26 April Friday

ഏറ്റെടുക്കുക; ചരിത്രദൗത്യം - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022

ബ്രിട്ടീഷ്‌ മേൽക്കോയ്‌മയിൽനിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികവും പരമാധികാര റിപ്പബ്ലിക്‌ സ്ഥാപിച്ചതും ആഘോഷിക്കാനുള്ള അവസരമാണ്‌ സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികം. ഇന്ന്  നാം എവിടെ എത്തിനിൽക്കുന്നുവെന്ന്‌ വിമർശനാത്മകമായി തിരിഞ്ഞുനോക്കാനും വിലയിരുത്താനുമുള്ള സന്ദർഭംകൂടിയാണ്‌ ഇത്‌. ദാരിദ്ര്യത്തിൽനിന്നും പട്ടിണിയിൽനിന്നും രോഗങ്ങളിൽനിന്നും മുക്തമായ മെച്ചപ്പെട്ട ജീവിതമെന്നതാണ്‌ 1947 മുതൽ ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങളായി  അടയാളപ്പെടുത്തിയിരിക്കുന്നത്‌. എല്ലാ പൗരന്മാർക്കും ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങളായ -ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, സാംസ്കാരിക വികസനം എന്നിവ ലഭ്യമാക്കുകയാണ്‌ ഭരണകൂടത്തിന്റെ പ്രധാന കടമ.  എന്നാൽ, സ്വാതന്ത്ര്യാനന്തരം ഭരണവർഗങ്ങൾ സ്വീകരിച്ച മുതലാളിത്ത വികസനപാത കാരണം ഈ അഭിലാഷങ്ങൾ ഇന്നുവരെ ഫലപ്രദമായ രീതിയിൽ സാക്ഷാൽക്കരിക്കാൻ കഴിഞ്ഞിട്ടില്ല. ദശാബ്ദങ്ങളായി തുടർന്ന ഈ മുതലാളിത്ത പാത നവലിബറൽ മുതലാളിത്തമായി രൂപാന്തരപ്പെട്ടു. ഇത്‌ സമ്പത്തിന്റെ വമ്പിച്ച കേന്ദ്രീകരണത്തിലേക്കും വലിയ തോതിലുള്ള അസമത്വത്തിലേക്കും നയിച്ചു. അദാനിമാരെയും അംബാനിമാരെയും പോലുള്ള വൻകിട മുതലാളിമാർ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലകളിൽ ആധിപത്യം പുലർത്തുന്ന സാഹചര്യം സംജാതമായിരിക്കുന്നു. 

2021ലെ ഓക്‌സ്‌ഫാം ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ 57 ശതമാനം സമ്പത്തും മുൻനിരയിലുള്ള 10 പേരുടെ കൈവശമാണ്‌.  താഴെ തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ പക്കലുള്ളത്‌ 13 ശതമാനം മാത്രവും. സ്വാതന്ത്ര്യം ലഭിച്ച് ഏഴരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും പട്ടിണി, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ എന്നിവ ഇല്ലാതാക്കാൻ നമുക്ക്‌ സാധിച്ചിട്ടില്ല. നിലനിൽക്കുന്ന വർഗവ്യവസ്ഥയും സാമൂഹ്യശ്രേണിയുടെ ക്രമവുമാണ്‌ ഇതിനു പ്രധാന കാരണം. സാമ്പത്തിക വികസനത്തിന്റെ  നേട്ടങ്ങളുടെ ഫലം അനുപാതമില്ലാത്ത രീതിയിൽ ലഭിക്കുന്നത്‌ അതിസമ്പന്നർക്കും കുത്തക മുതലാളിമാർക്കുമാണ്‌. ഈ അനീതി സംവിധാനം ബിജെപി ഭരണത്തിൽ  പ്രകടമായ ഹിന്ദുത്വ–-കോർപറേറ്റ്‌ സഖ്യമായി പരിണമിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമര കാലത്ത് ജനങ്ങൾ നെഞ്ചിലേറ്റിയ എല്ലാ മൂല്യങ്ങൾക്കുംനേരെ ഈ വർഗീയ–--കോർപറേറ്റ് കൂട്ടുകെട്ട് വലിയ ഭീഷണി ഉയർത്തുകയാണ്‌. സ്വതന്ത്ര ഇന്ത്യയുടെ പ്രധാന നേട്ടങ്ങളിലൊന്ന്  ഭരണഘടനയ്‌ക്കു കീഴിൽ സ്ഥാപിച്ച  പാർലമെന്ററി ജനാധിപത്യസംവിധാനമായിരുന്നു. പക്ഷേ, ജനാധിപത്യത്തിനും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനുംനേരെ വർധിച്ചുവരുന്ന കടന്നാക്രമണങ്ങൾ അവയെ ദുർബലപ്പെടുത്തുകയാണ്‌. കഴിഞ്ഞ എട്ടു വർഷമായി തുടരുന്ന ബിജെപി ഭരണത്തിൽ പൗരന്മാരുടെ എല്ലാ ജനാധിപത്യ അവകാശങ്ങൾക്കും നേരെയുള്ള ആസൂത്രിതമായ ആക്രമണമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്‌. ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിനെ സ്വേച്ഛാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്കും ഏകാധിപത്യഭരണ സംവിധാനത്തിലേക്കും തരംതാഴ്‌ത്തി.

