‘ഭീകരവാദത്തിന് മതമില്ല; പക്ഷേ എന്തുകൊണ്ട് എല്ലാ ഭീകരവാദികളും മുസ്ലിങ്ങളാകുന്നു?' ഇങ്ങനെ ചോദിച്ചത് ബിജെപിയെ അധികാരപഥത്തിലേക്ക് നയിക്കുന്നതിൽ മോദിയേക്കാൾ വിയർപ്പൊഴുക്കിയ എൽ കെ അദ്വാനിയായിരുന്നു. പക്ഷേ, ഒന്നര പതിറ്റാണ്ടുമുമ്പ് അഥവാ 2008 നവംബർ 27ന് ശത്രുവിന്റെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് ആനന്ദനൃത്തം ചവിട്ടിയത് ഒരു ‘സനാതന' ഹിന്ദുവായിരുന്നു. പേര് പ്രഗ്യാസിങ് ഠാക്കൂർ. 27ന് ഭീകരർ മുംബൈ നഗരത്തിൽ അഴിഞ്ഞാടി. ഭീകരരെ തുരത്താനുള്ള കഠിന പരിശ്രമങ്ങൾക്കിടയിൽ ഹേമന്ദ് കർക്കറെ രക്തസാക്ഷിയായി. ഇതാണ് പ്രഗ്യാസിങ്ങിനെ ആനന്ദത്തിൽ ആറാടിച്ചത്. മലേഗാവ് സ്ഫോടനക്കേസ് കുറെ നിരപരാധികളായ മുസ്ലിങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള തിരക്കഥ പൊളിച്ചെഴുതിയത് ഹേമന്ദ് കർക്കറെയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പ്രഗ്യാസിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘപരിവാർ ഹിന്ദുത്വ ഭീകരരാണ് സ്ഫോടനം നടത്തിയതെന്ന് തെളിവുകൾ സഹിതം കണ്ടെത്തി. മെക്കാ മസ്ജിദ്, അജ്മീർ ദർഹ, സംജോതാ എക്സ്പ്രസ് ഭീകരാക്രമണങ്ങൾക്ക് പിറകിലും ഇതേ സംഘമായിരുന്നു.
രണ്ടായിരത്തി പതിനാലോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കേന്ദ്രാധികാരത്തിന്റെ പിൻബലത്തോടെ ഹിന്ദുത്വ ഭീകരർ പ്രതികളായ കേസുകളിലെ തെളിവുകൾ ജലരേഖകളായി. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറി. ഭീകരർക്ക് ജാമ്യം ലഭിച്ചു. അവർ കാവിപുതച്ച് താമരത്തണലിൽ സുരക്ഷിതരായി. എൻഐഎ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പ്രതിപ്പട്ടികയിൽനിന്ന് പ്രഗ്യാസിങ്ങിനെ ഒഴിവാക്കാൻ കോടതി തയ്യാറായില്ല. ആരോഗ്യാവസ്ഥ മോശമാണെന്ന പച്ചക്കള്ളം വിശ്വസിപ്പിച്ച് ജാമ്യം നേടി. പുറത്തിറങ്ങിയ ഉടനെ വിഷം ചീറ്റിയത് ഹേമന്ദ് കർക്കറെയ്ക്കെതിരെയായിരുന്നു. ‘എന്റെ ശാപംകൊണ്ടാണ് കർക്കറെ കൊല്ലപ്പെട്ടത്'. മോദിയും സംഘവും ആ ഭീകരവാദിക്ക് പച്ച പരവതാനി വിരിച്ചു. ഭോപാലിൽനിന്ന് മത്സരിപ്പിച്ച് ലോക്‌സഭാംഗമാക്കി. ലോക്‌സഭാംഗമായ ആദ്യ ഭീകരവാദിയെന്ന ദുഷ്‌പ്പേര് പ്രഗ്യ പാർലമെന്ററി ചരിത്രത്തിൽ എഴുതിച്ചേർത്തു.
