06 December Monday

കേരളത്തിൽ വർഗീയ ചേരിതിരിവ‍് അരുത്‌ - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

പ്രകാശ്‌ കാരാട്ട്‌Updated: Friday Sep 24, 2021

ജനസംഖ്യയുടെ 45 ശതമാനംവരുന്ന മുസ്ലിങ്ങളും ക്രൈസ്തവരും ഉൾക്കൊള്ളുന്ന സവിശേഷമായ ഒരു സാമൂഹ്യഘടനയാണ്‌ കേരളത്തിന്റേത്‌. മൂന്ന് മതസമൂഹങ്ങളും കേരളത്തിന്റെ സാമൂഹ്യഘടനയിൽ ഇഴചേർന്ന് പരസ്‌പരം യോജിച്ചുനിലനിൽക്കുന്നു എന്നതും പ്രത്യേകതയാണ്. ഈ പ്രമുഖ മതവിഭാഗങ്ങളുടെയെല്ലാം സാമൂഹ്യ, -സാംസ്കാരിക സവിശേഷതകളെ മലയാളി സ്വത്വമായി സ്വാംശീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ശക്തമായ മതനിരപേക്ഷ പാരമ്പര്യം നിലനിർത്താൻ ഇടതുപക്ഷം വലിയ സംഭാവന നൽകിയിട്ടുണ്ട്.

എന്നാൽ, സമീപ വർഷങ്ങളിൽ, ഹിന്ദുത്വത്തിന്റെ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപി-യും ആർഎസ്എസും, യോജിപ്പോടെയുള്ള സഹവർത്തിത്വത്തിലും ഇടപെടലുകളിലും വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭയുടെ ഭാഗമായ സിറോ മലബാർ സഭയുടെ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തെ കാണേണ്ടത്. കോട്ടയം ജില്ലയിലെ ഒരു പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ, മുസ്ലിം തീവ്രവാദികൾ നടത്തുന്ന ലൗജിഹാദ്, മയക്കുമരുന്ന് ജിഹാദ് എന്നിവയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പുനൽകി. കത്തോലിക്കാ സഭ നേരത്തെ ലൗജിഹാദ് വാദം ഉയർത്തിയിരുന്നെങ്കിലും, ‘നർകോട്ടിക് ജിഹാദിന്റെ' ഭീഷണി പുതിയതാണ്. ജിഹാദികൾ അമുസ്ലിങ്ങളെ നശിപ്പിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ്‌ ബിഷപ് അഭിപ്രായപ്പെട്ടത്‌. ഈ ആരോപണം സ്വാഭാവികമായും കേരളസമൂഹത്തിൽ ആശങ്കയും സംശയവും ഉളവാക്കി. 

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഏതെങ്കിലും തീവ്രവാദ മതസംഘടനകൾക്കുമേൽ ഇത്‌ ചുമത്തുന്നത് തികച്ചും തെറ്റാണ്. അത്തരത്തിലൊരു ബന്ധത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്‌. ‘‘ഒരു മതവും അത്തരം മയക്കുമരുന്നുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റെ നിറം സാമൂഹ്യവിരുദ്ധമാണ്, സാമൂഹ്യതിന്മകൾക്ക് മതപരമായ നിറംനൽകരുത്’’എന്നും മുഖ്യമന്ത്രി പറഞ്ഞു.

"ജിഹാദികളുടെ ഗൂഢാലോചന’ എന്ന വാദം രാഷ്ട്രീയവൃത്തങ്ങൾ തള്ളിക്കളഞ്ഞപ്പോൾ, ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കാൻ ബിജെപി മുന്നോട്ടുവന്നു. ജിഹാദികളുടെ പ്രവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്‌ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ഇതിനെ നല്ല അവസരമാക്കി മാറ്റി. കേരളത്തെ സംബന്ധിച്ചിടത്തോളം ഏതാനും വർഷം  അസ്വസ്ഥത സൃഷ്ടിച്ച വിവാദമായിരുന്നു ലൗജിഹാദ്‌. 21 പേർ വീടും കുടുംബവും ഉപേക്ഷിച്ച്‌ ഐഎസ്‌ഐഎസ്‌–--ഖൊറാസൻ എന്ന ഭീകരസംഘടനയിൽ ചേരുന്നതിന്‌ അഫ്ഗാനിസ്ഥാനിലേക്ക് പോയതായിരുന്നു അത്‌. അവരുടെ കൂട്ടത്തിൽ ഇസ്ലാം മതം സ്വീകരിച്ച രണ്ട് ക്രിസ്ത്യൻ യുവതികളും അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രയ്ക്കായി ഭർത്താക്കന്മാരോടൊപ്പം ചേർന്നു. അവരിൽ ഒരാൾ യഥാർഥത്തിൽ  ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ചശേഷം രണ്ടുപേരും മതം മാറുകയായിരുന്നു. ഇവരെ റിക്രൂട്ട് ചെയ്യുന്നതിനും തീവ്രവാദ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരാക്കുന്നതിനും പിന്നിൽ ജിഹാദി ശൃംഖലയായിരുന്നു.

