27 April Saturday

വ്യാജവാർത്തകളുടെ രാഷ്‌ട്രീയം

സാജന്‍ എവുജിന്‍Updated: Tuesday Mar 7, 2023

ബംഗാളും ത്രിപുരയും ഇടതുമുന്നണി ഭരിച്ച കാലത്ത്‌ ഒരേ അച്ചിൽ വാർത്തെടുത്ത വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. സിപിഐ എം നേതാക്കളുടെ വീടുകളിൽ ആളുകളെ  കൊലപ്പെടുത്തി കുഴിച്ചിട്ടു. നേതാക്കൾ വൻതോതിൽ ധനസമ്പാദനം നടത്തുന്നു. ഇത്തരം വാർത്തകൾ മുഖ്യധാരാമാധ്യമങ്ങളടക്കം പതിവായി നൽകി. ഇതൊക്കെ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ സിപിഐ എം നിഷേധിച്ചെങ്കിലും നുണപ്രചാരകർ പിന്മാറിയില്ല. ഈ രണ്ട്‌ സംസ്ഥാനത്തും ഇടതുമുന്നണിഭരണം അവസാനിപ്പിക്കുന്നതിൽ  ആസൂത്രിത നുണപ്രചാരണം അതിന്റേതായ പങ്കുവഹിച്ചു. ഇടതുമുന്നണി അധികാരത്തിനു പുറത്തായി വർഷങ്ങൾ കഴിഞ്ഞിട്ടും മേൽപ്പറഞ്ഞ ആരോപണങ്ങൾ തെളിയിക്കുന്ന എന്തെങ്കിലും ആർക്കും ലഭ്യമായിട്ടില്ല. അതേസമയം, ബംഗാളിൽ തൃണമൂൽ സർക്കാരിലെ മന്ത്രിയുടെ ഫ്ളാറ്റിൽനിന്ന്‌ കോടിക്കണക്കിന്‌ രൂപയുടെ നോട്ടുകൂമ്പാരം കണ്ടെടുക്കുകയും ചെയ്‌തു.

പറഞ്ഞുവന്നത്‌, വ്യാജവാർത്തകളുടെ ആഘാതം ചില്ലറയല്ല. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇടതുപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ വൻകിട മാധ്യമങ്ങളുടെ നേതൃത്വത്തിൽ ആസൂത്രണംചെയ്‌ത്‌ നടപ്പാക്കിയ പദ്ധതികൾ വിജയകരമായി. ഇതെല്ലാം അതിജീവിച്ച്‌ അവിടെ തിരിച്ചുവരാൻ ഇടതുപക്ഷത്തിന്‌ അളവറ്റ ത്യാഗം സഹിക്കേണ്ടിവന്നു. ഇന്ത്യയിലാകട്ടെ  2013 മുതൽ സംഘപരിവാർ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച്‌ നടക്കുന്ന അസത്യപ്രചാരണം മാധ്യമപ്രവർത്തക സ്വാതി ചതുർവേദി ‘ഐ ആം എ ട്രോൾ: ഇൻസൈഡ്‌ ദ സീക്രട്ട്‌ വേൾഡ്‌ ഓഫ്‌ ബിജെപീസ്‌ ഡിജിറ്റൽ ആർമി’ എന്ന പുസ്‌തകത്തിൽ വെളിപ്പെടുത്തി.

