25 April Thursday

അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടം കരുത്തായി - പ്രകാശ്‌ കാരാട്ട് എഴുതുന്നു

പ്രകാശ്‌ കാരാട്ട്Updated: Wednesday Dec 30, 2020


എസ്‌എഫ്‌ഐ രൂപീകരിച്ച്‌ നാലരവർഷം കഴിയുമ്പോഴാണ്‌ ഇന്ദിര ഗാന്ധി സർക്കാർ രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. ഒരു സംഘടിത വിദ്യാർഥിപ്രസ്ഥാനം എന്ന രീതിയിൽ ഉദയംചെയ്‌ത എസ്‌എഫ്‌ഐക്ക്‌ ആദ്യ വർഷങ്ങളിൽ ഇത്‌ വലിയ പരീക്ഷണമായി. പ്രതിപക്ഷത്തെ അടിച്ചമർത്താൻ‌ ലക്ഷ്യമിട്ട സർക്കാർ വിദ്യാർഥി സംഘടനകളെയും ശക്തമായി അടിച്ചമർത്തുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌. വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ 1973–- 75 കാലഘട്ടത്തിൽ രാജ്യവ്യാപകമായി തുടർച്ചയായ വിദ്യാർഥി സമരങ്ങൾ അരങ്ങേറി. പല സംസ്ഥാനങ്ങളിലും സമരത്തിന്‌ എസ്‌എഫ്‌ഐ നേതൃപരമായ പങ്കുവഹിച്ചു.

1974 ജൂണിലാണ്‌ ഞാൻ എസ്‌എഫ്‌ഐയുടെ പ്രസിഡന്റാകുന്നത്‌. ഒരു വർഷത്തിനകം  എസ്‌എഫ്‌ഐക്കെതിരെ സർക്കാരിൽനിന്ന്‌ തുടർച്ചയായി അക്രമങ്ങൾ തുടങ്ങി. ഒമ്പത്‌ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗങ്ങളെ മിസ ചുമത്തി ജയിലിലടച്ചു. കേരളം, അസം, ഒഡിഷ സംസ്ഥാന സെക്രട്ടറിമാരും ത്രിപുര, ഒഡിഷ സംസ്ഥാനപ്രസിഡന്റുമാരും ഇക്കൂട്ടത്തിൽപ്പെടും. പിന്നീട്‌ സിപിഐ എം പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്‌ണൻ, മണിക്‌ സർക്കാർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജനാർദ്ദൻ പതി, ഉദ്ദബ്‌ ബർമൻ എന്നിവർ ജയിലിലടയ്‌ക്കപ്പെട്ടു. മറ്റ്‌ നാല്‌ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗങ്ങളെയും അറസ്‌റ്റ്‌ ചെയ്യാൻ ശ്രമിച്ചിരുന്നു. അവർ സംഘടനാ പ്രവർത്തനം നടത്താനായി ഒളിവിൽ പോയി. അടിയന്തരാവസ്ഥക്കാലത്ത്‌ രാജ്യത്താകെ എസ്‌എഫ്‌ഐയുടെ 60 നേതാക്കളെയാണ്‌ രാജ്യസുരക്ഷാ നിയമപ്രകാരം ജയിലിലടച്ചത്‌.

1975 ജൂൺ 25ന്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ കൊൽക്കത്തയിലായിരുന്നു. അക്കാലത്ത്‌ കൊൽക്കത്തയിലായിരുന്നു എസ്‌എഫ്‌ഐയുടെ ആസ്ഥാനം. സംഘടനാ ചുമതലയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. തിരിച്ചുപോകുമ്പോൾ ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങരുതെന്നും തൊട്ടടുത്ത സ്‌റ്റേഷനിൽ ഇറങ്ങി പൊലീസിന്റെ കണ്ണിൽപ്പെടാതെ രക്ഷപ്പെടണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രമോദ്‌ ദാസ്‌ ഗുപ്‌ത നിർദേശിച്ചു. ഡൽഹിയിൽ ഒളിവിൽ കഴിഞ്ഞുകൊണ്ട്‌ സംഘടനാപ്രവർത്തനം നടത്താനാണ്‌ ആവശ്യപ്പെട്ടത്‌.