ഈ രണ്ട് യുവതികൾ മതംമാറി തീവ്രവാദ സ്വാധീനത്തിൽപ്പെട്ടതിനെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരം തീവ്രവാദ സ്വാധീനങ്ങൾക്ക് ഇരയാകുന്നതിനെതിരെ അവരുടെ സഭയ്‌ക്ക്‌ മുന്നറിയിപ്പുനൽകുന്നത് അവരുടെ ഭാഗത്തുനിന്നും ശരിയായിരിക്കും. എന്നിരുന്നാലും, ഇവ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. മുസ്ലിം ഇതര സ്ത്രീകളെ ആകർഷിക്കുന്നതിനായി ലൗജിഹാദ് പോലെയുള്ള സംഘടിത ശ്രമങ്ങൾ നടക്കുന്നതായി സംസ്ഥാന പൊലീസിന്റെയും എൻഐഎയുടെയും അന്വേഷണത്തിൽ കണ്ടെത്തിയില്ല.

ലൗജിഹാദിനെക്കുറിച്ചുള്ള മുഴുവൻ ചർച്ചയിലെയും മറ്റൊരു വിചിത്രമായ വശം, വിവിധ മത, -ജാതി സംഘടനകളുടെ നേതാക്കൾ "ഞങ്ങളുടെ സ്ത്രീകൾ’, "ഞങ്ങളുടെ പെൺകുട്ടികൾ’ എന്നിങ്ങനെ സംസാരിക്കുന്നു. ഇത്‌ അവരുടെ ഗോത്രാധിപത്യവും സ്‌ത്രീകളുടെ ഉടമസ്ഥരാണ്‌ ഞങ്ങൾ എന്ന സമീപനവുമാണ്‌ വ്യക്തമാക്കുന്നത്‌. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളിൽ സ്ത്രീകൾക്ക് അവരുടേതായ കാഴ്ചപ്പാടുകളും തെരഞ്ഞെടുപ്പുകളും ഉണ്ടായിരിക്കാം. ഇത്‌ പരോക്ഷമായി നിഷേധിക്കുകയാണ്‌ ഇതിലൂടെ.


 

ബിജെപി-, ആർഎസ്എസ് കൂട്ടുകെട്ട് മുസ്ലിങ്ങൾക്കെതിരെ തങ്ങളുടെ നിലപാട്‌ കർശനമാക്കുമ്പോൾ തന്ത്രപരമായി ക്രിസ്ത്യൻ പുരോഹിതരെ അവരുടെ ഭാഗത്തേക്ക് അണിനിരത്താൻ ശ്രമിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി മോദി തന്നെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ നേതാക്കളെ കണ്ടിരുന്നു. കേരളത്തിലെ ക്രൈസ്തവർക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബിജെപി-യുടെയും ആർഎസ്എസിന്റെയും യഥാർഥ സ്വഭാവം  മനസ്സിലാക്കണം. ഹിന്ദുത്വ ശക്തികൾ മതന്യൂനപക്ഷങ്ങൾക്കെതിരെ അത്‌ മുസ്ലിങ്ങളായാലും ക്രൈസ്തവരായാലും നിരന്തരമായ പ്രചാരണം നടത്തുകയാണ്‌. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ, ക്രൈസ്തവർക്കെതിരെ 1774 വിദ്വേഷ കുറ്റകൃത്യങ്ങൾ രാജ്യത്തുടനീളം നടന്നിട്ടുണ്ട്. 2016നു ശേഷം ക്രൈസ്തവർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ 59.6 ശതമാനം വർധിച്ചു. നിരന്തരം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ബിജെപിയും -ആർഎസ്എസും ശ്രമിക്കുന്നു.

