20 April Saturday

അതിദാരിദ്ര്യനിർമാർജനം : അർഹരെ കണ്ടെത്തി പരിരക്ഷ

എൻ കെ സുനിൽകുമാർUpdated: Wednesday Aug 11, 2021


"ദാരിദ്ര്യമെന്തെന്നറിഞ്ഞവർക്കേ
പാരിൽ പരക്ലേശ വിവേകമുള്ളൂ'.

ആറരപ്പതിറ്റാണ്ടാകുന്ന ഐക്യകേരളത്തിന്റെ സാമൂഹ്യവികസന മേഖലയിലെ ശ്രദ്ധേയമായ മുന്നേറ്റമാകാൻ പോകുന്ന പദ്ധതിയാണ് സമൂഹത്തിലെ ഏറ്റവും ദുർബലരെ ലക്ഷ്യമാക്കിയുള്ള വികസന പരിപാടിയായ അതിദാരിദ്ര്യ നിർമാർജനയജ്ഞം. കരയാൻ കണ്ണീരുപോലുമില്ലാത്ത ദരിദ്രനാരായണന്മാരായ വലിയൊരു ജനവിഭാഗം ഈ ആധുനിക കാലത്തും ഇന്ത്യയിലെമ്പാടുമുണ്ടെന്നതാണ് വാസ്തവം! ഭൂപരിഷ്കരണം, ക്ഷേമപെൻഷൻ സമ്പ്രദായം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം, കുടുംബശ്രീ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയെപ്പോലെ കേരളീയസമൂഹത്തിലെ താഴെ തട്ടിലുള്ള സാധാരണ മനുഷ്യരുടെ ശാക്തീകരണവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള കാര്യ പരിപാടിയായിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥകൾ തീർക്കുന്ന ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾ മറികടക്കാൻ ഏറ്റവും ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതിയാണിത്.

ഭക്ഷണം, വസ്ത്രം, പാർപ്പിടം വരുമാനം എന്നിവ ഉറപ്പാക്കുന്നതിലൂടെ വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും പരിഷ്കൃത സമൂഹത്തിന് ഇണങ്ങുന്ന വിധത്തിൽ അതിജീവനത്തിന് പ്രാപ്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണം, ആരോഗ്യസുരക്ഷ എന്നിവയൊക്കെ സാധ്യമായെങ്കിലും സാമൂഹ്യ -സാമ്പത്തിക പരമായി പിന്നണിയിൽ തുടരുന്നവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയെന്നത് മുൻഗണനാ വിഷയമാവേണ്ടതാണ്‌. അതിനായി അതിജീവനത്തിനാവശ്യമായ സഹായങ്ങൾ ഉറപ്പാക്കേണ്ടതുമുണ്ട്. ഔപചാരികവും അനൗപചാരികവുമായ വിവിധ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിതമുന്നേറ്റവും സാമൂഹ്യപുരോഗതിയും ഉറപ്പാക്കുക എന്നത് ഇനിയും വെല്ലുവിളിയായി നമ്മൾ ഏറ്റെടുക്കേണ്ടതാണ്. ഭൂവിസ്തൃതിയുടെ കാര്യത്തിൽ താരതമ്യേന പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജനസാന്ദ്രതയേറിയ കൊച്ചുപട്ടണങ്ങളും വികസിത പട്ടണങ്ങളും നഗരങ്ങളും ചേർന്ന്, നഗര–--ഗ്രാമ വ്യത്യാസമില്ലാത്ത നാടായി കേരളത്തെ മാറ്റിത്തീർത്തു. നെൽപ്പാടങ്ങളുടെ വിസ്തൃതിയിലുണ്ടായ ക്രമാനുഗതമായ കുറവ്, ജനപ്പെരുപ്പം, വനനശീകരണം, കുടിയേറ്റം, വിവിധ മലിനീകരണങ്ങൾ, കുടിയൊഴിപ്പിക്കലുകൾ, അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ, തൊഴിൽക്ഷമതയിലെ കുറവ് എന്നിവയൊക്കെ പിന്നിട്ട 65 വർഷത്തിനിപ്പുറം കേരളം നേരിടുന്ന പ്രശ്നങ്ങളാണ്. ദാരിദ്ര്യനിർമാർജന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും കഷ്ടപ്പെടുന്നവരുടെ ദയനീയത പല കാരണത്താൽ പ്രശ്നവൽക്കരിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും പോയിട്ടുണ്ട്.