 

അടിയന്തരാവസ്ഥക്കാലത്ത്‌ വിദ്യാർഥികളെ സംഘടിപ്പിച്ചുകൊണ്ട്‌ അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തിയത്‌ കേരളത്തിലാണ്‌. പ്രക്ഷോഭത്തിൽ പങ്കെടുത്ത നൂറുകണക്കിന്‌ വിദ്യാർഥികളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംസ്ഥാന നേതാക്കളായ എം എ ബേബി, ജി സുധാകരൻ ഉൾപ്പെടെയുള്ളവർ അറസ്‌റ്റിലായി. രാജ്യസുരക്ഷാ നിയമപ്രകാരം കേരളത്തിലെ എസ്‌എഫ്ഐ പ്രവർത്തകർക്കെതിരെ അറുനൂറിലേറെ കേസാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ 1973–-74 ൽ വിദ്യാർഥിയൂണിയൻ പ്രസിഡന്റായിരുന്നു ഞാൻ. എന്റെ പിൻഗാമിയായ എസ്‌എഫ്‌ഐ നേതാവ്‌ ഡി പി ത്രിപാഠി ഉൾപ്പെടെയുള്ളവരെ മിസ പ്രകാരം ജയിലിലടച്ചു.

ഒളിവിൽ പ്രവർത്തിക്കുക എന്നത്‌ എന്റെ തലമുറയിലെ വിദ്യാർഥിസംഘടനാ പ്രവർത്തകർക്ക്‌ പുതിയ അനുഭവമായിരുന്നു. അടിയന്തരാവസ്ഥയെ ചെറുത്തുനിൽപ്പിനും മറ്റ്‌ വിവരങ്ങൾ കൈമാറാനുമുള്ള ബുള്ളറ്റിൻ ഇറക്കാനുള്ള ഒരു രഹസ്യകേന്ദ്രം സ്ഥാപിക്കാൻ സാധിച്ചിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ എസ്‌എഫ്‌ഐക്ക്‌ നിരവധി സഖാക്കളെ നഷ്ടപ്പെട്ടു. മതിയായ ചികിത്സ‌ ലഭിക്കാത്തതിനാൽ പാലക്കാട്‌‌ ജില്ലയിലെ മണ്ണാർക്കാട്ടെ വിദ്യാർഥിയായിരുന്ന പത്തൊമ്പതുകാരനായ മുസ്‌തഫ ജയിലിൽ അതിദാരുണമായി മരണപ്പെട്ടു. പഞ്ചാബിലെ വനിതാ പ്രവർത്തകയായിരുന്ന ചരൺജിത്‌ കൗറിനെ സാമൂഹ്യവിരുദ്ധർ വെടിവച്ചുകൊന്നു.

കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും ഭാരവാഹിയോഗവും ഈ ഘട്ടത്തിൽ രണ്ടുതവണ ചേർന്നു. ഡൾഹിയിലും കൊൽക്കത്തയിലുമായിരുന്നു യോഗം. ഡൽഹിയിൽ നടന്ന യോഗത്തിൽ അന്ന്‌ ഒളിവിൽ കഴിഞ്ഞിരുന്ന സിപിഐ എം ജനറൽ സെക്രട്ടറി പി സുന്ദരയ്യ പങ്കെടുത്തിരുന്നു. എങ്ങനെ സംഘടനാ പ്രവർത്തനം തുടരണമെന്നതുൾപ്പെടെയുള്ള വിലയേറിയ നിർദേശങ്ങൾ സുന്ദരയ്യ നൽകി. വിദ്യാർഥി നേതാക്കൾക്ക്‌ അത്‌ കോരിത്തരിപ്പിക്കുന്ന അനുഭവമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ എസ്‌എഫ്‌ഐ വഹിച്ച പങ്ക്‌ വിദ്യാർഥികൾക്കിടയിൽ സംഘടനയെപ്പറ്റി വലിയ മതിപ്പ്‌ സൃഷ്‌ടിച്ചു. അടിയന്തരാവസ്ഥയ്‌ക്കുശേഷം എസ്‌എഫ്‌ഐയുടെ വളർച്ചയ്‌ക്ക്‌ ഇത്‌ വലിയ ഉത്തേജനമായി. വലിയൊരു കുതിച്ചുചാട്ടം നടത്താൻ  സാധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top