തൃശൂലത്തിന് പകരം തോക്ക്
ആശയപ്രചാരണത്തിനായി സംഘപരിവാർ തൃശൂലങ്ങൾ രംഗത്തിറക്കിയത് രണ്ടായിരത്തിന്റെ തുടക്കത്തിലാണ്. തൃശൂലങ്ങൾ പ്രതീകാത്മകം മാത്രമല്ലെന്ന് ഗുജറാത്ത് കലാപം തെളിയിച്ചു. തൃശൂലങ്ങൾകൊണ്ട് ഗർഭിണികളുടെ വയർ കുത്തിക്കീറി. തൃശൂലങ്ങളിൽ കോർത്തെടുത്ത ഗർഭസ്ഥ ശിശുക്കളെ ചുട്ടുകൊന്ന് മതവെറി തീർത്തു. തൃശൂലത്തിന്റെ സ്ഥാനത്ത് ഇപ്പോൾ തോക്കാണ്. കഴിഞ്ഞ രാമനവമിക്ക് സംഘപരിവാർ നടത്തിയ യാത്രകളിൽ പലയിടത്തും ബജ്‌റംഗദൾ പ്രവർത്തകരുടെ കരങ്ങളിൽ തോക്കുകൾ ഉണ്ടായിരുന്നു. ആകാശത്തേയ്ക്ക് വെടിയുതിർത്താണ് അവർ ഓജസ്സ് പ്രകടിപ്പിച്ചത്. അസമിൽനിന്നുള്ള ബജ്‌റംഗദൾ പരിശീലന ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തോക്ക് ഉപയോഗിക്കാനാണ് പ്രചാരകർ പ്രവർത്തകർക്ക് പരിശീലനം നൽകിയിരുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് രാജ്യവും സംസ്ഥാനവും ഭരിക്കുന്നവരുടെ തണലിലാണ്.
അസീമാനന്ദ, പ്രഗ്യാസിങ് ഠാക്കൂർ, കേണൽ പ്രസാദ് പുരോഹിത് തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ട് പതിറ്റാണ്ടു മുമ്പ് ആർഡിഎക്സ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാനുള്ള പരിശീലന കളരികൾ ഗുജറാത്തിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സംഘടിപ്പിച്ചിരുന്നു. അക്കാലത്ത് കേന്ദ്രത്തിൽ യുപിഎ ആയിരുന്നു അധികാരത്തിൽ. ബിജെപിയുടെ ഡബിൾ എൻജിൻ ഭരണകാലത്ത് ഏതു രീതിയിലുള്ള ഭീകരപ്രവർത്തന പരിശീലനമായിരിക്കും സ്വയം സേവകർക്ക് നൽകുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം വിദഗ്ധപരിശീലനം ലഭിച്ചവരാണ് ഗൗരി ലങ്കേഷിനെയും നരേന്ദ്ര ധബോൽക്കറെയും ഗോവിന്ദ്പാൻസാരെയെയും കൽബുർഗിയെയും കൊലപ്പെടുത്തിയത്.
കശ്മീരും മണിപ്പുരും
മോദി സർക്കാരിന്റെ ഭരണത്തിനു കീഴിൽ കശ്മീരിൽ ഭീകരാക്രമണങ്ങളും ഭീകരരുടെ എണ്ണവും വൻ തോതിൽ കുറഞ്ഞു എന്നതാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. കഴിഞ്ഞ ദിവസവും മൂന്ന് ഉന്നത സേനാ ഉദ്യോഗസ്ഥർ ഭീകരരുടെ തോക്കിനിരയായി. പക്ഷേ, നിത്യേനയെന്നോണം കശ്മീരിൽ ഭീകരാക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കൊല്ലപ്പെടുന്ന ചാവേറുകളാകാൻ തയ്യാറായി ചെറുപ്പക്കാർ രംഗത്ത് വരുന്നു. എന്നാൽ, ഭീകരാക്രമണങ്ങളിൽ മണിപ്പുർ എന്ന കൊച്ചു സംസ്ഥാനം ഇപ്പോൾ കശ്മീരിനെ കടത്തിവെട്ടുകയാണ്.