1921ലെ മലബാർ കലാപത്തെ വികലമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആർഎസ്‌എസ്‌ സെപ്‌തംബർ 25ന് ‘മലബാർ ഹിന്ദു വംശഹത്യ ദിനം' ആചരിക്കുകയാണ്‌. ബ്രിട്ടീഷ് ഭരണത്തിനും മുസ്ലിം കർഷകരെ അടിച്ചമർത്തുന്ന ജന്മിമാർക്കുമെതിരെയായിരുന്നു മലബാർ കലാപം. ബ്രിട്ടീഷ് സായുധസേന കലാപത്തെ ക്രൂരമായി അടിച്ചമർത്തി. കേരളത്തിലെ ക്രൈസ്തവരോട് ആർഎസ്എസ് ഇപ്പോൾ പ്രകടിപ്പിക്കുന്ന സഹതാപത്തിന്റെ ഭാഗമായി മലബാർ കലാപം ഹിന്ദുവിരുദ്ധം മാത്രമല്ല, ക്രിസ്ത്യൻ വിരുദ്ധവുമാണെന്നുകൂടി വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഇസ്ലാമോഫോബിയയുടെ അപകടങ്ങളെയും ഹിന്ദുത്വശക്തികൾ കളിക്കുന്ന ഭിന്നിപ്പിക്കൽ തന്ത്രങ്ങളെയും കത്തോലിക്കാ സഭയിൽനിന്നും മറ്റു ക്രിസ്‌ത്യൻ സഭകളും ചൂണ്ടിക്കാണിക്കുന്നുവെന്നത് സന്തോഷകരമാണ്. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാറിന്റെ പദ്ധതികളിൽ സഭാനേതാക്കൾ കുടുങ്ങാനുള്ള സാധ്യതകൾക്കെതിരെ ആദ്യം മുന്നറിയിപ്പ് നൽകിയവരിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസന മെത്രാപോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ്‌ ഉൾപ്പെടുന്നു.

ഭൂരിപക്ഷ വർഗീയതയുടെ ഹിന്ദുത്വ പതിപ്പ് ഉയർത്തുന്ന അപകടത്തെക്കുറിച്ച് കേരളത്തിലെ സിപിഐ എമ്മിന് വ്യക്തമായ ധാരണയുണ്ട്. ബിജെപി-യെയും ആർഎസ്‌എസിനെയും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാൻ എല്ലാ മതനിരപേക്ഷ, ജനാധിപത്യശക്തികളെയും അണിനിരത്താൻ ശ്രമിക്കുകയാണ്‌ സിപിഐ എം. അങ്ങനെ ചെയ്യുമ്പോൾ, മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദ സംഘടനകളും പ്രത്യയശാസ്ത്രങ്ങളും ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും പാർടിക്ക് വ്യക്തമായി അറിവുണ്ട്‌. അവയിൽ ചിലത് വിദേശത്തുള്ള ഇസ്ലാമിക തീവ്രവാദത്തിന്റെ ഉൽപ്പന്നങ്ങളാണ്. ക്രൈസ്തവർക്കിടയിൽ, ചെറിയൊരു പരിധിവരെ, തീവ്രവാദ കാഴ്ചപ്പാടുകൾ ഉയർന്നുവന്നിട്ടുണ്ട്. സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് ഉയർന്നുവരുന്ന മതബോധവും വർധിച്ചുവരുന്ന അരക്ഷിതാവസ്ഥയും ഇതിന്‌ ഒരു കാരണമാണ്‌. ഇത്തരമൊരു സാഹചര്യത്തിൽ മതനിരപേക്ഷ ഘടനയെ ഇല്ലാതാക്കാനും മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിപ്പിക്കാനും നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. ബിഷപ്പിന്റെ പ്രസംഗത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ വ്യത്യസ്ത പ്രതികരണങ്ങളും പ്രതിവാദങ്ങളും ഉയർന്നുവന്നിട്ടുണ്ട്‌. സമൂഹമാധ്യമങ്ങളിലെ ഏറ്റവും തീവ്രവും സാമുദായികവുമായ പ്രകോപനപരമായ ഉള്ളടക്കം തടയാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങേണ്ടിവരുമ്പോൾ, എല്ലാ മേഖലയിലും വർഗീയവും ഭിന്നിപ്പിക്കുന്നതുമായ ശക്തികളെ ചെറുക്കാനും മതസൗഹാർദം സംരക്ഷിക്കുന്നതിനുമുള്ള പ്രധാന കടമ നിറവേറ്റേണ്ടത്‌ ഇടതുപക്ഷവും ജനാധിപത്യശക്തികളുമാണ്‌. സമൂഹത്തിലെ എല്ലാ പുരോഗമനവിഭാഗങ്ങളുടെയും സഹകരണം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഈ ദൗത്യം ഏറ്റെടുക്കേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top