുർവഹമായ നിലയിലേക്ക് എത്തിച്ചത്. 37 ശതമാനത്തിന്റെ കുതിപ്പാണ് പച്ചക്കറിവിലയിൽമാത്രം ജൂലൈയിൽ രേഖപ്പെടുത്തിയത്.
ഇത്തരമൊരു സാഹചര്യത്തിലും കേന്ദ്ര സർക്കാർ വില നിയന്ത്രിക്കുന്ന കാര്യത്തിൽ കാണിക്കുന്ന അക്ഷന്തവ്യമായ വീഴ്ച ചർച്ചയാകുന്നില്ല എന്നതാണ് ഗൗരവമേറിയ കാര്യം. ഇതെല്ലാം റിസർവ് ബാങ്കിന്റെ ചുമതലയിൽ വരുന്ന കാര്യങ്ങളാണെന്ന തരത്തിലുള്ള നിസ്സംഗ മനോഭാവമാണ് കേന്ദ്രത്തിന്. റിസർവ് ബാങ്കിന്റെ കേവലമായ യാന്ത്രിക ഇടപെടലുകൾ വിപണികളിലെ ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും പരിഹാരമല്ല. 2022 മേയ് മാസംമുതൽ ആറുതവണ റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകൾ ഉയർത്തുകയുണ്ടായി. എന്നാൽ, ഇത്തരം നടപടികൾ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ഉതകുന്നതല്ലെന്ന് ജൂലൈയിലെ പണപ്പെരുപ്പ കണക്കുകളും കുതിച്ചുയരുന്ന അവശ്യസാധന വിലയും വ്യക്തമാക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ പണനയത്തിന് പരിമിതികളുണ്ട്. ഇത് വിരൽചൂണ്ടുന്നത് സർക്കാരിന്റെ ശക്തമായ വിപണി ഇടപെടലിന്റെ ആവശ്യകതയിലേക്കാണ്. ഭക്ഷ്യോൽപ്പന്നങ്ങളുടെ വിതരണം രാജ്യത്ത് എല്ലാ ഭാഗത്തും സുഗമമാക്കുക എന്നതാണ് ഇതിന് ആദ്യം വേണ്ടത്. അത് റിസർവ് ബാങ്കിന്റെ ജോലിയല്ല. കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ജനങ്ങൾക്ക് എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയണം. വായ്പാ നയത്തിലെ മാറ്റവും വിപണികളിലെ സർക്കാർ ഇടപെടലും ഇവ രണ്ടും ചേർന്നു പോയാൽ മാത്രമേ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയൂ. സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയും അവശ്യ സാധനവില കുതിക്കുകയും ചെയ്താൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് അത് രാജ്യത്തെ നയിക്കും. കാരണം, പണത്തിന്റെ ഒഴുക്കിന് ഉണ്ടാകുന്ന നിയന്ത്രണം ഡിമാന്റിനെയും ഉൽപ്പാദനപ്രക്രിയെയും പ്രതികൂലമായി ബാധിക്കുന്നതും തദ്വാര തൊഴിലവസരങ്ങളിലെ ഇടിവിലേക്ക് നയിക്കുകയും ചെയ്യുന്ന സങ്കീർണമായ സാമ്പത്തികാവസ്ഥയാണ്.