ആരംഭകാലം മുതൽക്കേ സ്വത്വ പ്രശ്നങ്ങൾ മണിപ്പുരിലുണ്ട്. ചെറുതും വലുതുമായ 34 ഭീകരസംഘടന മണിപ്പുരിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. യുഎൽഎൽഎഫും പിആർപിയുമായിരുന്നു ഏറ്റവും ശക്തമായ സംഘടനകൾ. ബിജെപി അധികാരത്തിൽ വന്നതോടെ ഭീകരവാദത്തിന്റെ സ്വഭാവവും മാറി. സംഘപരിവാറിന്റെ പിന്തുണയോടെ ‘ആരംബായ് തെങ്കോൾ' എന്ന പുതിയൊരു സംഘടന നിലവിൽ വന്നു. ഒരു സാംസ്കാരിക സാമൂഹ്യസംഘടന എന്ന പ്രഖ്യാപനത്തോടെ നിലവിൽ വന്ന സംഘടനയുടെ അടിസ്ഥാന ദർശനം ഹിന്ദുത്വ കേന്ദ്രീകൃത മെയ്‌ത്തീ സ്വത്വ രാഷ്‌ട്രീയവും മാർഗം ഭീകരസ്വഭാവമുള്ള അക്രമവുമായിരുന്നു. കറുപ്പ് വസ്ത്രം ധരിച്ച് കൈയിൽ തോക്കുകൾ ഉയർത്തിപ്പിടിച്ച് റോഡുകളിലൂടെ റോന്തു ചുറ്റുന്ന കുതിരപ്പട എന്നാണ് മണിപ്പുരിൽ ആരംബായ് തെങ്കോൾ അറിയപ്പെടുന്നത്. കുക്കി വിരുദ്ധത ആളിക്കത്തിച്ചാണ് സംഘടന മെയ്‌ത്തീ ചെറുപ്പക്കാർക്കിടയിൽ സ്വാധീനമുറപ്പിച്ചത്.
മണിപ്പുർ കലാപത്തിന്റെ തുടക്കംമുതൽ ആരംബായ് തെങ്കോൾ സജീവമായി അക്രമരംഗത്ത് ഉണ്ടായിരുന്നു. ജനക്കൂട്ടത്തെ പ്രത്യേകിച്ച് സ്‌ത്രീകളെ മനുഷ്യകവചങ്ങളാക്കി രംഗത്തിറക്കി അക്രമങ്ങൾ നടത്തുക എന്നതാണ് സംഘടനയുടെ പ്രവർത്തന രീതി. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അകമഴിഞ്ഞ പിന്തുണ എക്കാലത്തും ഉണ്ടായിരുന്നു. താഴ്വരയിലെ പൊലീസ് സേന അപ്രഖ്യാപിത മെയ്‌ത്തീ പടയാണ്. അവരുടെ മൗനാനുവാദത്തോടെ പൊലീസ് സ്റ്റേഷനുകൾ കൊള്ളയടിച്ചു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ എല്ലാം കൈവശപ്പെടുത്തി. ഇവയുമായാണ് ആരംബായ് തെങ്കോൾ താഴ്വരയിൽ അഴിഞ്ഞാടിയത്. ‘മോഷ്ടിച്ച ആയുധങ്ങൾ തിരിച്ചേൽപ്പിക്കണമേ...' എന്ന മുഖ്യമന്ത്രി ബിരേൻസിങ്ങിന്റെയും മണിപ്പുരിൽനിന്നുള്ള കേന്ദ്രമന്ത്രി രാജ് കുമാർ രൺജൻ സിങ്ങിന്റെയും യാചനകൾ ഭീകരർ കേട്ട ഭാവംപോലും നടിച്ചില്ല.