സംഘപരിവാറിനെതിരായ നിലപാട്‌ സ്വീകരിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും സംഘടിതമായി പ്രവർത്തിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളെ ഈ പുസ്‌തകത്തിൽ തുറന്നുകാട്ടി. അസത്യപ്രചാരണം നാട്ടുനടപ്പായി മാറിയെന്നാണ്‌ ഇതെല്ലാം വ്യക്തമാക്കുന്നത്‌. സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വ്യാജവാർത്തകൾ പുറത്തുവിടുന്നു. കുറച്ചുദിവസം കഴിയുമ്പോൾ  മുഖ്യധാരാമാധ്യമങ്ങൾ ഇവ ഏറ്റെടുക്കും. ഇതോടെ വാർത്തയ്‌ക്ക്‌ ‘ആധികാരികത’ ലഭിക്കുകയും ഇതാണ്‌ സത്യമെന്ന പേരിൽ വീണ്ടും സമൂഹമാധ്യമങ്ങൾ വഴി  പ്രചരിപ്പിക്കുകയും ചെയ്യും. രാജ്യത്താകെ  ഇതാണ്‌ സ്ഥിതി. ബിജെപി ഐടി സെൽ പുറത്തുവിടുന്ന വ്യാജവാർത്തകൾ അതിവേഗം പ്രചരിപ്പിക്കപ്പെടുന്നത്‌ 16 ഉദാഹരണം സഹിതം ‘സ്‌ക്രോൾ ഡോട്ട്‌ ഇൻ’ ഓൺലൈൻ പോർട്ടൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ഏഴ്‌ വർഷത്തിനിടെ രാജ്യത്തെ ഏറ്റവും പ്രധാന വാർത്താഏജൻസിയായി വളർന്ന എഎൻഐ (ഏഷ്യ ന്യൂസ്‌ ഇന്റർനാഷണൽ) നടത്തിവരുന്ന തട്ടിപ്പുകൾ ബ്രസൽസ്‌ ആസ്ഥാനമായ ഇയു ഡിസിൻഫോലാബ്‌ എന്ന സംഘടന വെളിച്ചത്തുകൊണ്ടുവന്നു. എഎൻഐ വാർത്തകളിൽ ഉദ്ധരിക്കുന്ന വിദഗ്‌ധരും ധൈഷണികരും സംഘടനകളും ബ്ലോഗർമാരുമെല്ലാം വ്യാജന്മാരാണെന്ന്‌  ഇവരുടെ മൂന്ന്‌ റിപ്പോർട്ടിൽ വിശദീകരിച്ചു. 2014ൽ പിരിച്ചുവിട്ട ഇന്റർനാഷണൽ ഫോറം ഫോർ റൈറ്റ്‌സ്‌ ആൻഡ്‌ സെക്യൂരിറ്റി എന്ന സംഘടനയെ 2021 മെയ്‌ മുതൽ 2023 ജനുവരി വരെ ഇരുനൂറിൽപ്പരം തവണ എഎൻഐ ഉദ്ധരിച്ചതായി ഡിസിൻഫോലാബിന്റെ ഇക്കൊല്ലത്തെ റിപ്പോർട്ടിലുണ്ട്‌. തെരഞ്ഞെടുപ്പുകൾക്ക്‌ മുന്നോടിയായി വ്യാജവാർത്തകളുടെ പ്രളയമുണ്ടാകുന്നു. ബിജെപിക്ക്‌ അനുകൂലമായും പ്രതിപക്ഷകക്ഷികളെ ഇടിച്ചുതാഴ്‌ത്തിയും വ്യാജവാർത്തകൾ പ്രവഹിക്കുന്നു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ സ്വഭാവഹത്യ നടത്തുന്ന വ്യാജവാർത്തകൾ പടച്ചുവിടുന്നത്‌ പതിവാണ്‌.

രാഹുൽ ഗാന്ധിയും ഇവരുടെ ഇരയാണ്‌. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകാലത്ത്‌ ലഖ്‌നൗവിൽ പ്രതിഷേധത്തിൽ പങ്കെടുത്തവർ ‘പാകിസ്ഥാൻ സിന്ദാബാദ്‌’ എന്ന്‌ വിളിച്ചതായി വ്യാജവാർത്ത വന്നു. അലിഗഢ്‌ മുസ്ലിം സർവകലാശാല വിദ്യാർഥികൾ ഹിന്ദുക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നും വ്യാജവാർത്ത ഉണ്ടായി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബംഗാളിൽ വ്യാജവാർത്തകളുടെ കുത്തൊഴുക്കുണ്ടായി. 2019 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ്‌രാജിൽ എത്തിയപ്പോൾ ‘കുംഭമേള സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രത്തലവനാണ്‌ മോദി’യെന്ന്‌ പ്രചാരണം ഉയർന്നു. ഈ അവകാശവാദത്തിൽ പല തെറ്റുകളാണ്‌. നമ്മുടെ രാഷ്‌ട്രത്തലവൻ രാഷ്‌ട്രപതിയാണ്‌. ഡോ. രാജേന്ദ്രപ്രസാദ്‌ രാഷ്‌ട്രപതിയായിരിക്കെ കുംഭമേളയിൽ പങ്കെടുത്തു. ജവാഹർലാൽ നെഹ്‌റു 1954ൽ കുംഭമേളയിൽ സംബന്ധിച്ചു.

വാർത്തകളിൽ തെറ്റുകൾ കടന്നുകൂടാം; അബദ്ധങ്ങൾ സംഭവിക്കാം. മാധ്യമങ്ങൾ എത്ര ജാഗ്രതയോടെ പ്രവർത്തിച്ചാലും മനഃപൂർവമല്ലാത്ത പിഴവുകൾ ഉണ്ടാകാം. അതെല്ലാം മനസ്സിലാക്കാം. ബോധപൂർവം വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതാണ്‌ നിലവിലെ പ്രശ്‌നം. കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌ രാജ്യത്ത്‌ വ്യാജവാർത്തകളുടെ നിർമാണം. വർഗീയതയും ഭിന്നിപ്പും വിദ്വേഷവും പടർത്താൻ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ ജനങ്ങൾക്കുനേരെയുള്ള വെല്ലുവിളിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top