ഈ സാഹചര്യത്തിൽ സർക്കാർ സൂക്ഷിപ്പുകളിൽനിന്ന് ഭക്ഷ്യോൽപ്പന്നങ്ങൾ പൊതുവിതരണ ശൃംഖലയിലേക്ക് വരണം. അത്തരത്തിൽ കുറഞ്ഞ നിരക്കിലുള്ള അവശ്യസാധന വിതരണശൃംഖല ശക്തിപ്പെടുത്തുക മാത്രമാണ് ഇതിനുള്ള പോംവഴി. ദൗർഭാഗ്യവശാൽ ഇന്ത്യയിലെ ഭക്ഷ്യവിപണനരംഗം കഴിഞ്ഞ ഏതാനും വർഷമായി വൻകിട കോർപറേറ്റ് കമ്പനികൾ കൈയടക്കിയിരിക്കുകയാണ്. ചില്ലറവിൽപ്പന മേഖലയിലേക്ക് ഇത്തരം വമ്പൻ കുത്തകകളുടെ കടന്നുവരവോടെയാണ് വിലക്കയറ്റം അതിരൂക്ഷമാകുന്നത്. തുടക്കത്തിൽ പരിപ്പ്, ഉഴുന്ന്, പയറുവർഗങ്ങൾ, പഞ്ചസാര തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപണികളെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഇണങ്ങുന്നവിധത്തിൽ നയിച്ച കുത്തകകൾ ഇന്ന് ധാന്യങ്ങൾ, മുട്ട, മാംസം, പച്ചക്കറികൾ തുടങ്ങിയ എല്ലാ ഭക്ഷ്യോൽപ്പന്ന വിപണികളിലേക്കും തങ്ങളുടെ കഴുകൻ ചിറകുകൾ വിരിച്ചിരിക്കുകയാണ്. വലിയതോതിൽ സംഭരിച്ചുവച്ച് പരമാവധി ലാഭം കൊയ്യാൻ കഴിയുന്നവിധത്തിൽ വിപണിയിലേക്കിറക്കുകയെന്ന തന്ത്രം വിജയകരമായി ഏതാനും വർഷമായി ഇവർ പയറ്റുന്നത് കാണാം. മാസങ്ങളായി ഉയർന്ന വില തുടരുന്ന വറ്റൽ മുളക് ഈ മാരക കച്ചവട തന്ത്രത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. സാധനങ്ങൾ ശീതീകരിച്ച ഗോഡൗണുകളിൽ പൂഴ്ത്തിവച്ച്, കൃത്രിമക്ഷാമം സൃഷ്ടിച്ച് ലാഭം കൊയ്യുന്ന ഏർപ്പാട് ചില്ലറവിൽപ്പനരംഗത്തെ കുത്തകകൾ അനുസ്യൂതം തുടരുകയാണ്. ഇതിനെതിരെ നടപടികൾ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, അവരെ സഹായിക്കുന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഭക്ഷ്യ മന്ത്രി പീയുഷ് ഗോയലിന് ഇതൊന്നും ഒരു പ്രശ്‌നമേയല്ല.
എഫ്എംസിജി കമ്പനികളാകട്ടെ അടിക്കടി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില വർധിപ്പിക്കുകയാണ്. ബിസ്കറ്റ്, സോപ്പ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ തൂക്കം, അളവ്, എണ്ണം മുതലായ കാര്യങ്ങൾ കുറയ്ക്കുന്നതും ഇവർ പതിവ് രീതിയാക്കിയിരിക്കുന്നു. വിലയാകട്ടെ അടിക്കടി ഉയർത്തുകയും ചെയ്യുന്നു. ഈ കൊള്ള കേന്ദ്ര സർക്കാർ കൈയുംകെട്ടി നോക്കിനിന്ന് രസിക്കുന്നു. കാരണം, തങ്ങളുടെ ഇഷ്ടക്കാരായ കുത്തകകളാണ് ഇത് ചെയ്യുന്നത് എന്നതാണ്. ഭക്ഷ്യവിപണികളുടെ കുത്തകവൽക്കരണമാണ് അടുത്തകാലത്തെ വിലക്കയറ്റത്തിനു പിന്നിലെ കാതലായ ഒരു കാരണം. ജനങ്ങളെ ഭ്രാന്തൻ ചിന്തകൾക്ക് അടിമകളാക്കുന്ന വർഗീയവിഷം പരമാവധി ചീറ്റി അടിസ്ഥാനപ്രശ്നങ്ങൾ ചർച്ചയാക്കാതിരിക്കാനാണ് കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും തീവ്രശ്രമം. ദേശീയതലത്തിൽ ഇതൊന്നും കാണാതിരിക്കുന്ന മാധ്യമസമൂഹത്തിന് പക്ഷേ, ‘കേരളത്തിലെ വിലക്കയറ്റം ’ ഇഷ്ടവിഷയമാണ്. ദേശീയതലത്തിൽ ജൂലൈയിൽ 7.44 ശതമാനമായ പണപ്പെരുപ്പം കേരളത്തിൽ ഒരു ശതമാനം കുറവാണെന്ന കാര്യം അവർ സൗകര്യപൂർവം വിസ്മരിക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളം വിലക്കയറ്റത്തെ കാര്യമായിത്തന്നെ പിടിച്ചു നിർത്തിയത് മുഖ്യധാരാ മാധ്യമങ്ങൾ കാണാതെ പോകുന്നു.
(മുതിർന്ന സാമ്പത്തിക കാര്യ
മാധ്യമപ്രവർത്തകനാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..