ശരിയായ ഊർജ വിനിയോഗം, ശുദ്ധജല ലഭ്യത, നൈപുണ്യ കേന്ദ്രീകൃതമായ വിദ്യാഭ്യാസം എന്നിവയൊക്കെ ഇനിയും സമ്പൂർണ അർഥത്തിൽ നമുക്ക് കരഗതമാകേണ്ടതുണ്ട്. വിഭവങ്ങളുടെ ലഭ്യതക്കുറവും ഭൂവിസ്തൃതിയുടെ കുറവും വികസനസ്വപ്നങ്ങൾക്ക് പലപ്പോഴും വിലങ്ങുതടി തീർത്തിട്ടുണ്ട്. മനുഷ്യവിഭവശേഷിയുടെ കാര്യത്തിൽ മുൻപന്തിയിലാണെങ്കിലും അതതു മേഖലയിലെ സിദ്ധിയും വൈഭവവും സംസ്ഥാനത്തുതന്നെ മുതൽമുടക്കാൻ വൈമനസ്യം ഉള്ളവരായി നമ്മെ മാറ്റിയിട്ടുണ്ട്. വ്യക്തികളുടെ ശേഷിയും പ്രാപ്തിയും ഇവിടെത്തന്നെ വിനിയോഗിക്കാൻ കഴിയണം. അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, വരുമാനം എന്നിവയെ മുൻനിർത്തിക്കൊണ്ടാണ് അതി ദരിദ്രവിഭാഗങ്ങളെ കണ്ടെത്താനും അതിദാരിദ്ര്യനിർമാർജന പരിപാടി നടപ്പാക്കാനും പോകുന്നത്. ആദിവാസികൾ, പട്ടികജാതി-–-പട്ടികവർഗ വിഭാഗങ്ങൾ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ, മത്സ്യത്തൊഴിലാളികൾ, നഗരങ്ങളിലെ ദരിദ്രർ, എച്ച്ഐവി ബാധിതരുള്ള കുടുംബങ്ങൾ, അനാഥ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾ എന്നിവരെയൊക്കെ ഈ യജ്ഞത്തിൽ ഉൾപ്പെടുത്താൻ പോകുകയാണ്. മധ്യവർഗ ശീലങ്ങളും അഭിരുചികളും മേൽക്കൈ നേടുന്ന നഗരവൽകൃത സമൂഹങ്ങളിൽ സ്വകീയവും മൗലികവുമായ ശീലങ്ങളും കൈമുതലാക്കിയ സാധാരണ മനുഷ്യർക്ക് സാമൂഹ്യ അതിജീവനത്തിന് കരുത്തുപകരുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ചുവപ്പ്, പിങ്ക് വിഭാഗങ്ങളിലായി ഇനംതിരിക്കുന്ന സാമൂഹ്യവിഭാഗങ്ങൾക്ക് യഥാക്രമം പത്ത്, അഞ്ച് എന്നിങ്ങനെ പോയിന്റുകൾ നൽകിയാണ് അർഹരെ കണ്ടെത്തുക. വാർധക്യം, മാനസിക- ശാരീരിക വെല്ലുവിളികൾ എന്നിവമൂലം ഭക്ഷണം പാകംചെയ്യാൻ കഴിയാത്ത കുടുംബങ്ങൾ, തെരുവിൽ അന്തിയുറങ്ങുന്നവർ, ഭിക്ഷാടകർ, അന്നദാനത്തെമാത്രം അവലംബിച്ചു കഴിയുന്നവർ എന്നിവരൊക്കെ കേരളത്തിനന്യമായ മുഖങ്ങൾ അല്ല എന്നു നാം തിരിച്ചറിഞ്ഞത് കോവിഡ് മഹാമാരിയുടെ കാലത്താണ്. അർബുദം, ഹൃദ്രോഗം, കരൾരോഗം, ഡയാലിസിസിന് വിധേയരായവർ എന്നിങ്ങനെ കിടപ്പിലായവരും അപകടംമൂലം ശയ്യാവലംബികളുമായ വ്യക്തികൾ എന്നിവരുമൊക്കെ ഒന്നാമത്തെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