മണിപ്പുരിലെ സംഭവ വികാസങ്ങൾ ആഗോളതലത്തിൽ ചർച്ചചെയ്യപ്പെട്ടപ്പോഴാണ് കേന്ദ്ര സേനയായ അസം റൈഫിൾസിനെ വിന്യസിച്ചത്. അതോടെ ഏറ്റുമുട്ടൽ അസം റൈഫിൾസും ആരംബായ് തെങ്കോളും തമ്മിലായി. ആരംബായിക്ക് മേൽക്കൈ നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ സഹായഹസ്തവുമായി ബിരേൻ സിങ് സർക്കാരെത്തി. കേന്ദ്ര സേനയായ അസം റൈഫിൾസിനെതിരെ കേസെടുത്താണ് ഭീകരസംഘടനയായ ആരംബായ് തെങ്കോളിനെ സർക്കാർ സഹായിച്ചത്. കേന്ദ്ര സേനയ്ക്കെതിരെ ഒരു സംസ്ഥാന പൊലീസ് കേസെടുക്കുന്നത് അത്യപൂർവ സംഭവമാണ്. ഇരു സേനകൾക്കും നേതൃത്വം നൽകുന്നതാകട്ടെ ബിജെപി ഭരിക്കുന്ന സർക്കാരുകളും. ഡബിൾ എൻജിൻ ഭരണത്തിന്റെ മാഹാത്മ്യത്തിന് മറ്റു ഉദാഹരണങ്ങൾ ഒന്നും ആവശ്യമില്ല.
മണിപ്പുരിലെ സംഘപരിവാറിന്റെ വളർച്ചയ്‌ക്കൊപ്പം കരുത്താർജിച്ച മറ്റൊരു സംഘടനയാണ് മെയ്‌ത്തീ ലീപൺ. സംഘടനയുടെ പ്രവർത്തനമാർഗവും ഭീകരവാദം തന്നെയാണ്. പ്രമോദ് സിങ്ങാണ് നേതാവ്. അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയിൽ ക്ലിനിക്കൽ സൈക്കോളജി പിജി വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെയാണ് പ്രമോദ് സിങ് പൊതുപ്രവർത്തനം തുടങ്ങിയത്. വളരെ പെട്ടെന്ന് സംഘപരിവാർ നേതാക്കളുമായി അടുത്തു. വിദ്യാഭ്യാസത്തിനുശേഷം മണിപ്പുരിൽ മടങ്ങിയെത്തിയ പ്രമോദ് സിങ് മെയ്‌ത്തീ ലീപണിനെ ഒരു സംഘപരിവാർ സംഘടനയാക്കി മാറ്റാനാണ് പരിശ്രമിച്ചത്. കുക്കികളെ ഉന്മൂലനം ചെയ്യുന്നതോടൊപ്പം മെയ്‌ത്തീ ലീപൺ ആരംബായ് തെങ്കോളുമായും മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകൾ കൊള്ളയടിച്ച് ആയുധങ്ങൾ മോഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നതിലാണ് മത്സരം.
‘എന്തുകൊണ്ട് മുസ്ലിങ്ങൾമാത്രം ഭീകരവാദികളാകുന്നു?' എന്ന എൽ കെ അദ്വാനിയുടെ മൂന്ന് പതിറ്റാണ്ടിനു മുമ്പുള്ള സംശയം അദ്ദേഹം ഇന്ന് ഉന്നയിക്കില്ലെന്ന് ഉറപ്പാണ്. അഭിനവ് ഭാരത്, സനാതൻ സൻസ്ഥ, ആരംബായ് തെങ്കോൾ, മെയ്‌ത്തീ ലീപൺ... സംഘപരിവാറിന്റെ അടിത്തറ വർധിക്കുന്നതോടൊപ്പം ഭീകരസംഘടനകളുടെ എണ്ണവും വർധിക്കുകയാണ്. പ്രഗ്യാസിങ് ഠാക്കൂറിനെപ്പോലെ എത്ര ഭീകരർ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..