ജനാധിപത്യ -രാഷ്ട്രീയ വ്യവസ്ഥയുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന  ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ  മതനിരപേക്ഷമൂല്യം സ്വാതന്ത്ര്യം ലഭിച്ച്‌ അഞ്ചാം ദശകംമുതൽത്തന്നെ ഗുരുതരമായ ആക്രമണത്തിന് വിധേയമായി. ഇപ്പോൾ മതനിരപേക്ഷമൂല്യം തകർക്കാൻ രാഷ്ട്രത്തിന്റെ ഭരണസംവിധാനം വിനിയോഗിക്കുന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഭരണകൂട സ്ഥാപനങ്ങളുടെമേൽ ഹിന്ദുത്വയുടെ ആധിപത്യം സ്ഥാപിക്കുന്നതിന്‌ മോദി സർക്കാർ പരസ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിന്റെ പരിണതഫലമാണ് ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വ്യാപകമായ ആക്രമണങ്ങൾ. അവരെ രണ്ടാംതരം പൗരന്മാരായി തരംതാഴ്‌ത്താനുള്ള എല്ലാ ശ്രമവും നടത്തുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും അറസ്റ്റുചെയ്‌ത്‌ ജയിലിലടയ്‌ക്കാനും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്‌. അവരുടെ സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച്‌ നശിപ്പിക്കുന്നു.

ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യപൂർണവുമായ ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ സുഗമമായ പ്രവർത്തനത്തിനും എല്ലാ സംസ്ഥാനങ്ങളോടും  ന്യായമായ സമീപനം സ്വീകരിക്കാനും ഫെഡറലിസം അത്യന്താപേക്ഷിതമാണ്. എന്നാൽ, മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനു കീഴിൽ ഫെഡറലിസത്തിന്റെ എല്ലാ ഘടകവും കേന്ദ്ര-–-സംസ്ഥാന ബന്ധങ്ങളും കടന്നാക്രമിക്കപ്പെടുന്നു. ഏകകക്ഷി ഭരണത്തിലേക്കുള്ള സ്വേച്ഛാധിപത്യ പ്രേരണയുടെ ഭാഗമാണ്‌ അധികാരകേന്ദ്രീകരണത്തിലേക്കുള്ള നീക്കം.

തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ നവ ലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പാക്കാൻ ഭരണവർഗത്തിന്‌ സ്വേച്ഛാധിപത്യ ഭരണസംവിധാനം അനിവാര്യമാണ്‌. കൂടുതൽ കൂടുതൽ ശക്തിപ്പെട്ടുവരുന്ന  ജനകീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും ക്രൂരമായ നിയമങ്ങൾ ഉപയോഗിച്ചും ഭരണകൂട സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തും അടിച്ചമർത്തുന്നു. അതിനാൽ, സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികവേളയിൽ ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, ജനങ്ങളുടെ അടിസ്ഥാന സാമ്പത്തിക, ജനാധിപത്യ അവകാശങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനു പകരം രാജ്യത്തെ അധഃപതനത്തിന്റെ വഴിയിലൂടെ പിന്നോട്ടു നയിക്കുകയാണ്‌.  മതനിരപേക്ഷ ജനാധിപത്യത്തിന്റെയും പൗരന്മാരുടെ സാമ്പത്തിക, സാമൂഹ്യ അവകാശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ ജനങ്ങൾക്കു മാത്രമേ സാധിക്കുകയുള്ളൂ.  സാമ്പത്തികവും സാമൂഹ്യവുമായ വിമോചനമാണ് സ്വാതന്ത്ര്യം ജനങ്ങൾക്ക്‌ വാഗ്‌ദാനം ചെയ്‌തത്‌. അതുകൊണ്ട്‌ ഇതിനെയെല്ലാം പ്രതിരോധിക്കാൻ അവർ രംഗത്തുവരണം. ഹിന്ദുത്വ വർഗീയതയ്‌ക്കെതിരായ പോരാട്ടവും നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടവും  സംയോജിപ്പിച്ചുകൊണ്ട്‌ ഒരേസമയം നടത്തണം. ജനങ്ങളെ ഉണർത്തുകയും അണിനിരത്തുകയും ഭാവി സംരക്ഷിക്കുന്നതിനായി ഈ ചരിത്രപരമായ പോരാട്ടം നടത്താൻ ആളുകളെ സംഘടിപ്പിക്കുകയും ചെയ്യുകയെന്നത് ഇടതുപക്ഷ ജനാധിപത്യശക്തികളുടെ അടിസ്ഥാന ദൗത്യമായി മാറിയിരിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top