ക്ഷേമപെൻഷൻമാത്രം വരുമാനമായി ഉള്ളവർ, നാടോടികൾ, തൊഴിൽശേഷിയില്ലാത്ത ആസ്തി, നിക്ഷേപം എന്നിവയിൽനിന്ന് വരുമാനമില്ലാത്ത കുടുംബങ്ങൾ, ഇതര വരുമാനമില്ലാതെ വാർധക്യത്തിലും ജോലിയെടുക്കുന്നവർ എന്നിവരും ഒന്നാം വിഭാഗത്തിലാണ് ഉൾപ്പെടുക. കടബാധ്യതകൾ, ദുരന്തങ്ങൾ എന്നിവമൂലം വാസസ്ഥലം നഷ്ടപ്പെട്ടവർ, പുറമ്പോക്ക്,- വാസയോഗ്യമല്ലാത്ത ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ, പോഷകാഹാരം ലഭ്യമല്ലാത്ത കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾ, അന്ത്യോദയ- അന്നയോജന വിഭാഗങ്ങളിലായി റേഷൻ കാർഡ് ഉണ്ടായിട്ടും ഭക്ഷണം കിട്ടാത്ത കുടുംബങ്ങൾ, രോഗം, അപകടം, പ്രകൃതിദുരന്തം എന്നിവമൂലം ആസ്തി നഷ്ടപ്പെട്ട കുടുംബങ്ങൾ, എന്നിവരൊക്കെ രണ്ടാം കാറ്റഗറിയിലും ഉൾപ്പെടും.

മാനസികവും ശാരീരികവുമായ ശക്തിക്കുറവ്, ശരിയായ സാമൂഹ്യ പിന്തുണയുടെ അഭാവം, തൊഴിൽക്ഷമതയിലെ കുറവ്, സഹായ പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങി സമൂഹത്തിലെ താഴെ തട്ടിൽ നിൽക്കുന്ന മനുഷ്യരെ സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങൾ ഇക്കാലത്തും നിലനിൽക്കുന്നുണ്ട്. അവയോരോന്നും കണ്ടെത്തി പ്രായോഗികമായ പരിഹാരമാർഗങ്ങൾ അവലംബിക്കുന്നു എന്നതാണ് അതി ദാരിദ്ര്യനിർമാർജന യജ്ഞത്തിന്റെ കാതൽ. ഇതിനാവശ്യമായ ദത്തശേഖരണത്തിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറോടെ സർവേ പൂർത്തിയാകും. തദ്ദേശ സ്ഥാപന സംവിധാനങ്ങളുടെ സഹായത്തോടുകൂടി യജ്ഞം പ്രാവർത്തികമാകും. ഒരാളെപ്പോലും പുറത്തുനിർത്താതെയും തമ്മിൽ അകറ്റിനിർത്താതെയുമുള്ള വികസനമാണ് യഥാർഥ വികസനം.

അർഹരെ കണ്ടെത്തി പരിരക്ഷ ഉറപ്പാക്കുകയെന്നത് പരമപ്രധാനമാണ്. മാഞ്ഞുപോകുന്ന മാരിവില്ലല്ല, അടുത്തുനിൽക്കുന്ന പ്രയോഗമാണ് യഥാർഥ വികസനമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി വർഷത്തിൽ നടപ്പാകാൻ പോകുന്ന അതിദാരിദ്ര്യ നിർമാർജന യജ്ഞം, കേരളീയ സാമൂഹ്യമുന്നേറ്റത്തിലെ നാഴികക്കല്ലാകും.

(തിരുവനന്തപുരം എം ജി കോളേജ്
 സോഷ്യോളജി വിഭാഗം അസി. പ്രൊഫസറാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top